nakhasikhanthamഭയം നിശാവസ്ത്രമായിരുന്നത് പണ്ട്. ഇന്നത് ഇന്ത്യക്കാരുടെ യൂണിഫോമാണ്. അതണിയാത്തവർ അർബൻ മാവോവാദികളും അണിയുന്നവർ എന്നന്നേക്കും ദേശഭക്തരും. അതാണു കാലം.

ജനസാമാന്യം ഈ യൂണിഫോമിൽ ചടഞ്ഞിരിക്കുമ്പോൾ ബജാജ് മുതലാളി രാഹുൽ ബജാജിന് സഹിക്കുന്നില്ല. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനമാണത്രേ. ഭയത്തിന്റെ കാറ്റ് സർവദിശയിലുംനിന്ന് വീശുന്നുപോലും. ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണുകളായ സഹമുതലാളിമാരും ഇരിക്കുന്ന വേദിയിൽ അദ്ദേഹമിത് വെട്ടിത്തുറന്നുപറഞ്ഞു. അതോടെ രാഹുലെന്ന പേരിന്റെവരെ ഗ്രാഫ്  കുതിച്ചുയർന്നിരിക്കുന്നു. പൂച്ചയ്ക്ക് മണികെട്ടാൻ മറ്റേ രാഹുലിന് കഴിഞ്ഞില്ലെങ്കിലും ഈ രാഹുലിനായല്ലോ എന്നോർത്ത് അർബൻ, റൂറൽ ഭേദമില്ലാതെ ‘മാവോവാദികൾ’ തുള്ളിച്ചാടുന്നു.

മുതലാളിമാർക്കുവേണ്ടി ചോരനീരാക്കി പണിയെടുക്കുന്ന സർക്കാരിനെ ഒരു മുതലാളിതന്നെ മുന്നിൽനിന്ന് കുത്തിയെങ്കിൽ അത് ഈശ്വരനിശ്ചയം എന്നുമാത്രം കരുതിക്കൊള്ളുക. ‘ഭയം ഭയേന ശാന്തി’ എന്നു ജപിച്ചിരിക്കാനുള്ള സദ്ബുദ്ധി ബജാജിനുണ്ടാകട്ടേയെന്ന് ഗുരുക്കന്മാരോട് പ്രാർഥിക്കുക മാത്രമാണ് പോംവഴി.

ബജാജിന്റെ കാലാവസ്ഥാവിശകലനം കേട്ട് അമിത് ഷാ പതിവില്ലാതെ ആത്മവിമർശനത്തിലേക്ക്‌ വഴുതിവീണതിൽ ദുരൂഹതയുണ്ട്. എല്ലാം ശരിയാക്കിയിട്ടും ഇതാണ് ജനത്തിന്റെ ധാരണയെങ്കിൽ കാലാവസ്ഥാവ്യതിയാനം ഉണ്ടായിരിക്കുന്നുവെന്ന് അദ്ദേഹത്തിനും ഒരുനിമിഷം തോന്നിപ്പോയി. അതുവേണ്ടായിരുന്നു. ചാണക്യന്മാരിൽനിന്ന് ബുദ്ധിമോശം ജനം പതിവായി പ്രതീക്ഷിക്കുന്നില്ല. പേടിക്കരുതേ, പേടിക്കരുതേയെന്ന് ഇദ്ദേഹവും പ്രധാനമന്ത്രിയുമൊക്കെ എത്രതവണയാണ് ഇന്നാട്ടുകാർക്ക് മുന്നറിയിപ്പ് കൊടുത്തത്! നോട്ടുനിരോധിച്ച് നാട്ടുകാരുടെ കീശ ഓട്ടയാക്കിയപ്പോൾ, പൗരത്വ രജിസ്റ്ററിൽ കുടുക്കി മനുഷ്യരെ ത്രിശങ്കുവിൽ തൂക്കിനിർത്തിയപ്പോൾ, കശ്മീർ ലോക്കൗട്ട് ചെയ്തപ്പോൾ, അയോധ്യാവിധി വന്നപ്പോൾ... അങ്ങനെ എത്രയെത്ര അവസരങ്ങളിൽ. എന്നിട്ടും അനുസരിക്കാതെ പേടിച്ചിരിക്കുന്ന ദേശദ്രോഹികളെ ഉചിതമായ തരത്തിൽ ശിക്ഷിക്കുകയാണ് വേണ്ടത്. കുറഞ്ഞപക്ഷം ഭയത്തിന് സർവീസ് ചാർജെങ്കിലും ഈടാക്കണം. ജനത്തെ പേടിപ്പിക്കുന്നത് സർക്കാരിന്റെ സേവനമായി നിർവചിക്കുക. അതോടെ പേടിക്കുന്നവരെല്ലാം  സേവനനികുതി തരേണ്ടിവരും. കാലിയായ ഖജാനയിലേക്ക്‌ ആ വഴിക്കും പോരട്ടേ കാലണ. എന്നുമെന്നും തൂക്കിവിൽക്കാൻ ഇനി പൊതുമേഖലാ സ്ഥാപനങ്ങൾ ബാക്കിയില്ലല്ലോ.

*********
രാഹുൽ ബജാജിനെ പ്രകോപിപ്പിച്ചത് ഒരു ഗോഡ്‌സെ വാദിയാണ്. സാധ്വി പ്രജ്ഞാസിങ് ഠാക്കൂർ. മാലേഗാവ് സ്‌ഫോടനക്കേസ് ഫെയിം. പാർലമെന്റിനെ അലങ്കരിക്കാൻ ഭാഗ്യംകിട്ടിയ ആദ്യത്തെ ആതങ്കവാദക്കേസ് പ്രതി. ബി.ജെ.പി.യുടെ അഗ്നികുണ്ഡം. ഗാന്ധിയെക്കൊന്ന ഗോഡ്‌സെയുടെ പ്രധാന മാർക്കറ്റിങ് ഏജന്റ്.

ലാടവൈദ്യൻ ഒറ്റമൂലിയെ വർണിക്കുന്നതുപോലെ അവർ പ്രജ്ഞയില്ലാതെ സദാ ഗോഡ്‌സെയെ വാഴ്‌ത്തിക്കൊണ്ടിരിക്കും. ഭോപാലിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അവർ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിളിച്ചതുകേട്ട് നരേന്ദ്രമോദിയുടെ ചങ്ക് പൊട്ടി. പ്രജ്ഞയ്ക്ക് മാപ്പില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. മാപ്പുകൊടുത്തില്ലെന്നു മാത്രമല്ല, അവരെ പ്രതിരോധകാര്യ പാർലമെന്ററി സമിതിയിൽ അംഗമാക്കി ദ്രോഹിക്കുകയും ചെയ്തു അദ്ദേഹം. ഭീകരപ്രവർത്തനക്കേസിൽ കോടതികയറിയവരെ അത്തരം പ്രവൃത്തികളുടെ പ്രതിരോധം പരിശോധിക്കുന്ന സമിതിയിൽ കുത്തിക്കയറ്റുന്നതിനപ്പുറം ശിക്ഷ വേറെയുണ്ടോ ? കായംകുളം കൊച്ചുണ്ണിയെ കോടതിയാക്കുന്നപോലെ.

ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിൽ ഗാന്ധിവിരോധത്തിൽ സംഘപരിവാർ വമ്പൻ ഇളവ് പ്രഖ്യാപിച്ചത് പ്രജ്ഞയ്ക്ക് സഹിച്ചില്ല. വിപണിയുടെ മിടിപ്പറിയാതെ ഗോഡ്‌സെ മാർക്കറ്റിങ്ങുമായി അവർ വീണ്ടുമിറങ്ങിയത് സംരംഭകർക്ക് സഹിക്കാനുമായില്ല. അത് സ്വാഭാവികം. പാർലമെന്റിൽ ഗോഡ്‌സെയെ ദേശഭക്തനാക്കി ചിത്രീകരിച്ച് ഇത്തവണ മുറത്തിൽവെച്ചുതന്നെ പ്രജ്ഞ ഗാന്ധിയെക്കൊത്തി.  പിന്നാലെ ബി.ജെ.പി. അവരെ തള്ളിപ്പറഞ്ഞു. അതിനും പിന്നാലെ അവരുടെ മാപ്പുപറച്ചിലും. ഈവർഷം ഇത് രണ്ടാംവട്ടമാണ് ഗോഡ്‌സെയ്ക്കുവേണ്ടി പ്രജ്ഞ രാജ്യത്തോട് മാപ്പുചോദിക്കുന്നത്. എന്നാലോ, ഗോഡ്‌സെ ദേശഭക്തനാണെന്നുപറഞ്ഞത് ഒരിക്കലും പിൻവലിച്ചിട്ടുമില്ല. ശിക്ഷയായി അവരുടെ സമിതി അംഗത്വം പാർട്ടി റദ്ദാക്കിയത്  സഹിക്കാം. ഈ ചെറിയ സമ്മേളനകാലത്ത് പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാനാവില്ലെന്ന വലിയശിക്ഷ വേറെയുമുണ്ട്. അയ്യയ്യേ, ഇതെന്തൊരു ശിക്ഷയെന്നാണ് അമിത് ഷായോട് രാഹുൽ ബജാജ് ചോദിക്കുന്നത്.  

ബജാജ് മുതലാളി വെറുതേ ധൃതികൂട്ടരുത്. ഗാന്ധിജിക്ക്‌ ഒരു സുവർണാവസരം വീണുകിട്ടിയിരിക്കുകയാണ്. ചരിത്രം അതിന്റെ ദുഃസ്വപ്‌നങ്ങളിൽപ്പോലും പ്രതീക്ഷിച്ചതല്ലയിത്. അരിവാങ്ങാൻ ഗാന്ധി ക്യൂവിൽ നിൽക്കുമ്പോൾ ഗോഡ്‌സെ കാറിൽ വന്നിറങ്ങുമെന്ന കവിഭാവന ഇനി യാഥാർഥ്യമാകുമെന്ന് തോന്നുന്നില്ല. പ്രജ്ഞ ബി.ജെ.പി.യിൽ ഉള്ളിടത്തോളംകാലം ഗോഡ്‌സെ രഹസ്യമായി പറന്നിറങ്ങാനാണ് സാധ്യത.