പകയിൽ ആനയാണോ കാനമാണോ മുന്നിലെന്ന് തർക്കിക്കേണ്ടിവരും. തന്റെ ജനജാഗ്രതയാത്ര കുളമാക്കിയ തോമസ് ചാണ്ടിയെ മന്ത്രിക്കസേരയിൽനിന്ന് തുമ്പിക്കൈകൊണ്ട് കോരിയെടുത്ത് മാർത്താണ്ഡം കായലിലേക്ക് വലിച്ചെറിയാനുള്ള പകപൂണ്ട് നടക്കുകയായിരുന്നു കാനം രാജേന്ദ്രൻ. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതെ കപ്പലണ്ടി കൊറിച്ചും ബ്രേക്കിങ് ന്യൂസ് കണ്ടും സി.പി.ഐ. മന്ത്രിമാർ ആ പക വിജയിപ്പിച്ചുകൊടുത്തു.

എന്നാലും ഈ കുഞ്ഞേട്ടൻ  മന്ത്രിസഭയിൽക്കേറി പണിമുടക്കുമെന്ന് പണിമുടക്ക് കണ്ടുപിടിച്ച വല്യേട്ടൻ കരുതിയില്ല. പഠിപ്പുമുടക്കുന്നത് അസാധാരണ നടപടിയായിക്കണ്ട് കാമ്പസ് രാഷ്ട്രീയം നിരോധിച്ചത് ബൂർഷ്വാ കോടതിയാണ്. ആ നിലയ്ക്ക് ഇത്തിരിനേരം മന്ത്രിപ്പണി മുടക്കുന്നതും അസാധാരണ നടപടിയാണെന്ന് കരുതുന്നതും ബൂർഷ്വാഭൂഷണമാവും.

സി.പി.ഐ.യുടെ 1978-ലെ ബട്ടിൻഡ പാർട്ടി കോൺഗ്രസിനെ ഇപ്പോൾ ഓർത്തില്ലെങ്കിൽ ലേഖകനും ചരിത്രബോധമില്ലെന്ന് വായനക്കാർ കരുതും. കേരളത്തിലെ സി.പി.ഐ.ക്കാർ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ അമ്പലപ്പുഴ പാൽപ്പായസംപോ​െല നുണഞ്ഞത് ഇപ്പോഴും നാട്ടിൽപ്പാട്ടാണ്. അടിയന്തരാവസ്ഥയെല്ലാം കഴിഞ്ഞ് ചേർന്ന ബട്ടിൻഡ കോൺഗ്രസിൽ അതേ അടിയന്തരാവസ്ഥയെ വോട്ടിനിട്ടു തോൽപ്പിച്ച് സി.പി.ഐ.ക്കാർ പശ്ചാത്തപിച്ച കഥ എന്തുകൊണ്ടോ പാണന്മാർക്ക് അത്ര പഥ്യമല്ല.

അന്നത്തെ തർക്കവിഷയം ഇതായിരുന്നു. അടിയന്തരാവസ്ഥയെ തുടക്കംമുതൽ പിന്താങ്ങിയതാണോ തെറ്റ് അതോ തുടക്കത്തിൽ പിന്താങ്ങിയത് ശരിയും പിന്നീട് സംഗതി വഷളാവുന്നത് കണ്ടിട്ടും എതിർക്കാതിരുന്നത് മാത്രം തെറ്റുമാണോ? തുടക്കംമുതൽ എതിർക്കാത്തതാണ് അസാധാരണ നടപടിയെന്ന വാദം 403-നെതിരേ 712 വോട്ടിന് മൃഗീയഭൂരിപക്ഷത്തോടെ വിജയിച്ചു.

ഇതോടെ സി.പി.ഐ.ക്ക് ഇടതുബോധത്തിന്റെ കൊള്ളിയാൻ മിന്നി. എന്തു വിലകൊടുത്തും ഇടതുപക്ഷ ഐക്യത്തിനായി നിലകൊള്ളാൻ അവർ തീരുമാനിച്ചു. കാൽനടയായി ബട്ടിൻഡയിൽനിന്ന് പുറപ്പെട്ട പ്രമേയം താഴെത്തട്ടിലെത്താൻ മാസങ്ങളെടുത്തു. ഇതിനിടെ പി.കെ.വി. മുഖ്യമന്ത്രിയായെങ്കിലും പ്രമേയം കേരളത്തിൽ എത്തിയെന്നറിഞ്ഞതോടെ അദ്ദേഹം രാജിവെച്ച് പുല്ലുവഴിക്കുപോയി. 1980-ൽ ഏതാണ്ട് ഇന്നത്തെ മട്ടിലുള്ള ഇടതുമുന്നണി പിറവിയെടുത്തു.

ഇടതുപക്ഷ ഐക്യത്തിനായി മന്ത്രിസഭ പോലും ത്യജിച്ച സി.പി.ഐ.യുടെ അസാധാരണമായ ആ നടപടിയുടെ ഫലമാണ് പിണറായി വിജയന്റെ ഇന്നു കാണുന്ന മുഖ്യമന്ത്രിക്കസേരയെന്ന് പറയാം; സി.പി.എം. ഒറ്റയ്ക്ക് മത്സരിച്ച് അല്ലെന്ന് തെളിയിക്കുന്നതുവരെ. കമ്യൂണിസ്റ്റ് ഐക്യം തകർക്കാൻ ശ്രമിച്ച അസാധാരണ ജലജീവിയുടെ പരാക്രമങ്ങൾക്കെതിരേ പോരാടിയ രക്തബന്ധുക്കളെ ഈ കസേരയിലിരുന്നാണ് വിജയൻ ഇങ്ങനെ പരിഹസിക്കുന്നത്.

കായൽ കൈയേറിയ ചാണ്ടിയെ പിണറായി വിജയൻ താങ്ങിയതാണ് സി.പി.ഐ.ക്ക് അസാധാരണം. സി.പി.ഐ. മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതും ചാണ്ടിയെ കളക്ടറുമ്മാക്കിയെക്കൊണ്ട് പിടിപ്പിച്ചതുമൊക്കെയാണ് സി.പി.എമ്മിന് അസാധാരണം. സത്യത്തിൽ ഇതൊന്നുമല്ല. കുളിക്കടവ് നോക്കി തെക്കുവടക്ക് പാഞ്ഞുനടക്കുന്ന കരിപുരണ്ട രണ്ട് ജീവിതങ്ങൾക്കായി  മന്ത്രിസഭയുടെ വടക്കുകിഴക്കേ മൂലയിൽ ഒരൊറ്റ മന്ത്രിക്കസേര ഒഴിച്ചിട്ടിരിക്കുന്നില്ലേ, ഇതാണ് അസാധാരണം. 
 
ദേശീയ പാർട്ടിയായ എൻ.സി.പി.യും അത്രകണ്ട് ദേശീയമല്ലാത്ത സി.പി.എമ്മും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് ഇനി കുറച്ചുകാലം കേരളമന്ത്രിസഭ ചേരുമ്പോൾ ഒരു കസേര ഒഴിഞ്ഞുകിടക്കും. അതിൽ അലങ്കരിച്ച രണ്ടുജോഡി ചെരുപ്പുകൾ ഉണ്ടാവും. ഒന്ന് തോമസ് ചാണ്ടിയുടേത്. മറ്റൊന്ന് എ.കെ. ശശീന്ദ്രന്റേത്. മുന്നണി മര്യാദയനുസരിച്ച് മഹത്തായ ഈ രണ്ട് പാദുകങ്ങളിൽ പുഷ്പവൃഷ്ടി നടത്തിയശേഷമേ യോഗനടപടികൾ ആരംഭിക്കൂ.
പരസഹായത്തോടെ കരിയെല്ലാം തേച്ചിളക്കി ആദ്യം ഓടിയെത്തുന്നത് ചാണ്ടിയാണെങ്കിൽ അദ്ദേഹം ഈ കസേരയിലിരിക്കും. റണ്ണറപ്പായി വരുന്ന ശശീന്ദ്രന്റെ ചെരിപ്പ് മടിയിൽവെച്ചുവേണം ഇരിക്കാൻ. ഇനി ശശീന്ദ്രനാണ് ആദ്യമെത്തുന്നതെങ്കിൽ പിന്നാലെ വരാനിരിക്കുന്ന ചാണ്ടിഭവാന്റെ ചെരിപ്പും മടിയിലേന്തി അദ്ദേഹം മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. ഇതാണ് കറകളഞ്ഞ പാദുകപൂജ!

സി.പി.ഐ.ക്കാർ ഇപ്പോൾ ഘടിപ്പിച്ചിരിക്കുന്ന അഡീഷണൽ ചങ്ക് വാടകയ്ക്ക് എടുത്തതാണോ എന്നറിയാൻ ഇനി വിജയൻപക പത്തിവിടർത്തണം. ലക്ഷണം കണ്ടിട്ട് ഇത്തവണയും ചട്ടിയും കലവും പൊട്ടിയതല്ലാതെ ചക്കിയും ചങ്കരനും ചങ്കു പങ്കുവെച്ചുതന്നെ കഴിയാനാണ് സാധ്യത. അങ്ങനെയെങ്കിൽ ലോ അക്കാദമിയിലെ ലക്ഷ്മിനായർക്കുശേഷം ഇടതുപക്ഷ ഐക്യത്തെ ഒന്നുകൂടി ഊട്ടിയുറപ്പിച്ചതിന്റെ ക്രെഡിറ്റ് തോമസ് ചാണ്ടിക്ക് നൽകേണ്ടിവരും.
******
എട്ടുമാസം ഭരിച്ചശേഷം നിർബന്ധിത കുവൈത്ത്‌ വാസത്തിന് പോകുന്ന തോമസ് ചാണ്ടി അസാധാരണ റെക്കോഡിന് ഉടമയായിരിക്കുന്നു. സഹപ്രവർത്തകരാൽ ഇത്രയും അപമാനകരമായി ആട്ടിയോടിക്കപ്പെടാൻ ഭാഗ്യം കിട്ടിയ മറ്റൊരു മന്ത്രിയും കേരള ചരിത്രത്തിലില്ല. മുമ്പ് ചാണ്ടിയുടെ കൂടി ഗുരുവായ കെ. കരുണാകരൻ, എ.കെ. ആന്റണി എന്നീ മുഖ്യമന്ത്രിമാരെയാണ് വിഴുപ്പായിക്കണ്ട് സ്വന്തം മന്ത്രിമാർ ഒഴിപ്പിച്ചത്. മുഖ്യമന്ത്രിമാർക്ക് മാത്രം കിട്ടിയിരുന്ന പരിഗണന തനിക്കും കിട്ടിയതിൽ ചാണ്ടി അഭിമാനിക്കണം. പക്ഷേ, കരിമീൻ, വരാൽ, കൊഞ്ച്, താറാവ് തുടങ്ങിയ പാവം ജലജീവികളെ അദ്ദേഹം ഇനിയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് ശരിയല്ല. ഈ ജീവികളുമായി തന്റെ ചെലവിൽ ഇടപഴകിയവരുടെ പട്ടികയോ ദൃശ്യങ്ങളോ ഉണ്ടെങ്കിൽ ഉടൻ പുറത്തുവിടുന്നത് നാടിന് ഗുണം ചെയ്യും.

ഗൾഫിലെ ഇടപാടുകൾ ശ്രദ്ധിക്കേണ്ട നേരത്ത് ഇവിടെ വന്നിരുന്ന് മന്ത്രിപ്പണി ചെയ്യുന്നത് വലിയ നഷ്ടമാണെന്ന് പോയപോക്കിലും ചാണ്ടി പറയുന്നത് കേട്ടു. എന്നിട്ടും ചാണ്ടിക്ക് മന്ത്രിയാവണം. കായൽ നികത്താനാണെന്ന് തെറ്റിദ്ധരിക്കരുത്. കാരണം, അദ്ദേഹം എന്തെങ്കിലും നികത്തിയെങ്കിൽ അത് മന്ത്രിയല്ലാതിരുന്നപ്പോഴാണ്. നാടുനന്നാക്കാൻ മാത്രമാണ് ഈ വാശി. ഇത് വ്യവസായികളെ പിടികൂടുന്ന ഒരു രോഗമാണ്. കേരളം വിട്ടാൽ ഇത്തരം രോഗികളെ പരക്കേ കാണാനാവും. ഇത് അപകടകരമാണ്. എല്ലാ വ്യവസായികളുംകൂടി നാടുനന്നാക്കാൻ ഇങ്ങനെ നഷ്ടം വരുത്തിവെച്ചാൽ രാജ്യത്തിന്റെ ജി.ഡി.പി.യെ മോദിക്കല്ല, മൂഡിക്കും രക്ഷപ്പെടുത്താനാവില്ല.
******
വീരപാണ്ഡ്യ കട്ടബൊമ്മൻ, ഭക്തഹനുമാൻ തുടങ്ങിയ നൃത്തസംഗീത ശില്പങ്ങൾ ഉത്സവപ്പറമ്പുകളിൽ തകർത്താടിയ കാലമുണ്ടായിരുന്നു. സഖാവ് പി. ജയരാജനെ വാഴ്ത്തുന്ന സംഗീതശില്പം വന്നപ്പോൾ ആ കലാരൂപം പുതിയ കാലത്തിന് ചേർന്നവിധം സ്മാർട്ടായി പുനരുജ്ജീവിക്കപ്പെടുമെന്ന പ്രതീക്ഷയാണുണ്ടായത്. അരസികന്മാരായ  സി.പി.എം. അതിനെ തല്ലിക്കെടുത്തിക്കളഞ്ഞു. ഇതിന് പറഞ്ഞ കാരണം വലിയ തമാശയായിപ്പോയി. സഖാവ് സ്വയം മഹത്ത്വവത്കരിക്കാൻ ശ്രമിക്കുകയാണത്രേ. അസൂയ മറച്ചുവയ്ക്കാൻ സംസ്കൃതം കാച്ചിയതാണെന്ന് കരുതിയാൽ മതി.   

കമ്യൂണിസ്റ്റ് പാർട്ടി ഉടലെടുത്ത യൂറോപ്പിൽ എവിടെ നോക്കിയാലും അതിന്റെ ആചാര്യന്മാരുടെ പ്രതിമകളേയുള്ളൂ. മാർക്സ്, ഏംഗൽസ്, ലെനിൻ എന്നീ മൂന്ന് താടിക്കാരുടെയും പി. കൃഷ്ണപിള്ള, ഇ.എം.എസ്., എ.കെ.ജി. എന്നീ തദ്ദേശ ത്രിമൂർത്തികളുടെയും ചിത്രങ്ങളില്ലാതെ ഒരു ചായക്കടയോ ബാർബർ േഷാപ്പോ പോലും അടുത്തകാലംവരെ ഇന്നാട്ടിൽ പ്രവർത്തിച്ചിരുന്നില്ല. സഖാക്കന്മാരുടെയും രക്തസാക്ഷികളുടെയും  ദിനാചരണത്തിനും പഞ്ഞമില്ല. പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവരുടെ ചിത്രമുള്ള ഫ്ളക്സ് ബോർഡുകൾ, മറ്റ് ബൂർഷ്വാ ബോർഡുകൾക്കൊപ്പം നമ്മുടെ നാട്ടിലെ കാലാവസ്ഥാ വ്യതിയാനത്തിൽ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കും ചെറുതല്ല.

സി.പി.എമ്മിന്റെ പാർട്ടിയുടെ രാജ്യത്തെ ഏറ്റവും വലിയ ജില്ലാ ഘടകത്തിന്റെ സെക്രട്ടറിയാണ് പി. ജയരാജൻ. ഇക്കാണുന്നവിധം സി.പി.എം. ഇന്ത്യയിലേയുള്ളൂ. അപ്പോൾ ലോകത്തെ ഏറ്റവും വലിയ സി.പി.എം. ജില്ലാ സെക്രട്ടറി ഈ സഖാവ് തന്നെയെന്ന് വരുന്നു. ഇദ്ദേഹത്തെ ചെഞ്ചോരപ്പൊൻകതിരെന്നോ നന്മയുടെ പൂമരമെന്നോ എന്തിന് കിഴക്കിന്റെ സ്റ്റാലിനെന്നോ, പ്ലഖനോവെന്നോ വിശേഷിപ്പിച്ചാൽപ്പോലും തകരാറില്ല. പക്ഷേ ഇതിലുമുണ്ട് അസാധാരണമായൊരു സംഗതി. ഇതുവരെ പാർട്ടി എന്നത് വിഗ്രഹമാണെന്നും പ്രവർത്തകർ അത് ചുമക്കുന്ന എളിയ കഴുതകളാണെന്നും വിചാരിച്ച സഖാവിന് പെട്ടെന്ന് താനൊരു കുതിരയാണെന്ന് തോന്നാനുണ്ടായ ഉൾപ്പാർട്ടി സമ്മർദമുണ്ടല്ലോ, അതാണത്.

nakhasikantham@gmail.com