സംസ്ഥാന മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം ആകാം. നല്ലത് തന്നെ. പക്ഷെ അത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വൈദ്യുതി മന്ത്രി മണി ചില പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍  പദവിക്ക് കളങ്കമുണ്ടാക്കി എന്നാരോപിച്ചുകൊണ്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരം മാത്രമല്ല ഉദ്യോഗസ്ഥരുടെ മനോവീര്യം കൂടി കെടുത്തുന്നതാണ് എന്നാരോപിച്ചുകൊണ്ടാണ് പൊതുതാത്പര്യ ഹര്‍ജി ജോസഫ് ഷൈന്‍ നല്‍കിയത്. അതിനാല്‍ മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൂടിയേ തീരൂ.

ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള സത്യപ്രതിജ്ഞ ചെയ്താണ് ഒരാള്‍ മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. ജനങ്ങള്‍ക്ക് നന്മ ചെയ്യുമെന്നും വിദ്വേഷമോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കുമെന്നും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രതിജ്ഞയില്‍ പറയുന്നു. അങ്ങനെയുള്ള ഒരാള്‍ പൊതുവേദിയില്‍ നിന്നുകൊണ്ട് 'ജല്പനങ്ങള്‍' നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്.

ഇതിന് വിരുദ്ധമായി ഒരു മന്ത്രി പ്രവര്‍ത്തിച്ചാല്‍ എന്തായിരിക്കും പ്രത്യാഘാതം? ഭരണഘടനയില്‍ അങ്ങനെയൊന്നും വ്യവസ്ഥ ചെയ്യാത്തതിനാല്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

നിയമപരമായ കാര്യങ്ങളാണ് കോടതി പരിഗണിക്കുക. ധാര്‍മ്മികതയല്ല ധാര്‍മ്മിക മൂല്യങ്ങള്‍ സമൂഹത്തില്‍ വ്യത്യസ്ഥമായിരിക്കും. അതിനാല്‍ പെരുമാറ്റച്ചട്ടം ആവശ്യമാണോ എന്നത് മുഖ്യമന്ത്രിയുടെ പ്രത്യേക അധികാര പരിധിയില്‍ മാത്രം പെട്ടതാണെന്ന് ഹൈക്കോടതി പറഞ്ഞു. പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ഭരണഘടനയും ഒന്നും പറയുന്നില്ല. അതിനാല്‍ റിട്ട് ഹര്‍ജി അധികാരം പ്രയോഗിച്ച് കോടതിക്ക് ഇടപെടാന്‍ കഴിയുമോ? ഇല്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. അത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും കോടതി വ്യക്തമാക്കി. 'ഇതിനായി കോടതിക്ക് അതിന്റെ അധികാരപരിധി പ്രയോഗിക്കാന്‍ കഴിയില്ല.'

ഹര്‍ജി തള്ളിയത് കൊണ്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കില്ലെന്ന് കരുതേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ അധികാര പരിധി ഒരു കാര്യം മാത്രമാണ് പരിശോധിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. മന്ത്രിയുടെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി പരാതി കിട്ടിയാല്‍ ഉചിതമായ നടപടി പോലീസിന് സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.