ചെറിയൊരു കമേഴ്‌സ്യൽ ബ്രേക്കിനുശേഷം ആർ. ബാലകൃഷ്ണപിള്ള മുന്നാക്കവികസന കോർപ്പറേഷന്റെ തലപ്പത്തേക്ക്‌ മടങ്ങിവരുന്നു. മുന്നാക്കക്കാർക്ക് പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം പിറന്നാൾ സമ്മാനം. ഇനി അവരുടെ കാര്യവും ശടശടേന്ന് ശരിയാവും. സാമാന്യജനത്തിന് പിള്ളയെപ്പറ്റി ചില അന്ധവിശ്വാസങ്ങളുണ്ട്. അദ്ദേഹം അഴിമതിക്കാരനാണ്, അധികാരമോഹിയാണ്, പദവികൾ മോഹിച്ച് മുന്നണിമരങ്ങൾ ചാടിനടക്കുന്നവനാണ് എന്നൊക്കെ. താൻ ത്യാഗിയും സത്യസന്ധനുമാണെന്ന് പിള്ളതന്നെ പലവട്ടം പറഞ്ഞിട്ടും ഇവരുടെ തെറ്റിദ്ധാരണ മാറിയിട്ടില്ല. സത്യത്തിൽ പദവികൾ എന്നും ഇദ്ദേഹത്തിന് ഭാരമാണ്. കുടുംബസ്വത്ത് വിറ്റ് പൊതുപ്രവർത്തനം നടത്തുന്ന ലോകത്തിലെ അപൂർവം നേതാക്കളിലൊരാളാണ് പിള്ള. പൊതുജനത്തെ സേവിച്ചതിന് ജയിലിലായ ആദ്യത്തെ നേതാവ്. ജയിലിലും അദ്ദേഹം ത്യാഗസന്നദ്ധത വെടിഞ്ഞില്ല. എ ക്ലാസ് തടവുകാരന് കിട്ടുമായിരുന്ന കൊതുകുവലപോലും വേണ്ടെന്നുവെച്ചു. ഇതേ ലാഘവത്തോടെ പലവട്ടം മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞു. 

പഞ്ചാബ് മോഡൽ പ്രസംഗവിവാദത്തിൽ മന്ത്രിസ്ഥാനം പോയപ്പോൾ ഗൺമാനില്ലാതെ വഴിയരികിൽ മൂത്രമൊഴിക്കാനുള്ള സ്വാതന്ത്ര്യം തിരിച്ചുകിട്ടിയതിൽ പരസ്യമായി ആഹ്ലാദിക്കുകയാണ് പിള്ള ചെയ്തത്. ആ സ്വാതന്ത്ര്യമാണ് എൽ.ഡി.എഫ്. സർക്കാർ ഇപ്പോൾ കവർന്നെടുത്തിരിക്കുന്നത്. ഗൺമാൻ മാത്രമല്ല, ബദ്ധശത്രു അച്യുതാനന്ദനുള്ളതുപോലെ ഈരേഴുപതിന്നാല് കിങ്കരൻമാരെയും നൽകും. മുന്നാക്കക്കാരെ സഹായിക്കാൻ കിട്ടിയ അവസരമല്ലേ. അതുകൊണ്ടുമാത്രം ഈ അസൗകര്യങ്ങളും ആഡംബരവും പിള്ള സഹിച്ചെന്നിരിക്കും. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മുന്നാക്ക സ്പെഷ്യലിസ്റ്റാണ് പിള്ള. നായർസമുദായാചാര്യനായ മന്നത്ത് പദ്‌മനാഭനാണ് ആദ്യമായി ഇത് തിരിച്ചറിഞ്ഞത്. വീട്ടിൽ കാലക്ഷേപത്തിന് വകയുള്ളവൻ പൊതുപ്രവർത്തനത്തിന് ഇറങ്ങിയാൽ കൈയിട്ടുവാരില്ലെന്ന് മന്നം വിശ്വസിച്ചു. കുഞ്ഞുനാളിൽ മന്നത്തിന്റെ നീലക്കാറിൽ അദ്ദേഹത്തിന്റെ മടിയിലിരുന്ന് യാത്രചെയ്തതിന്റെ മധുരസ്മരണകൾ പിള്ളയുടെ ആത്മകഥയിലുണ്ട്. പക്ഷേ, പിള്ളയുടെ ഈ കഴിവ് തിരിച്ചറിയാൻ ഉമ്മൻചാണ്ടി വൈകിയെങ്കിലും അദ്ദേഹത്തിന് നടത്തിക്കൊണ്ടുപോകാൻ  ഒരു കോർപ്പറേഷൻ ഇട്ടുകൊടുത്തു. അതാണ് ഈ മുന്നാക്കവികസന കേർപ്പറേഷൻ. 

സോളാർഭഗവാന്റെ ശാപത്താൽ കാരാഗൃഹം പുൽകേണ്ടിവന്ന ഒരു നായർ യുവതി തടവറിയൽനിന്നെഴുതിയ കദനകഥാസരിതസാഗരം മുന്നാക്കക്ഷേമ പദ്ധതിയിൽപ്പെടുത്തി പിള്ള പ്രകാശനം ചെയ്യുമോയെന്ന് ചാണ്ടി ഭയന്നിരുന്നു. അദ്ദേഹം അന്നത് ചെയ്തിരുന്നെങ്കിൽ പിണറായി സർക്കാർ ഇതിനകം പല പിറന്നാളുകൾ പിന്നിടുമായിരുന്നു. മന്ത്രിപദവി നഷ്ടപ്പെട്ട ഒരു മുന്നാക്ക യുവാവിനുവേണ്ടി ഒന്നും ചെയ്യാനാവാതെവന്നപ്പോൾ പിള്ള പദവി ഒഴിയാൻ നിർബന്ധിതനായി. ആ യുവാവ് മകൻ ഗണേഷ്‌കുമാർ ആയിപ്പോയതുകൊണ്ട് ക്ഷേമം നിഷേധിക്കാനാവില്ലല്ലോ.   കമ്യൂണിസ്റ്റുകാരുടെ വജ്രജൂബിലി പ്രായശ്ചിത്തമാണ് പിള്ളയുടെ ഈ രണ്ടാംവരവ്. പണ്ട് കമ്യൂണിസ്റ്റായിരുന്നു പിള്ള. ഒന്നാം ഇ.എം.എസ്. സർക്കാർ അധികാരത്തിൽവരാനും വെളിയം ഭാർഗവൻ ജയിക്കാനും ഉറക്കമൊഴിഞ്ഞ രാത്രികളുടെ കണക്ക് പിള്ളയ്ക്കറിയാം.  എം.എൻ. ഗോവിന്ദൻ നായരാണത്രെ പിള്ളയ്ക്ക് പാർട്ടി മെമ്പർഷിപ്പ് നൽകിയത് (മാണിയെ വേട്ടയാടുന്ന കാനം രാജേന്ദ്രൻ പതിവില്ലാതെ മൗനംപാലിക്കുന്നതിനുപിന്നിൽ പിള്ളയുടെ ഈ ഭൂതകാലമാണോ എന്നറിയില്ല). അധികാരം കിട്ടിയ കമ്യൂണിസ്റ്റുകാർ അതിവേഗം ജീർണിക്കുന്നതുകണ്ട് ആ 21-കാരന്റെ മനംനൊന്തു. സെൽഭരണവും പാർട്ടിക്കോടതിയുമൊക്കെ ആ യുവവിപ്ലവകാരിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പിള്ള പാർട്ടിവിട്ട്, രാഷ്ട്രീയംതന്നെ മടുത്ത് അച്ഛന്റെ പള്ളിക്കൂടത്തിലെ ഹെഡ്മാസ്റ്ററായി. 

അക്കാലത്താണ് ജീവിതത്തിൽ വഴിത്തിരിവായ ആ സംഭവം. സ്വന്തം തറവാടായ കീഴൂട്ട് വീടിന്റെ പറമ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊതുയോഗം. അവിടെ മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ കണ്ണിൽച്ചോരയില്ലാത്ത പ്രസംഗം. കീഴൂട്ട് വീട്ടിൽ ഒരു കുഞ്ഞ് മരിച്ചാൽ അതിനെ അടക്കണമെങ്കിൽ സർക്കാരിന്റെ അനുവാദം വേണമെന്ന് ഗൗരിയമ്മ പറഞ്ഞതുകേട്ടപ്പോൾ പിള്ള ശരിക്കും ഞെട്ടി. കമ്യൂണിസ്റ്റ് പാർട്ടിയും സർക്കാരും തങ്ങളുടെ സ്വത്തിൽ അധികാരം സ്ഥാപിച്ചിരിക്കുന്നു എന്ന് പിള്ള തിരിച്ചറിഞ്ഞു.  ഇതിനെ നേരിട്ടേ പറ്റൂ. അതോടെ പിള്ള രാഷ്ട്രീയത്തിൽ തിരിച്ചെത്തി. അതും കോൺഗ്രസുകാരനായി. ഭൂപരിഷ്കരണം മാത്രമല്ല, കമ്യൂണിസ്റ്റായ പിള്ളയെ കോൺഗ്രസുകാരനായി പരിഷ്കരിച്ചതും ഗൗരിയമ്മയുടെ സംഭാവനതന്നെ. അങ്ങനെ പിള്ള വിമോചനസമരത്തിൽ പടയാളിയായി. ആ സർക്കാർ നിലംപൊത്തി. ഒന്നാം സർക്കാരിന്റെ വജ്രജൂബിലി ആഘോഷിക്കുമ്പോൾ ആ സർക്കാർ കാരണം  പാർട്ടിയിൽനിന്ന് വിരണ്ടോടേണ്ടിവന്ന ഒരു മുൻ കമ്യൂണിസ്റ്റിന് അക്കൊമഡേഷൻ കൊടുക്കുന്നതിൽ എന്താണ് തെറ്റ്? 

ഇക്കാലമത്രയും ഒരുകാര്യത്തിൽ മാത്രം പിള്ളയ്ക്ക്‌ ഉത്തരം കിട്ടിയിരുന്നില്ല. ലാവലിൻ കേസിൽ ആഗോള ടെൻഡർപോലും വിളിക്കാത്ത നാടാണിത്. എന്നിട്ടും  ഇടമലയാറിലെ പാറയിടുക്കിൽനിന്ന് വെള്ളംചോർന്നതിന് മാർക്സിസ്റ്റുകാർ എന്തിന് തന്നെ വേട്ടയാടി? ഇതിന് ഉത്തരം വേണ്ടെന്നുവെച്ച്  ഇനിയുള്ളകാലം മുന്നാക്കക്കാരുടെ ആശയും ആവേശവുമായി അദ്ദേഹം തുടരുമെന്ന് പ്രതീക്ഷിക്കാം. എൽ.ഡി.എഫിനുവേണ്ടി കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം പ്രദേശങ്ങളിൽ ചിലതൊക്കെ ശരിയാക്കാൻ പിള്ളയ്ക്ക് കഴിയുകയും ചെയ്യും. പക്ഷേ, പിള്ള-ഗണേഷ് ടീമിന്റെ പ്രവർത്തനശൈലി ലേശം അപകടം പിടിച്ചതാണ്. ആദ്യം ഒരാൾ പദവിനേടും. പിന്നാലെ മറ്റേയാളിന് ഒന്നും കിട്ടിയില്ലേയെന്ന് വിലപിക്കും. പിന്നെ കുത്തിത്തിരിപ്പിന് തിരികൊളുത്തും. ‘ദിവസം ഒരു വിവാദം’ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ള പിണറായി സർക്കാരിന് പിള്ള  മുതൽക്കൂട്ടായിരിക്കും. 

*****
ഒരുവർഷംകൊണ്ട് കേരളരാഷ്ട്രീയം ശുദ്ധീകരിച്ചതാണ് ഈ സർക്കാരിന്റെ പ്രധാന സംഭാവനയെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്  ശരിതന്നെ. പക്ഷേ, ശുചീകരിച്ചത് യു.ഡി.എഫിനെയാണെന്നുമാത്രം. മാണിയും പിള്ളയുമാണ് യു.ഡി.എഫിലെ അഴുക്കുകളെന്ന് പറഞ്ഞുനടന്നത് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിനുമുന്നേ പിള്ളയെ വാഴ്ത്തപ്പെട്ടവനാക്കി അവർ യു.ഡി.എഫ്. ശുചീകരണയജ്ഞം തുടങ്ങി. ഇപ്പോൾ അദ്ദേഹത്തിന് വിശുദ്ധപദവിയും. ഇനി മാണിമുക്ത യു.ഡി.എഫാണ് അവരുടെ ലക്ഷ്യം. അപരന്റെ ശബ്ദം സംഗീതമാകുന്നതുപോലെ അപരന്റെ അഴുക്കുകൾ തങ്ങളുടേതാക്കുന്നതും വർഗപരമായ പുണ്യപ്രവൃത്തിതന്നെ. ബുദ്ധിശുന്യരായ യു.ഡി.എഫുകാർക്ക് ഇതൊന്നും മനസ്സിലാവുന്നില്ല. തൈലാദിവസ്തുക്കൾ അശുദ്ധമായാൽ/പൗലോസ് തൊട്ടാലവ ശുദ്ധമാവും എന്ന ഈരടിയും പാടി നടക്കുകയാണവർ. സർക്കാരിന്റെ ഒന്നാം വാർഷികം ഈ പൗലോസ് വൈദ്യരുടെ ഓർമപ്പെരുന്നാളായി കൊണ്ടാടാനാണ് അവരുടെ തീരുമാനം. തങ്ങളെ നിലംപറ്റിച്ചവരെന്ന് തങ്ങൾതന്നെ കരുതുന്നവരെ  സി.പി.എം. ചാക്കിട്ടു പിടിക്കുന്നതിനെ അപരാധമായാണ് ഇവർ കാണുന്നത്. ചിലരെ ചുമന്ന്‌ നാറിയസ്ഥിതിക്ക് അവരെ ചുമന്ന് മറ്റവരും നാറട്ടേയെന്ന് വിചാരിക്കുകയാണ് സാമാന്യബുദ്ധിയുള്ളവർ ചെയ്യുക. അതില്ലാത്തവർ ഈരടിയും പാരഡിയും പാടി തെക്കുവടക്കു നടക്കും. 

യഥാർഥത്തിൽ ശുചീകരണമല്ല, ശത്രുസംഹാരമാണ് പിന്നിട്ട ഒരുവർഷത്തെ രാഷ്ട്രീയബാക്കിപത്രം. ശത്രുക്കളെ രണ്ടുതരത്തിൽ നിഗ്രഹിക്കാം. ഒന്നുകിൽ അവരെ കാലപുരിക്ക് അയയ്ക്കാം. അല്ലെങ്കിൽ കൂടോത്രത്തിലൂടെ ആവാഹിച്ച് കലശത്തിലടച്ച് ഉദ്ദിഷ്ടകാര്യത്തിനുതകുന്ന ഭൂതഗണമായി കൊണ്ടുനടക്കാം.  രണ്ടാമതുപറഞ്ഞ താന്ത്രികവിദ്യയിലാണ് പിണറായി വിജയന് താത്പര്യം. അച്യുതാനന്ദന്റെ മൗനം കണ്ടിട്ട്‌ പിറന്നാൾ കാലത്തെ ഈ കൂടോത്രം ഏറ്റതായി തോന്നുന്നുണ്ട്‌. കണ്ണൂരിലാകട്ടെ, ആദ്യരീതി തുടരുന്നതായി  വാർത്തകളിൽക്കാണുന്നു. അതൊക്കെ നിരന്തരം നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം. അണികളുടെ രക്തദാഹം തീർക്കാനുള്ള പ്രാദേശികമായ അറേഞ്ച്‌മെന്റ്. ഈ രക്തദാഹം അഫ്‌സ്‌പകൊണ്ട് പരിഹരിക്കാമെന്ന് കുമ്മനം രാജശേഖരൻ വിചാരിക്കുന്നു. താനൊന്ന് അലറിയാൽ ഗവർണർ ഇറങ്ങിപ്പോകുമെന്ന് ശോഭാ സുരേന്ദ്രനും കരുതുന്നു. പാസ്‌മാർക്ക് കിട്ടാൻ യോഗ്യതയില്ലാത്ത പിള്ളാർ റാങ്കുവാങ്ങാൻ നിർബന്ധിതരായാൽ സമ്മർദം താങ്ങാനാവാതെ അവരുടെ നിലതെറ്റും. കേരളത്തിലെ ബി.ജെ.പി.ക്കാരും ഏതാണ്ട് ഈ അവസ്ഥയിലാണിപ്പോൾ. പരീക്ഷ ജയിച്ചാലും ഇല്ലെങ്കിലും ശോഭയുടെ കൈയിൽ ഒരു ഭരണഘടന ഉടൻ പിടിപ്പിക്കുന്നത് നന്നായിരിക്കും.       

nakhasikantham@gmail.com