ഇന്ത്യയിലെ ഇന്നത്തെ പ്രമുഖ ഫാസിസ്റ്റ് വിരുദ്ധരുടെ ആദിമാതാവായ ഇന്ദിരാഗാന്ധിയെ ഭർത്താവായിരുന്ന ഫിറോസ് ഗാന്ധി ഒരിക്കൽ ഫാസിസ്റ്റ് എന്ന്‌ വിളിച്ചിട്ടുണ്ടത്രേ. പിതാവ് ജവാഹർലാൽ നെഹ്രുവിന്റെ മുന്നിൽവെച്ചായിരുന്നു ഫിറോസിന്റെ ഈ പാതകം. മറ്റാർക്കും വേണ്ടിയായിരുന്നില്ല. നമ്മുടെ പ്രിയസഖാവ് ഇ.എം.എസ്.  നമ്പൂതിരിപ്പാടിനുവേണ്ടി.ഇന്ദിരയ്ക്ക് എങ്ങനെയെങ്കിലും കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിടണം. വിമോചനസമരം മലയാളത്തിലായിരുന്നതിനാൽ അവർക്കതിന്റെ എല്ലാവശങ്ങളും പിടികിട്ടിയിരുന്നില്ല. കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഗാന്ധിപ്പടം മാറ്റി മാർക്സിന്റെയും ലെനിന്റെയും പടങ്ങൾ വെക്കാൻ തുടങ്ങിയതാണ് അവരെ പേടിപ്പിച്ച പ്രധാന സംഗതി. ജനാധിപത്യപ്രക്രിയയല്ലേ, അതിൽ മാറ്റമില്ലാത്തത് പടങ്ങളുടെ മാറ്റത്തിന് മാത്രമാണെന്ന് അച്ഛൻ മകളോട് പറഞ്ഞുനോക്കി. നെഹ്‌റുവിന്‌  കമ്യൂണിസ്റ്റുകളോടുള്ള സഹതാപം ഇന്ദിരയ്ക്ക്  ഒരിക്കലും അംഗീകരിക്കാനായില്ല. അങ്ങനെ നമ്പൂതിരിപ്പാടിന്റെ സർക്കാരിനെ പിരിച്ചുവിട്ട് നെഹ്രു തന്റെ കരങ്ങൾകൊണ്ട് സർക്കാർ അട്ടിമറി എന്ന കലാപരിപാടിക്ക്‌ തുടക്കമിട്ടു.

കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം നിലംപരിശായ 1959-ലെ ഒരു സുപ്രഭാതത്തിലായിരുന്നു ഈ പറയുന്ന സംഭവം അരങ്ങേറിയത്‌. തീൻമൂർത്തിഭവനിലെ തീൻമേശയ്ക്കുമുന്നിൽ പ്രാതലിനെത്തിയ ഇന്ദിരയെക്കണ്ടപ്പോൾ ഫിറോസിന് സഹികെട്ടു. അദ്ദേഹം ഇങ്ങനെ ആക്രോശിച്ചു: ‘അധികാരമുപയോഗിച്ച് ജനങ്ങളെ വിരട്ടുന്ന നിങ്ങളൊരു ഫാസിസ്റ്റാണ്.’ ‘നിങ്ങളെന്നെ എന്താ വിളിച്ചത്, ഫാസിസ്റ്റെന്നോ? ഇല്ല ഞാനിത് അംഗീകരിക്കുന്നില്ല’ എന്നുപറഞ്ഞ് ഇന്ദിര കോപാകുലയായി പ്രാതൽ ബഹിഷ്കരിച്ചു. അനാഥമായ ഇഡ്ഡലിയെയും സാമ്പാറിനെയും നോക്കി മരണാനന്തരവും ഇന്നത്തെ ഫാസിസ്റ്റുകളെ പേടിപ്പിക്കുന്ന നെഹ്രു ഇതികർത്തവ്യതാമൂഢനായിനിന്നോ എന്നറിയില്ല.
മേൽപ്പറഞ്ഞ തീൻമേശക്കലാപത്തിന് സ്വതന്ത്രൻ സാക്ഷിയായിരുന്നില്ല. ഫിറോസിന്റെ ജീവചരിത്രമായ ‘ഫിറോസ്; ദ ഫൊർഗൊട്ടൺ ഗാന്ധി’യിൽ സ്വീഡിഷ് പത്രപ്രവർത്തകനായ ബെർത്തിൽ ഫാൽക്ക് എഴുതിയതാണ്. അദ്ദേഹവും നേരിട്ട് കേട്ടതല്ല. ഇന്ത്യയിലെ മഹാനായ പത്രപ്രവർത്തകൻ നിഖിൽ ചക്രവർത്തി പറഞ്ഞതാണ്. ചക്രവർത്തിയും നേരിട്ട് കേട്ടതല്ല. തന്റെ ചങ്ങാതിയായ ഫിറോസ്ഗാന്ധിതന്നെ അദ്ദേഹത്തോട് പറഞ്ഞതാണ്. പിന്നീട്, സ്വന്തംനിലയ്ക്ക് എന്തുമാകാമെന്നായപ്പോൾ  സർക്കാരുകളെ അട്ടിമറിക്കുന്നത് ഇന്ദിരാഗാന്ധി വിനോദമാക്കി. ഭരണഘടനയിലെ 356-ാം അനുച്ഛേദമായിരുന്നു അവർക്കതിന് കൂട്ട്. ഇപ്പോൾ ഭരണഘടനയുടെയും ആവശ്യമില്ല, ഈ വകുപ്പിന്റെയും ആവശ്യമില്ല.

പഴങ്കഥ ഓർമിച്ചത്‌ വെറുതേയല്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നവരെ ഫാസിസ്റ്റ് എന്നുവിളിക്കാമെങ്കിൽ മഹാരാഷ്ട്രയിലെപ്പോലെ പിറക്കാനിരിക്കുന്ന സർക്കാരുകളെ ഉറക്കമിളച്ചിരുന്ന് ഗർഭച്ഛിദ്രംചെയ്യുന്ന സംഘത്തെ എന്തുവിളിക്കണമെന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടാണ്.
**** ****
ചില സാധുക്കൾ അങ്ങനെയാണ്, സദാ തെറ്റിദ്ധരിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാതകവും അത്തരമാണ്. ഹിമാലയത്തിലെ മഞ്ഞുപാളികളിൽ തപസ്സിരുന്നതിനും മുതലയെ പിടിച്ചുനടന്നതിനും ഇടയിലെപ്പോഴോ അദ്ദേഹമൊരു എൻ.സി.സി. കാഡറ്റായിരുന്നല്ലോ (ലേറ്റസ്റ്റ് മൻ കീ ബാത്ത് സുനിയേ).  എൻ.സി.സി.യിലാവുമ്പോൾ കടുത്ത അച്ചടക്കം വേണം. ഒരിക്കൽ എൻ.സി.സി. ക്യാമ്പിനിടയിൽ കാഡറ്റ് മോദി മരത്തിൽക്കയറി. അതൊരു കടുത്ത അച്ചടക്കലംഘനമായി എല്ലാവരും തെറ്റിദ്ധരിച്ചു. താഴെയിറങ്ങുംമുമ്പ് നടപടി വേണമെന്ന് ആക്രോശമുയർന്നു. പക്ഷേ, അദ്ദേഹം കയറിയത് പട്ടത്തിന്റെ ചരടിൽക്കുരുങ്ങി മരത്തിൽ കുടുങ്ങിപ്പോയ ഒരു പാവം പറവയെ രക്ഷിക്കാനായിരുന്നു. ഉദ്ദേശ്യശുദ്ധി മനസ്സിലായതോടെ എല്ലാവരും കാഡറ്റിനെ അഭിനന്ദനംകൊണ്ട് മൂടി.

എന്തുചെയ്യാം, അദ്ദേഹമിപ്പോഴും സംശയത്തിന്‍റെ മുൾമുനയിലാണ്. ഫാസിസ്റ്റ്‌വിരുദ്ധരും അർബൻ മാവോവാദികളുമൊക്കെ വെറുതേ സംശയിക്കുന്നു. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരുന്ന ശിവസൈനികൻ ഉദ്ധവ് താക്കറേ ഉറങ്ങിക്കിടക്കുമ്പോൾ സംഘപുത്രൻ ഫഡ്‌നവിസിനെ അജിത്‌പവാറിൽ നിന്ന്‌ ഒപ്പിച്ച കത്തുമായി പരമരഹസ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യിപ്പിച്ചത്‌ എന്തിനായിരുന്നു? അക്കാര്യം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായുംതന്നെ രാജ്യത്തെ അറിയിച്ചത് എന്തിനായിരുന്നു?  റിസോർട്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്ന് ചിലർ ആരോപിക്കുന്നുണ്ട്.  വെറും തെറ്റിദ്ധാരണ. വിദേശങ്ങളിൽ പകൽ ഇരുന്ന് ധ്യാനിക്കുകയും രാത്രി കിടന്ന് ധ്യാനിക്കുകയും ചെയ്യുന്ന രാഹുൽജിക്ക് ഇനിയെങ്കിലും മനസ്സിലായിട്ടുണ്ടാവും. മോദിയും ഷായും  അസൽ ചൗക്കിദാർമാർ തന്നെ. ഉറങ്ങാതെ കാവലിരിക്കുന്നവൻ. ജനാധിപത്യത്തിന്റെ ആ കാളരാത്രിയിൽ രാഷ്ട്രപതിഭവനിലും മഹാരാഷ്ട്രയിലെ രാജ്ഭവനിലുമായിരുന്നു യഥാക്രമം അവരുടെ ഡ്യൂട്ടി. എന്നാലും  പ്യാരേ ചൗക്കീർദാർമാരേ, നിങ്ങടെ വാക്കുകേട്ട് പുതിയ ഇന്ത്യ വരുന്നതുംകാത്ത് കുത്തിയിരിക്കുന്നവരുടെ മൂക്കുകളിൽ ഇപ്പോഴും പഴയ ഇന്ത്യയിലേക്കാൾ ചീഞ്ഞ രാഷ്ട്രീയത്തിന്റെ മണമാണല്ലോ തുളച്ചുകയറുന്നത്.