ബഹുമാനപ്പെട്ട ന്യായാധിപാ,
താങ്കള്‍ ഒരു സാക്ഷിയുടെ മൊഴിയും കോടതിയിലെ മറ്റ് നടപടിക്രമങ്ങളും രേഖപ്പെടുത്തുമ്പോള്‍ താങ്കളുടെ കയ്യക്ഷരം മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കഴിയണം.

ഒരു കീഴ്‌ക്കോടതി ന്യായാധിപന് ഈ സുപ്രധാന ഉപദേശം നല്‍കിയത് മറ്റാരുമല്ല, ഹൈക്കോടതി. മജിസ്ട്രേറ്റ് കോടതിയില്‍ കേസ് വന്നാല്‍ നടപടിക്രമങ്ങള്‍ സ്വന്തം കയ്യക്ഷരത്തില്‍ വെള്ളക്കടലാസില്‍ എഴുതേണ്ടത് മജിസ്ട്രേറ്റാണ്.

മജിസ്ട്രേറ്റിന്റെ ഉത്തരവിന് എതിരെ അപ്പീല്‍ ജില്ലാ കോടതിയിലാണ് വരിക. അതിനും എതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയിലാണ്. മജിസ്ട്രേറ്റിന്റെ കയ്യക്ഷരം വ്യക്തമല്ലെങ്കിലോ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കഴിയില്ലെങ്കിലോ പ്രശ്നം ഗുരുതരമാകും. അപ്പീല്‍ കോടതി ന്യായാധിപന്മാരെ ഇത് ബുദ്ധിമുട്ടിലാക്കും.

ഒരു ചെക്ക് തട്ടിപ്പ് കേസില്‍ കണ്ണൂര്‍ മജിസ്ട്രേറ്റിന്റെ കയ്യക്ഷരമാണ് ഹൈക്കോടതി പരിശോധിക്കേണ്ടി വന്നത്. അത് വായിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. ബന്ധപ്പെട്ട് രേഖകള്‍ ഹൈക്കോടതിയിലേക്ക് അയക്കുമ്പോള്‍ അവ ടൈപ്പ് ചെയ്യുകയോ വൃത്തിയായി എഴുതുകയോ വേണം. ഇവിടെ നിര്‍ഭാഗ്യവശാല്‍ അങ്ങനെയുള്ള നടപടി ഉണ്ടാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

2007 ഡിസംബര്‍ 23 മുതല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെയുണ്ടായ നടപടികള്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അത് 2010 നവംബര്‍ വരെ നീണ്ടു നിന്ന നടപടിയും ആയിരുന്നു. പ്രതിക്ക് കോടതി 39,500 രൂപ പിഴവിധിച്ചു. ഒരു മാസം വെറും തടവും. അങ്ങനെ 29 ഘട്ടങ്ങളിലായി നടന്ന നടപടിക്രമങ്ങളായിരുന്നു മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്.

അത് വായിക്കാന്‍ കഴിയുന്ന രീതിയില്‍ വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അത് മറ്റൊരു കടലാസിലേക്ക് പകര്‍ത്തിയ കോടതി ക്ലാര്‍ക്കിന് പോലും എന്താണ് എഴുതുന്നതെന്ന് അറിയില്ലായിരുന്നു. വായിക്കാന്‍ കഴിയുന്ന രീതിയിലുള്ള കയ്യക്ഷരത്തില്‍ മജിസ്ട്രേറ്റ് തന്നെ തയ്യാറാക്കിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നല്ല കയ്യക്ഷരം ഇല്ലാത്ത ന്യായാധിപന്‍ അത് നന്നാക്കിയെടുക്കാുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. കയ്യക്ഷരം വായിക്കാന്‍ പറ്റാത്തതാണെങ്കില്‍ അപ്പീല്‍ വരുമ്പോള്‍ ജില്ലാ ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും ബുദ്ധിമുട്ടിലാകും. കീഴ്ക്കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കഴിയില്ല. സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുമ്പോഴും ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാകും.

കീഴ്‌ക്കോടതി ന്യായാധിപന്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. അല്ലെങ്കില്‍ ഇന്ന് അവര്‍ എഴുതിയിട്ടുള്ള കോടതി നടപടികള്‍ ദിവസങ്ങള്‍ കഴിഞ്ഞാല്‍ വായിക്കാന്‍ പറ്റാത്ത സ്ഥിതിയിലാകും. അത് അനീതിക്കിടയാക്കും. കീഴ്‌ക്കോടതി ന്യായാധിപന്മാരുടെ ശ്രദ്ധക്കായി വിധി അയച്ചുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രതിക്ക് ഹൈക്കോടതി 40,000 രൂപ പിഴയിട്ടു.