അടുത്തകാലം വരെ കേരളത്തിലൊരു നാടോടിക്കഥ  പ്രചാരത്തിലുണ്ടായിരുന്നു. ലാവലിൻ കരാറിനെ എതിർത്ത ഏതോ ഒരുദ്യോഗസ്ഥന്റെ തല പരിശോധിക്കാൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ ഉത്തരവിട്ടിരുന്നത്രേ. ത്രിപുരയിൽ സി.പി.എം. തോറ്റ ഈ സന്ദർഭത്തിൽ ഇജ്ജാതി മറ്റൊരു കഥ പടച്ചിറക്കാൻ സ്കോപ്പുണ്ട് -യെച്ചൂരിയുടെ നാവ് പരിശോധിക്കാൻ പിണറായി തുനിഞ്ഞെന്ന്.

നാസ്തികനാണെങ്കിലും മേൽത്തരം കരിനാക്കുള്ള കക്ഷിയാണ് യെച്ചൂരിയെന്നതിന് സാഹചര്യത്തെളിവുകൾ പലതുണ്ട്. സി.പി.എമ്മിനെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള (മാർക്സിസ്റ്റ്) എന്ന് അദ്ദേഹം വിപുലീകരിച്ചിട്ട്  ദിവസങ്ങളേ ആയുള്ളൂ. അതങ്ങ് അറംപറ്റി. ബംഗാൾ, ത്രിപുര കോട്ടകൾ പൊളിഞ്ഞു. ഇനി അയ്യഞ്ച്‌ വർഷം കൂടുമ്പോൾ പാട്ടത്തിനുകിട്ടിക്കൊണ്ടിരിക്കുന്ന കേരളക്കോട്ട മാത്രം. അടുത്തഘട്ടത്തിൽ ഈ പാർട്ടി ‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള കോൺഗ്രസ്’ എന്നാവാനും മതി. പണ്ട് അച്യുതാനന്ദനെ കേരള കാസ്‌ട്രോ എന്നു വിളിച്ചതാണ് ഈ യെച്ചൂരി. അതോടെ വി.എസ്. ഏതാണ്ട് വിരമിച്ചപോലായി. 

സ്വന്തം ലൈനിന് സ്വീകാര്യത കൂട്ടാനാണെങ്കിൽകൂടിയും യെച്ചൂരി ഇത്തവണ ചെയ്തത് കടുംകൈയാണ്. മൂക്കുമുറിച്ച് ശകുനം മുടക്കുന്ന പരിപാടി. ഫാസിസത്തെ നേരിടാൻ ഇനി ഇദ്ദേഹത്തിന്റെ നാവുമാത്രം മതി. മുഖ്യശത്രുക്കളായ ബി.ജെ.പി. നേതാക്കളെ നോക്കി നാല് ശാപവാക്കുകൾ ചൊരിയൂ. ഉദിച്ചുപൊന്താനാവാതെ മോദിയുടെ കാവിസൂര്യൻ കടലിൽ മുങ്ങിമരിക്കും. ഇദ്ദേഹം കണ്ണൂരിലേക്ക്‌ നോക്കി നാവുവളയ്ക്കാതിരിക്കാൻ കേരളഘടകത്തിന് പ്രത്യേക ജാഗ്രത വേണമെന്നുമാത്രം. അല്ലെങ്കിൽ ആ ദിക്കിൽ നിന്നുള്ള ചില നേതാക്കളുടെ തലകൾ എട്ടായി പൊട്ടിത്തെറിക്കും. 

 സാദാ താമര ചേറിലാണ് വിരിയാറ്. ശൂന്യതയിൽ വിരിയുന്ന ബി.ടി.താമരയാണ് വടക്കുകിഴക്കൻ മേഖലയിൽ  അമിത് ഷാ വിരിയച്ചത്. രണ്ടുവർഷമെടുത്ത് ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കിയാണ് അതിയാൻ ഇത് അഗർത്തലയിൽ എത്തിച്ചത്.  തുരപ്പിന്റെ ഒച്ചകേട്ടെങ്കിലും യെച്ചൂരിക്കും കാരാട്ടിനും ഒന്നും ചെയ്യാനൊത്തില്ല. പാവം പിള്ളേർ! ഫാസിസത്തിന്റെ പല്ലെണ്ണിക്കളിക്കുകയായിരുന്നു. രാഹുൽഗാന്ധിയാകട്ടെ, അമ്മൂമ്മയുടെ പിറന്നാളിനുള്ള ഉത്സാഹക്കമ്മിറ്റിയിലായിപ്പോ യി. പതിവുപോലെ അദ്ദേഹം ഇറ്റലിയിലേക്ക് വിട്ടു. തോറ്റോടി എന്ന് പറയാനാവില്ല. തോൽക്കുന്നതിനുമുമ്പേ ഓടുകയാണ് രാഹുലിന്റെ ശീലം. 

 nakhashikhanthamഅങ്ങനെയാണ് സഖാക്കളേ, ബി.ജെ.പിയുടെ തോൽവിയുടെ ആദ്യമണിനാദം ത്രിപുരയിൽ നിന്ന് കേൾക്കാൻ കൊതിച്ച നിങ്ങൾക്ക് അവിടത്തെ ജനം ബി.ജെ.പിക്ക് കൂട്ടമായി മണിയടിക്കുന്ന ഒച്ചകേൾക്കേണ്ടിവന്നത്. മാണിക് സർക്കാരിനെ നിലംപരിശാക്കിയ ഈ മണിയൊച്ചകേൾക്കുമ്പോൾ കേരളത്തിലെ ചില നവജാത സഖാക്കളുടെ നിഷ്കളങ്കമുഖങ്ങളാണ് മനസ്സിൽ. പാർട്ടിപ്പരിപാടി അറിയാത്തതിന് ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുടെ പരിഹാസ ശരങ്ങളേറ്റ ഓമന മുഖങ്ങൾ. ഒരുമാതിരി ശരങ്ങളൊന്നുമേറ്റാൽ പിടയുന്ന ദുർബലരല്ല അവരെന്നറിയാം. എന്നാലും ആ മഹത്തായ പരിപാടി അറിയാത്തതിന്റെ കുറവ് വേണ്ടെന്നുവെച്ച് അവരെങ്ങാനും അത് പഠിക്കാൻ തുടങ്ങിയിട്ടുണ്ടാവുമോ? ഉണ്ടെങ്കിൽ പ്ലീസ്, അതങ്ങ് താഴെവെക്ക്‌.
 സങ്കടമുണ്ടെങ്കിലും പറയട്ടെ, ഈ കോഴ്‌സിന്റെ തൊഴിൽ സാധ്യത കുറഞ്ഞുകൊണ്ടിരിക്കുന്നു. പകരം ഇന്നത്തെ പരിപാടി വായിച്ച് ആസ്വദിപ്പിൻ.

നിങ്ങൾക്കുപോലും തിരിഞ്ഞിട്ടില്ലാത്ത നിങ്ങളുടെ  പാർട്ടിപ്പരിപാടിയിലൊന്നും ജനത്തിന് വലിയ താത്പര്യമില്ല. അവർക്ക് അന്നന്നത്തെ പരിപാടിമതി. കാൽനൂറ്റാണ്ട് വിപ്ലവപ്പായസമുണ്ടാലും നിങ്ങളെത്തള്ളി അവർ പണത്തിനും പത്രാസിനും പിന്നാലെപോവുന്നതിന് വേറെന്തുന്യായം?  

എല്ലാം ശരിയായില്ലെങ്കിലെന്ത്, എല്ലാരും ശരിയാവുന്നതാണ്  സി.പി.എമ്മിൽ കണ്ടുകൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും ദീർഘദർശി പിണറായി തന്നെ. ബംഗാളിൽ കൊഴിഞ്ഞ തന്റെ പാർട്ടി വൈകാതെ ത്രിപുരയിലും കൊഴിയുമെന്ന് ആദ്യം മനസ്സിലാക്കിയത് അദ്ദേഹമാണ്. ഇനിയുള്ളത് കേരളം. കക്ഷത്തുള്ളത് കളയാതെ നോക്കുകയാണ് ബുദ്ധിമാൻമാരുടെ ലക്ഷണം. അപ്പോൾ കോൺഗ്രസുമായി സ്വയം ഏച്ചുകെട്ടാൻ നിൽക്കാതെ മാണിയെക്കൊണ്ടുവന്ന് തൊഴുത്തിൽക്കെട്ടണം. മാണിക്‌ പോകട്ടെ. മാണി വരട്ടെ. സർക്കാർ നീണാൾ വാഴട്ടെ.  

********

ഈ പൊല്ലാക്കാലത്ത് നേപ്പാളിലേക്ക്‌ നോക്കിയാൽ സഖാക്കൾക്ക് ഒരു നേരമ്പോക്ക് കിടയ്ക്കുമെന്ന് പ്രകാശ് കാരാട്ട് പറയുന്നു. ‘നേപ്പാളിലേത് ശ്രദ്ധേയ പരീക്ഷണം’ എന്ന പേരിൽ അദ്ദേഹം പാർട്ടിപത്രത്തിലെഴുതിയ ലേഖനം സാന്ത്വന സാഹിത്യത്തിന്റെ ഉത്തരാധുനിക മാതൃകയാണ്. സി.പി.എമ്മും സി.പി.ഐയും കടിപിടികൂടുന്ന ഇക്കാലത്ത് നേപ്പാളിൽ കമ്യൂണിസ്റ്റുകളും കളരിയഭ്യാസികളായ മാവോവാദികളും കൂടി ലയിച്ചിരിക്കുന്നു. അവർ ഒരുമിച്ച് മത്സരിച്ചു. ജയിച്ചു. മത്സരിച്ചപ്പോൾത്തന്നെ ലയിക്കുമെന്ന് പ്രഖ്യാപിച്ചു. ലയനക്കരാറും ഒപ്പുവെച്ചു. ഏച്ചുകൂട്ടാതെ ലയിച്ചുകൂട്ടിയപ്പോൾ കിട്ടിയ  പുതിയ പാർട്ടിക്ക് പേര് ‘നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി.’ പരിപാടി ഇവിടത്തേതുതന്നെ-മാർക്സിസം ലെനിനിസം. ഏതുനിമിഷവും മുണ്ടൂരി ദൂരെയെറിഞ്ഞ് കാക്കികാട്ടി  പഥസഞ്ചലനം നടത്താൻ പ്രാപ്തിയുള്ള കോൺഗ്രസകാരുടെ പിന്നാലെ നടക്കാതെ കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മനപ്പായസമുണ്ണാനാണോ കാരാട്ടിന്റെ ആഹ്വാനമെന്നറിയില്ല. സ്വപ്നത്തെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ എത്രകണ്ടാലും നികുതി കൊടുക്കേണ്ടതില്ല.

 ജനകീയ ജനാധിപത്യ വിപ്ലവം വേണോ ദേശീയ ജനാധിപത്യ വിപ്ലവം വേണോ എന്ന താത്ത്വിക തർക്കമൊക്കെ എന്നേ പോയി. രാഹുൽ കോൺഗ്രസ് വേണോ മാണി കോൺഗ്രസ് വേണോ എന്ന സിംഗിൾ പോയന്റിലാണ്  സി.പി.എമ്മും സി.പി.ഐയും ഇപ്പോൾ ഏറ്റുമുട്ടുന്നത്.  ഇതിന്റെ പേരിൽ കടികിട്ടുന്നത് ഇരുവശത്തുമുള്ള മന്ത്രിമാർക്കും. 

നല്ലവരായ അപൂർവം ചില മന്ത്രിമാർ ഈ സർക്കാരിലുണ്ടെന്ന് നാട്ടുകാർക്കൊരു തോന്നലുണ്ടായിരുന്നു. രണ്ടുപാർട്ടികളുടെയും സംസ്ഥാന സമ്മേളനങ്ങൾ കഴിഞ്ഞപ്പോൾ ഇക്കാര്യത്തിൽ തീരുമാനമായി. മരുന്നിനുപോലുമില്ല മഹാൻമാർ. എല്ലാം പോഴൻമാരെന്ന് പരസ്പരം സാക്ഷ്യപ്പെടുത്തുമ്പോൾ ജനമെന്തിന് മറിച്ചു വിശ്വസിക്കണം? 

അതുകൊണ്ട് സഖാക്കളേ ചെങ്കൊടികൾ ചുരുട്ടിവെച്ച് ഖിന്നരായിരിക്കാതെ ഉണർന്നെണീപ്പിൻ. തോറ്റത് നിങ്ങളല്ല. ത്രിപുരയാണ്. കാലമിനിയും വരും. വിഷുവരും. വർഷം വരും. അപ്പോൾ ആരെന്നുമെന്തെന്നും ആർക്കുമറിയില്ല. നിങ്ങൾക്കുമറിയില്ല. അതിനാൽ നേപ്പാളിലേക്ക്‌ നോക്കുവിൻ. സി.പി.എമ്മിന്റെ നേപ്പാളി അളിയനായ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിക്ക് മാവോവാദികളുമായി ചേരാമെങ്കിൽ ഇവിടെ നെൽക്കതിർ  കൊത്തിത്തിന്നുന്ന സസ്യഭുക്കുകളായ സി.പി.ഐയോട് ലയിക്കരുതോ? 
പക്ഷേ, യെച്ചൂരിക്ക് കരിനാക്കെന്ന​പോലെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്ക് കരിങ്കണ്ണുണ്ടോയെന്നും  പരിശോധിക്കേണ്ടതുണ്ട്. നാട്ടിലേക്ക്‌ നോക്കുന്ന ശീലം പണ്ടേ ഇവർക്കില്ല. നഗ്ന നേത്രങ്ങൾകൊണ്ട് ഭൂഖണ്ഡാന്തരങ്ങളിലേക്ക്‌ നോക്കി രസിക്കലാണ് ഹോബി. ഇവർ എങ്ങോട്ടുനോക്കുമോ അവിടത്തെ കമ്യൂണിസ്റ്റ് സർക്കാർ ഒന്നുകിൽ കരിഞ്ഞുപോവും. അല്ലെങ്കിൽ വഴിതെറ്റും. കട്ടായം.
ആദ്യം സോവിയറ്റ് യൂണിയനിലേക്കായിരുന്നു അവരുടെ നോട്ടം. സോവിയറ്റെന്നൊരു നാടുണ്ടത്രേ, പോകാൻ കഴിെഞ്ഞങ്കിലെന്തുഭാഗ്യം എന്ന് പാടിനടന്നു. അത് അറംപറ്റി. സോവിയറ്റ് യൂണിയൻ ഭൂമുഖത്തുനിന്നുതന്നെ പോയിക്കിട്ടി. പിന്നെ ചൈനയിലേക്കായി നോട്ടം.  ഈ കരിങ്കണ്ണൻമാരെ പേടിപ്പിക്കാൻ ചൈനക്കാർ ആദ്യം മുതലാളിത്തത്തിന്റെ കോലം കെട്ടിനിർത്തി. എന്നിട്ടും കണ്ണേറ് തുടരുന്നതിനാൽ ഏകാധിപത്യത്തിന്റെ കോലമുയർത്താൻ നിർബന്ധിതരായിരിക്കുകയാണവർ. ഇടയ്ക്കൊന്ന് ക്യൂബയിലേക്ക് നോക്കി. പിന്നെ വെന​േസ്വലയിലേക്ക്. പണ്ടത്തെപ്പോല ക്യൂബൻ ഫണ്ട് പിരിച്ചുകൊടുക്കേണ്ടിവരുമോയെന്ന് പേടിച്ച് ഒടുവിൽപ്പറഞ്ഞ സോഷ്യലിസ്റ്റ് രാജ്യങ്ങളിലേക്ക്‌ ഇപ്പോൾ നോക്കാറേയില്ല.  

നോക്കിനോക്കി ഒടുവിൽ നോട്ടം അതിർത്തിയിലെ നേപ്പാളിലെത്തിയിരിക്കുന്നു. നല്ലത്. ഇനി അതിർത്തികടന്ന് ഇന്ത്യയിലേക്ക് നോക്കുമായിരിക്കും.  അപ്പോഴേക്കും പാർട്ടിയെക്കണ്ടുപടിക്കാൻ  മുസിരിസ് പൈതൃക പദ്ധതിപോലെ ഉത്‌ഖനനം പ്രഖ്യാപിക്കേണ്ടിവരുമോ എന്തോ? 

# nakhasikantham@gmail.com