കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി പൊളിച്ചു നീക്കിയ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാരിൽനിന്നു രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാൻ കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.

ഉടുമ്പൻചോലയിലെ പാറത്തോട് വില്ലേജിൽ താമസിക്കുന്ന സഫിയയുടെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് റോഡിന് വീതികൂട്ടാൻ നെടുങ്കണ്ടത്തെ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർ പൊളിച്ചു നീക്കിയത്. 

സഫിയയുടെ കെട്ടിടം നിലനിന്നിരുന്നത് അവരുടെ സ്വന്തം സ്ഥലത്തായിരുന്നു. സർക്കാർ ഭൂമിയിൽ കെട്ടിടം അതിക്രമിച്ചു കയറിയിരുന്നില്ലെന്നതിന് മതിയായ തെളിവുണ്ടെന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു. മാത്രമല്ല ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ നേരത്തെയുള്ള ഉത്തരവ് ലംഘിച്ചുകൊണ്ടായിരുന്നു എഞ്ചിനീയർമാരുടെ നടപടി. 

അതിനാൽ തികച്ചും നിയമവിരുദ്ധമായിട്ടാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചത്. ഹർജിക്കാരിയുടെ ഭരണഘടനാ അവകാശങ്ങളും അധികൃതർ ലംഘിച്ചിട്ടുണ്ട്. സിംഗിൾ ബഞ്ചിന്റെ ഉത്തരവിന് എതിരെ സർക്കാരും എഞ്ചിനീയർമാരും നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളിക്കളഞ്ഞു. 2003 മുതൽ 9 ശതമാനം പലിശയും ഹർജിക്കാരിക്ക് നൽകണമെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.

Content Highlights: Demolition is illegal: Govt. to Pay compensation  ordered High Court  division bench