ജനതയിൽ സർക്കാരിന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കിഴക്കൻ ജർമനിയിലെ കമ്യൂണിസ്റ്റ് ഭരണകൂടം പറഞ്ഞപ്പോൾ അതിൽ പ്രതിഷേധിച്ച് ജർമൻ കവി ബ്രെഷ്റ്റ് പരിഹാസത്തോടെ നിർദേശിച്ചൊരു പരിഹാരമുണ്ട്. എന്നാൽപ്പിന്നെ ജനതയെ പിരിച്ചുവിട്ട് വേറൊന്നിനെ തിരഞ്ഞെടുക്കുക. സി.എ.എ., എൻ.പി.ആർ., എൻ.ആർ.സി. എന്നിങ്ങനെ നമ്മുടെ രാജ്യവും ഈ പരിഹാരമാർഗത്തിലേക്ക്‌ വെച്ചടിവെച്ചടി കയറുകയാണ്. ഇതൊക്കെ ഗാന്ധിജി പറഞ്ഞതാണെന്ന് ജനങ്ങളുടെ ചെലവിൽ വെറുതേ പാടിനടക്കാനും നിയമത്തിന് കൈപൊക്കാനുമൊക്കെ അവസരം കിട്ടിയവർ എത്ര ഭാഗ്യവാന്മാർ!  

ഇങ്ങ് കൊച്ചുകേരളത്തിൽ ആ സുവർണാവസരം കൈവന്ന രണ്ട് മഹാന്മാരുണ്ട്. ഒന്നാമൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ടാമൻ നമ്മുടെ ഏക ബി.ജെ.പി. എം. എൽ.എ. രാജേട്ടനെന്ന ഒ. രാജഗോപാൽ. ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് കൈപൊക്കാൻ സുകൃതംചെയ്ത  ചില കൈകൾക്കുമാത്രമേ സാധിച്ചിരുന്നുള്ളൂ. അതിന് പരോക്ഷമായെങ്കിലും അവസരം കിട്ടിയ ഭാരതത്തിലെ ഏക എം.എൽ.എ. രാജേട്ടനാണ്. കേന്ദ്രനിയമത്തിനെതിരേ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയത്തെ എതിർത്ത് രാജേട്ടൻ കൈപൊക്കിയിരുന്നെങ്കിൽ ആ കൈ ഉയരുന്നത് അങ്ങ് പാർലമെന്റിൽ മോദിക്കും ഷായ്ക്കും വേണ്ടിയാകുമായിരുന്നു. രാജേട്ടൻ ആ സുവർണാവസരം കളഞ്ഞുകുളിച്ചു.

പ്രമേയം വരുമ്പോൾ നിയമസഭയിൽ രാജേട്ടൻ ഉറഞ്ഞുതുള്ളുമെന്നും പ്രമേയം വലിച്ചുകീറി ഭരണ-പ്രതിപക്ഷ ഒത്തുകളിക്കാരുടെ മുഖത്തേക്ക്‌ വലിച്ചെറിയുമെന്നുമൊക്കെ ധരിച്ചവരുണ്ട്. പ്രമേയത്തെ സഭയുടെ പടികയറ്റാതെ കവാടത്തിൽ രാജേട്ടന്റെ ഏകാംഗ സത്യാഗ്രഹം പ്രതീക്ഷിച്ചവരുമുണ്ട്. പ്രസംഗിക്കാൻ കിട്ടിയ ഒരു മിനിറ്റ്‌ ഒന്നരയാക്കി അദ്ദേഹം സഭയിൽ ആഞ്ഞടിച്ചു. അടുത്ത ഊഴം വോട്ടെടുപ്പ്. രാജേട്ടൻ പ്രമേയത്തെ എതിർത്ത് കൈപൊക്കണം. പക്ഷേ, കസേരയിൽ അമർന്നിരുന്നതല്ലാതെ അദ്ദേഹം കൈപൊക്കിയില്ല. അങ്ങനെ മരുന്നിനുണ്ടായിരുന്ന ബി.ജെ.പി.ക്കാരനെയും ചേർത്ത് സഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയെടുത്തു. പിണറായിയുടെ സെൻസെക്‌സ് കുത്തനെ ഉയർന്നു.

എന്തായിരിക്കും രാജേട്ടന് സംഭവിച്ചിരിക്കുക? പിണറായിയെ അദ്ദേഹം സ്‌നേഹിക്കുന്നതായി ഇതുവരെ തെളിവൊന്നുമില്ല. പക്ഷേ, ആ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ കൂടോത്രം അദ്ദേഹത്തെ ഇനിയും വിട്ടുപോയിട്ടില്ലെന്നുവേണം കരുതാൻ. സ്പീക്കർ തിരഞ്ഞെടുപ്പിൽ രാജേട്ടൻ വോട്ടുചെയ്തത് ശ്രീരാമകൃഷ്ണന്. ആ പേരിൽ സാക്ഷാൽ ശ്രീരാമനും കൃഷ്ണനും കുടികൊള്ളുന്നുവെന്ന ആ പാവത്തിന്റെ വിചാരം ഇനിയും മാറിയിട്ടില്ല. ഇപ്പോഴും സ്പീക്കറുടെ മുഖത്തേക്കുനോക്കുമ്പോൾ രാജേട്ടനിലേക്ക്‌ ഒരു ചൈതന്യപ്രഭാപൂരം ഇരച്ചുകേറും. ഏതോ ഒരു പൗരാണിക അന്തർധാര മനുഷ്യഭൂപടംപോലെ തങ്ങൾക്കിടയിൽ നീണ്ടുനിവർന്നുകിടക്കുന്നുവെന്ന് തോന്നും. അപ്പോഴേക്കും എന്തൊക്കെയോ പാരവശ്യങ്ങൾ അദ്ദേഹത്തിൽ നിറയും. പിന്നെ, രാജേട്ടന് ശ്രീരാമകൃഷ്ണന്റെ മുന്നിൽ കൈപൊക്കാനല്ല, ചെറുവിരലനക്കാൻപോലും ആവില്ല.

 സുവർണാവസരം കളഞ്ഞുകുളിച്ച രാജേട്ടനെതിരേ പാർട്ടിയിൽ മുറുമുറുപ്പാണ്. മുമ്പൊരു സുവർണാവസരം കളഞ്ഞുകുളിച്ച പി.എസ്. ശ്രീധരൻപിള്ളയെ ശിക്ഷിച്ചപോലെ രാജേട്ടനെയും മിസോറമിലേക്ക് നാടുകടത്തണമെന്ന മുറവിളി ഉയരുന്നുണ്ടത്രേ. നേരിട്ട് ഗവർണറായി വിടണമെന്നും അതല്ല, ബി.ജെ.പി. അധ്യക്ഷസ്ഥാനത്തിരുത്തി പണിപഠിപ്പിച്ചശേഷം വിട്ടാൽ മതിയെന്നും രണ്ടഭിപ്രായമുണ്ടെന്നും കേൾക്കുന്നു. ഗവർണറും അധ്യക്ഷപദവിയും തമ്മിൽ അതാണോ ഇതെന്ന വർണ്യത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ എങ്ങനെയായാലും തരക്കേടില്ല.

***   ***

വാലുകൊടുത്തു കത്തിവാങ്ങി ഡും...ഡും...ഡും/കത്തികൊടുത്തു ദോശവാങ്ങി ഡും...ഡും...ഡും/ ദോശകൊടുത്തു പീപ്പി വാങ്ങി ഡും...ഡും...ഡും/പീപ്പികൊടുത്തു ചെണ്ട വാങ്ങി ഡും...ഡും...ഡും...
മഹാരാഷ്ട്രയിലെ അജിത് പവാറിന്റെ പോക്കുകണ്ടപ്പോൾ പഴയ മുറിവാലൻ കുരങ്ങന്റെ കഥ ഓർത്തുപോയി. ഒരുമാസത്തിനുള്ളിൽ വേണ്ടതെല്ലാം അദ്ദേഹം സ്വന്തമാക്കി. നവംബറിലെ ഒരു സുപ്രഭാതത്തിൽ കിഴക്ക് വെള്ളകീറിയപ്പോൾ അദ്ദേഹം ബി.ജെ.പി.യോടൊപ്പം സർക്കാരിൽ ഉപമുഖ്യമന്ത്രി. അദ്ദേഹത്തിന്റെപേരിൽ ആരോപിച്ചിരുന്ന എഴുപതിനായിരം കോടിയുടെ അഴിമതിക്കേസ് ബി.ജെ.പി. അവരുടെ സ്വന്തം വാഷിങ് മെഷീനിലിട്ട് വെളുപ്പിച്ചുകൊടുത്തു. മൂന്നാംപക്കം രാജി. ദിവസങ്ങൾക്കകം കോൺഗ്രസിനൊപ്പം മഹാ വികാസ് അഘാഡി സർക്കാരിൽ. മന്ത്രിസഭയുടെ ആദ്യവികസനത്തിൽ ഉപമുഖ്യമന്ത്രിപദം കൈക്കലാക്കി. രണ്ടാം വികസനത്തിൽ മോഹിച്ച ധനവകുപ്പും കിട്ടി...ഡും..ഡും...ഡും...
കൊതിച്ചതെല്ലാം അടിച്ചെടുക്കാൻ ശേഷിയുള്ള മുറിവാലന്മാർ നിറഞ്ഞ ജനാധിപത്യവുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലേക്ക്‌ കടക്കുന്ന ഭാരതാംബയ്ക്ക് ഹാപ്പി ന്യൂ ഇയർ.