ആസിഡ് ആക്രമണത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്കുന്ന നടപടികള്‍ എത്രയും വേഗത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി ഉത്തരവ് നല്കി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചിച്ചശേഷം .നല്‍സ.യാണ് (നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി) നഷ്ടപരിഹാരത്തുക നിശ്ചയിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി അത് അംഗീകരിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഫണ്ട് നല്‍കിയിട്ടുണ്ട്. നിര്‍ഭയ ഫണ്ട് എന്നാണ് അതിന് പേര്. തുക സര്‍ക്കാര്‍ നല്‍കണം. പദ്ധതി അര്‍ഥവത്തായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളെ ആസിഡ് എറിഞ്ഞ് പരിക്കേല്‍പ്പിക്കുന്നുണ്ട്. പ്രതികളെ പോലീസ് പിടികൂടി വിചാരണക്ക് വിധേയമാക്കും. ജീവപര്യന്തം ശിക്ഷ വരെ പ്രതിക്ക് നല്കാന് വ്യവസ്ഥയുണ്ട്. പരിക്കേറ്റവര്‍ക്ക് ഏഴ് ലക്ഷം രൂപ വരെ സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കാം. ഈ തുക നിശ്ചയിച്ചത് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ്. പതിനഞ്ച് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കണം. കാലതാമസമില്ലാതെ ബാക്കി തുകയും നല്‍കണം. ആസിഡ് ആക്രമണത്തിന് വിധേയമായ സ്ത്രീക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ നഷ്ടപരിഹാരത്തിനായി സമീപിക്കാം. അതോറിറ്റി അത് പരിശോധിക്കും. സര്‍ക്കാരാണ് തുക കൈമാറുക.
ബലാല്‍സംഗത്തിന് വിധേയമാകുന്ന സ്ത്രീക്ക് പത്ത് ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കാന്‍ സര്‍ക്കാറിന് കഴിയും. ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയാണ്. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെയായി ഈ ഇനത്തില്‍ 960 കോടിരൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ടെന്ന് സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവിന് വേണ്ടത്ര പ്രചരണം നല്കാന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനുള്ള മന്ത്രാലയം, കേന്ദ്ര നിയമമന്ത്രാലയം, ദേശീയ വനിത കമ്മീഷന് എന്നിവയുമായി കൂടിയാലോചിച്ച ശേഷമാണ് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി നഷ്ട പരിഹാരതുക നിശ്ചയിച്ചത്.
കൂട്ടബലാല്‍സംഗത്തിന് ഇരയായ സ്ത്രീ മരിച്ചാല്‍ ആശ്രിതരായ മതാപിതാക്കള്ക്കോ ഭര്‍ത്താവിനോ പത്ത് ലക്ഷം രൂപ വരെ നഷ്ടപരിഹാം ലഭിക്കും. സുപ്രീം കോടതി ഉത്തരവോടെ എല്ലാ സംസ്ഥാനങ്ങളും നഷ്ടപരിഹാരം ഒരേ രീതിയിലാക്കും. അതിന് മുമ്പ് പല സംസ്ഥാനങ്ങളിലും പല രീതിയിലായിരുന്നു തുക നിശ്ചയിച്ചിരുന്നത്.