നഖശിഖാന്തം

പൗരത്വനിയമ ഭേദഗതിക്കുശേഷം രാജ്യത്തുളവായിട്ടുള്ള സ്ഥിതിവിശേഷത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക്‌ ഡബിൾ ബെല്ലടിച്ച് ഓടിവരുന്നത് രണ്ടു ദിനോസറുകളാണ്. മതരാഷ്ട്രഭാവനയുടെ ജുറാസിക് പാർക്കിൽ തേർവാഴ്ചനടത്തുന്ന രണ്ടു പടുകൂറ്റൻ ദിനോസറുകൾ.
പൂതന തുടങ്ങിയ പഴഞ്ചൻ ഉൽപ്രേക്ഷകളുടെ കുഴിയിൽവീണ് കൈകാലിട്ടടിക്കുന്ന മഹാകവി ജി. സുധാകരനെപ്പോലെയുള്ള നമ്മുടെ ഭാവനാശൂന്യരായ നേതാക്കൾ കോൺഗ്രസ് നേതാവ് കപിൽ സിബലിനെ കേട്ടുപഠിക്കണം. എത്ര കാലികവും ആധുനികവുമായ ബിംബകല്പനയാണ്  പൗരത്വബില്ലിന്റെ ചർച്ചയിൽ അദ്ദേഹം അവതരിപ്പിച്ചത്! ഇന്ത്യയെ രണ്ട് ദിനോസറുകൾ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്കാക്കി മാറ്റരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയപ്പോൾ ഒ.വി. വിജയൻ  ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ പറയുന്നപോലെ മുട്ടകൾ ഒളിപ്പിച്ചുവെച്ച ശിഖരപാർശ്വങ്ങളിൽനിന്ന് ടെറോഡെക്‌റ്റൈലുകൾവരെ (ചിറകുവെച്ച കൂറ്റൻ ഉരഗങ്ങൾ) ആർത്തുചിരിച്ച് പറന്നുപൊങ്ങിയിട്ടുണ്ടാവും.
ഭാവി ഇന്ത്യയെപ്പറ്റിയുള്ള നമ്മുടെ ചിന്തകളിൽ ഈ ദിനോസറുകൾ മേഞ്ഞുനടക്കേണ്ടതുണ്ട്. അതിന് പൈതൃകം, ഭൂമിശാസ്ത്രം, സാംസ്കാരികം എന്നിവയുമായി ബന്ധപ്പെട്ടവമാത്രമല്ല, രാഷ്ട്രീയമായ കാരണങ്ങളുമുണ്ട്. ഒന്നാമതായി ദിനോസറുകളെക്കാൾ  പഴക്കമുള്ള പ്രൗഢഗംഭീരമായ ജീവിവർഗത്തെ നമുക്ക് ഭൂമുഖത്ത് സങ്കല്പിക്കാനാവില്ല.

പണ്ട്, പണ്ട്, അതായത് കോൺഗ്രസും പിന്നീട് ബി.ജെ.പി.യും ഇന്ത്യ പിടിച്ചുപറ്റുന്നതിനുമുമ്പ്, ടെസ്റ്റ്‌ ട്യൂബുകളിൽ കൗരവർ പിറവിയെടുക്കുന്നതിനുമുമ്പ്, പശുക്കൾ കൊമ്പുകളിൽനിന്ന് ഓക്സിജൻ ഒഴുക്കുന്നതിനും രാവണൻ എയർ ഇന്ത്യ കണ്ടുപിടിക്കുന്നതിനുംമുമ്പ്... ആ പ്രാക്തനയുഗത്തിൽ ഇന്ത്യയുടെ ഒരുഭാഗം  ദിനോസറുകളുടെ പിടിയിലായിരുന്നു. ഭാരതത്തിലാകട്ടെ, ഇന്നത്തെ ഗുജറാത്ത് പ്രദേശത്താണ് അന്ന് പ്രധാനമായും  ദിനോസറുകൾ മേഞ്ഞുനടന്നിരുന്നതെന്ന് പിൽക്കാലത്ത് ഗവേഷകർ തയ്യാറാക്കിയ ദിനോസറുകളുടെ പൗരത്വ രജിസ്റ്ററിൽ തെളിയുന്നു.   അവയിട്ട മുട്ടകൾ ഫോസിലുകളായി നർമദയുടെ സ്ഥലികളിൽ ഖനീഭവിച്ചുകിടന്നു.

വായനക്കാർ അറിയുമോ എന്നറിയില്ല. ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ ദിനോസർ മുട്ടശേഖരം കണ്ടെടുത്തത് ഗുജറാത്തിൽനിന്നാണ്. കോഴിമുട്ടകളുടെ എണ്ണത്തിൽ കേരളത്തോട് തോറ്റാലും  ദിനോസർ മുട്ടകളിൽ രാജ്യത്ത് നമ്പർ വൺ അന്നും ഇന്നും ഗുജറാത്തുതന്നെ. ഗുജറാത്തിൽ ഒരു ജുറാസിക് പാർക്കുമുണ്ട്. മഹിസാഗർ ജില്ലയിലെ ബലസിനോറിൽ. ലോകത്ത് മറ്റെങ്ങും ഇല്ലായിരുന്ന 13 തരം ദിനോസറുകളാണ് ഘനാലസൻമാരായി നർമദാതടത്തിൽ ഇരതേടി നടന്നിരുന്നതെന്ന് ഗവേഷകർ പറയുന്നു.

‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ അൻപതാംവർഷത്തിൽ സ്ഥാനത്തും അസ്ഥാനത്തും അതിലെ സന്ദർഭങ്ങൾ  വക്രീകരിക്കാൻ വിധിക്കപ്പെട്ടവന്റെ ധർമസങ്കടം തിരിച്ചറിഞ്ഞ് ഒ.വി. വിജയൻ ക്ഷമിക്കുമെന്ന് തോന്നുന്നു. അതുകൊണ്ട് ഈ ചിന്ത ഇങ്ങനെ അവസാനിപ്പിക്കുന്നു.
പണ്ട്, പണ്ട്, ദിനോസറുകളുടെ കാലത്ത് ഒരു സായാഹ്നത്തിൽ രണ്ട് ജീവബിന്ദുക്കൾ നടക്കാനിറങ്ങി. ‘‘പച്ചപിടിച്ച താഴ്വര. ഞാനിവിടത്തന്നെ നിൽക്കട്ടെ.’’ -ഒരു ജീവബിന്ദു ചോദിച്ചു. ‘‘അതിന് പൗരത്വ രജിസ്റ്ററിൽ നിന്റെ പേരുണ്ടോ?’’ -മറ്റേ ജീവബിന്ദു ചോദിച്ചു. പൗരത്വം തെളിയിക്കാനുള്ള നീണ്ട ക്യൂവിൽ മറ്റേ ജീവബിന്ദുവിനെ കടലാസുകെട്ടുകളുമായി കുറെക്കാലം കണ്ടവരുണ്ട്.

 ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ഭാവിയെന്ന് ഗാന്ധിജി പറഞ്ഞുനടന്നിരുന്നു. അതേറ്റുപാടിയ അനുയായിനാട്യവൃന്ദം ഗ്രാമവികസനപ്പണം പെട്ടിയോടെ അടിച്ചുമാറ്റി നാടുനീങ്ങിയമട്ടാണ്. ഗാന്ധിജിയുടെ പുത്തൻകൂറ്റ് ഭക്തരുടെ കാലത്ത് ക്യാമ്പുകളിലാണ് ഇനി രാജ്യത്തിന്റെ ഭാവി. അപ്പോഴേക്കും പാകിസ്താനെ ഇന്ത്യയിൽ കണ്ടെത്താനുള്ള ശ്രമം വിജയത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.

****

രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമൊക്കെ യഥാർഥ ഫാസിസ്റ്റ് വിരുദ്ധരാണ്. ബൾഗേറിയൻ കമ്യൂണിസ്റ്റ് നേതാവ് ദിമിത്രോവിനെയൊക്കെ വായിച്ച് പഠിച്ച് അവർ ഫാസിസ്റ്റ്‌വിരുദ്ധ ബിരുദം നേടിക്കഴിഞ്ഞു. ഫാസിസത്തെ നേരിടാൻ  പൊതുമുന്നണിയെന്ന ദിമിത്രോവ് ലൈനാണ് അവരെയിപ്പോൾ നയിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭത്തിൽ പിണറായി വിജയനൊപ്പം സത്യാഗ്രഹമിരിക്കാൻ അവരെ പ്രേരിപ്പിച്ചതും അതുതന്നെ. എന്നാൽ, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ, ഇപ്പോഴും കമ്യൂണിസ്റ്റ് വിരുദ്ധതയുടെ സ്കൂൾ ഫൈനലിന്‌ പഠിക്കുന്നതേയുള്ളൂ. ഏത് ദിമിത്രോവ്, മുല്ലപ്പള്ളിക്ക് മുല്ലപ്പള്ളിയിലെ മുല്ലയ്‌ക്കേ മണമുള്ളൂ.

ലക്ഷണം കണ്ടിട്ട്  മുല്ലപ്പള്ളി രാമചന്ദ്രന് മെഗലോഫോബിയ ബാധിച്ചതായി തോന്നുന്നു. വലുതിനോടെല്ലാം വല്ലാത്ത ഭയം. മെഗലോഫോബിയയല്ല, അതിന്റെ ഇന്ത്യൻ വകഭേദമായ ജംബോ ഫോബിയയാണ് മുല്ലപ്പള്ളിക്ക് പിടിച്ചതെന്നും ചില ഭിഷഗ്വരൻമാർ നിരീക്ഷിക്കുന്നുണ്ട്. കോൺഗ്രസ് ഭാരവാഹികളുടെ ജംബോ പട്ടിക കാണുമ്പോൾ അദ്ദേഹം വിളറിപിടിക്കാൻ കാരണമതാണുപോലും. ഏഴാം ജൻമത്തിലെങ്കിലും ഭാരവാഹി ആകാനല്ലെങ്കിൽ ഒരാളെന്തിന് കോൺഗ്രസ് ആകണമെന്ന ദുഃഖസത്യം ചാണ്ടിയെയും രമേശിനെയുംപോലെ അദ്ദേഹത്തെ അലട്ടുന്നതേയില്ല. മോദിക്കും അമിത്ഷായ്ക്കുമെതിരേ യു.ഡി.എഫും എൽ.ഡി.എഫും ചേർന്നാൽ ആ സമരവും ജംബോ ആകുമോ എന്ന് ഭയന്നാണ് മുല്ലപ്പള്ളി ഒരുമിച്ചുള്ള സമരത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. അല്ലെങ്കിൽ ഒറ്റപ്പെടാനുള്ള എളുപ്പവഴി അദ്ദേഹം കണ്ടുപിടിച്ചതാവും. തങ്ങളുടെ താത്പര്യങ്ങൾക്ക് ചേരാത്തതിനാൽ പൊതുമുന്നണിയിൽനിന്ന് മാറിനിൽക്കുന്നവർ സ്വയം വധശിക്ഷ കുറിക്കുന്നവരാണെന്നും ദിമിത്രോവ് പറഞ്ഞിട്ടുണ്ട്. മുല്ലപ്പള്ളിയെയും താങ്കൾ ഉദ്ദേശിച്ചിരുന്നോ സഖാവ് ദിമിത്രോവേ?