ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും ഒരു മുറിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കണ്ടു. അപ്പോള്‍ സ്ത്രീയെ പുരുഷന്മാര്‍ ലൈംഗികമായി ചൂഷണം ചെയ്യുകയോ അല്ലെങ്കില്‍ ലൈംഗികബന്ധത്തില്‍ അവര്‍ ഏര്‍പ്പെടുന്നതായോ പോലീസ് കണ്ടിരുന്നില്ല. കേസിന്റെ അന്വേഷണം കഴിഞ്ഞ് കുറ്റപത്രം കോടതിയില്‍ നല്‍കിയപ്പോള്‍ പക്ഷെ, പോലീസിന്റെ നിലപാട് തികച്ചും വിചിത്രമായിരുന്നു.
സ്ത്രീയും പുരഷന്മാരും ചേര്‍ന്ന് മുറിയില്‍ ഇരുന്ന് വ്യഭിചാരത്തിന് തയ്യാര്‍ എടുക്കുന്നതായി കാണാന്‍ കഴിഞ്ഞുവെന്ന് കുറ്റപത്രത്തില്‍ ആരോപിച്ചു. എന്താണ് ഈ തയ്യാര്‍ എടുക്കല്‍? അതാണ് ഹോക്കോടതി ചോദിച്ചത്. പ്രഥമവിവര റിപ്പോര്‍ട്ടിലോ കേസ് അന്വേഷിച്ച് നല്‍കിയ കുറ്റപത്രത്തിലോ ഈ തയ്യാറെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നില്ല. അവര്‍ തയ്യാറെടുക്കുന്നതായി കണ്ടു എന്ന് മാത്രം പറഞ്ഞിട്ടുള്ളൂ. എന്തിന്? ഒന്നും വിശദീകരിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.
എവിടെയാണ് സ്ത്രീകളും പുരുഷന്മാരും? അവര്‍ വേശ്യാലയത്തിലായിരുന്നോ? നിയമം അനുസരിച്ച് വേശ്യാവൃത്തി നടത്തുന്ന സ്ഥലത്തായിരിക്കണം അവര്‍. അതൊന്നും പറയാതെയും തെളിയിക്കാതെയും പോലീസ് നടപടി എടുത്താല്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ നിലനില്‍പില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ആറ്റിങ്ങല്‍ പോലീസ് എടുത്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ട് മണിരാജ് എന്ന പ്രതി നല്‍കിയ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. കേസ് റദ്ദാക്കുകയും ചെയ്തു.
ഒരു വീട്ടില്‍ ഒരു പ്രാവശ്യം സ്ത്രീകളെ കൊണ്ടുവന്ന് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതുകൊണ്ട് അത് വേശ്യാലയമായി കരുതാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് പുരുഷന്മാരോടൊപ്പം ഒരു സ്ത്രീയെ കണ്ട വീട് ഒരു വേശ്യാലയമായി മുദ്രകുത്താന്‍ ഒരിക്കലും പോലീസിന് കഴിയില്ലെന്നാണ് നിയമം വ്യാഖ്യാനിച്ചുകൊണ്ട് കോടതി പറഞ്ഞത്. ഈ വീടിനെക്കുറിച്ച് മുമ്പൊരിക്കലും അങ്ങനെ ഒരു ആരോപണം ഉണ്ടായിട്ടില്ല.
രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും മുറിയില്‍ പോലീസ് കണ്ടിട്ടുണ്ട്. അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പോലീസ് പറയുന്നതേയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഒരു കുറ്റകൃത്യവും പ്രതികള്‍ ചെയ്തിട്ടില്ല. രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഒരു വീട്ടില്‍ കണ്ടുവെന്ന് വെച്ച് കേസ് എടുക്കുന്ന പോലീസ് നടപടി തികച്ചും അസംബന്ധമായി കോടതി കുറ്റപ്പെടുത്തി. ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നതു കോടതി നടപടിയുടെ ദുരുപയോഗമാണെന്നും ഹൈക്കോടതി പറഞ്ഞു.
Content Highlights: Niyamavedhi, Sexual relation, Police case, Prostitution