ര്‍ഭിണിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛന് എന്തു ശിക്ഷ നല്‍കണം? തെളിവുകളില്‍നിന്ന് കുറ്റകൃത്യം പൂര്‍ണ്ണമായും തെളിഞ്ഞപ്പോഴും ഇതൊരു കള്ളക്കേസാണ് എന്ന വാദമാണ് അച്ഛനായ ജി, ബസവരാജ് ഉന്നയിച്ചത്.

അച്ഛന്‍ ഏന്ത് വാദങ്ങള്‍ ഉന്നയിച്ചാലും അത് വെറും കളവാണെന്ന് സുപ്രീം കോടതി പറഞ്ഞു. അച്ഛന്‍ മകളെ വെട്ടുന്നത് ആരും കണ്ടിട്ടില്ല. അത് ശരി. എന്നാല്‍ കുറ്റകൃത്യത്തിന് ശേഷം രക്തം പുരണ്ട അരിവാളുമായി അച്ഛന്‍ പോകുന്നതും അത് ഒരു സ്ഥലത്ത് ഉപേക്ഷിച്ചതും കണ്ടവരുണ്ട്. സാഹചര്യ തെളിവുകളുടെ കണ്ണികള്‍ ഒന്നൊന്നായി പൂര്‍ണ്ണമായിട്ടുള്ളതിനാല്‍ കുറ്റകൃത്യം നടത്തിയത് അച്ഛന്‍ തന്നെയെന്ന് കോടതി പറഞ്ഞു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ജീവപര്യന്തം ശിക്ഷ മാത്രമേ അച്ഛന് കോടതി നല്‍കിയുള്ളൂ. ജീവപര്യന്തം തടവ് കിട്ടിയാല്‍ ശിക്ഷകളുടെ കാഠിന്യം എന്താണെന്ന് അച്ഛന് അറിയാന്‍ കഴിയുമെന്നും കോടതി പറഞ്ഞു.

എന്നാല്‍ അച്ഛനെ ഒരു കാര്യം കോടതി ഓര്‍മ്മിപ്പിച്ചു. അതായത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കളവ് പറയില്ല. മകളുടെ ദേഹത്തുള്ള മുറിവുകള്‍, അവയുടെ ആഴം, വ്യാപ്തി എന്നിവ വിശദമായി ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ കയ്യിലെ എല്ലുകള്‍ പോലും പുറത്തേക്ക് തള്ളിപ്പോന്നത് ഡോക്ടര്‍ വിശദീകരിച്ചു. അത്രയ്ക്ക് ആഴം മുറിവുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇത് അച്ഛനല്ലാതെ ആരും ചെയ്തിട്ടില്ല. അച്ഛന്‍ തന്നെ വെട്ടാന്‍ വന്നപ്പോള്‍ 'വേണ്ട അച്ഛാ എന്നെ വെട്ടല്ലേ', എന്ന് മകള്‍ കരഞ്ഞുകൊണ്ട് പറയുന്നത് കേട്ടിട്ടുള്ള സാക്ഷികളുണ്ട്. എന്നാല്‍ വെട്ടി മുറിവേല്‍പ്പിക്കുന്നത് കാണാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും അരിവാളുമായി അച്ഛന്‍ ഓടിപ്പോകുന്നത് സാക്ഷികള്‍ കണ്ടിട്ടുണ്ട്.

സാക്ഷിമൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി പ്രതിയായ അച്ഛനെ വെറുതെ വിട്ടത്. എന്നാല്‍ കര്‍ണാടക സര്‍ക്കാറിന്റെ അപ്പീലിനെത്തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമാക്കി കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. ശിക്ഷ വധശിക്ഷയാക്കാന്‍ സുപ്രീം കോടതി പ്രതിക്ക് നോട്ടീസ് നല്‍കി. അതിനെ തുടര്‍ന്നാണ് വിശദമായ വാദം കേട്ടത്. 

സാക്ഷിമൊഴികള്‍ക്ക് പൊരുത്തക്കേടുകള്‍ ഇല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അതിനാല്‍ പ്രതി ശിക്ഷ അര്‍ഹിക്കുന്നു. പക്ഷെ ഇത്തരം ഗൗരവപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ശേഷം അത് പ്രതികള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്ന രീതിയെ കോടതി ശക്തിയായി വിമര്‍ശിച്ചു. മകള്‍ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്നാണ് അച്ഛന്‍ കുപിതനായത്. തുടര്‍ന്നാണ് കൊലപാതകം നടന്നത്.