കോഡൽ ഓട്ടോണമി എന്നൊരു പ്രതിഭാസമുണ്ട്. വാലിന്റെ സ്വയംഭരണമെന്ന് പരിഭാഷപ്പെടുത്താം. ആപത്ത് മണക്കുമ്പോൾ കേന്ദ്രീയഭാഷയിലെ ഛിപ്കലി (ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ ഒരംഗീകൃത ഭാഷയായ മലയാളത്തിൽ പറഞ്ഞാൽ പല്ലി) അതിന്റെ വാൽ (പൂഞ്ച് എന്ന് ദേശീയനാമം) മുറിച്ചിട്ട് രക്ഷപ്പെടുന്നതിന് ശത്രുഭാഷയിൽ പറയുന്നതാണിത്. ഗൗളീ പുച്ഛന്യായമെന്ന് സംസ്‌കൃതത്തിലും പറയാം. അവയുടെ പിടയ്ക്കുന്ന വാൽ അന്തംവിട്ട് നോക്കിനിന്ന ശത്രുവിന്റെ വിഡ്ഢിത്തമോർത്ത് ജുറാസിക് യുഗത്തിൽ പല്ലികൾ പൊട്ടിച്ചിരിച്ചതായിരിക്കും ഈ പ്രപഞ്ചത്തിലെ ആദിമ പരിഹാസച്ചിരി.
ഭാരതം ലോകത്തിന് സംഭാവനചെയ്ത പ്രധാന ശാസ്ത്രശാഖകളിലൊന്നായ ഗൗളീശാസ്ത്രമാണ് ഇപ്പോൾ രാജ്യഭരണത്തെ നയിക്കുന്നത്. പ്രശ്‌നങ്ങൾ ഗുരുതരമാകുമ്പോൾ നല്ല പിടയ്ക്കുന്ന തമാശകൾ മുറിച്ചിട്ട് ശ്രദ്ധമാറ്റുക. കോഡൽ ഓട്ടോണമി തന്നെ. ഈ സംഘപരിവാറിനെപ്പോലെ അനുഗൃഹീതമായ മറ്റൊരു പ്രസ്ഥാനം ലോകത്ത് വേറെയുണ്ടാവില്ല. അതിന്റെ വിരുദ്ധരെല്ലാം നല്ല ഒന്നാന്തരം ഫലിതപ്രിയരാണ്. ചിരിക്കാനും ട്രോളാനും എന്തെങ്കിലും കിട്ടിയാൽ അവർ നിർവാണം പ്രാപിക്കും. പ്രതിഷേധം, സമരം തുടങ്ങിയ പഴഞ്ചൻ അഭ്യാസങ്ങൾക്കൊന്നും അവരെക്കിട്ടില്ല. അവർ ചിരിക്കും. ട്രോളും. ട്വീറ്റും. സുഖമായി ഉറങ്ങും.
സാമ്പത്തികമാന്ദ്യത്തിന്റെ മലവെള്ളപ്പാച്ചിലിൽ നൂറാംദിനത്തിലെത്തി നിൽക്കുകയാണ് ഭരണം. അപ്പോൾ പ്രധാനമന്ത്രി സംസാരിക്കുന്നത് സിനിമാറ്റിക് ഭാഷയിൽ. ഇതുവരെ നമ്മൾ കണ്ടുകൊണ്ടിരുന്നത് മോദിഭരണത്തിന്റെ ട്രെയിലറാണത്രേ. പടം വരാൻപോകുന്നതേയുള്ളൂവെന്ന്. ട്രെയിലർ ഇതാണെങ്കിൽ പടം ബ്രഹ്മാണ്ഡത്തിനും മേലെയായിരിക്കുമെന്ന് തീർച്ച. ശതാബ്ദക്കുഞ്ഞുങ്ങളാകട്ടെ, മാനനീയ വിത്തമന്ത്രി സീതാരമണിനെ (മന്ത്രാലയത്തിന്റെ ഹിന്ദി വൈബ്‌സൈറ്റിൽ ഇങ്ങനെയാണ് കാണുന്നത്) ട്രോളാനിറങ്ങിയിരിക്കുന്നു. വാഹനവിപണി ചക്രശ്വാസംവലിക്കുന്നതിനുകാരണം ഈ ശതാബ്ദക്കുഞ്ഞുങ്ങൾ ഒലയും ഉബറും പിടിക്കുന്നതാണെന്ന മന്ത്രിയുടെ കണ്ടെത്തൽ ഒറ്റപ്പെട്ടതല്ല. ഇന്ത്യയിൽ അടിവസ്ത്രത്തിന്റെ വിപണി ഇടിഞ്ഞതിനും അമേരിക്കയിൽ ഹില്ലരി ക്ലിന്റൺ തോറ്റതിനുംവരെ പഴികേൾക്കാൻ വിധിക്കപ്പെട്ടവരാണ് പാവം ശതാബ്ദക്കുഞ്ഞുങ്ങൾ.
ഭൂഗുരുത്വം കണ്ടുപിടിക്കാൻ ഐൻസ്റ്റൈന് മാത്തമാറ്റിക്‌സ് പ്രയോജനപ്പെടാത്തതുപോലെ ഭാരതീയർക്ക് മാന്ദ്യത്തെക്കുറിച്ച് മാധ്യമങ്ങൾ പടയ്ക്കുന്ന കണക്കുകളും പ്രയോജനപ്പെടില്ലെന്നാണ് റെയിൽ മന്ത്രി പീയൂഷ് ഗോയൽ പറയുന്നത്. ഐൻസ്റ്റൈനല്ല ഭൂഗുരുത്വത്തിന്റെ ആളെന്ന് പീയൂഷിന് അറിയാഞ്ഞിട്ടല്ല, രാജ്യത്തിന്റെ ശാസ്ത്രീയമനോഭാവം സടകുടഞ്ഞെണീൽക്കാൻ അദ്ദേഹം പ്രയോഗിച്ച സൂത്രമായിരുന്നു അത്. അതോടെ വിരുദ്ധരെല്ലാം ഗൂഗിളിൽ തപ്പലോട് തപ്പലായി. ഐൻസ്റ്റൈൻ എന്തു കണ്ടുപിടിച്ചു? ഭൂഗുരുത്വം ആരു കണ്ടുപിടിച്ചു? ആപ്പിളാണോ ആപ്പിൾ ഫോൺ തലയിൽ വീണതാണോ ന്യൂട്ടനെ ഭൂഗുരുത്വ സിദ്ധാന്തത്തിലേക്ക് നയിച്ചതെന്ന ഗവേഷണം വേറെയും നടക്കുന്നുണ്ട്. കണക്കിൽ വിശ്വസിക്കാതെ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്ക് എത്താൻ പീയൂഷിനും കൂട്ടർക്കും ഇനി ഒരുവഴിയേ മുന്നിലുള്ളൂ. പുഷ്‌പകവിമാനത്തിൽ കയറിപ്പോവുക.
ഈ വാൽസ്വയംഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ അഭ്യാസമാണ് കേന്ദ്രീയ ഗൃഹമന്ത്രി അമിത്ഷായുടെ ഹിന്ദിവാദം. ഒരു രാജ്യം, ഒരു ഭാഷ എന്നതാണ് കേന്ദ്രീയരുടെ ഏറ്റവും പുതിയ മുദ്രാവാക്യം. അദ്‌ഭുതമൊന്നും തോന്നേണ്ടതില്ല. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് മകൻ സഞ്ജയ് ഗാന്ധി നടപ്പാക്കിയ നാലിനപരിപാടിയിലെ മുഖ്യപരിപാടിയായിരുന്ന കുടുംബാസൂത്രണത്തിന്റെ മുദ്രാവാക്യം നാം രണ്ട് നമുക്ക് രണ്ട് എന്നായിരുന്നു. അതേറ്റുചൊല്ലിക്കൊണ്ടാണ് അസംഖ്യം ജനങ്ങൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരായത്. ഇന്ന് കുടുംബാസൂത്രണം കുടുംബംവിട്ട് രാജ്യത്തിലേക്ക് മാറുമ്പോൾ നാമൊന്ന് നമുക്കൊന്ന് എന്നാവുന്നുവെന്ന് മാത്രം.
ഒരു രാജ്യം, ഒരു നികുതി. പ്രാസവാദം തുടങ്ങിയത് അവിടെനിന്നാണ്. അതുപിന്നെ ഒരു രാജ്യം, ഒരു വിപണിയെന്നായി. അതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. പിന്നാലെവന്നു ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. പിന്നെ ഒരു രാജ്യം, ഒരു റേഷൻ കാർഡ്, ഒരു രാജ്യം ഒരു മൃഗം, ഒരു രാജ്യം ഒരു വൈദ്യുതി ഗ്രിഡ്, ഒരു രാജ്യം ഒരു ഭരണഘടന... ഇനിയും വരാനിരിക്കുന്നുണ്ട് ഒരുവിന്റെ നീണ്ടനിര. ഒരു രാജ്യം ഒരു നിയമം, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു മതം, ഒരു രാജ്യം ഒരു വേഷം, ഒരു രാജ്യം ഒരു ഭക്ഷണം... 2024 ആകുമ്പോഴേക്കും ഒരു രാജ്യം, ഒരു അഭിപ്രായം എന്നതാണ് ആത്യന്തികലക്ഷ്യം. പിന്നെ അഭിപ്രായമേ വേണ്ടതില്ല. എന്തൊക്കെ ഒരുവാക്കിയാലും ജനം സഹിച്ചെന്നിരിക്കും. പാനീയംമാത്രം ഒരുവാക്കരുതെന്നൊരു അഭ്യർഥനയുണ്ട്. ഈ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. ഇന്ന് ഭാരതരാജ്യത്തെ പാനീയ ചർച്ചകളെല്ലാം എത്തിനിൽക്കുന്നത് ഗോമൂത്രത്തിന്റെ വിസ്മയശേഷികളെക്കുറിച്ചുള്ള ചർച്ചകളിലാണ്. അങ്ങനെ എല്ലാം ഒരുവായൊരുവായി ഭാരതത്തിലാകമാനം ഒരുമപടരും. പിന്നെയെല്ലാവരും ഉലക്കമേൽ കിടക്കും. അതോടെ രാജ്യത്തെ പാർപ്പിട പ്രശ്‌നത്തിനും പരിഹാരമാവും.
**** ****
അമിത്ഷായുടെ ഹിന്ദിവാദം മലയാളത്തിന് ഉപകാരമാകും. കൈരളിക്ക് രക്ഷകരുടെ തിരക്കേറും. പി.എസ്.സി. പരീക്ഷകളെല്ലാം മലയാളത്തിലും എഴുതാനുള്ള അവകാശത്തിനായി നാളുകളായി പട്ടിണിസമരം നടത്തുന്ന സാംസ്‌കാരികനായകരും ഭാഷാപ്രേമികൾക്കും പ്രതീക്ഷിക്കാൻ വകയുണ്ട്. മലയാളത്തിനുവേണ്ടി എന്തെങ്കിലും ചെയ്ത് അമിത്ഷായെ തോൽപ്പിക്കാനാവും ഇനിയത്തെ ശ്രമം. കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സമരത്തിന് കട്ടപ്പിന്തുണയുമായി രംഗത്തുണ്ട്. ഹിന്ദ്യന്മാരായ ബി.ജെ.പി.ക്കാർമാത്രം ആ പരിസരത്തൊന്നും പോയിട്ടില്ല. നവോത്ഥാനം ദൗർബല്യമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ പി.എസ്.സി.വഴി ഒരു ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചേക്കാം. സമരം വിജയിക്കാനിടയുണ്ടെന്ന് സാരം.
ആവശ്യം അംഗീകരിക്കപ്പെട്ടാലും സാംസ്‌കാരിക നായകർ സമരം നിർത്തരുത്. തെറ്റില്ലാത്ത മലയാളം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് അടുത്ത നിരാഹാരസമരം തുടങ്ങണം. ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞപോലെ, പി.എസ്.സി. വഴി ജോലികിട്ടണമെങ്കിൽ തെറ്റില്ലാത്ത മലയാളം എഴുതാൻ പഠിക്കണമല്ലോ. മലയാളം അറിയാത്ത മലയാളം മുൻഷിമാരെ സ്‌കൂളുകളിലും കോളേജുകളിലുംനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടണം. മലയാളം പഠിപ്പിക്കാത്ത പള്ളിക്കൂടങ്ങളെല്ലാം പൂട്ടുന്നതുവരെ സമരമെന്ന് പ്രഖ്യാപിക്കണം. അപ്പോഴറിയാം പിന്തുണപ്പാർട്ടിക്കാരുടെ തനിനിറം. ആദ്യം ക്ലാസിൽ പഠിപ്പിക്കണം. എന്നിട്ടാവാം ക്ലാസിക്കൽ. മലയാളം ജീവിക്കാതെങ്ങനെ അതിൽ പരീക്ഷയെഴുതാനാവും?