മലയാളി ഇത്തിരി മുന്തിയ ഇനമാണ്. കലികാലം, കഷ്ടകാലം, ഗുപ്തകാലം എന്നിങ്ങനെയുള്ള പാരമ്പര്യ കാലവിഭജനത്തിലൊന്നും താത്പര്യമില്ലാത്ത ജാതി. ഇന്റർനാഷണൽ കാലങ്ങളിലേ വിശ്വാസമുള്ളൂ.  മോഡേൺ, പോസ്റ്റ്‌മോഡേൺ, നവലിബറൽ, പുതുകൊളോണിയൽ എന്നിങ്ങനെയുള്ള ഡിസ്‌കോഴ്‌സുകൾ സെവൻകോഴ്‌സ് ഡിന്നറുപോലെ ആസ്വദിക്കും. പാർട്ടിപരിപാടിയിൽ പല്ലുംനഖവും ഉപയോഗിച്ച് വിപ്ലവപാർട്ടി എതിർത്തിട്ടും പോസ്റ്റ് മോഡേൺ കാലം കേരളത്തിൽ നുഴഞ്ഞുകയറി. സാഹിത്യനിരൂപകരാണ്  ഈ കള്ളക്കടത്ത് നടത്തിയത്.

പോസ്റ്റ്മോഡേൺ എന്നാൽ,  ഉത്തരാധുനികം എന്നാണത്രെ മലയാളം. എന്നുവെച്ചാൽ കക്ഷത്തിലിരിക്കുന്ന പഴഞ്ചൻ സംഗതികളൊന്നും കളയാതെ ഉത്തരത്തിലിരിക്കുന്ന ആധുനികതയ്ക്ക് കൈനീട്ടുന്ന പരിപാടി. ആഗോളത്തിൽ പോസ്റ്റ്മോഡേൺ കാലം കഴിഞ്ഞിട്ടും കേരളത്തിലിപ്പോഴും മമ്മൂട്ടിയുടെ യൗവ്വനംപോലെ  ഉത്തരാധുനികത അനന്തമായി നീളുന്നു. നിരൂപകന്മാർ പണിനിർത്തിയതുകാരണം കാലം ഇവിടെ തളം കെട്ടിനിൽക്കുന്നു. 

ഈ പുതുവർഷത്തിൽ മലയാളികൾക്ക് സന്തോഷിക്കാം. ആ ആപത്ത് ഇതാ ഒഴിവാകുന്നു.  ഇതാ പുതിയകാലം വന്താച്ചെന്ന് സായിപ്പ് പറയുന്നു. പേര് പോസ്റ്റ് ട്രൂത്ത്. മലയാളത്തിലിനിയും ഇതിനെ വൃത്തിയായി വിവർത്തിച്ചിട്ടില്ല. പൊളി പൊലിക്കുന്ന കാലമാണിത്. ഡൊണാൾഡ് ട്രംപിന്റെ അലമ്പ് വിജയത്തോടെയാണ് ഇതിന്റെ വരവ് സ്ഥിരീകരിച്ചത്.  നമ്മുടെ നാട്ടിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതുപോലെ ലോകമെങ്ങും ട്രൂത്ത്, അതായത് സത്യം, സത്യത്തിന്റെ വഴിക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ് എന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. സത്യത്തിന് ഇപ്പോൾ രണ്ടാം സ്ഥാനമേയുള്ളൂ. നുണയാണ് മുന്നിൽ.


നാടുവാഴുന്നവർ വാതുറന്നാൽ പെരുങ്കള്ളമേ പുറത്തുവരൂ. നട്ടാൽക്കുരുക്കാത്ത കള്ളം പറയുന്നവരേ തിരഞ്ഞെടുപ്പിൽപ്പോലും ജയിക്കൂ. സാമാന്യബുദ്ധിക്ക് നിരക്കാത്തതേ രാഷ്ട്രീയത്തിൽ സംഭവിക്കൂ. അമേരിക്കയിലെ ട്രംപ്  മുതൽ അയൽക്കാരി ചിന്നമ്മവരെ ഈ കാലഘട്ടത്തിന്റെ വെളിച്ചപ്പാടുമാരാണ്. 

രാഷ്ട്രീയം കണ്ടുപടിച്ച കാലം മുതൽ രാഷ്ട്രീയക്കാർ  കള്ളംപറയുന്നുണ്ട്. എന്നാൽ, നൂറ് ശതമാനം പരിശുദ്ധമായ കള്ളം മാത്രമേ പറയൂ എന്ന്‌ ഇവർ വാശിപിടിക്കുന്നത് ഇപ്പോഴാണ്. ഇതെല്ലാം സ്ഥാപിച്ചെടുക്കാൻ കൈയും കലാശവും കാട്ടി വിരണ്ട കാട്ടുപോത്തിന്റെ ലക്ഷണങ്ങളോടെ പ്രസംഗിക്കും, കള്ളങ്ങളെഴുന്നള്ളിച്ച് ബ്രിട്ടൻ ബ്രെക്സിറ്റടിച്ചു. കള്ളമല്ലാതെ ഒന്നും പറയാത്ത ട്രംപ്  അമേരിക്കൻ പ്രസിഡന്റായി. ഒബാമ അമേരിക്കക്കാരനല്ലെന്ന് ഇദ്ദേഹം പറഞ്ഞാൽ വിശ്വസിക്കാൻ വെള്ളക്കാർ റെഡി. ഇസ്‌ലാമിക് സ്റ്റേറ്റ് ഒബാമ പെറ്റതാണെന്നുപറഞ്ഞാലും വെള്ളംതൊടാതെ വിഴുങ്ങും. റഷ്യയിലും കള്ളം. തുർക്കിയിലും കള്ളം. 

 നമ്മുടെ നാട്ടിലും ഇതൊക്കെത്തന്നെ. നോട്ട് നിരോധിച്ചതോടെ ഇന്ത്യക്കാരുടെ ആയുസ്സുകൂടിയെന്നും നമോ ആപ്പ് ഉപയോഗിച്ചാൽ അദ്‌ഭുതരോഗശാന്തി കിട്ടുമെന്നും പറഞ്ഞാൽ ഇവിടെയും വിശ്വസിക്കാൻ ആളുണ്ട്. രണ്ടായിരം രൂപയുടെ പുതിയ നോട്ടിലെ ചിപ്പിനെക്കുറിച്ച് എന്തെല്ലാമാണ് കേട്ടത്.  കണക്കിൽപ്പെടുത്താതെ ഇത്  സൂക്ഷിച്ചാൽ  ഈ ചിപ്പ് പ്രവർത്തിക്കുമത്രെ.  നോട്ട് സ്വയം വണ്ടിപടിച്ച് ആദായനികുതി ഓഫീസിൽ എത്തുംപോലും. പൊതുജനം കഴുതയാണെന്നത് ഇതുവരെ ഒരു ആരോപണം മാത്രമായിരുന്നു. പോസ്റ്റ് ട്രൂത്ത് കാലത്തോടെ തങ്ങൾ കഴുതകളാണെന്ന് ജനം തന്നെ ആത്മാർഥമായി വിശ്വസിച്ചുപോയിരിക്കുന്നു. ഹിറ്റ്‌ലറില്ലാത്ത രാജ്യം ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്  ഈ കഴുതകൾക്ക്. 


വച്ചടിവച്ചടി വളർന്ന് ആന്റി സോഷ്യൽ മീഡിയ ആയിമാറിയ സോഷ്യൽ മീഡിയയാണ് പോസ്റ്റ് ട്രൂത്തിന്റെ മജ്ജയും മാംസവും. നുണയുടെ ഡയറക്ട്‌ മാർക്കറ്റിങ്. ഒരാൾ ഒരു നുണപരത്തുന്നു. അയാളെ വിശ്വസിക്കുന്ന പത്തുപേർ അത് ശരിയാണെന്നു വിശ്വസിച്ച് ഷെയർ ചെയ്യുന്നു. ഈ പത്തുപേർ അവർ വിശ്വസിക്കുന്ന നൂറുപേർക്ക് ഷെയർ ചെയ്യുന്നു. ഇവർക്കാർക്കും തമ്മാമിൽ സംശയമില്ലാത്തിനാൽ നുണ കാട്ടുതീപോലെ പരക്കുന്നു.  നിവൃത്തിയില്ലാതെയാണ് കള്ളവാർത്തകൾക്കെതിരെ മാർപാപ്പയും സക്കർബർഗും ഒക്കെയിടപെട്ടത്. ഇതിന് ഫലമുണ്ടാവും.  2017-ൽ നുണപറയുന്നവന്റെ നാക്കും കമ്പ്യൂട്ടറും കരിഞ്ഞുപോകാൻ ഇടയുണ്ട്. 

കാലത്തിനു മാത്രമല്ല, മനുഷ്യനും പേരുമാറ്റണമെന്ന് വാദമുണ്ട്. ഹോമോസാപ്പിയൻസിലെ സാപ്പിയൻസിന് വിവേകശാലി എന്നാണർഥം. മനുഷ്യൻ വിവേകശാലിയാണെന്ന് ഇനിയും പറഞ്ഞാൽ നാണമെന്ന വികാരമുള്ള മനുഷ്യരൊക്കെ കടലിൽച്ചാടേണ്ടതാണ്. ആരാണ് ഈ മനുഷ്യൻ? വർഷം മുപ്പതിനായിരം ജീവജാലങ്ങളെ ഉൻമൂലനം ചെയ്യുന്ന ആതങ്കവാദി. കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷംകൊണ്ട് ലോകത്തെ വലിയജീവികളിൽ 58 ശതമാനത്തെയും കൊന്നൊടുക്കിയ സംഹാരതാണ്ഡവ ആർട്ടിസ്റ്റ്.  കാക്കത്തൊള്ളായിരംകോടി രാസമാലിന്യമുണ്ടാക്കി ഭൂമിയുടെ ചൂട് നാലഞ്ച് ഡ്രിഗ്രി കൂട്ടിയ വിഡ്ഢി കുശ്മാണ്ടം.

വെള്ളം, മണ്ണ്, വായു... എല്ലാറ്റിന്റെയും സ്റ്റോക്ക് തീർത്തുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ഭീകരവാദി. ജൂലിയൻ ക്രിബ് എന്ന എഴുത്തുകാരൻ മനുഷ്യന് ചില പേരുകളൊക്കെ നിർദേശിച്ചിട്ടുണ്ട്. ഹോമോ എക്സറ്റർമിനസ് (മനുഷ്യ സംഹാരകൻ), ഹോമോ സ്യൂലഡോൺസ്( സ്വയം പൂജാരി) എന്നൊക്കെ... പോരാ ക്രിബ്ബേ പോരാ. ഹോമോ തുരപ്പൻസ് എന്നാവും ഇതിലും നല്ലപേര്. കൂടുതൽ അനുയോജ്യമായത് കണ്ടുപടിക്കാനുള്ള വെല്ലുവിളി കേരളത്തിലെ ട്രോളർമാരെ ഏൽപ്പിക്ക്. നുണയൻമാരാണെങ്കിലും അവർ മിടുക്കരാണ്.  

*******
 ആരൂഢത്തെക്കാൾ വലിയ ഉത്തരമെന്ന് പറഞ്ഞപോലെ പാർട്ടിയെക്കാളും വലിയ നേതാവാണ് പോസ്റ്റ് ട്രൂത്ത് കാലത്ത്‌ വേണ്ടത്. നമ്മുടെ നരേന്ദ്രമോദിയെപ്പോലെ. ഉത്തർപ്രദേശിലെ യാദവ രാഷ്ട്രീയത്തിലും പോസ്റ്റ് ട്രൂത്തിന്റെ തിരനോട്ടമാണ്.  മുലായവും മോൻ അഖിലേഷും തമ്മിലുള്ള അച്ഛാ-മകാ നാടകം.  മുഖ്യമന്ത്രിയായ മോനെ അച്ഛൻ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നു. എം.എൽ.എ.മാരെല്ലാം മോന്റെ പിന്നാലെ അണിനിരന്ന് ശക്തിപ്രകടനം നടത്തുന്നു. അതോടെ ഇരുവരെയും സമവായം വിഴുങ്ങുന്നു. ശല്യക്കാരായ  കൊച്ചച്ഛൻമാരും അമ്മാവൻമാരും നിഷ്പ്രഭരാക്കുന്നു. മാസങ്ങൾക്കുമുമ്പ് ഇതുപോലൊരു സമവായം നടന്നതാണ്. സമാജ് വാദി എന്നതിനുപകരം സമവായപ്പാർട്ടിയെന്ന് പേരുമാറ്റണം.  ഹില്ലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്തവരാണ്  അഖിലേഷിനുവേണ്ടി തിരക്കഥ എഴുതുന്നതെന്ന് കേൾക്കുന്നു. ജയിക്കാൻ വേണ്ടത് എന്താണെന്ന് ഹിലരി തോറ്റതോടെ അവർക്കും മനസ്സിലായിക്കാണും. 

കേരളത്തിൽ ഉത്തരാധുനിക കാലഘട്ടത്തിൽ അച്ഛാ-മകാ നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെ. മുരളീധരൻ വീണ്ടും ഇറങ്ങിയിട്ടുണ്ട്. ഈ ഐ ഗ്രൂപ്പ് എന്നത് ഒരു വല്ലാത്ത അവിയലാണ്. ഈ ഗ്രൂപ്പിൽ കെ. കരുണാകരനൊപ്പം വന്നവരുണ്ട്, പോയവരുണ്ട്. മുരളിയോടൊപ്പം വന്നവരുണ്ട്, വരാത്തവരുണ്ട്. രമേശ് ചെന്നിത്തലയ്ക്കൊപ്പം നിൽക്കുന്നവരും നിൽക്കാത്തവരുമുണ്ട്. ഇവർക്കൊപ്പം നിന്ന് സുധീരനെ നോക്കി കണ്ണിറുക്കുന്നവരുണ്ട്.  ഇന്ദിരാക്കൂറാണ് ഗ്രൂപ്പിന്റെ പ്രഖ്യാപിതവികാരം. സായിപ്പൻമാർ പോസ്റ്റ് ട്രൂത്ത് കണ്ടുപിടിക്കുംമുമ്പ് ഇന്ത്യയിൽ ഇതിന്റെ തനതുനാടകം അവതരിപ്പിച്ച നേതാവാണല്ലോ ഇന്ദിരാഗാന്ധി. 

അച്ഛനെ പാർട്ടിയുണ്ടാക്കാൻ പഠിപ്പിച്ചതിന്റെ അനുഭവസമ്പത്തുള്ള മുരളീധരൻ പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ മുന്നൊരുക്കമാണ് അടുത്തിടെ കണ്ടതെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. ശ്രമം വിജയിച്ചാൽ ഐ ഗ്രൂപ്പ് ചിതറും. രമേശിന് ഒരുകഷ്ണം കിട്ടും. മുരളിക്ക് വേറൊരു കഷ്ണവും. ഈ ആടുകളുടെ പോരാട്ടത്തിൽ ചോരകുടിക്കാൻ ചിലർ കാത്തിരിക്കുന്നുണ്ട്. എന്നാലും അയലത്തെ വീട്ടിലെ ശ്രാദ്ധസദ്യ നോക്കിയിരിക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താനെക്കാൾ എത്രയോ ഭേദമാണ് അരികുവത്കരിക്കപ്പെട്ടെങ്കിലും കോൺഗ്രസിൽ മുരളിയുടെ ജീവിതം. ഒരു വ്യാഴവട്ടം തികഞ്ഞിട്ടും രാജ്‌മോഹന് വഴിയിൽക്കിടന്ന് തല്ലുകൊള്ളാനാണ് വിധി. ഒരുകാര്യം സമ്മതിച്ചേപറ്റൂ. ഇപ്പോഴും എത്ര ആത്മാർഥതയോടെയാണ് ഉണ്ണിത്താൻ തല്ലുകൊള്ളുന്നത്. ജഗദീശാ, ഒരിക്കലും നിലവാരം മെച്ചപ്പെടുത്തില്ലെന്ന് വാശിപടിക്കുന്ന ഇത്തരം പ്രവർത്തകരെ ഒരു പാർട്ടിക്കുംവേണ്ടി ഇനിയും സൃഷ്ടിക്കരുതേ. 

മുരളി-ഉണ്ണിത്താൻ മാതൃകയിൽ വി.എസ്.-മണിയാശാൻ ഡിസ്‌കോഴ്‌സ് പ്രതീക്ഷിച്ചവർ നിരാശരായി. ഇരുവരും അധികകാലം സ്കൂളിൽപ്പോകാത്തതിന്റെ കുറവ് പ്രകടമാണ്.  ശിഖണ്ഡി, വേശ്യ, ഗുണ്ട എന്നീപദങ്ങളൊന്നും ഇവർ കേട്ടിട്ടേയില്ല. കഷ്ടം!

*****
രാഹുൽഗാന്ധി വീണ്ടും മുങ്ങി. യാത്രപോവുകയാണെന്ന് ട്വിറ്ററിൽ അദ്ദേഹം അറിയിച്ചിട്ടുണ്ട്. ലണ്ടനിൽ പുതുവത്സര ആഘോഷത്തിന് പോയതാണെന്ന് ശത്രുക്കൾ പറഞ്ഞുപരത്തുന്നു. വിഴുങ്ങിപ്പോയ ഭൂകമ്പം പുറത്തെടുക്കാനുള്ള ഉദര ശസ്ത്രക്രിയയ്ക്ക് പോയതാണോ എന്നും  സംശയിക്കണം.   ഇടയ്ക്ക് വിളച്ചിൽ കാട്ടിയപ്പോൾത്തന്നെ തോന്നിയിരുന്നു പയ്യന് വിശ്രമിക്കാൻ സമയമായെന്ന്. എന്തായാലും  മോദി ഒരു പരസ്യം കൊടുക്കുന്നത് നന്നായിരിക്കും ‘പ്യാരെ ദേശ് വാസി മകനേ, മടങ്ങിവരൂ.അങ്കിൾ പലിശയിളവ്‌ തരാം.’