ഭാര്യയ്ക്ക് ഭര്‍ത്താവിനെക്കുറിച്ച് സംശയം ഒഴിഞ്ഞിട്ടു നേരമില്ല. അവസാനമില്ലാത്ത സംശയങ്ങള്‍. ഭര്‍ത്താവിനു മറ്റു സ്ത്രീകളുമായി ബന്ധം, ലൈംഗികസുഖത്തിനായി ഭര്‍ത്താവ് മറ്റു സ്ത്രീകളെ ആശ്രയിക്കുന്നു... ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണും ഇ മെയിലുകളും പരിശോധിക്കുക ഭാര്യയുടെ പതിവായിരുന്നു. മറ്റു രേഖകള്‍ക്കായി മേശയും ബാഗും ആകാംക്ഷയോടെ പരതി. 

ഒടുവില്‍ ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അന്വേഷിക്കാന്‍ സ്വകാര്യ ഡിറ്റക്ടീവിനെയും ചുമതലപ്പെടുത്തി. ഇതോടെ ഭര്‍ത്താവിനു സഹികെട്ടു. നിരന്തരം വഴക്കായി. ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയാതെ വന്നതോടെ ഭര്‍ത്താവ് ഹരിശങ്കര്‍ദാസ് കുടുംബ കോടതിയെ സമീപിച്ചു. വിവാഹമോചനം അനുവദിച്ച് കുടുംബകോടതി ഉത്തരവിട്ടെതിനെതിരെ ഭാര്യ പ്രിയ സുബ്രഹ്‌മണ്യം ഹൈക്കോടതിയിലെത്തി.

ഭര്‍ത്താവിന് സ്വഭാവദൂഷ്യമോ പരസ്ത്രീബന്ധങ്ങളോ ഉള്ളതിന് ഒരു തെളിവുമില്ലെന്ന് കേസില്‍ വിശദമായ തെളിവെടുത്ത കുടുംബകോടതി പറഞ്ഞു. ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ സ്വകാര്യ ഡിറ്റക്ടീവിനെപ്പോലും ഭാര്യ നിയോഗിച്ചു. ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുകയും അദ്ദേഹത്തോട് ക്രൂരമായി പെരുമാറുകയും ഭാര്യ ശീലമാക്കിയിരുന്നുവെന്നും കുടുംബകോടതി കണ്ടെത്തി.

വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ശരിവെച്ചുകൊണ്ട് ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഭര്‍ത്താവിനെ സംശയിക്കുന്ന ഭാര്യയോടൊപ്പമുള്ള ജീവിതം അസഹ്യമാണ്. അതിനാല്‍ വിവാഹമോചനം ന്യായീകരിക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അത്രയ്ക്കു മനോവേദന ഭര്‍ത്താവ് അനുഭവിച്ചു കാണും. ഇങ്ങനെയുള്ള ഒരു സ്ത്രീയോടൊപ്പം എന്തിനു ജീവിക്കണം. മനോവേദന ഭര്‍ത്താവിനു താങ്ങാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഭാര്യയുടെ പ്രവൃത്തി തന്റെ സല്‍പ്പേരിനെ ഗുരുതരമായി ബാധിച്ചുവെന്ന ഭര്‍ത്താവിന്റെ വാദത്തിനു വേണ്ടത്ര ബലമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. വീട്ടില്‍ വഴക്കും ബഹളവുമായപ്പോള്‍ തന്റെ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍പോലും ഭാര്യ അനുവദിച്ചിരുന്നില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. തെളിവുകളില്‍നിന്ന് അക്കാര്യം ഹൈക്കോടതിക്ക് പൂര്‍ണമായും ബോധ്യപ്പെട്ടു. 

ഭാര്യയുടെ ക്രൂരതയ്ക്ക് ഒരവസാനം വേണ്ടേ? അതിനു വിവാഹമോചനം അനിവാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞു.