* കുതിച്ചുയരുന്ന ഔഷധവില പാവങ്ങളെ കൊല്ലും
* 400 ശതമാനം വരെ വില ഉയരുന്നു
* ഔഷധ നിര്‍മാതാക്കളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു
* പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശകള്‍ ശ്രദ്ധേയം
* ഔഷധവില കേന്ദ്രം പുനപരിശോധിക്കുമെന്ന് കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി
* പുതിയ കമ്മിറ്റിയെ അതിനായി സര്‍ക്കാര്‍ രൂപവത്ക്കരിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെയും അവശ്യ മരുന്നുകളുടെയും വില 400 ശതമാനംവരെ കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ പാവങ്ങളെ ഇങ്ങിനെ 'പിഴിഞ്ഞു കൊല്ലരുത്!'

ഔഷധവില നിയന്ത്രിക്കാതെ നിര്‍മാതാക്കളുടെ അന്യായപ്രവൃത്തിക്ക് മുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ കണ്ണടയ്ക്കുകയാണോ -സുപ്രീം കോടതി അതീവ ഉല്‍ക്കണ്‌ഠോടെ ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയവും നടപടികളും അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണ്. അതിനാല്‍ ഔഷധവില നിയന്ത്രണം സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകള്‍ കേന്ദ്രസര്‍ക്കാര്‍ ഉടനടി പുനപരിശോധിച്ചേ തീരൂ, സുപ്രീംകോടതി നിര്‍ദേശിച്ചു.

കേന്ദ്ര രാസവസ്തു - രാസവളം മന്ത്രാലയത്തിനു കീഴിലാണ് ഔഷധവകുപ്പ് പ്രവര്‍ത്തിക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഔഷധവില പുനപരിശോധനയ്ക്കുള്ള നടപടിയുമായി കേന്ദ്രം ചലിച്ചു തുടങ്ങിയെന്നു വേണം പറയാന്‍. കേന്ദ്രസര്‍ക്കാരിന് ഇനി മെല്ലെപ്പോക്കുനയം സ്വീകരിക്കാന്‍ കഴിയില്ല. കാരണം, നടപടികള്‍ ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിക്ക് ഉറപ്പു നല്‍കിയിരുന്നു.

സീനിയര്‍ ജഡ്ജി ടി.എസ്. ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നയങ്ങളെ 'അന്യായ'മെന്ന് കടുത്ത വാക്കുകളില്‍ വിമര്‍ശിച്ചത്.

സന്നദ്ധസംഘടനയായ ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്‌വര്‍ക്കാണ് ഔഷധവില നിയന്ത്രണ ഉത്തരവിലെ പൊള്ളത്തരങ്ങളും കുത്തകനിര്‍മാതാക്കളെ സഹായിക്കാനുള്ള രഹസ്യനീക്കങ്ങളും തുറന്നുകാട്ടി പൊതുതാതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ജീവന്‍രക്ഷാ മരുന്നുകളുടെ വില പോലും നിയന്ത്രിക്കാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍ പാവങ്ങളെ ഞെക്കിക്കൊല്ലുന്നു എന്ന പരാതിക്കാരുടെ വാദങ്ങളോട് കോടതി യോജിച്ചു. കേസിലെ വസ്തുതകള്‍ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് ചില ജീവന്‍രക്ഷാ മരുന്നുകളുടെ വില 400 ശതമാനംവരെ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ കൈകെട്ടി നോക്കി നില്‍ക്കുകയാണോ എന്നു കോടതി ചോദിച്ചു.

നിയമവും ഉത്തരവുകളും നയപ്രഖ്യാപനങ്ങളുമൊക്കെ സര്‍ക്കാര്‍ വേണ്ടുവോളം നടത്തുന്നുണ്ട്. പക്ഷെ അവയൊന്നും ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുന്നില്ല എന്നും കോടതി പറഞ്ഞു.

ഹര്‍ജിയില്‍ വിലവിവരപ്പട്ടിക നല്‍കിയിട്ടുള്ളത് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. വൃക്കരോഗം, കരള്‍രോഗം, അര്‍ബുദം എന്നീ രോഗങ്ങളുടെ ചികിത്സക്കുള്ള മരുന്നുകള്‍ക്കു പോലും വില ക്രമാതീതമായി കുതിച്ചുപൊങ്ങിയത് തികച്ചും നിര്‍ഭാഗ്യകരമായിപ്പോയെന്ന് സുപ്രീംകോടതി പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര രാസവസ്തു -രാസവളം വകുപ്പു മന്ത്രാലയത്തിന്റെ 31 അംഗ പാര്‍ലമെന്ററി കമ്മിറ്റിയുടെ സുപ്രധാനമായ ഒരു റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ചിരുന്നു. ഔഷധവില നിയന്ത്രിച്ച് ഇന്ത്യയിലെ ജനങ്ങളെ രക്ഷിച്ചില്ലെങ്കില്‍ അതു കടുത്ത അനീതിയായിപ്പോകുമെന്ന് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി. അവശ്യ ഔഷധങ്ങള്‍ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കണമെന്നും ഔഷധനിര്‍മ്മാതാക്കളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നുമായിരുന്നു കമ്മിറ്റിയുടെ ശുപാര്‍ശ. ഔഷധനിര്‍മാതാക്കള്‍ ചില ഔഷധങ്ങള്‍ വിറ്റ് 1300 ശതമാനം വരെ കൊള്ളലാഭം നേടിയെടുക്കുന്നതായും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അര്‍ബുദം, വൃക്കരോഗം എന്നിവയ്ക്കുള്ള മരുന്നിന്റെ വില കുതിച്ചുയര്‍ന്നു. കൊളസ്‌ട്രോള്‍ ചികിത്സക്കുള്ള മരുന്നിന് 66 രൂപ ഉണ്ടായിരുന്നത് 127 രൂപ ആയും രക്തസമ്മര്‍ദത്തിനുള്ളതിന്റെ വില 88 ല്‍ നിന്ന് 388 രൂപയായും ഉയര്‍ന്നതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

വില കുതിച്ചുയരുന്നത് എങ്ങനെ നിയന്ത്രിക്കാന്‍ കഴിയും? ഇതായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. അവശ്യമരുന്നുകളായി ഏതാണ്ട് 350ഓളം ഇനങ്ങളെ അവശ്യലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് എങ്ങിനെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി തീരുമാനിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സര്‍ക്കാരിന്റെ നിലവിലുള്ള ഒഷധനയം പുനപരിശോധിച്ചേ തീരൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടത് ഈ സാഹചര്യത്തിലാണ്.

വില നിയന്ത്രണം അനിവാര്യമാണെന്ന പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി ഉത്തരവ് പ്രാധാന്യമര്‍ഹിക്കുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് ഇനി കേന്ദ്രസര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. കാരണം, വളരെ ആഴത്തില്‍ പഠിച്ചു തന്നെയാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

ഏതെല്ലാം ഔഷധങ്ങളുടെ വിലയാണ് കുതിച്ചുയര്‍ന്നത്, പൊതുജനതാല്‍പ്പര്യം മാനിച്ച് ഏതെല്ലാം മരുന്നുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാന്‍ ഹര്‍ജിക്കാരോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതില്‍ കേന്ദ്രസര്‍ക്കാര്‍ ആറു മാസത്തിനകം തീരുമാനമെടുത്തിരിക്കണമെന്ന് കോടതി പറഞ്ഞു.