നഖശിഖാന്തം

ആളും നേരവും നോക്കാതെ പെഡഗോഗിക്കൽ വർത്തമാനം പറയുമെന്നല്ലാതെ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന് വേറെ ദൂഷ്യങ്ങളൊന്നും ഉള്ളതായി കേട്ടിട്ടില്ല. അദ്ദേഹം ഭരിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസവകുപ്പിനെ രണ്ടു കഷണമാക്കി അതിൽ ഉന്നതവിദ്യാഭ്യാസമെന്ന മുന്തിയ പങ്ക്  മറ്റൊരു പ്രൊഫസറായ കെ.ടി. ജലീലെന്ന കറകളയാത്ത മുൻ യു.ഡി.എഫുകാരനെ ഏൽപ്പിക്കാൻ തോന്നിയത് വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നതിന് തെളിവായി ഇപ്പോൾ ചില എൽ.ഡി.എഫുകാർക്ക് തോന്നുന്നുണ്ടാവാം.

സഖാക്കളൊന്നും നിരാശപ്പെടരുത്. അദാലത്തുനടത്തി തോറ്റവരെ ജയിപ്പിച്ചതിന് ബൂർഷ്വാ മാധ്യമങ്ങൾ ആ മന്ത്രിയെ മാർക്കുദാനക്കാരായി ചിത്രീകരിക്കുന്നതിൽ കുണ്ഠിതവും വേണ്ട. മന്ത്രിമാരാവുന്ന ചിലർ ചെയ്യുന്നതുപോലെ അദ്ദേഹം ഒന്നും കൊള്ളയടിച്ചിട്ടില്ല. ദാനമാണ് ചെയ്തത്. അത് ഏറ്റവും പുണ്യദാനം. ഗോദാനം പുണ്യദാനം എന്ന മുദ്രാവാക്യം ഉണ്ടായത് അന്ന് മാർക്കിനെപ്പറ്റി ആരും

കേട്ടിട്ടില്ലാത്തതുകൊണ്ടുമാത്രമാണ്. സർവകലാശാലാ വിദ്യാഭ്യാസത്തിന് ഇതുവരെയില്ലാതിരുന്ന മാനുഷിക മുഖം സമ്മാനിച്ച ജലീൽ ആരുടെയും പിന്തുണയില്ലാതെതന്നെ ചരിത്രത്തിൽ വെട്ടിത്തിളങ്ങും.

മാർക്ക് അവശ്യസർവീസ് ആയിട്ടുപോലും നമ്മുടെ സർവകലാശാലകൾ എത്ര അന്യായമാണ് കാട്ടിക്കൊണ്ടിരുന്നത്. സുപ്രീംകോടതി വധശിക്ഷയ്ക്ക് വിധിച്ചാൽപ്പോലും രാഷ്ട്രപതിക്ക് ദയാഹർജി കൊടുക്കാൻ വകുപ്പുണ്ട്. അദ്ദേഹത്തിന് വേണമെങ്കിൽ ആ പുള്ളിക്ക് ജീവിതം തിരിച്ചുകൊടുക്കാം. കൊടുക്കാതിരിക്കാം. എന്നാൽ, സർവകലാശാലകളിലോ, രണ്ടുതവണ മൂല്യനിർണയം നടത്തിയിട്ടും ജയിച്ചില്ലെങ്കിൽ വിധിയെന്നുകരുതി സമാധാനിക്കണം. മോഡറേഷൻ വേണമെങ്കിൽ ഫലപ്രഖ്യാപനത്തിന് മുമ്പ് തീരുമാനിക്കണംപോലും. ഫലം വന്നാലോ, പിന്നൊന്നും ചെയ്യാനാവില്ല. ആ അനീതിക്കാണ് ഉന്നതവിദ്യാഭ്യാസമന്ത്രി അറിഞ്ഞോ അറിയാതെയോ തിരശ്ശീലയിട്ടത്.

ഈ നിശ്ശബ്ദ വിപ്ലവത്തിന്റെ നന്മതിന്മകളെപ്പറ്റി ചർച്ചാമാഫിയ ചർച്ചിക്കട്ടെ. ഗൗനിക്കേണ്ടതില്ല. ഇത്രകാലവും മാർക്കുദാനം ചെയ്യാഞ്ഞിട്ടോ, ചെയ്തിട്ടോ അല്ല കേരളത്തിലെ സർവകലാശാലകൾ പാതാളറാങ്കിൽ കിടക്കുന്നത്. ആയതിനാൽ വന്നുകഴിഞ്ഞ വിപ്ലവത്തെ അടുത്ത ഘട്ടത്തിലേക്ക്‌ നയിക്കുകയാണ് വേണ്ടത്.  സർവകലാശാലകൾ സ്വയം കൊഴിഞ്ഞുപോകണമെന്ന നിരക്ഷരവാദമൊന്നും ഉന്നയിക്കുന്നില്ല.  ചികിത്സാസഹായംപോലെ, തോറ്റവർക്ക് ജയിക്കാനുള്ള മാർക്ക് മന്ത്രിതന്നെ അനുവദിക്കുന്ന തികഞ്ഞ ജനാധിപത്യം വരണം. ധനമന്ത്രിക്ക് പണവും മരാമത്തുമന്ത്രിക്ക് പാലവും അനുവദിക്കാമെങ്കിൽ വിദ്യാഭ്യാസമന്ത്രിക്ക്‌ മാർക്ക് അനുവദിക്കാൻ അവകാശമില്ലേയെന്ന് ഉറക്കെ ചോദിക്കണം. അതങ്ങ് നിയമവിധേയമാക്കിയാൽ മഹത്തായ ആ ദാനത്തെ ന്യായീകരിക്കാൻ വിദ്യാഭ്യാസമന്ത്രിമാർക്ക് ദയ, നന്മ എന്നിവപോലുള്ള പ്രാകൃത വികാരങ്ങളെ കൂട്ടുപിടിക്കേണ്ടിവരില്ല.

അദാലത്തുവെച്ചാൽ ആരെയൊക്കെ ജയിപ്പിച്ചെന്ന് ജനമറിയും. എല്ലാർക്കും തുല്യ അവസരംകിട്ടാൻവേണ്ട സോഷ്യലിസമൊന്നും ഇവിടെ നടമാടുന്നില്ല. പകരം സമ്പർക്കപരിപാടി മതി. പരീക്ഷയിൽ തോറ്റാൽ ഒരു നിവേദനവുമായി നേരെ സെക്രട്ടേറിയറ്റിന്റെ പടികൾ കയറുക. കണ്ണീരിൽച്ചാലിച്ച് മന്ത്രിക്ക് നിവേദനം നൽകുക. മാനുഷികപരിഗണനവേണമെന്ന് ബോധ്യപ്പെട്ടാൽ മന്ത്രിയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ തുല്യം ചാർത്തും. ജയിച്ചതായി പിന്നാലെ ഉത്തരവുവരും. ഇല്ലെങ്കിൽ മൃഗീയ പരിഗണനയോടെ നിവേദനം തള്ളും. ഫയലിൽ മാത്രമല്ല, ഉത്തരക്കടലാസിലുമുള്ളത് ജീവിതങ്ങളാണ് എന്ന ചിന്തയാണ് ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടത്തെ എപ്പോഴും നയിക്കേണ്ടത്.

***    ****

ബുദ്ധി, പ്രതിഭ തുടങ്ങിയ സിദ്ധികളെപ്പറ്റി ആലോചിക്കുമ്പോൾ സാധാരണ മനുഷ്യർക്ക് ഓർമവരുന്നത് തലച്ചോർ എന്ന അവയവത്തെപ്പറ്റിയാണ്. എന്നാൽ, കേരളത്തിലെ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റ് കെ. സുധാകരന് അങ്ങനെയല്ല. അദ്ദേഹം തലച്ചോറിനെപ്പറ്റി കേട്ടിട്ടേയില്ലെന്ന് തോന്നുന്നു. തലയോട്ടിയാണ് നമ്മെ നയിക്കുന്നതെന്ന് സുധാകരൻ കരുതുന്നു. അതുകൊണ്ടാണ് വി.എസിന്റെ വറ്റിവരണ്ട തലയോട്ടിയിൽനിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരുന്നതെന്ന് സുധാകരൻ ചോദിച്ചത്.
രണ്ടുതരം രാഷ്ട്രീയപ്രവർത്തനമാണ് കേരളത്തിലുള്ളത്. ഒന്ന് തലയോട്ടി പിളർക്കുന്നത്. രണ്ടാമത്തേത് തലച്ചോറിൽനിന്ന് വരുന്നത്. ഉപവാസത്തിലൊക്കെ ഗാന്ധി​െത്താപ്പിയണിയുന്ന സുധാകരന് ആദ്യം പറഞ്ഞതിനോട് തീരെ താത്പര്യമില്ല. രണ്ടാമത്തേതിനോടും അങ്ങനെതന്നെ.