രാഹുദോഷം തീർക്കാൻ രാവിലെയെണീറ്റ് കറുപ്പുടുത്ത് ഓം രാഹുവേ നമ എന്ന് ചൊല്ലണമെന്നാണ് പ്രമാണം. കോൺഗ്രസിന്റെ രാഹുദോഷം തീർക്കാൻ അങ്ങ് അമേരിക്കയിലാണ്  ഇപ്പോൾ പരിഹാരക്രിയകൾ. അവിടത്തെ ഇന്ത്യൻ പ്രവാസികൾ ഒരാഴ്ചയായി  ‘ഓം രാഹുലേ നമ’  എന്ന ജപത്തിലാണുപോലും.  കുടുംബവാഴ്ചപോലെ ഇന്ത്യയ്ക്ക് മറ്റൊരു ദൗർബല്യംകൂടിയുണ്ട്. രാഹുൽ പറഞ്ഞത് ശരിയാണ്.  ഇന്നാട്ടിൽ എന്തിനുമേതിനും പ്രവാസികൾതന്നെ വേണം. മന്ത്രവാദവും കൂടോത്രവും പോലും അവർ ചെയ്താലേ ഫലിക്കൂവെന്ന് വന്നിരിക്കുന്നു. ഇന്ത്യയുടെ പ്രകൃതം അതായിപ്പോയി. അതുകൊണ്ടാണല്ലോ  ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ പ്രവാസിരത്നം മഹാത്മാഗാന്ധിതന്നെ നേരിട്ടുവരേണ്ടിവന്നത്, ഇന്ത്യയെക്കണ്ടെത്താൻ പ്രവാസി പണ്ഡിതൻ ജവാഹർലാൽ നെഹ്രുവിന്  ഇറങ്ങേണ്ടിവന്നത്. ഭരണഘടനയുണ്ടാക്കാൻ മറ്റൊരു പ്രവാസി പ്രമുഖൻ ഡോ. അംബേദ്കർ വേണ്ടിവന്നത്. സംസ്ഥാനങ്ങളെ യോജിപ്പിക്കാൻ പ്രവാസി പുരുഷ്  സർദാർ പട്ടേൽ അധ്വാനിക്കേണ്ടിവന്നത്. 

പ്രവാസികളുടെ മന്ത്രവാദം ഏറ്റു. കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർഥികളോട് ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് രാഹുൽ പറഞ്ഞപ്പോൾ വാലിൽ തീപിടിച്ചപോലെയായി ബി.ജെ.പി.ക്കാരുടെ പ്രതികരണം.  ഇന്നലെവരെ തങ്ങളുടെ സ്വന്തം പപ്പുവായിരുന്ന രാഹുൽ ഉഗ്രമൂർത്തിയാവുമെന്ന് അവർ സ്വപ്നേപി വിചാരിച്ചിരുന്നില്ലെന്ന് തോന്നുന്നു. തുണിമന്ത്രിയും പണമന്ത്രിയും പ്രതിരോധിക്കാനിറങ്ങിയത്  പോരാഞ്ഞ് അമിത്ഷാ നേരിട്ടും പൊട്ടിച്ചുനോക്കി അമിട്ട്. 

ഇന്ത്യയിൽ, വല്ലതും കെട്ടിപ്പടുക്കാൻ മാത്രമല്ല, ആരെയെങ്കിലും കൊട്ടിപ്പേടിപ്പിക്കാനും പ്രവാസികൾതന്നെ വേണമെന്ന് വന്നിരിക്കുന്നു. മൈനർ പ്രവാസി രാഹുൽഗാന്ധി വിദേശത്തുചെന്നിരുന്ന് ചെറുതായൊന്ന് വിരട്ടിയപ്പോൾ  മേജർ പ്രവാസി മോദിയുടെ സംഘം വിരണ്ടത് പ്രവാസി ഭീതിശാസ്ത്രമനുസരിച്ച് ശരിയാവാം. എന്നാലും വിരണ്ടാൽ മാത്രം മതിയായിരുന്നു. അത് നാട്ടുകാരെ അറിയിക്കേണ്ടിയിരുന്നില്ല. ആശാന്റെ സഹചാരികളെ ഉടുക്കുകൊട്ടി പേടിപ്പിക്കാമെന്നുവന്നാൽ അത് ആശാനുതന്നെ മോശമല്ലേ. വെറുതെ പരിവാരത്തിന്റെ ആത്മവിശ്വാസം ചോർത്തരുതേ. 

ഇന്ത്യയുടെ മാത്രമല്ല, ഇന്ത്യയിലെ  പാർട്ടികളുടെകൂടി നട്ടെല്ലായ പ്രവാസികളെ കൈയിലെടുക്കാൻ മോദി എന്തുചെയ്താലും മഹാസംഭവം. ഇതേവിദ്യ  രാഹുൽ പയറ്റിയാൽ മഹാപരാധം. ഇത് ഇരട്ടനീതിയല്ലാതെ മറ്റൊന്നുമല്ല.  നീതിയുടെ അഭാവത്തിലും സ്വക്ഷേത്രത്തിൽ ബലവാനായിക്കൊണ്ടിരിക്കുന്ന രാഹുൽഗാന്ധി ഒക്ടോബർ പകുതിയോടെ കോൺഗ്രസിന്റെ നേതൃസ്ഥാനത്തെത്തുന്ന മറ്റൊരു പ്രവാസിശ്രേഷ്ഠ് ആകുമെന്ന് ഉറപ്പായിരിക്കുന്നു. 
 രാഹുലിനെ വരവേൽക്കാനുള്ള കുമ്മിയടിയുടെ റിഹേഴ്‌സലിലാണ് കേരളത്തിലെ കോൺഗ്രസുകാർ. സംഘടനാതിരഞ്ഞെടുപ്പ് എന്നാണത്രെ ഇതിനുപേർ. പേടിക്കണ്ട. പേരിലല്ലാതെ തിരഞ്ഞെടുപ്പിന്റെ ഏഴയലത്തുപോലും പോവില്ല ഈ പ്രക്രിയ. നടക്കുന്നത് പങ്കുവയ്പ് മാത്രം. രാഹുലിനെ തിരഞ്ഞെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഒരു ഐ.ഐ.സി.സി.വേണം. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പുകമ്മിഷൻ കുത്തിനുപടിക്കും.

അതിൽ ഇവിടെനിന്ന് 35 പേർ വേണം. ഈ 35 പേരെ തെരഞ്ഞെടുത്തതായി നടിക്കാൻ ബ്ലോക്കിന് ഒന്നുവീതം 280 കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയംഗങ്ങൾ വേണം.  ഇവരെയെങ്ങാനും യഥാർഥത്തിൽ തിരഞ്ഞെടുക്കാൻ പുറപ്പെട്ടാൽ രാഹുലിന് അടുത്തജന്മം പ്രസിഡന്റാകാൻ പറ്റില്ല. അതിനാൽ ഗ്രൂപ്പുകുമ്മി മാത്രം ശരണം. മത്സരിച്ച് തകരാതെ വീതംവെച്ച്‌ പിടിച്ചുനിൽക്കുവിൻ എന്നതാണല്ലോ ദശകങ്ങളായി കേരളത്തിലെ കോൺഗ്രസിന്റെ ദർശനം. ഇന്ന് തമിഴകത്തുനിന്ന് റിട്ടേണിങ് ഓഫീസർ സുദർശൻ നാച്ചിയപ്പൻ വരുന്നുണ്ട്. കുമ്മിയടിയുടെ സംവിധായകൻ അദ്ദേഹമാണ്. 

ഇതിനിടെ രാഹുൽ ഒബാമയാവാനുള്ള റിഹേഴ്‌സലിലാണെന്ന കിംവദന്തി പരത്തുകയാണ് സംസ്ഥാനത്തെ പ്രധാന രാഹുൽ ഗ്രൂപ്പുകാരൻ വി.ടി.ബലറാം. ‘ഇന്ത്യൻ ഒബാമ ഇൻ ദ മേക്കിങ്’ എന്ന ഹാഷ് ടാഗ് ഇട്ടുതുടങ്ങിയിരിക്കുന്നു അദ്ദേഹം. ഒബാമയുടെ ഭാര്യ ഉത്തർപ്രേദേശിലുണ്ടാക്കിയ പാത്രം കഴുകുന്ന കാലംവരുമെന്ന് യു.പി.തിരഞ്ഞെടുപ്പ് കാലത്ത് വീമ്പിളക്കി പുലിവാല് പിടിച്ചതല്ലാതെ  രാഹുലിന് ഒബാമയുമായി എന്തെങ്കിലും ബന്ധം ഇനിയും തെളിയിച്ചിട്ടില്ല. ഇത്രയൊക്കെ ധൈര്യം കാട്ടിയിട്ടും രാഹുലിനെ മറ്റെന്തെങ്കിലുമായല്ലാതെ രാഹുലായിക്കാണാൻ ബലറാമിനുപോലും ഇനിയും കഴിയുന്നില്ലല്ലോ.

*****

കേരളത്തിലെ എൻ.സി.പി.യിൽ ഇതാദ്യമായി അഭിപ്രായൈക്യം ഉണ്ടായിരിക്കുന്നു. മുകളിലിരിക്കുന്നവൻ എല്ലാം കാണുന്നുണ്ടെന്നാണ് കായൽ, ദേവസ്വം ഭൂമി കൈയേറ്റത്തിൽ ആരോപണവിധേയനായ  മന്ത്രി തോമസ് ചാണ്ടി പറയുന്നത്. തനിക്കെതിരേ ചിലർ നടത്തുന്നതായി തനിക്കുതോന്നുന്ന  ഗൂഢാലോചനയാണ് ചാണ്ടി ഉദ്ദേശിക്കുന്നത്.  കൈയേറ്റത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്ത,  കരലാളനം മാത്രം കൊതിച്ചതിന് ദുരൂഹസാഹചര്യത്തിൽ മന്ത്രിപദവി നഷ്ടപ്പെട്ട എ.കെ. ശശീന്ദ്രനും ഇപ്പോൾ തീർച്ചയായും ഇതുതന്നെ പറയുന്നുണ്ടാവും; മുകളിലിരിക്കുന്നവൻ എല്ലാം കാണുന്നുണ്ട് ചാണ്ടീ...

ഉമ്മൻചാണ്ടി സർക്കാരിനെന്നപോലെ പിണറായി സർക്കാരിനും അഞ്ച് മോശം സംഖ്യയാണ്. അന്ന് അഞ്ചാം മന്ത്രിയായിരുന്നെങ്കിൽ ഇന്ന്   അഞ്ചാം മാസമാണ് സർക്കാരിന്റെ ഗ്രഹപ്പിഴ. അയ്യഞ്ചുമാസം കൂടുമ്പോൾ ഒരു മന്ത്രിക്കുമേൽ ആരോപണം ഉരുണ്ടുകൂടും. ആദ്യം ഇ.പി. ജയരാജൻ. പിന്നെ എ.കെ. ശശീന്ദ്രൻ. ഇപ്പോൾ തോമസ് ചാണ്ടി. ചാണ്ടി ചീഞ്ഞ് ജയരാജന് തിരിച്ചെത്താൻ വളമാകുമോ എന്ന ജിജ്ഞാസയിലാണ് രാഷ്ട്രീയകേരളം. ബന്ധുനിയമനം നടത്തി മന്ത്രിപ്പണിപോയ ജയരാജന് ക്ലീൻ ചിറ്റ് കൊടുക്കാൻ വിജിലൻസിന് നിയമോപദേശം കിട്ടിയിരിക്കുന്നത്രെ. ഇത് കേട്ടാൽ ജനം എന്തുകരുതണം? ജയരാജൻ ബന്ധുവിനെ നിയമിച്ചില്ലെന്നോ? അതോ ജയരാജനാൽ നിയമിക്കപ്പെട്ടത് ബന്ധുവായിരുന്നില്ലെന്നോ? അതോ, നമ്മൾകണ്ട ജയരാജൻ ജയരാജൻ ആയിരുന്നില്ലെന്നോ? ആകാശഗംഗ പോലും നമ്മളിതുവരെ വിചാരിച്ചപോലെയല്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നത്. അപ്പോൾപ്പിന്നെ ജയരാജന്റെ കാര്യം പറയാനുണ്ടോ?  

ബന്ധുനിയമനത്തിൽ ഖജനാവിന് നയാപൈസ നഷ്ടപ്പെടാത്തതാണ് ജയരാജൻ കുറ്റംചെയ്തില്ലെന്ന് നിയമത്തിന് തോന്നാൻ കാരണം.  ഇതുപോലൊരു വിതണ്ഢവാദം എവിടെയോ കേട്ടപോലെയുണ്ടല്ലേ എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഉമ്മൻചാണ്ടിയെ ഓർമവന്നത്. സരിത കാരണം ഖജനാവിന് ഒരുപൈസപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉമ്മൻചാണ്ടി ആണയിട്ട് പറഞ്ഞിട്ടും സമരംചെയ്ത കൂട്ടരാണിവർ. അതിന്റെ ഫലമോ? അന്വേഷണത്തിന് കമ്മിഷൻ വന്നു. കമ്മിഷന്റെ കാലാവധി നീണ്ടു. ലക്ഷങ്ങൾ ചെലവായിക്കൊണ്ടിരിക്കുന്നു. ഖജനാവിന് നഷ്ടമുണ്ടാക്കുന്നതുമാത്രമാണ് കുറ്റമെങ്കിൽ സോളാർക്കേസിലെ യഥാർഥപ്രതികൾ അന്നത്തെ പ്രതിപക്ഷം തന്നെ.

ജയരാജൻ രാജിവെച്ചതോടെ നിയമനം കിട്ടിയ ബന്ധുവും രാജിവെച്ചതിനാൽ അഴിമതിയും രാജിവെച്ചുപോലും. നികത്തിയ കായൽ പൂർവസ്ഥിതിയിലാക്കാമെന്ന് തോമസ് ചാണ്ടി പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ തോമസ് ചാണ്ടി രാജിവെച്ച് കായലിലിട്ട മണ്ണ് കോരിമാറ്റിയിട്ട് വരട്ടെ. അന്നേരം ക്ലീൻചിറ്റ് കൊടുക്കാം. സർവീസിലിരുന്ന് മണ്ണുകോരാൻ ചാണ്ടിയെ അനുവദിച്ചാൽ അത് ഇരട്ട നീതിയാവും. ഇരട്ടച്ചങ്കുപോലെ രസകരമല്ല ഇരട്ടനീതി. 

*****
തന്റെ ശരീരത്തിൽ കരി ഓയിലൊഴിച്ച കെ.എസ്.യു.ക്കാർക്ക് മാപ്പുനൽകാൻ തയ്യാറായ കേശവേന്ദ്രകുമാർ എന്ന ഐ.എ.എസുകാരൻ മഹാൻ തന്നെ. പക്ഷേ, പ്രതികൾ പശ്ചാത്താപ സൂചനയായി സാമൂഹ്യസേവനം നടത്തണമെന്ന അദ്ദേഹത്തിന്റെ നിർദേശം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തങ്ങൾക്കറിയാവുന്ന ചുരുക്കം സാമൂഹ്യപ്രവർത്തനങ്ങളിലൊന്നാണ് അവർ അദ്ദേഹത്തിനുമേൽ നടത്തിയത്. അതിനി ജനങ്ങളുടെമേലും നടത്തണോ. 

ഇവിടെയും ഇരട്ടനീതിയുടെ പ്രശ്നമുണ്ട്. കസേര കത്തിച്ചതിന് മഹാരാജാസിലെ പ്രിൻസിപ്പലും ചിതയൊരുക്കിയതിന് വിക്ടോറിയയിലെ പ്രിൻസിപ്പലും വഴിയിൽ തള്ളിയിട്ടതിന് ടി.പി. ശ്രീനിവാസനും മാപ്പുതരണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ.ക്കാർക്ക് അവരുടെ വസതികളിലേക്ക് മാർച്ച് ചെയ്യാവുന്നതാണ്. മാപ്പുതരൂ, മാപ്പുതരൂ... എന്നാവട്ടെ മുദ്രാവാക്യം. മാപ്പുതന്നില്ലെങ്കിൽ അടിച്ചുപൊളിച്ചു തകർക്കുന്നതിനെക്കുറിച്ച് തീർച്ചയായും ആലോചിക്കണം. 

nakhasikantham@gmail.com