വിദ്യാര്‍ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചിത്രം തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുമോ?

ക്യാമ്പസിനുള്ളില്‍ ഇത്തരം ചിത്രീകരണങ്ങള്‍ നടക്കുന്നതും അതെക്കുറിച്ചുള്ള ചര്‍ച്ചയും കേന്ദ്ര സര്‍ക്കാറിന് രുചിച്ചില്ല. ഇത്തരം ഡോക്യുമെന്ററികള്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പ്രോത്സാഹിപ്പിക്കുമെന്നുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനോട് കേരള ഹൈക്കോടതി യോജിച്ചില്ല. മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച് എന്ന ഡോക്യുമെന്ററി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കേരള ചലച്ചിത്ര അക്കാദമിയാണ് കേന്ദ്ര നടപടിയെ കോടതിയില്‍ ചോദ്യം ചെയ്തത്.

ഡല്‍ഹി നെഹ്റും യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ മുന്‍നിര്‍ത്തിയാണ് 2016 ഫെബ്രുവരിയില്‍ ഡോക്യുമെന്ററി ചിത്രം നിര്‍മ്മിച്ചിരുന്നത്. ചിത്രത്തില്‍ ദേശീയതയെക്കുറിച്ചും മറ്റും നീണ്ട ചര്‍ച്ചകളുമുണ്ട്. അതിനെതിരെയും കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു.

ഈ ചര്‍ച്ചകള്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത് ഹൈക്കോടതി പൂര്‍ണ്ണമായും തള്ളി. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ അപ്രസക്തമായ കാരണങ്ങളാണ് കേന്ദ്രം ഉന്നയിച്ചിട്ടുള്ളതെന്നും ഹൈക്കോടതി പറഞ്ഞു.

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അതിനാല്‍ പൗരനുള്ള അവകാശം ഭരണഘടന പൂര്‍ണ്ണമായും സംരക്ഷിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

പൊതുസമൂഹത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ഫലപ്രദമായി ആവിഷ്‌കരിക്കാന്‍ ചലച്ചിത്രങ്ങള്‍ക്ക് കഴിയും. ശക്തിയേറിയ മാധ്യമമാണ് അത്. അതേസമയം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന ഭരണകക്ഷിയെ വിമര്‍ശിക്കാന്‍ ഏത് പൗരനും അവകാശമുണ്ട്. അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യത്തിന് ആവശഅയമാണ്.

വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ അക്രമം പ്രോത്സാഹിപ്പിക്കുമെന്നുള്ള ആരോപണം ഉന്നയിച്ചുകൊണ്ട് ഇത്തരത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിമര്‍ശനങ്ങള്‍ കേന്ദ്രത്തിന് സഹിക്കാന്‍ കഴിയുന്നില്ല എന്നാണ് കാണാന്‍ കഴിയുന്നത്. രാജ്യത്തെ ക്രമസമാധാന നില തകരുമെന്നോ സുരക്ഷയ്ക്ക് ഭീഷണിയാണെന്നോ കേന്ദ്രം പറയുന്നില്ല. അതിനാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്ന കേന്ദ്ര നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജെ.എന്‍.യു. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ഏസ്തറ്റിക്‌സില്‍നിന്ന് ബിരുദം നേടിയ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച്.