രാജ്യത്തിന്റെ ആഭ്യന്തരോത്പാദനം പടവലങ്ങപോലെ വളരുകയാണ്. പോയ ആണ്ടിൽ ആദ്യപാദത്തിൽ എട്ട് ശതമാനമായിരുന്നത് ഇപ്പോൾ അഞ്ചായിട്ടുണ്ടത്രേ. എട്ടാണോ അഞ്ചാണോ വലുതെന്ന് ചോദിച്ചാൽ അത് ആരുടെ എട്ട് ആരുടെ അഞ്ച് എന്നതിനെ ആശ്രയിച്ചിരിക്കും. അഞ്ച് എട്ടിനെക്കാൾ വലുതാവുന്ന  ദേശാഭിമാന സുരഭിലമായ ചില ചരിത്രസന്ദർഭങ്ങളുണ്ട്.  അത്തരമൊരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതോർക്കുവിൻ. റിസർവ് ബാങ്ക് കുടുക്ക പൊട്ടിച്ച് കൊടുക്കുന്നുണ്ട്. (ജയ് റിസർവ് ബാങ്ക്). പടവലങ്ങയ്ക്ക് കല്ലുകെട്ടുന്നതുപോലെ ആകാതിരുന്നാൽമതി ഈ സംഭാവന.

ആഭ്യന്തരോത്പാദനം എങ്ങനെയായാലും അതിലൊന്നും രാജ്യസ്നേഹികൾക്ക് കുണ്ഠിതം വേണ്ടെന്ന് ഓർമിപ്പിക്കുന്നു.  രാജ്യം അതിന്റെ ചരിത്രത്തിൽ ഇല്ലാത്തൊരു പുതിയ പരിപാടിക്ക് സമാരംഭം കുറിച്ചിട്ടുണ്ട്. ആഭ്യന്തര അഭയാർഥി ഉത്പാദനം. രാജ്യമില്ലാത്ത ജനം എന്നൊരു പുതിയ വിഭാഗം ജനതയെ സൃഷ്ടിക്കുക. എല്ലാ രാജ്യങ്ങൾക്കും സാധിക്കുന്ന കാര്യമല്ലയിത്. കുറഞ്ഞത് നാസി ജർമനിയുടെയെങ്കിലും നിലവാരത്തിലുയർന്നാൽ മാത്രമേ സാധിക്കൂ. പണത്തിന് രേഖയില്ലാത്തതുകൊണ്ട് സ്വമേധയാ നാടുവിടേണ്ടിവരുന്ന കോടീശ്വരന്മാരെപ്പറ്റിയേ ഇതുവരെ നാം കേട്ടിരുന്നുള്ളൂ. തലമുറകളായി ജീവിച്ചുവന്ന നാട്ടിൽ പൗരത്വം തെളിയിക്കാൻ രേഖകളില്ലാത്തതിനാൽ നാടുകടത്തപ്പെടുമോ എന്ന് ആശങ്കപ്പെടുന്ന ദരിദ്രവാസികളുടെ കഥകളാണിപ്പോൾ വടക്കുകിഴക്കുനിന്ന് കേൾക്കുന്നത്. എന്തൊരു നാനാത്വം!

അസമിലെ പൗരത്വപ്പട്ടികയിൽനിന്ന് 19 ലക്ഷത്തിലധികം പേർ പുറത്തായതോടെ അവിടന്നും ഇവിടന്നും മുറവിളി തുടങ്ങിയിട്ടുണ്ട്. ഓരോ നാട്ടിലും പൗരത്വപ്പട്ടിക വേണംപോലും.  കുടിയേറ്റക്കാരുടെ പേരുവെട്ടി പറഞ്ഞുവിടണം. എങ്ങോട്ടെന്ന് ചോദിക്കരുത്. അത് പറയുന്നവർക്കും അറിയില്ല, ഭരണകൂടത്തിനും അറിയില്ല.

മഹാരാഷ്ട്രയിൽ, ഡൽഹിയിൽ, തെലങ്കാനയിൽ, ബംഗാളിൽ എല്ലാം ഇതേ ആവശ്യം ഉയർന്നിരിക്കുന്നു. നാളെ ഇവിടങ്ങളിൽ അസമിലുണ്ടായതുപോലെ പ്രക്ഷോഭങ്ങൾ ഉണ്ടാവാം. അസമിൽ ആസുവാണ് പ്രക്ഷോഭം നയിച്ചതെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ വാസു, കോസു തുടങ്ങിയ ആൾക്കൂട്ടങ്ങളുണ്ടാവാം. കേരളത്തിൽ പേടിക്കേണ്ടതില്ലെന്ന് തോന്നുന്നു. ആരെയും പുറത്താക്കാൻ മലയാളി തത്കാലം പറയില്ല. തേങ്ങയിടാൻ ആളുവേണമല്ലോ. എന്നുമാത്രമല്ല, മറ്റുരാജ്യങ്ങൾ പൗരന്മാരല്ലാത്തവരെ പുറത്താക്കാൻ  തീരുമാനിച്ചാൽ അവിടന്നും ഇവിടന്നും മലയാളികൾക്ക് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പറന്നിറങ്ങാൻ വിമാനത്താവളങ്ങൾ ഇതൊന്നും പോരാതെവരും. ഒരുകാര്യം ഉറപ്പ്. മലയാളി മനസ്സിലൊരു പൗരത്വപ്പട്ടിക തുറന്നുവെക്കും.  ഇനി മുതൽ പറമ്പിലെത്തുന്ന എല്ലാ അസമികളോടും ബംഗാളികളോടും അവർ ചോദിച്ചുകൊണ്ടിരിക്കും. തൂ പൗരത്വപ്പട്ടിക മേം ഹൂ ഹാ ഹീം...?

അഭയാർഥി ഉത്പാദനത്തിലൂടെ ആഭ്യന്തരോത്പാദനവും കുതിച്ചുയരും. എങ്ങനെയെന്നാവും ചോദ്യം. അസമിൽ ഇന്ത്യൻ പൗരന്മാരല്ലാത്തവരെ കണ്ടെത്താൻ ചെലവിട്ടത് 1220 കോടി. കണ്ടെത്തിയത് 19 ലക്ഷം പേരെ.  ഇത് സർക്കാരിന്റെ ചെലവ്. ഇനി പൗരനാണെന്ന് സ്ഥാപിക്കാൻ ജനം ചെലവിടേണ്ടത് എത്രയായിരിക്കും! പിന്നെ എ പ്ലസ് ബി ദ ഹോൾ സ്ക്വയർ ഈസ് ഈക്വൽ ടു എ ബി എന്നാണല്ലോ. ഇതിൽ എങ്ങുനിന്നോ ടു വരുന്നതുപോലെ കാണാച്ചെലവുകൾ കടന്നുവരും.  അഞ്ചുവർഷം സംസ്ഥാനങ്ങളിലെല്ലാം ഇതേതോതിൽ പണച്ചെലവുണ്ടായാൽ  അത് വിപണിയിലേക്ക്‌ ഒഴുകിയെത്തിയാൽ, ആ പണം കൊണ്ടുണ്ടാകുന്ന ക്രയവിക്രയത്തിൽ ജി.ഡി.പി. കുതിച്ചുയരും. അതുപോരാഞ്ഞ് ഇത്രയേറെപ്പേരെ തടവിൽ പാർപ്പിക്കാനുള്ള ക്യാമ്പുകൾ നിർമിക്കാൻ കല്ല്, കട്ട, സിമന്റ്, പണിക്കൂലി... ആകെക്കൂടി വിപണി ഉണർന്നുല്ലസിക്കും. മാന്ദ്യകാലത്ത് റോഡും പാലവും നിർമിക്കാൻ പണംചെലവിട്ടാൽ  ദേശാഭിമാനവും ദേശസുരക്ഷയും വർധിക്കില്ല. അതിന് അഭയാർഥി ഉത്പാദനംതന്നെ വേണ്ടി വരും.

കണക്കെടുത്തുവരുമ്പോൾ നോട്ടുനിരോധനത്തിന്റെ അസമിലെ പട്ടികയിൽ ഇപ്പോൾ ആർക്കും തൃപ്തിയില്ല. ബി.ജെ.പി.ക്ക് ഹിന്ദുക്കൾ വിട്ടുപോയതിൽ മാത്രമല്ല, എണ്ണം കുറഞ്ഞതിലുമുണ്ട് രോഷം. അമ്പതുലക്ഷം മുതൽ ഒന്നരക്കോടി വിദേശികൾ അവിടെയുണ്ടെന്നായിരുന്നല്ലോ പ്രചാരണം. എന്നിട്ടിപ്പോൾ വെറും 19 ലക്ഷമായിപ്പോയി. നോട്ടുനിരോധനം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ച കള്ളപ്പണം കണ്ടെത്താനാകാഞ്ഞതുപോലെ. ആസുവിനും പരദേശികൾ കുറഞ്ഞതിലാണ് സങ്കടം. പൗരത്വപ്പട്ടികയുണ്ടാക്കുന്നതിനെ പിന്തുണച്ച  കോൺഗ്രസിനാകട്ടെ, പട്ടിക വന്നപ്പോൾ  ആകെക്കൂടിയൊരു വൈക്ലബ്യം.