പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് എതിരെ ഫലപ്രദമായ കേസ് അന്വേഷണത്തിനും ശിക്ഷാ നടപടികള്‍ക്കും മറ്റുമായി സുപ്രീം കോടതി വ്യക്തമായ മാര്‍ഗരേഖകള്‍ നല്‍കി എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനുള്ള നിയമഭേദഗതി പ്രാബല്യത്തിലായിട്ടില്ല. ഇനിയും ഇത് നീട്ടിക്കൊണ്ടുപോകാതെ ന്യായമായ സമയത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ഉത്തരവ് നല്‍കി.

കേസുകള്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനും നടപടി എടുക്കാന്‍ വ്യവസ്ഥ ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി. രാഷ്ട്രീയ പ്രക്ഷോഭങ്ങളും തെരുവില്‍ പ്രകടനങ്ങള്‍ നടക്കുമ്പോഴും ഹര്‍ത്താലും ബന്ദും ഉണ്ടാകുമ്പോഴും പൊതുമുതലുകള്‍ നശിപ്പിക്കപ്പെടുക സാധാരണ സംഭവങ്ങളാണ്. അത്തരക്കാരെ നേരിടാനും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമാണ് 1984 ല്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമം കൊണ്ടുവന്നത്. എന്നാല്‍ അത് ഫലപ്രദമല്ല.

നിയമത്തിന്റെ പഴുതുകളില്‍നിന്ന് പ്രതികള്‍ രക്ഷപ്പെടുക പതിവാണ്. ഒരു പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് നിയമം കര്‍ശനമാക്കാന്‍ നിരവധി മാര്‍ഗരേഖകള്‍ക്ക് സുപ്രീം കോടതി എട്ട് വര്‍ഷം മുമ്പ് ഉത്തരവിട്ടത്. പ്രകടനങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായാല്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍ കരുതലുകളും മറ്റും വിശദമായി മാര്‍ഗരേഖകളില്‍ പറഞ്ഞിട്ടുണ്ട്.

ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയവയ്ക്ക് ആഹ്വാനം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടകാര്യം കോടതി പരിഗണിച്ചു. നേതാക്കളെ കൂടി പ്രതികളാക്കിയില്ലെങ്കില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ നിര്‍ബാധം തുടരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അതിനായി പ്രത്യേക വ്യവസ്ഥയും നിയമത്തില്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു.

നിയമ ഭേദഗതിക്കുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ട്. റോഡില്‍ നടന്ന രാഷ്ട്രീയ പ്രകടനം മൂലം തനിക്ക് നീണ്ട പന്ത്രണ്ട് മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കഴിയേണ്ടി വന്നുവെന്ന് ആരോപിച്ച് കോശി ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. താന്‍ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രക്ഷോഭകാരികള്‍ പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തു. തന്നെപ്പോലുള്ളവരുടെ മൗലികാവകാശങ്ങള്‍ ഈ അവസരങ്ങളില്‍ ലംഘിക്കപ്പെട്ടു.

നേരത്തെ സുപ്രീം കോടതി നിയോഗിച്ച ഒരു ഉന്നതതല കമ്മിറ്റി നല്‍കിയ ശുപാര്‍ശകളും കോടതി പരിഗണിച്ചിരുന്നു. നിയമഭേദഗതികള്‍ നീണ്ട എട്ടുവര്‍ഷമായി മുടങ്ങിക്കിടന്നത് ചോദ്യം ചെയ്തുകൊണ്ടാണ് കോശി ജേക്കബ് ഹര്‍ജി നല്‍കിയത്.

Content Highlights: Destruction, Public Property, Amendments, Niyamavedhi, Law issues, Supreme Court