ക്രിസ്ത്യന്‍ പള്ളികളില്‍ വിശുദ്ധ ബലിയര്‍പ്പിക്കുമ്പോള്‍ വൈദികന്‍ വിശ്വാസികള്‍ക്കു നല്‍കുന്ന അപ്പവും വീഞ്ഞും കോടതി കയറി. ഇതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ഭക്ഷ്യസുരക്ഷാ നിയമത്തിന് അനുസൃതമായി നിലവാരം ഇല്ലാത്തതാണ് അപ്പവും വീഞ്ഞുമെന്ന് ആരോപിക്കപ്പെട്ടു. അതിനാല്‍ നിലവാരം അനുസരിച്ചുള്ള രീതിയില്‍ ഇവ വേണമെന്നായിരുന്നു ആവശ്യം.
പക്ഷെ, ഹൈക്കോടതി ഇതില്‍ ഇടപെട്ടില്ല. ഇതൊക്കെ വിശ്വാസത്തില്‍ അധിഷ്ഠിതമായ കാര്യങ്ങളാണ്. അതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതി തള്ളി.
ഒരേ ഒരു സ്പൂണ്‍ ഉപയോഗിച്ചു കൊണ്ടാണു വിശ്വാസികളുടെ നാവില്‍ അല്‍പ്പം വീഞ്ഞ് വൈദികന്‍ പകര്‍ന്നു നല്‍കുന്നത്. വൈദികന്‍ തന്റെ കൈവിരലുകള്‍ കൊണ്ടുതന്നെ അപ്പക്കഷ്ണങ്ങള്‍ നല്‍കുന്നു. സ്പൂണോ വൈദികന്റെ വിരലുകളോ കഴുകുന്നില്ല. വിശ്വാസികളുടെ നാവിലെ ഉമിനീരു വഴി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നായിരുന്നു പരാതിക്കാരുടെ വാദം.
അതിനാല്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ള ഭക്ഷ്യസുരക്ഷാ നിലവാര നിയമം അനുസരിച്ചായിരിക്കണം നടപടികള്‍ എന്നു ഹര്‍ജിയില്‍ ഉന്നയിച്ചു. റിട്ട് അധികാരം പ്രയോഗിച്ചു കൊണ്ടു വിശ്വാസകാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെങ്കില്‍ അതു ക്രിസ്ത്യന്‍ സഭ തന്നെ ചെയ്യണം.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരവും വിശ്വാസപ്രമാണങ്ങളുമാണു നമുക്കുള്ളത്. മതസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട്. ആ സ്വാതന്ത്ര്യത്തെ വിശാലമായ രീതിയിലാണു നോക്കിക്കാണേണ്ടത്. വിശ്വാസികളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതാണു ഭരണഘടനയെന്നും കോടതി പറഞ്ഞു.
അപ്പവും വീഞ്ഞും കഴിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമായാണ്. അല്ലാതെ വിശപ്പകറ്റാനുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളല്ല അതെന്നും ഹൈക്കോടതി പറഞ്ഞു. ആത്മീയ-മത മൂല്യങ്ങളില്‍ അധിഷ്ഠിതമായതാണ് അത്. കോടതി വ്യക്തമാക്കി.
Content Highlights: High court dismissed the petition demanding the abolition of holy communion in churches