'ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണം' സുപ്രീം കോടതിയുടേതാണ് ഈ സുപ്രധാന നിര്‍ദ്ദേശം.
ഗുജറാത്ത്, ബീഹാര്‍, ഹരിയാണ എന്നീ സംസ്ഥാനങ്ങളില്‍ വരള്‍ച്ച ഉണ്ടായ ഘട്ടത്തിലാണ് ഒരു പൊതുതാല്പര്യഹര്ജി പരിഗണിച്ചുകൊണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി ഇങ്ങനെയൊരു നിർദേശം നൽകിയത്. കേരളത്തെ നടുക്കിയ വെള്ളപ്പൊക്ക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്.
കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരെ എങ്ങനെ ആശ്വസിപ്പിക്കും, ഒരു ദിക്കില്‍ നിന്ന് മറ്റൊരു ദിക്കിലേക്ക് പലായനം ചെയ്യുന്നവരെ എങ്ങനെ പുനരധിവസിപ്പിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യും, ഈ ഘട്ടത്തില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുക സ്വാഭാവികമാണ്, ഭക്ഷ്യസാധനങ്ങള്‍ എങ്ങനെ കാര്യക്ഷമമായി വിതരണം ചെയ്യാന്‍ കഴിയും തുടങ്ങിയ കാര്യങ്ങള്‍ അതീവ ജാഗ്രതയോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്യണം.
ആധുനിക സാങ്കേതിക വിദ്യകള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥ വ്യതിയാനവും മറ്റും മുന്‍കൂട്ടി വിലയിരുത്താന്‍ കഴിയും. ദുരന്ത നിവാരണ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ഇതിന് പ്രാമുഖ്യം നല്കാന് കഴിയും.
ഗുജറാത്ത്, ബീഹാര്‍, ഹരിയാണ എന്നീ സംസ്ഥാനങ്ങളില്‍ ഉണ്ടായ വരള്‍ച്ച ദുരന്തമായി മാറി ലക്ഷങ്ങള്‍ തീവ്ര മനോവേദന അനുഭവിച്ചത് പരിഗണിച്ച് എഴുതിയ വിധിയില്‍ സുപ്രീം കോടതി സുപ്രധാന നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. എല്ലാ വിധത്തിലുമുള്ള ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാരുകൾക്കുള്ള മാര്‍ഗരേഖകള്‍ അതിലുണ്ട്.
ദുരന്തത്തിന്റെ സ്ഥിതിയെക്കുറിച്ച് സര്‍ക്കാറുകള്‍ക്ക് എന്താണ് പറയാനുണ്ടായിരുന്നത്. കേസിന്റെ വാദം നടന്ന അവസാന ഘട്ടത്തില്‍ മാത്രമാണ് അഞ്ച് ജില്ലകളില്‍ വരള്‍ച്ച ഉണ്ടെന്ന് ഗുജറാത്ത് സമ്മതിച്ചതെന്ന് കോടതി പറഞ്ഞു. എന്തിന് സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിച്ചുവെന്നും വരള്‍ച്ചയുടെ കാര്യം നേരത്തെ സമ്മതിക്കാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചിരുന്നു. ബീഹാറും ഹരിയാണയും വരള്‍ച്ച സമ്മതിക്കാന്‍ കൂട്ടാക്കാതിരുന്ന സ്ഥിതിയായിരുന്നു.
ദുരന്തം ഏതു വിധത്തിലായാലും അത് ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശത്തെ നിഷേധിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ദുരന്ത നിവാരണത്തിനും ഫലപ്രദമായ ദുരിതാശ്വാസ നടപടികള്‍ക്കും കേന്ദ്രം 2005 മുതല്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.
ഈ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്നാണ് കോടതി കണ്ടെത്തിയത്. അതില്‍ ജഡ്ജിമാര്‍ ആശ്ചര്യവും രേഖപ്പെടുത്തി.
വിവിധ ദുരന്തങ്ങള്‍ രാജ്യത്ത് ഉണ്ടാകുന്നു. ഏതായാലും താഴെ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ജാഗ്രതയോടെ എപ്പോഴും അന്വേഷിച്ചിരിക്കണം എന്ന് കോടതി നിർദേശമുണ്ട്.
1. മഴ എത്ര കണ്ട് മഴ ഓരോ സ്ഥലങ്ങളിലും പെയ്യുന്നു
2. അണക്കെട്ടുകളിലെ ജലസംഭരണികളില്‍ വീഴുന്ന വെള്ളം
3. ഭൂഗര്‍ഭ ജലം
4. വയലുകളിലെ വിളകളുടെ സ്ഥിതി
ഇതില്‍ മഴയുടെ അളവാണ് പ്രധാനം. (അതിശക്തമായ മഴ കേരളത്തില്‍ ഉണ്ടായപ്പോള്‍ അത് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടിയിരുന്നു) മഴയുടെ തീവ്രത കൂടാനുണ്ടായ കാരണങ്ങള്‍ കാലാവസ്ഥ ശാസ്ത്രജ്ഞന്മാര് അന്വേഷിക്കേണ്ടിയിരുന്നു. ദേശീയ ദുരന്ത നിവാരണത്തിന് സംസ്ഥാന സര്‍ക്കാറുകളെ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ രീതിയില്‍ നയിക്കുകയും വേണം. ദുരിതാശ്വാസ പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കണമെന്നുള്ളത് സംബന്ധിച്ച മാന്വല്‍ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. അര്‍ത്ഥവത്തായ ഒരു രേഖയാണ് അതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ അത് പരിഷ്കരിക്കുകയും വേണം.