വേണ്ടത്ര പുഷ്‌ ഇല്ലാത്തതിനാൽ പുഷ്കലമാകാതെപോയ ഒരു സാഹിത്യശാഖയുണ്ട് മലയാളത്തിൽ-സാങ്കല്പിക സംവാദം. കാളിദാസനും ടാഗോറും; അവർ തമ്മിൽ കണ്ടിരുന്നെങ്കിൽ എന്ന രചന ചിലരൊക്കെ പള്ളിക്കൂടത്തിൽ പഠിച്ചിരിക്കും. ഇതുപോലെ എന്തും നമുക്ക് സങ്കല്പിക്കാം. മോദിയും ഹിറ്റ്‌ലറും; അവർ തമ്മിൽ കണ്ടിരുന്നെങ്കിലെന്നോ, ഗോർബച്ചേവും പിണറായിയും തമ്മിൽ കണ്ടിരുന്നെങ്കിലെന്നോ മനോവിലാസംപോലെ എന്തുമാകാം. 

പലകാലത്ത് പെട്ടുപോകയാൽ അന്യത്ര കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത മഹാപ്രതിഭകളെയാണ് നമ്മൾ ഇമ്മട്ടിൽ സാങ്കല്പികസംവാദത്തിൽ കൂട്ടിക്കെട്ടുന്നത്. ഒരേ കാലത്ത് ജീവിച്ചിരുന്നിട്ടും സംവദിക്കാൻ സാധിക്കാത്ത മഹാപ്രതിഭകളുടെ കാലമാണ് നമ്മുടേത്. ഉദാഹരണത്തിന്, കേരള ഹാഫ് അദ്വാനിയും (രഥയാത്ര നടത്തിയാൽ മാത്രംപോരാ, അറസ്റ്റുവരിച്ചാലേ പൂർണമായി അദ്വാനിയാവൂ.) ആചാരവാദിയുമായ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെയും വരമ്പത്തുകൂലി കമ്മിഷൻ വക്താവും നവോത്ഥാനവാദിയുമായ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും കാര്യം നോക്കുക. 
എത്ര ആഗ്രഹിച്ചിട്ടും തമ്മിലൊന്ന് സംവദിക്കാൻ ഇരുവർക്കുമാവുന്നില്ല.

ശബരിമലപ്രശ്നത്തിൽ ശ്രീധരൻപിള്ള പ്രക്ഷോഭം നിർത്തിവന്നാൽ സംവാദമാകാമെന്ന് കോടിയേരി ബാലകൃഷ്ണൻ. താൻ സി.പി.എമ്മുകാരെപ്പോലെയല്ല, പ്രക്ഷോഭവും സംവാദവും ഒരുമിച്ച് വഴങ്ങുമെന്ന് ശ്രീധരൻപിള്ള. ഇരുവരോടും ഒന്നേ പറയാനുള്ളൂ- നിങ്ങളിങ്ങനെ ദുരഭിമാനംകാട്ടി ഈ നൂറ്റാണ്ടിന് വഴിത്തിരിവാകുന്ന ഒരു ചരിത്രസംഭവത്തിന് പാരവെക്കരുത്. ഗാന്ധി-ഇർവിൻ കൂടിക്കാഴ്ച കഴിഞ്ഞാൽ ഭാരതചരിത്രത്തിലെ നിർണായക സംവാദമാകാൻ ഇടയുള്ള സംഭവമാണിതെന്ന് ഓർമവേണം. ഏതുമഹത്തായ പ്രക്ഷോഭത്തിനും ഒരു ഇടവേള വേണ്ടതുണ്ട്. ഇല്ലെങ്കിൽ നാട്ടുകാർക്ക് ബോറടിക്കും. ചെറിയൊരു ഇന്റർവെൽ പ്രഖ്യാപിച്ച് ശ്രീധരൻപിള്ള സംവാദത്തിന് തയ്യാറാകണം.

അല്ലെങ്കിൽ സുപ്രീംകോടതിവിധിക്കുശേഷം പലവട്ടം മലക്കംമറിഞ്ഞതിന്റെ മേലുവേദന കാരണമാണ് പിള്ള സംവാദത്തിന് തയ്യാറാകാത്തതെന്ന് കമ്മികൾ പറഞ്ഞുനടക്കും. ഇനി അഥവാ, പ്രക്ഷോഭം നിർത്താൻ ശ്രീധരൻപിള്ള തയ്യാറല്ലെങ്കിലും കോടിയേരി സംവാദത്തിന് തുനിയണം. ചാനൽചർച്ചയിലെപ്പോലെ ഒറ്റച്ചോദ്യം മതി, പിള്ളയെ മുട്ടുകുത്തിക്കാൻ. എന്താണ് ശ്രീധരൻപിള്ളയുടെ പ്രശ്നം? അഭിപ്രായം റബ്ബറുലക്കയാണെന്ന് അദ്ദേഹം കരുതുന്നുവെന്നതല്ല. പിന്നെയോ, കമ്യൂണിസ്റ്റുകൾ ദൈവവിശ്വാസത്തെ തകർക്കുന്നുവെന്നതാണ്. എന്തൊരു മണ്ടത്തരം അല്ലേ, കോടിയേരി സഖാവേ? 

പാറപ്രത്ത് കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായതുമുൽ ഇന്നുവരെ കേരളത്തിൽ വിശ്വാസികളുടെ എണ്ണം കുറഞ്ഞോ കൂടിയോ? അമ്പലങ്ങളുടെ, ദേവാലയങ്ങളുടെ, പള്ളികളുടെ എണ്ണം കുറഞ്ഞോ കൂടിയോ? അച്യുതമേനോന്റെ ഭരണകാലത്തെ മുക്കിയാലും കമ്യൂണിസ്റ്റുകൾ ഇവിടെ കാൽനൂറ്റാണ്ട്  ഭരിച്ചിട്ടുണ്ട്. ഇതിനിടെ കടുത്ത സഖാക്കൻമാരുടെ ഭാര്യമാരോ മക്കളോ ആരെങ്കിലും വിശ്വാസം മുടക്കിയോ? ഇന്നാട്ടിൽ ഇടതും വലതും കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിട്ടും നിരീശ്വരവാദികളും യുക്തിവാദികളുമൊക്കെ അന്യംനിന്നില്ലേ? 
ഏറിയാൽ നിങ്ങളുണ്ടാക്കിയത് വിശ്വാസികളുടെ ഫ്രാക്‌ഷനാണെന്നോ മറ്റോ പിള്ള ഫലിതംപറഞ്ഞേക്കാം. പക്ഷേ, ഈ ചോദ്യങ്ങൾക്കുമുന്നിൽ അദ്ദേഹം പതറുമെന്നത് തീർച്ച.

അന്യോന്യത്തിൽ അതിവേഗം സഖാവിന് കടന്നിരിക്കാം. സംവാദം വീക്ഷിക്കുന്ന ദേവഗണങ്ങൾ സംപ്രീതരായി അത്യുന്നതങ്ങളിൽനിന്ന്‌ സഖാവിനെ പൂമൂടിയെന്നും വരാം. അതിനാൽ നിലയ്ക്കലിലോ സെക്രട്ടേറിയറ്റിനുമുന്നിലോ എവിടെയാണെന്നുവെച്ചാൽ എത്രയും വേഗം സംവാദം അറേഞ്ച് ചെയ്യൂ. പിള്ള പ്രക്ഷോഭം നിർത്തുന്നതുവരെ കാത്തിരിക്കേണ്ടതില്ല.  ഒരു നേരം ആറുപുസ്തകംവരെ രചിച്ചിട്ടുള്ള ബഹുമുഖ പ്രതിഭാപ്രമുഖാണ് അദ്ദേഹം. വധശിക്ഷയെക്കുറിച്ചുള്ള ഗവേഷണംമുതൽ മർമരത്തെപ്പറ്റിയുള്ള കവിതവരെ ഒറ്റയിരിപ്പിൽ തീർത്തിട്ടുണ്ട്. അതിനാൽ ഒന്നുനിർത്തിയാലേ മറ്റൊന്ന് തുടങ്ങാനാവൂ എന്ന പാപ്പരത്തമൊന്നും ശ്രീധരൻപിള്ളയ്ക്കില്ല. അടിയന്തരാവസ്ഥക്കാലത്ത് നിങ്ങളൊരുമിച്ച്  തോളിൽ കൈയിട്ടൊക്കെ നടന്നിട്ടുണ്ടാവാം. എന്നുവെച്ച്, ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ഹിം. 
******
പച്ചവെള്ളം കുഴലിലാക്കിക്കൊടുക്കുന്ന മാത്യു ടി. തോമസിനെ തന്റേതല്ലാത്ത കാരണത്താൽ  മാറ്റി കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ ജനതാദൾ തീരുമാനിച്ചപ്പോൾ ഈ പത്രക്കാർ എഴുതിയതുകണ്ടോ? സോഷ്യലിസ്റ്റ് ചേരിയിൽ മന്ത്രിമാർ വാഴില്ലെന്ന്. ഇതിവരുടെ സാമ്പ്രദായിക ചോരമനഃശാസ്ത്രംകൊണ്ടുമാത്രം തോന്നുന്നതാണ്. ദുഷ്ടൻമാർ! സത്യത്തിൽ ഇതല്ലേ, ആ ചേരിയുടെ പേര് സൂചിപ്പിക്കുന്നപോലെ യഥാർഥ സോഷ്യലിസം. രാജ്യത്തോ സോഷ്യലിസം വരുന്നില്ല. മന്ത്രിസ്ഥാനം വീതംവെക്കുന്നതിലെങ്കിലും അതുണ്ടാവുന്നെങ്കിൽ അത്രയുമായില്ലേ. 

1980-ൽ എം.എൽ.എ.യായി. അന്നുമുതൽ രാഷ്ട്രീയനഭോമണ്ഡലത്തിലുണ്ടെങ്കിലും മേൽപ്പറഞ്ഞ സോഷ്യലിസത്തിന്റെ ഗുണഭോക്താവാകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജയിച്ചപ്പോഴൊക്കെ പ്രതിപക്ഷത്തായിപ്പോയതുകൊണ്ട് ആ ചേരിയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറായി പുരനിറഞ്ഞ് നിൽക്കാനായിരുന്നു ഇതുവരെ അദ്ദേഹത്തിന്റെ വിധി. ഒടുവിലത് സാധിച്ചു. അദ്ദേഹം മന്ത്രിയാവുമെന്ന് വാർത്ത പരന്നപ്പോൾത്തന്നെ സെക്രട്ടേറിയറ്റിലെ ഗോഡൗണിൽ ആവശ്യത്തിന് മഷിയുണ്ടെന്ന് സ്റ്റോർ പർച്ചേസ് വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. എന്തിനെന്നോ, അന്തഃസംസ്ഥാന നദീജലക്കരാറുകളെല്ലാം ഉടൻ മാറ്റിയെഴുതേണ്ടിവരും. അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ആഗ്രഹമാണത്. ലേറ്റായെങ്കിലും ​ലേറ്റസ്റ്റായുള്ള കൃഷ്ണൻകുട്ടിയുടെ വരവോടെ തമിഴ്‌നാടിന് ആപത്തുകാലമാണെന്ന്‌ തോന്നുന്നു.
nakhasikantham@gmail.com