നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നടത്തുകയാണ് കേരളത്തിലെ ബി.ജെ.പി. വെറും ആറുകോടിയുടെ അഴിമതികൊണ്ട് അറുപതിനായിരം കോടി രൂപയുടെ അപമാനം ഉത്പാദിപ്പിച്ച് അവർ ശത്രുക്കളെയാകെ ആനന്ദതുന്തുലിതരാക്കിയിരിക്കുന്നു. രണ്ടുകൂട്ടരാണ് ഇതിൽ സന്തോഷിക്കുന്നത്. ഒന്ന്: സാർവദേശീയ ബീഫുതീനികൾ. തങ്ങളുടെ ശാപം ഗോരക്ഷകരെ ഇത്രവേഗം കോഴക്കുരുക്കിലാക്കുമെന്ന് അവർ സ്വപ്നേപി വിചാരിച്ചതല്ല. രണ്ട്: ജയിൽഭഗവതി കനിയുകയും ബെയിൽ ഭഗവതി കടാക്ഷിക്കാതിരിക്കുകയും ചെയ്തതിനാൽ ഇപ്പോഴും ജയിലിൽക്കഴിയുന്ന ദിലീപിന്റെ ആരാധകർ. ആഗ്രഹിച്ചതിനെക്കാൾ വേഗത്തിൽ മാധ്യമപ്പിശാചുകളിൽനിന്ന് അവരുടെ താരേട്ടന് മോചനം കിട്ടിയിരിക്കുന്നു. അഴിമതിയെന്ന് കേട്ടതോടെ ബലാത്സംഗക്വട്ടേഷനെ മാധ്യമങ്ങൾ അതിക്രൂരമാംവിധം പാർശ്വവത്‌കരിച്ചുകളഞ്ഞു. 

നക്കാപ്പിച്ച അഴിമതിയുടെ പേരിൽ നാറുന്നത് കേരളത്തിലെ ബി.ജെ.പി.ക്കാരുടെ ചിട്ടയാണ്. നാട്ടിലോ ഭരണമില്ല. കേന്ദ്രഭരണത്തിന്റെ പേരിൽ വല്ലപ്പോഴും തടയുന്നത് വേണ്ടെന്നുവെയ്ക്കുന്നത്  രാഷ്ട്രീയകാലയാപനസിദ്ധാന്തത്തിന് എതിരുമാണ്. എന്നാൽ, ഇതിനൊന്നും ആരും കണക്കുവെയ്ക്കാറില്ല. പക്ഷേ, കേരളാ ബി.ജെ.പി.ക്കാർ അങ്ങനെയല്ല. സ്വന്തം അഴിമതി പുരപ്പുറത്തുകേറിനിന്ന് വിളിച്ചുകൂവിയില്ലെങ്കിൽ അവർക്ക് ഉറക്കംവരില്ല. കോഴയുടെ അണ, പൈസവരെ കിറുകൃത്യമായി മാലോകരെ അറിയിക്കും. ആർഷഭാരത സംസ്കാരത്തിന്റെ മുഖമുദ്രയായ നിഷ്കളങ്കതകൊണ്ടാണ് ഇതെന്ന് വിചാരിക്കരുത്. പാരവെപ്പ് പിഴച്ചുപോവുന്നതാണ്. ഭാരതീയമായ ഒരുതരം തനതുപാരയാണ് ഇവരിതിന് ഉപയോഗിക്കുന്നത്-ബ്രഹ്മാസ്ത്രപ്പാര. എടുക്കുമ്പോൾ ഒന്ന്,  കൊള്ളുമ്പോൾ പതിനായിരം എന്നതാണ് ഇതിന്റെ  പ്രത്യേകത. വിട്ടുകഴിഞ്ഞാൽ തിരിച്ചെടുക്കാനും പറ്റില്ല. ഒന്നില്ലാതെ എല്ലാ കുരുക്കൾക്കും ഈ പാര കൊള്ളുകയും ചെയ്യും. പുനഃസംഘടനയ്ക്ക് തൊട്ടുമുമ്പാണ് ഈ പാര വിക്ഷേപിക്കപ്പെടാറ്.

വാജ്‌പേയിയുടെ ഭരണകാലത്ത് ഇന്ത്യയാകെ പെട്രോൾപമ്പ്  കച്ചവടം കുശാലായി നടന്നിരുന്നു. മറ്റുനാടുകളിലൊന്നും ബി.ജെ.പി.ക്കാർക്ക് കിട്ടിയ കോഴയ്ക്ക് കണക്കുണ്ടായില്ല. അന്നും കേരളത്തിലെ ബി.ജെ.പി.യുടെ പ്രവർത്തനം സുതാര്യമായിരുന്നു. ഇഷ്ടക്കാർക്ക് പെട്രോൾപമ്പുകൾ നൽകാൻ വെറും 18 കോടിയുടെ കോഴമാത്രമാണ് സ്വീകരിച്ചതെന്ന് കെ. രാമൻപിള്ളയുടെ നേതൃത്വത്തിലുള്ള  പാർട്ടിക്കമ്മിഷൻ റിപ്പോർട്ട് ചെയ്തു.  അതിൽ രണ്ടരക്കോടി പാർട്ടിക്ക് കിട്ടി. ബാക്കി ആരുടെയൊക്കെ പോക്കറ്റിലെത്തിയെന്നതിനും കൃത്യമായ കണക്കുവെച്ചു. ബ്രഹ്മാസ്ത്രപ്പാര പ്രയോഗത്തിൽ ആ റിപ്പോർട്ട് അനായാസം ചോർന്നു. 

പാർട്ടികൾ സ്വന്തം കമ്മിഷനുകളെ നിയമിക്കുന്നത് പല്ലിടകുത്തി മണപ്പിക്കുന്നതുപോലെയാണ്.  ഏതാരോപണം ഉയർന്നാലും  അന്വേഷണക്കമ്മിഷനെ നിയോഗിക്കുന്ന സി.പി.എമ്മാണ് ഇതിന്റെ ഉപജ്ഞാതാക്കൾ. കുലംകുത്തികളെ കണ്ടുപിടിക്കലാണ് പ്രഖ്യാപിതലക്ഷ്യം. ജനത്തിന്റെ കണ്ണിൽ പൊടിയിടുക യഥാർഥലക്ഷ്യവും. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുമാത്രമല്ല, യുവനേതാവിന്റെ ഭാര്യയെക്കൊണ്ട് വൃദ്ധനേതാവ് കണ്ണിൽ മരുന്നൊഴിപ്പിച്ച കേസിൽവരെ കമ്മിഷനുകളുണ്ടായി. സി.പി.എമ്മിനെ കണ്ടുപഠിച്ചാണ് ബി.ജെ.പി.യും പാർട്ടിതല അന്വേഷണങ്ങൾ തുടങ്ങിയത്. കോൺഗ്രസുകാർക്ക് ഈ അസുഖം പൊതുവേ കുറവായിരുന്നു. വി.എം.സുധീരൻ പരീക്ഷിച്ചുനോക്കി. പരീക്ഷിത്ത് തമ്പുരാനെപ്പോലെ അദ്ദേഹത്തിന് തക്ഷകർക്ക് കീഴടങ്ങേണ്ടിവന്നതിനാൽ കോൺഗ്രസിന് ഇതുവഴിയുള്ള അപായസാധ്യത ഒഴിവായി.  

അസംഖ്യം അന്വേഷണങ്ങൾ സി.പി.എം. നടത്തിയെങ്കിലും ഇതുവരെ എന്തെങ്കിലും കണ്ടെത്തിയതായി ആർക്കും അറിവില്ല. എം.എം.ലോറൻസിനെക്കുറിച്ചോ മറ്റോ അന്വേഷിച്ച കമ്മിഷന്റെ ഒരുകഷ്ണം റിപ്പോർട്ടാണ്  ചോർന്നുകിട്ടിയത്. കെ.എം. മാണിപോലും ഇക്കാര്യത്തിൽ തികഞ്ഞ പ്രൊഫഷണലിസം കാട്ടി. സ്വന്തം കോഴയെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം നിയോഗിച്ച  കമ്മിഷന്റെ കണ്ടെത്തൽ എന്തെന്നറിയാൻ പാഴൂർ പടിപ്പുരയിൽ പോയിട്ടും കാര്യമില്ല. ബി.ജെ.പി.വെച്ച അന്വേഷണക്കമ്മിഷനുകളുടെ റിപ്പോർട്ടുകളോ എല്ലാം നാട്ടിൽപ്പാട്ട്. ഇത്തവണയും ഇതുതന്നെ സംഭവിച്ചു. പല്ലിടകുത്തിയെന്ന് മാത്രമല്ല,  പതിവുപോലെ അത് നാട്ടുകാരെക്കൊണ്ട് മണപ്പിക്കുകയും ചെയ്തിരിക്കുന്നു. 

ബ്രഹ്മാസ്ത്രപ്പാര മെഡിക്കൽകോളേജ് കോഴയുടെ രൂപത്തിൽ ആവർത്തിക്കുമ്പോൾ പലരും പിന്നാമ്പുറത്താവും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റ് കിട്ടാത്തപക്ഷംമാത്രം ഉരുളാനിരുന്ന തലകൾ അല്പം നേരത്തേ ഉരുളും. നാട്ടിലെ പത്രക്കാരോട് എന്തും പറയാം. അമിത് ഷായോട് എന്തുപറയുമെന്നാലോചിച്ച് ചിലരൊക്കെ ഉറക്കത്തിൽപ്പോലും ഞെട്ടുന്നുണ്ടാവും. കേരളത്തിൽ ചേറിലാണ് താമരവിരിയുന്നതെന്ന് അദ്ദേഹത്തെ എളുപ്പത്തിൽ ബോധ്യപ്പെടുത്താവുന്നതേയുള്ളൂ. അഴിമതിയുടെ ചേറാണെങ്കിൽ അത്യുത്തമം. അല്ലെങ്കിൽ, മോദിജിയുടെ ആഹ്വാനപ്രകാരം നാട്ടുകാരുടെ കള്ളപ്പണം പിടിച്ചെടുത്ത് കേന്ദ്രത്തിലടയ്ക്കാൻ നടത്തിയ ശ്രമമെന്നും  ന്യായീകരിക്കാം.
ഈ വിവാദത്തിലൂടെ ഭാഷയ്ക്ക്‌ ലഭിച്ച സംഭാവന പ്രധാനമാണ്. അഴിമതിക്ക്‌  ഏകവചനംതേടി ഇനി അലയേണ്ടതില്ല. കോഴയെല്ലാം സഹകരണസെൽ കാര്യവാഹക് അടിച്ചുമാറ്റിയതിനാൽ  ഇപ്പോൾനടന്നത് അഴിമതിയല്ലെന്ന് ബി.ജെ.പി.യുടെ കേന്ദ്ര വൈയാകരണവിദഗ്ധൻ  ജി.വി.എൽ. നരസിംഹറാവു പറയുന്നു. പകരം ഇതിനെ അധാർമികതയെന്ന് വിളിക്കണംപോലും. ഒരാൾ അഴിമതിചെയ്താൽ അധാർമികത. ഒന്നിലധികംപേരുണ്ടെങ്കിൽമാത്രമേ  അഴിമതിയാവൂ.  ലളിതഗാനവും സംഘഗാനവുംപോലെ. ഈ ന്യായത്തിന് ദയവുചെയ്ത് മുൻകാല പ്രാബല്യം നൽകരുത്. യു.പി.എ. കാലത്തുനടന്ന ലളിതഗാനങ്ങളെ അതിന്റെ ഗുണഭോക്താക്കൾതന്നെ തള്ളിപ്പറയുന്നത് നന്ദികേടാവും. 

******
ദേശീയ കോൺഗ്രസിൽ യുവരക്തം ഇന്നുവരും നാളെവരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അതൊട്ടുവരുന്നുമില്ല, വൃദ്ധരക്തം ചോർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മോദിഭാരതത്തിന്റെ തലസംസ്ഥാനമായ ഗുജറാത്തിലെ പ്രതിപക്ഷനേതാവ് ശങ്കർസിങ് വഗേല എഴുപത്തിയേഴാം വയസ്സിൽ രാജിവെച്ചിരിക്കുന്നു. എഴുപത്തിനാല് വയസ്സുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി അംബികാസോണി പ്രായാധിക്യം കാരണം പദവികളൊഴിയാൻ തയ്യാറെടുക്കുന്നു. ഇന്ത്യയിൽ സി.പി.എം. മാത്രമാണ് ഏക വയോജനസൗഹൃദപാർട്ടി. ഒരു പ്രായം കഴിഞ്ഞാൽ ആവശ്യപ്പെടാതെതന്നെ ആരെയും അവർ ഒതുക്കിക്കളയും. കോൺഗ്രസിന് പ്രായമൊന്നും പ്രശ്നമല്ല.  ആളെണ്ണം തികഞ്ഞാൽമതി. 

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസിനെ ഉപേക്ഷിക്കുന്ന വഗേല ബി.ജെ.പി.യിലേക്ക് പോവില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്രയങ്ങ് വിശ്വസിക്കാനാവില്ല. ബി.ജെ.പി.യിൽനിന്നാണ് അദ്ദേഹം കോൺഗ്രസിലേക്ക് വന്നത്. അദ്ദേഹം ജനസംഘത്തിലായിരുന്നപ്പോൾ പ്രിയശിഷ്യൻ മോദിയെ ബുള്ളറ്റിന്റെ പിറകിലിരുത്തി കൊണ്ടുനടന്നിട്ടുണ്ട്. ഒന്നും രണ്ടും തവണയല്ല, വർഷങ്ങളോളം. തീവണ്ടിയിൽ രണ്ടുപേരും ഒരുമിച്ച് തറയിൽക്കിടന്ന് ഉറങ്ങിയിട്ടുണ്ട്. പിന്നീട് അദ്ദേഹം കോൺഗ്രസിലെത്തി. അന്ന് കൊണ്ടുനടന്ന പയ്യൻ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് പ്രധാനമന്ത്രിയായി. ഈ കാലയളവിൽ കോൺഗ്രസ് തളരുന്നതിലും മോദി വളരുന്നതിലും കോൺഗ്രസ് നേതാവെന്ന നിലയിൽ വഗേല വഹിച്ച പങ്ക് നിർണായകമായിരിക്കുമെന്നതിൽ തർക്കമില്ല. ഇനി വഗേല ചെന്ന് ബി.ജെ.പി.യെ ഒരു വകയാക്കിയാലേ ഗുജറാത്തിലെ കോൺഗ്രസിന് എന്തെങ്കിലും രക്ഷയുണ്ടാവൂ. 

nakhasikantham@gmail.com