നമുസ്തേ, അങ്ങ് ഇന്ത്യൻ സിനിമയുടെ ആരാധകനായതുകൊണ്ട് നിയമപ്രകാരം മുന്നറിയിക്കുകയാണ്. ട്രംപുരാൻ എന്നുകേൾക്കുമ്പോൾ പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാൻ പോലെ ഏതോ വിചിത്രമായ സിനിമാപ്പേരാണെന്ന് ധരിക്കരുത്. അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് എന്ന താങ്കൾക്ക് ഭാരതപര്യടനത്തിൽ കിട്ടിയ  ആവേശോജ്ജ്വലമായ സ്വീകരണം കണ്ടപ്പോൾ താങ്കൾ  നമ്മുടെ പൊന്നുതമ്പുരാനിൽക്കുറഞ്ഞ ഒന്നുമല്ലെന്ന തോന്നലാണുണ്ടായത്.  അതിനാൽ ഞങ്ങളുടെ ഭാഷയിലെ തമ്പുരാനെ ട്രംപുവത്കരിച്ച് താങ്കളെ ഇതിനാൽ ആദരിച്ചിരിക്കുന്നു.

എന്തെല്ലാം കിംവദന്തികളാണ് ആ സന്ദർശനത്തെക്കുറിച്ച് പരന്നത്. താങ്കൾ ഇവിടെ വന്നത് അമേരിക്കയിലെ അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരുടെ വോട്ടുതട്ടാനാണെന്ന് ചിലർ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയിൽ വലിയ സ്വാധീനമാണെന്ന് കാണിക്കാനുള്ള ഗൂഢാലോചനയാണെന്ന് മറ്റുചിലർ. സൈന്യത്തിന് മൂന്ന് ബില്യൻ ഡോളറിന്റെ ഹെലികോപ്‌റ്റർ വിറ്റ് കൊള്ളലാഭമടിക്കാനാണെന്ന് വേറൊരു കൂട്ടർ. ഇമ്മാതിരി ദേശവിരുദ്ധരെനോക്കി ‘ഗോലി മാരോ’ എന്നുവിളിക്കുക. പറ്റിയാൽ ഗോലിതന്നെ വിടുക. ഇതാണ് ഇപ്പോൾ ഞങ്ങളുടെ നാട്ടിലെ ആചാരം... കേസ് പിന്നെ എടുക്കും. കേസെടുക്കാൻ പറയുന്ന ജഡ്ജിയെ ഞങ്ങൾ കോഴികൂവുന്നതിന് മുമ്പ് നാടുകടത്തും.

ഇന്ത്യയിൽനിന്ന് മടങ്ങിയശേഷം സൗത്ത് കരോലിനയിലെ റാലിയിൽ താങ്കൾ നടത്തിയ വെളിപ്പെടുത്തലിൽ ഈ പര്യടനത്തിനുപിന്നിലെ ഉള്ളുകള്ളികളുടെ സൂചനകൾ ഉറങ്ങിക്കിടപ്പുണ്ടെന്നാണ് തോന്നുന്നത്. ഇന്ത്യയിൽപ്പോയതിനുശേഷം ആൾക്കൂട്ടം തനിക്ക് ആവേശമേ ഉണ്ടാക്കുന്നില്ലെന്ന് അവിടെക്കൂടിയ 350 പേരോട് താങ്കൾ പറഞ്ഞതായി അറിഞ്ഞു. അങ്ങനെയെങ്കിൽ സംഭവിച്ചത് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.  ആൾക്കൂട്ടത്തെക്കാണുമ്പോൾ ആവേശോജ്വലഅസുഖം കാരണം കാൽ നിലത്തുറയ്ക്കുന്നില്ലെന്ന് മോദിജിയോട് താങ്കൾ തുറന്നുപറഞ്ഞിരിക്കണം. മോദിജി ടഫ് ആണെങ്കിലും ‘ട്രൂ ഫ്രണ്ടാ’ണല്ലോ. ഈ അസുഖം മാറാൻ എന്താണ് വഴിയെന്ന് ആൾക്കൂട്ടത്തിന്റെതന്നെ ആ പരമാചാര്യനോട്  ചോദിച്ചിട്ടുമുണ്ടാവും. സ്വാമി വിവേ-ക-മുൺ-മൂണിന്റെ ചില  മഹദ് വചനങ്ങൾ ഇടയ്ക്കിടെ ഉരുവിടാൻ അദ്ദേഹം നിർദേശിച്ചത് താങ്കൾക്ക് ഏശിയിട്ടുണ്ടാവില്ല. തന്റെ നാട്ടിലേക്കുവന്നാൽ ഒരു സ്റ്റേഡിയം നിറച്ച് ആളെക്കാണിച്ചുതരാമെന്നും അതോടെ താങ്കളുടെ ആവേശം മാറുമെന്നും മോദിജി കുറിച്ചിട്ടുണ്ടാവും. സ്റ്റേഡിയത്തിൽവന്ന് തന്നെയും നാട്ടുകാരെയും ആവുന്നത് പുകഴ്ത്തണം. അപ്പോൾ നാട്ടുകാർ മെയ്‌മറന്ന് കൈയടിക്കും. അങ്ങനെ കുളിരുംമാറ്റി അടുത്ത ജന്മത്തിലേക്കുവേണ്ട കൈയടിയും കക്ഷത്തിലാക്കി മടങ്ങാമെന്നായിരുന്നില്ലേ ഓഫർ. മോദിജിയുടെ ചികിത്സ ഫലിച്ചുവല്ലേ.

ആൾക്കൂട്ടക്കുളിര് മാറിയെന്നുമാത്രമല്ല, ഇന്ത്യയിലെ ആൾക്കൂട്ടത്തിന്റെ അന്താരാഷ്ട്ര നിലവാരവും അങ്ങേക്ക്‌ മനസ്സിലായെന്ന് വിശ്വസിക്കുന്നു. വേൾഡ് ക്ലാസ് വെപ്പൺസ്, എയ്‌റോപ്ലെയിൻസ്, ഹെലികോപ്‌റ്റേഴ്‌സ്, മിസൈൽസ്, റോക്കറ്റ്‌സ്, ഷിപ്പ്‌സ്, ആംഡ് ആൻഡ് അൺ ആംഡ് ഏരിയൽ വെഹിക്കിൾസ്... ഇതൊക്കെ വിൽക്കാനാണ് ഇവിടെ വന്നതെന്ന് താങ്കൾ തുറന്നുപറഞ്ഞ ആ നിമിഷത്തിൽ  മൊട്ടേരയിലെ സ്റ്റേഡിയമപ്പാടെ കൈയടിച്ച് മറിയുകയായിരുന്നില്ലേ. ഇവയൊക്കെ വെറുതേ കൊടുക്കാമെന്നുപറഞ്ഞാൽപ്പോലും ലോകത്താരെങ്കിലും ഇങ്ങനെ കൈയടിക്കുമോ? ഇന്ത്യ മാത്രമല്ല ട്രംപുരാനേ, ഇന്ത്യക്കാരും വിസ്മയം തന്നെ!

പ്രസംഗത്തിൽ ആയുധവ്യാപാരത്തിന്റെ ഭാഗമെത്തിയപ്പോൾ താങ്കളുടെ പ്രസംഗം നാട്ടിലെ തീവണ്ടിയാപ്പീസിലെ ‘സമൂസേ, പക്കോഡേ...’ താളത്തിലായിപ്പോയെന്ന് ചിലർ വിമർശിക്കുന്നുണ്ട്. അതിൽക്കാര്യമില്ല. ഓരോന്നിനും ഓരോ താളംതന്നെ വേണം. പക്ഷേ, മൊട്ടേരയിൽ ഒത്തുകൂടിയവർ ഒരു വിശ്വാസവഞ്ചന കാട്ടിയത് പറയാതിരിക്കാനാവില്ല. മുഗളൻമാരുണ്ടാക്കിയ ഇന്ത്യയുടെ ഐക്കണായ
താജ്മഹൽ കാണാൻ പത്നീസമേതനായി ഇതായെഴുന്നള്ളുന്നുവെന്ന് അങ്ങ്  പറഞ്ഞപ്പോൾ അവർ ആർത്തുവിളിച്ചത് എന്തിനായിരുന്നു. ആ ഐക്കണിന്റെ  പേര് തോജോ മഹാലയ എന്നോ മറ്റോ ആണെന്നകാര്യം ആവേശത്തിമിർപ്പിലാണെങ്കിലും മറന്നുപോകാമോ?
ഭാരതപര്യടനത്തിൽ ട്രംപുരാനും സംഘത്തിനും കാട്ടിക്കൊടുക്കാൻ സംഘാടകസമിതിക്ക് സ്വന്തമായി ഒന്നുമില്ലായിരുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. മുഗളൻമാരുടെ താജ്മഹലും കെജ്‍രിവാളിന്റെ ഹാപ്പി ക്ലാസ് റൂമും മാത്രമാണല്ലോ യോഗ്യമായി കണ്ടത്. ആരും കാണിച്ചില്ലെങ്കിലും താങ്കൾ താജ്മഹൽ കണ്ടിട്ടേ മടങ്ങുമായിരുന്നുള്ളൂ. ‘ട്രംപ് താജ്മഹൽ’ എന്നപേരിൽ  ചൂതാട്ടകേന്ദ്രം നടത്തുകയും ബാങ്ക്റപ്റ്റാവുകയും അത് പൂട്ടിക്കെട്ടുകയും ചെയ്ത ഭൂതകാലം താങ്കൾക്ക് മറക്കാനാവില്ലല്ലോ.

താങ്കൾ ഇന്ത്യയിലെ ഒരുകൂട്ടർക്ക് തൊഴിലവസരം സൃഷ്ടിച്ചാണ് മടങ്ങിയതെന്നതിൽ നന്ദിയുണ്ട്. ചായ്  വാലയായിരുന്ന മോദിജി യുവായിരുന്നപ്പോൾ ഒരു കഫറ്റീരിയയിൽ ജോലിചെയ്തതായി താങ്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. സി.ഐ.എ. സ്ഥിരീകരിക്കാതെ താങ്കളതുപറയില്ലെന്ന് അറിയാം. മോദി ചായവിറ്റ ചായക്കട തേടി നടന്നവർ ഇനി ആ കഫറ്റീരിയ കൂടി കണ്ടെത്താൻ അത്യധ്വാനം ചെയ്യട്ടെ.  എന്നാലും ഈ പര്യടനം ഇന്ത്യയിലെ യുവാക്കളെ നിരാശപ്പെടുത്തിയെന്ന് പറയുന്നതിൽ സങ്കടമുണ്ട്. ഇന്ത്യയിലെ യുവാക്കളെല്ലാം  ഹാർലി ഡേവിസൺ ബൈക്കിൽ പാഞ്ഞുനടക്കുന്നതായിരുന്നില്ലേ അവിടുന്നുകണ്ട സ്വപ്നം. ഹാർലി ഡേവിസന്റെ ഇറക്കുമതിത്തീരുവ കുറച്ച് ഞങ്ങൾക്കത് പ്രാപ്യമാക്കാൻ ആ മോദിജിയോട് എത്രതവണ അങ്ങ് ആവശ്യപ്പെട്ടതാണ്!  തീരുവ കുറച്ചില്ലെങ്കിൽ വ്യാപാര  ഉപരോധം ഏർപ്പെടുത്തുമെന്ന് അങ്ങ് ഭീഷണിപ്പെടുത്തിയപ്പോൾ സത്യത്തിൽ ദേശദ്രോഹപരമായ ഗൂഢസന്തോഷം അനുഭവിച്ചവരാണ് ഞങ്ങൾ. ഇന്ത്യക്കാരെ സ്നേഹിക്കാൻ താങ്കൾക്ക് വിഘാതമായി അമേരിക്കൻ ഉത്പന്നങ്ങളുടെമേൽ ഇന്ത്യ ചുമത്തിയിരിക്കുന്ന അന്യായ  ചുങ്കത്തെക്കുറിച്ച് ഈ പര്യടനത്തിൽ അങ്ങ് ഒരക്ഷരം ഉരിയാടിയില്ല.  ഇന്ത്യക്കാരെക്കാണുമ്പോൾ സായിപ്പന്മാർ ഇങ്ങനെ കവാത്തുമറക്കാമോ?