നഖശിഖാന്തം

പീഡനം തീവ്രത കുറഞ്ഞതോ കൂടിയതോ ആകട്ടെ. കൊലപാതകത്തിൽ വെട്ടുകൾ എത്രയോ ആകട്ടേ. അതെല്ലാം സമർഥമായി അന്വേഷിക്കാൻ പ്രാപ്തരായ ആൺപെൺ  സി.ഐ.ഡി.കളുടെ നീണ്ടനിരയുള്ള ഇന്നാട്ടിലെ ഏകപാർട്ടിയാണ് സി.പി.എം. സഖാക്കളുടെ അന്വേഷണത്വരകണ്ട് സ്കോട്‌ലൻഡ് യാഡും മൊസാദുമൊക്കെ ചൂളിപ്പോയിട്ടുണ്ട്. അടുത്തകാലത്ത് വെറും തെർമോമീറ്റർ ഉപയോഗിച്ച് സി.ഐ.ഡി. സഖാക്കൾ പാലക്കാട്ടെ പീഡനത്തിന്റെ തീവ്രത അളക്കുകയും തീവ്രത തീരെ പോരെന്നുകണ്ടതിനാൽ പ്രതിയായ സഖാവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തത് ലോകം ആദരവോടെയാണ് കണ്ടത്. എന്നാൽ, പാർട്ടിയുടെ പീനൽ കോഡിൽ അവയെക്കാളൊക്കെ വലിയ കുറ്റകൃത്യമായ പ്രവർത്തകരുടെ ഇടതുവ്യതിയാനത്തെപ്പറ്റി മുൻകൂട്ടി അറിയാൻ ഒരു ഇന്റലിജൻസ്‌ വിങ്ങോ, അറിഞ്ഞാൽ തുരന്നുതുരന്ന് നെല്ലും പതിരും തിരിക്കാൻ ഒരു സി.ഐ.ഡി. വിങ്ങോ പാർട്ടിക്ക് ഇല്ലാതെപോയി. ആ ജാഗ്രതക്കുറവിന് പാർട്ടി ഇപ്പോൾ വലിയ വില കൊടുത്തുകൊണ്ടിരിക്കുകയാണ്.

പന്തീരാങ്കാവിലെ പാർട്ടിപ്രവർത്തകരും വിദ്യാർഥികളുമായ  അലൻ, താഹ എന്നിവരെ മാവോവാദിബന്ധം ആരോപിച്ച് കണ്ണിൽച്ചോരയില്ലാതെ എൻ.ഐ.എ.യ്ക്ക് പിടിച്ചുകൊടുത്തതും അതിനുശേഷം പാർട്ടി ജില്ലാഘടകം ഒരുവശത്തും മുഖ്യമന്ത്രിയും സംസ്ഥാനനേതൃത്വവും മറുവശത്തുമായി നടത്തുന്ന ഉരുണ്ടുകളികൾക്കും കാരണമായത് മേൽപ്പറഞ്ഞ അവധാനതക്കുറവല്ലാതെ മറ്റൊന്നുമല്ല.
ആ അന്വേഷണവൈദഗ്ധ്യം  ഇല്ലാതെപോയതുകൊണ്ട് എന്തുപറ്റി? പോലീസ് പറഞ്ഞത് പാർട്ടി അപ്പടി വിഴുങ്ങി. അല്ലെങ്കിൽ നേതാക്കൾ വിഴുങ്ങിയതുകൊണ്ട് തങ്ങളും വിഴുങ്ങിയെന്ന് ഉറപ്പാക്കാൻ ഛോട്ടാനേതാക്കളും അണികളും നിർബന്ധിതരായി. ഉൾപ്പാർട്ടിയിൽ നിൽക്കാതെ സംഭവം പല പാർട്ടികൾ ഏറ്റെടുത്തപ്പോഴേക്ക്‌ കൈവിട്ടുപോയി. നിയമസഭയിൽ മുതലക്കണ്ണീരൊഴുക്കി രക്ഷപ്പെടാനായി പിന്നത്തെ ശ്രമം. കേസ് എൻ.ഐ.എ. ഏറ്റെടുക്കുന്നതുവരെ മിണ്ടാതിരുന്നിട്ട് അവർ വന്നുകഴിഞ്ഞപ്പോൾ മടക്കിവിളിക്കാൻ അമിത്ഷായോട് അഭ്യർഥിച്ചു. നേരിട്ടുപറയാൻ വയ്യാത്തതുകൊണ്ട് പ്രമേയത്തിലൂടെ പറഞ്ഞെന്നുവരുത്തി. അമിത് ഷാ വിളികേട്ടോ? ഇതുവരെ ലക്ഷണങ്ങളൊന്നുമില്ല. ആരും അക്കാര്യം ചോദിക്കുന്നുമില്ല. കേൾക്കാനാണോ വിളിച്ചതെന്നും അറിയില്ല.

വെടിയുണ്ടകൾ കാണാതെപോയതൊക്കെ ഇരിക്കട്ടെ. എൻ.ഐ.എ. യുടെ സ്ഥാപകനേതാക്കളിലൊരാളായ ലോക്‌നാഥ് ബെഹ്‌റ കേരളപ്പോലീസിന് നേതൃത്വം നൽകുന്ന ഇക്കാലമാണ് സഖാക്കൾക്ക് ഇതരസഖാക്കളുടെ മാവോബന്ധം മണത്തറിയാനുള്ള വിദഗ്ധപരിശീലനം ലഭ്യമാക്കാനുള്ള സുവർണാവസരം. എത്രയും വേഗം പരിശീലനം തുടങ്ങാൻ ഏർപ്പാടുണ്ടാക്കുക. അല്ലെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് വീണ്ടും പ്രാർഥിക്കുക. പാർട്ടിയിലെ യുവാക്കൾ രാത്രിയിൽ ഒളിച്ചും പാത്തും വിപ്ലവ കൊച്ചുപുസ്തകങ്ങൾ വായിക്കുന്നില്ലെന്നും അവർ പകൽ മാർക്സും രാത്രിയിൽ മാവോയുമായി പകർന്നാടുന്നില്ലെന്നും ഉറപ്പുവരുത്താൻ ഞങ്ങൾക്ക് കഴിയുന്നില്ല. അതിനാൽ കേന്ദ്ര ആഭ്യന്തര  മന്ത്രാലയത്തിന്റെ ഒരു കണ്ണ്, അഥവാ അമിത് ഷായുടെ രണ്ടു കണ്ണുകൾ സദാ ഞങ്ങളുടെ മേൽ ഉണ്ടാകാൻ കനിയേണമേ...

***********

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്രയും അരസികനാകരുത്. പ്രദേശ് കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിയുടെ യോഗം ഇനി ഹൈക്കമാൻഡ് പറഞ്ഞാലേ ചേരൂവെന്ന കടുത്ത നിലപാട് എടുത്തിരിക്കുകയാണ് അദ്ദേഹം. കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് നിർവാഹകസമിതിയാണ്. അതു കൂടണമെങ്കിൽ സ്റ്റേഡിയം വേണ്ടിവരും. ദേശീയവും അന്തർദേശീയവുമായ കായികമത്സരങ്ങൾ കേരളത്തിലെത്തിയതിനാൽ സ്റ്റേഡിയങ്ങൾ കിട്ടാതെവന്നതുകൊണ്ടാണ് രാഷ്ട്രീയകാര്യസമിതി എന്ന ചുരുക്കപ്പട്ടികയ്ക്ക് രൂപം നൽകിയത്. അതാകുമ്പോൾ ചെറിയൊരു കല്യാണമണ്ഡപത്തിൽ ചേരാം. അതുകൂടി വേണ്ടെന്നുവെക്കുമെന്നാണ് മുല്ലപ്പള്ളിയുടെ ഭീഷണി. പ്രകോപനം മറ്റൊന്നുമല്ല. രാഷ്ട്രീയകാര്യസമിതിയുടെ കഴിഞ്ഞയോഗത്തിൽ നടന്ന മുക്കലും മൂളലുംവരെ മാധ്യമങ്ങളിൽ വന്നത്രേ. പ്രസിഡന്റ്ജി കെ.പി.സി.സി.യെ തുലയ്ക്കാൻ നോക്കുകയാണോയെന്ന് വി.ഡി. സതീശൻ വിനയപുരസ്സരം നടത്തിയ കുശലാന്വേഷണം വെണ്ടയ്ക്കാതലക്കെട്ടിലാണ് പത്രങ്ങളിൽ വന്നത്. മുല്ലപ്പള്ളിയുടെ പരാതി കേട്ടാൽ ഇതാദ്യമായാണ് കോൺഗ്രസ് യോഗത്തിലെ രഹസ്യങ്ങൾ പരസ്യമാകുന്നതെന്ന് തോന്നും. അദ്ദേഹം പെട്ടെന്നെല്ലാം മറന്നുപോയിരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും  പലകാര്യങ്ങളിലും രണ്ടഭിപ്രായമുള്ളത് ദോഷംചെയ്യുമെന്ന് ഒരുകൂട്ടർ വിമർശിച്ചത്രേ.  എന്നെങ്കിലും യോജിച്ചൊരുശബ്ദം ആ പാർട്ടിയിൽനിന്നുണ്ടായാൽ അത് ലോകാവസാനത്തിനുള്ള ദുശ്ശകുനമായി കരുതണമെന്ന് അറിയാത്ത കൂട്ടരല്ല അവർ.

വന്നുംപോയുമിരിക്കുന്ന പല വൈറസുകൾക്കും പ്രകൃതിക്ഷോഭങ്ങൾക്കുമിടയിൽ മലയാളികൾക്ക്  ഇത്തിരി നേരമ്പോക്കുണ്ടായിരുന്നത് കോൺഗ്രസുകാർ വല്ലപ്പോഴും രാഷ്ട്രീയകാര്യസമിതി കൂടുമ്പോഴായിരുന്നു. ഭാരവാഹികൾ അഞ്ഞൂറുമതിയോ അതോ അഞ്ഞൂറ്റി ഒന്നിൽ നിർത്തണോ,  യോജിച്ച് ഒന്നായി സമരം ചെയ്യണോ, അതോ ഒന്നായിനിന്ന് രണ്ടായി പൊരുതണോ എന്നൊക്കെയുള്ള കാര്യങ്ങളെച്ചൊല്ലി അവർ നടത്തിയിരുന്ന സർഗസംവാദങ്ങൾ നിലയ്ക്കുന്നതോടെ കേരളത്തിലെ ബൗദ്ധിക നഭോമണ്ഡലം ശൂന്യമാകും. തെങ്ങേ ചതിച്ചു.  മുല്ലപ്പള്ളിയെങ്കിലും ചതിക്കില്ലെന്ന് വിശ്വസിക്കുന്നു.

**********

കേരള കോൺഗ്രസ് ജേക്കബും പിളർന്നു. കേരളത്തിലെ കേരള കോൺഗ്രസുകളുടെ എണ്ണം എത്രയായി? കെ.എ.എസ്. പരീക്ഷയ്ക്ക് തീർച്ചയായും ചോദിക്കാവുന്ന അത്യുഗ്രൻ ചോദ്യം. ഇതിലും കടുകട്ടിയായ കേരള ബെയ്‌സ്ഡ് ചോദ്യം വേറെ കിട്ടില്ല. ശരിയുത്തരം ആർക്കും എഴുതാനുമാവില്ല. ജേക്കബ് ഗ്രൂപ്പ് പിളർന്ന് പാർട്ടി ചെയർമാൻ ജോണിനെല്ലൂർ ജോസഫ് ഗ്രൂപ്പിൽ ചേർന്നതിന് വേറെ കാരണമൊന്നും കാണുന്നില്ല. ജോസ് കെ. മാണിയും ജോസഫും ചേർന്ന് കുളംകലക്കുന്നിടത്ത് നിൽക്കുന്നതാണ് മീൻപിടിക്കാൻ എളുപ്പം. അത്രതന്നെ. ജേക്കബിലെ പിളർപ്പ് ഇതോടെ തീരുമെന്നത് ഒട്ടും ആഹ്ലാദംനൽകുന്ന വർത്തമാനമല്ല. ഇനിയും ആ ഗ്രൂപ്പ് പിളരണമെങ്കിൽ അനൂപ് ജേക്കബ് സ്വയം പിളർന്ന് മാറേണ്ടിവരും. നേതാക്കളുടെ എണ്ണത്തിനുതുല്യം കേരള കോൺഗ്രസുകൾ അനുദിനം ഉണ്ടാകുന്ന സ്ഥിതിക്ക്‌ 2021-ഓടെ ഒരാൾക്കൊരു കേരളകോൺഗ്രസ് എന്ന പ്രഖ്യാപിതലക്ഷ്യം നിറവേറപ്പെടുമെന്ന് തീർച്ച.