ബാബ ഷണ്ഡീകരണാനന്ദയുടെ  സമാന്തരഭരണത്തിൽ വടക്കേയിന്ത്യ കത്തിപ്പടരുമ്പോൾ സംഘപരിവാരം  ഒരുകാര്യം ചെയ്യണം, കേരളത്തിലേക്ക്‌ അടുപ്പത്തിട്ട രാഷ്ട്രപതിഭരണം എത്രയും പെട്ടെന്ന് വേവിച്ചെടുത്ത് ഹരിയാണയിൽക്കൊണ്ടുപോയി വിളമ്പണമെന്ന് ആവശ്യപ്പെടണം. ഇവിടത്തെ ട്രോളർമാർക്ക് പണിയുണ്ടാക്കാതെ, അരുൺ ജെയ്റ്റ്‌ലി അടിയന്തരവിമാനം പിടിച്ച് അങ്ങോട്ടുപോകണം. കേരളത്തിലെ ബി.ജെ.പി.ക്കാരെയും കൂട്ടിക്കോ. മരണക്കണക്കിൽ ചില കളികൾ കളിക്കാൻ വിരുതൻമാരാണവർ. ഖട്ടാർ സ്വന്തം മുഖ്യമന്ത്രിയല്ലേ. കണക്കുവെച്ച് എന്തെങ്കിലും പ്രയോജനം കിട്ടിയാലോ?  
 
 ഭാരതീയസംസ്കാരത്തിൽ മോക്ഷത്തിന് മാർഗങ്ങൾ അസംഖ്യമുണ്ട്. ദേരാ സച്ചാ സൗദയുടെ ആത്മീയാചാര്യനും പ്രമുഖ ശാസ്ത്രജ്ഞനുമായ പളപളപ്പ് ബാബയ്ക്ക് ഇതൊന്നും വേണ്ട. താൻ കണ്ടുപടിച്ച രണ്ട് തനത് ശൈലികളോടാണ് ടിയാന് താത്പര്യം. സ്ത്രീകൾക്ക് ബാബയുടെ ബലാത്സംഗം. പുരുഷൻമാർക്ക് വരിയുടയ്ക്കലും. ഇതൊന്നും സംസ്കാരത്തിന്റെ ഗണത്തിൽപ്പെടുന്നതല്ലെന്നും സംസ്കാരശൂന്യൻമാർമാത്രം ചെയ്യുന്നതാണെന്നുമാണ്   നാട്ടുകാർ വിശ്വസിച്ചിരുന്നത്. എന്നാലിതും ഭാരതസംസ്കാരത്തിന്റെ ഭാഗമാണെന്ന് സാക്ഷ്യപ്പെടുത്താൻ സാക്ഷി മഹാരാജുമാരുള്ളപ്പോൾ നമ്മളെന്തിന് അവിശ്വസിക്കണം? ഇവരല്ലേ ഇതിന്റെയൊക്കെ വക്താക്കൾ. 
 
 മറ്റെല്ലാ ബാബമാരെയുംപോലെ കാറ്റുനോക്കി തൂറ്റുന്ന ഈ ബാബയും മോദിക്കുമുമ്പ് കോൺഗ്രസും മോദിക്കുശേഷം ബി.ജെ.പി.യുമാണ്. അതിനാൽ തന്റെ തനത് മോക്ഷമാർഗങ്ങൾക്ക്‌ പേറ്റന്റെടുക്കാനും അത് വ്യാവസായികാടിസ്ഥാനത്തിൽ പ്രയോഗിക്കാനും ഇന്നേവരെ ഇദ്ദേഹത്തിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. ട്രാക്ടർ പൊക്കുന്ന ഈ ബാബയ്ക്ക് ഒ.ബി. വാൻ പൊക്കാൻപോന്ന അനുയായികളുണ്ട്. ബാബ പാടും, ആടും. സന്തോഷ് പണ്ഡിറ്റിനെപ്പോലെ ഒരു സിനിമ മൊത്തമായി പിടിക്കും. പ്രേമംമൂത്താൽ ബാബ വെടിയുണ്ടകൊണ്ടും അണികളായ പ്രേമികൾ പെട്രോൾ ബോംബുകൊണ്ടുംമാത്രമേ സംസാരിക്കൂ. 
 
 ചതുരശ്രകിലോമീറ്ററിൽ ഒന്നിലധികം ആൾദൈവങ്ങളുണ്ടെങ്കിലും അവരുടെ അവകാശാധികാരങ്ങൾ സംരക്ഷിക്കാൻ ഇന്നാട്ടിൽ ഇന്നേവരെ നിയമങ്ങളൊന്നും ഇല്ലാത്തത് കഷ്ടംതന്നെ. രാഷ്ട്രീയപ്രാധാന്യം കണക്കിലെടുത്താൽ പൗരന്റെ സ്വകാര്യതയെക്കാൾ എത്രയോ മുന്തിയ പരിഗണനയാണ് ആൾദൈവങ്ങളുടെ സ്വകാര്യത അർഹിക്കുന്നത്. 2022-ൽ പിറക്കാനിരിക്കുന്ന നവീനഭാരതത്തിന്റെ ഭരണഘടനയിൽ ഒരധ്യായം ഇവർക്കുമാത്രമായി നീക്കിവയ്ക്കുമെന്ന് പ്രതീക്ഷിക്കട്ടെ. 
 
  ജുഡീഷ്യറിക്ക് ഇതൊന്നും മനസ്സിലാവില്ലെങ്കിലും വോട്ടുബാങ്കിൽ ഓട്ടവീഴാതെ കാക്കാൻ ബാധ്യസ്ഥരായ രാഷ്ട്രീയക്കാർക്ക് അജ്ഞത നടിക്കാനാവില്ല. വിധിവരുന്നതിനുമുന്നേ ലക്ഷക്കണക്കിന് അണികൾ ബാബയുടെ ആശ്രമത്തിൽ ഒത്തുകൂടിയിട്ടും ഖട്ടാറിന്റെ സർക്കാർ 144 പ്രഖ്യാപിക്കാൻ മറന്നുപോയത് അതുകൊണ്ടാണ്.  ബാബയെ കോടതിയിലേക്ക് കാർപ്പട അകമ്പടിസേവിക്കുന്നതുകണ്ടപ്പോൾ റിപ്പബ്ലിക് ദിനത്തിന് ഇന്ദ്രപ്രസ്ഥത്തിൽ കവചിതവാഹനങ്ങൾ അണിനിരന്നതുപോലെ തോന്നി.  നടുവേദനയായിട്ടും ബാബ കോടതിയിൽപ്പോയല്ലോ. ആ മഹാമനസ്കതയ്ക്കുമുന്നിൽ നാം എന്നും കടപ്പെട്ടിരിക്കണം. 
 തന്റെ അണികളായ 400 പേരെ ഈ ബാബ ഷണ്ഡീകരിച്ചെന്ന ആരോപണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം അവസാനഘട്ടത്തിലാണത്രെ. അണികളെ ഷണ്ഡീകരിച്ചോ ഇല്ലയോ എന്ന് ഉറപ്പിക്കാൻ അന്വേഷണം വേണമായിരിക്കും. രാജ്യത്തെ ഇദ്ദേഹം ഷണ്ഡീകരിച്ചെന്ന് ഒരന്വേഷണവുമില്ലാതെ സ്ഥിരീകരിക്കാം.  ബാബയുടെ സമാന്തരഭരണകൂടത്തെ സംരക്ഷിച്ച മുഖ്യമന്ത്രി ഖട്ടാറിനെ നരേന്ദ്രമോദി സംരക്ഷിക്കുന്നതായി ചിലരൊക്കെ കുറ്റപ്പെടുത്തുന്നു. വെറും 32 പേർ കൊല്ലപ്പെട്ടതിന് ഖട്ടാർ രാജിവെക്കണമെങ്കിൽ ഗുജറാത്തിൽ മുഖ്യമന്ത്രി സർവീസിലായിരുന്ന കാലത്ത് മോദി എത്രതവണ രാജിവയ്ക്കണമായിരുന്നു. കണക്കിന്റെ മുഖത്തുനോക്കി കൊഞ്ഞനംകുത്തരുതേ. 
 
***** 
ജുഡീഷ്യറിതന്നെ പിന്നിട്ട ആഴ്ചയിലെ താരം. ഷണ്ഡീകരണാനന്ദയെ ഒരു വഴിക്കാക്കി. മുത്തലാഖ്, ലാവലിൻ തുടങ്ങിയ സാമൂഹികതിന്മകളെ ഒഴിവാക്കി. മുത്തലാഖിന്റെ മുൾമുനയിൽനിന്ന് മുസ്‌ലിം സ്ത്രീകൾക്കും ലാവലിന്റെ നിരന്തരപീഡനത്തിൽനിന്ന് പിണറായി വിജയനും വിടുതൽ കിട്ടി. സ്വകാര്യത ഏഴാമത്തെ മൗലികാവകാശമായതോടെ ആധാറില്ലാതെയും വഴിയാധാരമാകാവുന്ന കാലം വരുമെന്ന പ്രതീക്ഷയിലാണവർ. ബീഫ് തീനികൾക്കും കിട്ടിയിരിക്കുന്നു പിടിവള്ളി. എന്തുതിന്നണമെന്ന കാര്യത്തിൽ ബാഹ്യശക്തികൾക്ക് ഇടപെടാനാവില്ലത്രെ. തിന്നുന്നതിനെപ്പറ്റിയല്ലാതെ കുടിക്കുന്നതിനെപ്പറ്റി ആരും ചർച്ചചെയ്യുന്നില്ല. ഇവിടെയും കേരളത്തിലെ ജനകീയസർക്കാർ മാത്രമാണ് ആശ്രയം. പാതകൾ താഴട്ടെ. ബാറുകൾ പൊങ്ങട്ടെ എന്ന മുദ്രാവാക്യം മുഴക്കി, കുടി സ്വകാര്യതയെ മാനിക്കാൻ ഈ സർക്കാർ സഹിക്കുന്ന ത്യാഗം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതുതന്നെ. 
 
 പക്ഷേ, സ്വകാര്യതയെപ്പറ്റി സുപ്രീംകോടതിയുടെ വിധി വന്നത് അല്പം അനവസരത്തിലായിപ്പോയില്ലേ എന്നൊരു സംശയം. ലാവലിനിൽ വിജയന്റെ വിജയത്തെപ്പറ്റി ഒരു അഭിപ്രായംപറയാൻ അച്യുതാനന്ദൻ ഇതുവരെ തയ്യാറായിട്ടില്ല. ഇനിയിപ്പോൾ നിർബന്ധിക്കാനും പറ്റില്ല. വെറുതേയിരിക്കാൻ ആർക്കും അവകാശമുണ്ടെന്നാണല്ലോ ഭരണഘടനാബെഞ്ച് പറയുന്നത്. അദ്ദേഹത്തോട് അഭിപ്രായം ചോദിച്ച് മൗലികാവകാശലംഘനം നടത്താനൊന്നും ആരും മുതിരേണ്ടതില്ല. എന്നാലും നാലഞ്ച് ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടിയ സംഗതിയുടെ പേരിൽ ഈ നിഗൂഢശക്തി ആ പിണറായി വിജയനെ എത്രമാത്രം വേട്ടയാടി? ആൾദൈവങ്ങൾപോലും ഇത്രയും ക്രൂരതകാട്ടുമെന്ന് തോന്നുന്നില്ല. 
 
******
യോഗി ആദിത്യനാഥ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കിൽ ആർഷഭാരതത്തിന് അദ്ദേഹത്തെ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ഏതെങ്കിലും സി.പി.എം. ഓഫീസിൽ മൂട്ടകടികൊണ്ട് കിടക്കുകയും ചെയ്യുമായിരുന്നു. യെച്ചൂരിക്കും കാരാട്ടിനുമിടയിൽക്കിടന്ന്  ഞെരിപിരികൊള്ളാനും ഇടയുണ്ടായിരുന്നു.
 
  ആദിത്യനാഥിന്റെ പുറത്തിറങ്ങാനിരിക്കുന്ന ജീവചരിത്രഗ്രന്ഥം ‘ദ മങ്ക്‌ ഹു ബികെയിം ചീഫ് മിനിസ്റ്റർ’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ കേരളത്തിലെ ചുവപ്പൻമാരിൽ നഷ്ടബോധമുണ്ടാക്കും. വിദ്യാർഥിയായിരുന്നപ്പോൾ അദ്ദേഹം ആദ്യം ചേരാൻ തീരുമാനിച്ച രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പേരുകേട്ടാൽ വായനക്കാർ ഞെട്ടിപ്പോകാനിടയുണ്ട്-  നമ്മുടെ സ്വരാജിന്റെയും എം.ബി.രാജേഷിന്റെയുമൊക്കെ എസ്.എഫ്.ഐ.! ഭാഗ്യത്തിന് എ.ബി.വി.പി.യുടെ മാർക്കറ്റിങ് അവതാരമായി ഒരു സുഹൃത്ത് രംഗത്തുവന്നു. ആ പ്രസ്ഥാനത്തിന്റെ ഗുണഗണങ്ങൾ അയാൾ വാഴ്ത്തിയതുകേട്ടപ്പോൾ അന്നത്തെ അജിത് ബിഷ്ടി എന്ന ആദിത്യനാഥ് അതിലേക്ക് എടുത്തങ്ങ് ചാടി. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അദ്ദേഹം അന്നത് തീരുമാനിച്ചതുകൊണ്ട് പശുക്കൾക്കെങ്കിലും  ഗുണമുണ്ടായി എന്ന് ചിലർ വിലയിരുത്തിയേക്കാം. ഇപ്പോൾ അദ്ദേഹത്തെ സ്വന്തം മാതാപിതാക്കൾപോലും മഹാരാജ് ജി എന്നാണ് വിളിക്കുന്നതത്രെ.
 
nakhasikantham@gmail.com