ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ പോലീസിന് കിട്ടുന്ന വിവരങ്ങള്‍ തുടക്കത്തില്‍തന്നെ പൊതുജനങ്ങള്‍ അറിയാന്‍ ഇടയാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കോളിളക്കം സൃഷ്ടിച്ച ഒരു കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടുകൊണ്ടിരുന്ന കാര്യമാണ് പൊതുതാല്‍പര്യഹര്‍ജിയിലൂടെ സാമൂഹിക പ്രവര്‍ത്തകയായ മനീഷ എം ചാത്തേലി കേരള ഹൈക്കോടതികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഒരു നടിയെതട്ടിക്കൊണ്ടുപോയ കേസാണ് ഹര്‍ജിക്ക് പശ്ചാത്തലം.

ഒരു പ്രതി നല്‍കിയ വിവരങ്ങള്‍ അധികരിച്ച് പോലീസ് കഥകള്‍ മെനഞ്ഞെടുക്കുകയും മറ്റ് പ്രതികള്‍ക്കും അതുപോലെ കാര്യങ്ങള്‍ വെളിപ്പെടുത്താനും ഇടയായ കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. അതുമൂലം ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആക്ഷേപം. അതിനാല്‍ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും പോലീസിനെ തടയണം.

അന്വേഷണ വിവരങ്ങള്‍ രഹസ്യമായി വെക്കാനുള്ള ബാധ്യതകളും ഉത്തരവാദിത്തവും പോലീസിനുണ്ട്. എത്രയോ വിദേശരാജ്യങ്ങളില്‍ ഈ നിലപാട് പോലീസ് സ്വീകരിക്കുന്നു. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ല. ഇത്തരം പ്രവണതകള്‍ മൂലം പോലീസ് അന്വേഷണവും കാടുകയറിപ്പോകുന്ന സ്ഥിതിയാണുള്ളത്.

എന്നാല്‍ ഹര്‍ജിക്കാരിയുടെ ആരോപണങ്ങള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിഷേധിച്ചു. പ്രതികള്‍ നല്‍കിയ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടുവെന്നും പൊതുജനങ്ങള്‍ അതറിഞ്ഞുവെന്നും ഹൈക്കോടതി കരുതിയില്ല. കാരണം അതിനുള്ള തെളിവുകള്‍ ഹര്‍ജിക്കാരി ഹാജരാക്കിയിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. 

അന്വേഷണം പുരോഗമിക്കവെ പ്രതികളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ പോലീസ് പുറത്തുവിടുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. കേസില്‍ ഫലപ്രദമായ അന്വേഷണത്തിന് ഇത് തടസ്സമാകും. നിഷ്പക്ഷമായ അന്വേഷണത്തിനായി കേസിന്റെ പല ഘട്ടങ്ങളിലും ഈ വിവരങ്ങള്‍ രഹസ്യമായി തന്നെ പോലീസ് സൂക്ഷിച്ചിരിക്കണം. 

കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അന്വേഷണത്തിന് തടസ്സമുണ്ടാകില്ലെന്ന് പോലീസിന് ഉറപ്പുണ്ടെങ്കില്‍ വിവരങ്ങള്‍ പുറത്താക്കാമെന്ന് കോടതി പറഞ്ഞു. പോലീസ് മേധാവിയും ഇക്കാര്യം ഓരോ കേസിലും ശ്രദ്ധിച്ചിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ ഈ കേസിന്റെ അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരിക്ക് തെളിയിക്കാമെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.