മൃഗാധിപത്യത്തെക്കുറിച്ചുള്ള ഭാവനാവിലാസങ്ങൾ ബാലമാസികകളിൽ വായിച്ച കുട്ടിക്കാലത്ത് ഈ ജന്മം തന്നെ അത് കാണേണ്ടിവരുമെന്ന് വിചാരിച്ചില്ല. മൃഗാധിപത്യം വന്നുകഴിഞ്ഞിരിക്കുന്നു. കേന്ദ്രം പശുക്കളുടെ പിടിയിലാണ്, തീരദേശ സംസ്ഥാനമായ കേരളം സ്രാവുകളുടെയും. മുൻ വിജിലൻസ് ഡയറക്ടർമുതൽ ചലച്ചിത്രഗുണ്ടവരെ സ്രാവുഭരണം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ഒഡിഷയിലെ ജാജ്പുരിൽ ബി.ജെ.പി. പ്രസിഡന്റ് അമിത്ഷായുടെ വാഹനം ഗോമാതാവിനെ ഇടിച്ചശേഷം നിർത്താതെപോയത് നന്നായി. പശുസംരക്ഷണത്തിന് വരം വാങ്ങിയ അസുരന്മാരുടെ കൈയിലെങ്ങാനും അദ്ദേഹം പെട്ടിരുന്നെങ്കിലോ? എല്ലാം അമിതമാകുന്നതിന്റെ പരമാനന്ദം അനുഭവിക്കാനുള്ള അവസരം അദ്ദേഹം നഷ്ടപ്പെടുത്തിക്കളഞ്ഞു. 


 റോമിലെ പ്രാചീന ജനാധിപത്യത്തിൽ ജനം നേരിട്ടായിരുന്നു ഭരണം. ജനാധിപത്യം വളർന്നുപന്തലിച്ചപ്പോഴാണ് ബിനാമികളെ ആശ്രയിക്കേണ്ടിവന്നത്. ഭരണപരിചയക്കുറവുകൊണ്ടാവും, ബിനാമികളെ വെച്ചാണ് മൃഗങ്ങളുടെ തുടക്കം. മനുഷ്യ ബിനാമികൾ. മൃഗങ്ങൾ നേരിട്ടുഭരിക്കുന്ന കാലം വൈകില്ലായിരിക്കും. പശുക്കൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. സ്രാവുകൾക്ക് അങ്ങനെയില്ല. അതത്  കാലത്തെ തിരഞ്ഞെടുപ്പു ഫലമാണ് ഇവരുടെ രാഷ്ട്രീയം നിർണയിക്കുന്നത്. ഇക്കാലത്ത് എവിടെത്തിരിഞ്ഞാലും മൃഗ-ജന്തുശബ്ദങ്ങളേ കേൾക്കാനുള്ളൂ. പശു, കാള, പോത്ത്, മയിൽ, സ്രാവ്, പരൽമീൻ, ചെറുമീൻ, നെത്തോലി...വല്ലപ്പോഴും ചില മനുഷ്യരുടെ പേരുകൾ കേട്ടെന്നിരിക്കും. പനിപിടിച്ച് ചത്തെന്നോ, ചത്തിട്ടും മൂന്നുമാസമായി വീട്ടിൽക്കിടന്ന് പുഴുത്തെന്നോ മറ്റോ ചില നിസ്സാരവാർത്തകൾ. പന്നി, എലി, പക്ഷി എന്നിങ്ങനെ ജന്തുനാമങ്ങളിലല്ലാതെ ഒരുപനിപോലുമില്ല മനുഷ്യനാമത്തിൽ. ശരിക്കും മൃഗാധിപത്യം തന്നെ. 


ദീർഘവീക്ഷണമുള്ള രാഷ്ട്രീയക്കാർ മുമ്പേ ഗമിക്കുന്നവരാണ്. വേട്ടക്കാർക്കൊപ്പം ഓടുകയും ഇരയോടൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരിനം തരികിട ഉഭയജീവികളായി അവർ മുന്നേതന്നെ മാറിക്കഴിഞ്ഞു. ഒഴിപ്പിക്കും, ഒഴിപ്പിക്കും എന്ന് നൂറുവട്ടം ഉരുക്കഴിക്കും. ഒടുവിൽ ഒഴിപ്പിക്കാൻ ഇറങ്ങിയവനെത്തന്നെ ഒഴിപ്പിച്ചുകളയും. നിയമം നിയമത്തിന്റെ വഴിക്കുപോവുമെന്ന് നൂറുവട്ടം ആണയിടും. ആ നിയമത്തെപ്പിടിച്ച് കീശയിലിട്ട് സ്വന്തംവഴിക്ക് പോവുകയും ചെയ്യും. 

സൂപ്പർ മനുഷ്യരായി നടിച്ചിരുന്ന സിനിമക്കാർ മൃഗലക്ഷണങ്ങൾ പുറത്തെടുത്തിരിക്കുന്നു. പത്രസമ്മേളനത്തിൽ ഓരിയിട്ടുകൊണ്ടാണ് ഇവരിതിന് തുടക്കം കുറിച്ചത്. ഇവരിൽ രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട് വേഷംകെട്ടിനുമേൽ വേഷംകെട്ടുന്ന ചിലരുണ്ട്. ഇവിടെയും മുന്നിലെത്തിയത് ഇവർ തന്നെ.  
ഇക്കാലത്ത് ഐ.പി.എസുകാർ ഏതിനത്തിലേക്ക് പരിണമിക്കുന്നുവെന്നുമാത്രം ഒരുപിടിയും കിട്ടുന്നില്ല. ഉയർന്ന വിദ്യാഭ്യാസമുണ്ടെങ്കിലും വിവരം, വിവേകം എന്നിവയുടെ ലക്ഷണങ്ങളെല്ലാം കുടഞ്ഞെറിഞ്ഞാണ് ഇവരുടെ മുന്നേറ്റം. കള്ളന്മാർക്കും ഗുണ്ടകൾക്കുമിടയിലുള്ള ഏകോപനംപോലും ഇവർ തമ്മിലില്ല.

പോലീസ് മാന്വലും ഇന്ത്യൻ പീനൽ കോഡും അറബിക്കടലിൽ ആയിക്കഴിഞ്ഞു. അസൂയ, കുശുമ്പ്, വാർത്താദാഹം, കീർത്തിയാർത്തി എന്നീ മൂല്യങ്ങളാണ് തങ്ങളെ നയിക്കുന്നതെന്ന് ഇവർതന്നെ വെളിപ്പെടുത്തുന്നു. ജോലിയിലിരിക്കെ സത്യമെല്ലാം ഇവരുടെ മുന്നിലെ ഫയലുകളിൽ ഉറങ്ങും. പക്ഷേ, എങ്ങനെയാണെന്നറിയില്ല, സത്യസന്ധരെന്ന് പേരും കിട്ടും. അടുത്തൂൺ പറ്റിക്കഴിഞ്ഞാൽ പിന്നെ സത്യങ്ങളെല്ലാം അഭിമുഖമായോ, പുസ്തകരൂപത്തിലോ ഓരോന്നോരോന്നായി പുറത്തുവരും.

ചിലർക്ക് അജീർണം കലശലായതിനാൽ അവധിയെടുത്ത് സത്യവിരേചനം സാധിച്ചുകളയും. അങ്ങനെ പുറത്തുവന്നതാണ് പിൽക്കാലത്ത് പൾസർ സുനിപോലും പ്രമാണമായി സ്വീകരിച്ച ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന കിത്താമ്പ്‌. 

ഐ.എം.ജി.യിൽ ഉദ്യോഗസ്ഥമീനുകളുടെ  നീന്തൽക്കോച്ചായി കാലംകഴിക്കുന്ന ജേക്കബ് തോമസ് ആത്മകഥയുടെ രണ്ടാം ഭാഗത്തിന് ‘സ്രാവുകൾ ചതിച്ചപ്പോൾ’ എന്ന് പേരിടുമെന്ന് പ്രതീക്ഷിക്കാം. മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറും ആത്മകഥ എഴുതാനിരിക്കുന്നത്രെ. കേട്ടപ്പോൾ ആകെയൊരു ഹർഷപുളകം. കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയക്കൊലപാതകങ്ങൾ മുതൽ സ്വാമിയുടെ ലിംഗച്ഛേദംവരെയുള്ള സംഭവങ്ങളുടെ ചുരുൾ അങ്ങനെയെങ്കിലും അഴിയട്ടെ. ആത്മകഥയുടെ പേര് ‘നെത്തോലികൾക്കൊപ്പം നീന്തുമ്പോൾ’ എന്നായിക്കോട്ടെ. സ്രാവുകളെ കോടതികയറ്റിയ ആളല്ലേ. എന്തൊക്കെയോ നടക്കുന്നു. നമുക്കൊരുമിച്ച് നീന്താം. സ്രാവുകൾ ഒപ്പമുണ്ട്. വേറെ വഴിയില്ല. 

********

സ്രാവുകൾക്കൊപ്പം നീന്തിയ ശ്രീറാം വെങ്കിട്ടരാമന്  എംപ്ലോയ്‌മെന്റ് ഡയറക്ടറായി പ്രമോഷൻ കിട്ടിയിരിക്കുന്നു. സബ് കളക്ടറെ പിന്തുണച്ച റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പിണറായിയുടെ വക ഡിമോഷനും. ഇതെന്തുകഥയെന്ന് അതിശയിക്കാൻ വരട്ടെ. ശ്രീറാം എക്കാലവും ദേവികുളത്തെ സബ് കളക്ടറായിരിക്കണമെന്നാണ് ചില തത്പരകക്ഷികളുടെ ആഗ്രഹം. സബ് കളക്ടർമാരുടെ മേലാവിയായ മുഖ്യമന്ത്രിക്ക് അങ്ങനെ ചിന്തിക്കാൻ പറ്റുമോ? നല്ല ഭാവിയുള്ള ഈ ചെറുപ്പക്കാരനെ കേരളത്തിന്റെ അന്റാർട്ടിക്കയായ മൂന്നാറിലിട്ട് ഇനിയും മരവിപ്പിക്കുന്നത് ശരിയാണോ? പാവത്തിനാണേൽ ഒരു ഹെൽമറ്റുപോലും കൈയിലില്ല.

വകുപ്പ് ഡയറക്ടറായും ജില്ലാ കളക്ടറായുമൊക്കെ വളർന്ന് ഭരണഭാഷാ വകുപ്പിന്റെ തലവൻവരെയായി പരിലസിക്കേണ്ട പ്രതിഭയാണ് അദ്ദേഹമെന്ന് മറ്റാരെക്കാളും നന്നായി മുഖ്യനറിയാം. അതുകൊണ്ടാണ് റവന്യൂ മന്ത്രിയെപ്പോലും അറിയിക്കാതെ, മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്താതെ രായ്ക്കുരാമാനം അദ്ദേഹത്തെ അവിടെനിന്ന് മാറ്റിയത്. 
 

സി.പി.ഐ. മന്ത്രിമാരൊക്കെ വാളെടുക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചുകാണും. പാവം ചന്ദ്രശേഖരൻ മാത്രം എന്തോ പറഞ്ഞു. അതിന് പണിയും കിട്ടി. കളക്ടർമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയുടെ ഏഴയലത്തുപോലും റവന്യൂമന്ത്രിക്ക് ഇരിപ്പിടം കിട്ടിയില്ല. ശേഷിക്കുന്ന മന്ത്രിമാരോ, കാനം രാജേന്ദ്രനോ ഇതേവരെ കമാന്ന് മിണ്ടിയിട്ടില്ല. ഭരണപരമായ മാറ്റമെന്ന് ചന്ദ്രശേഖരൻ സമാധാനിക്കുന്നതു കണ്ടു. ശരിയാണ്. ഭരണസൗകര്യം സി.പി.ഐ.ക്ക് എന്നുമൊരു ദൗർബല്യമാണ്. ഇതിനായി ഇത്രത്തോളം വിട്ടുവീഴ്ച ചെയ്ത പാർട്ടി കേരളചരിത്രത്തിൽ വേറെയുണ്ടാവില്ല.  
 ശ്രീറാമിനെ മാറ്റിയത് എന്തിനെന്ന് നാട്ടുകാർക്കെല്ലാം മനസ്സിലായിട്ടും ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സംശയം.

കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. മണിയോട് ചോദിച്ചാൽ തീരുന്ന സംശയം ജനങ്ങളോട് ചോദിക്കുന്ന ഇവരെ ശല്യക്കാരായി പ്രഖ്യാപിക്കണം. 
 വി.എസ്. അച്യുതാനന്ദന്റെ കാലത്ത് മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കാനിറങ്ങിയ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു; കെ. സുരേഷ്‌കുമാർ. പുലിയായിരുന്നെങ്കിലും പൂച്ചയായി അറിയപ്പെടാനായിരുന്നു ആ പാവത്തിന്റെ വിധി. അദ്ദേഹത്തിന് അന്നോ പിന്നെയോ പ്രമോഷനൊന്നും കിട്ടിയതായിക്കേട്ടിട്ടില്ല. എന്നുമാത്രമല്ല, കുറെക്കാലം പണിപോലും കൊടുത്തില്ല. ഒടുവിൽ ഭരണഭാഷാ വകുപ്പിന്റെ തലവനായി. കുറെ സർക്കുലറുകൾ ഇറക്കിയെങ്കിലും കോഴിക്ക് മുലവരുന്നതിനുമുമ്പ് മലയാളം ഭരണഭാഷയാവില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ  അദ്ദേഹം ഒടുവിൽ ഐ.എ.എസ്. തന്നെ വിട്ടുപോയി. ശ്രീറാം എത്ര ഭാഗ്യവാൻ! കൈയേറ്റം ഒഴിപ്പിക്കാൻ തുടങ്ങിയതേയുള്ളൂ. അതിനുമുമ്പ് പ്രമോഷൻ തേടിയെത്തിയിരിക്കുന്നു. 
************

പൂക്കൾക്ക് നേതാക്കളുടെ പേരിടുന്ന പതിവ് ചില നാടുകളിലുണ്ട്. ഇസ്രയേലിൽ ചെന്നപ്പോൾ ഒരിനം ക്രിസാന്തെമത്തിന് മോദിയുടെ പേരിട്ടാണ് ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തെ വരവേറ്റത്. ഈ പൂവുതന്നെ തിരഞ്ഞെടുക്കാൻ കാരണമുണ്ട്. മോദിയെപ്പോലെ അതിശീഘ്രമാണ് ഇതിന്റെ വളർച്ച. ക്രിസാന്തെമം ഇസ്രയേലുകാർക്ക് മംഗളപുഷ്പമാണ്. എന്നുവെച്ച് എല്ലായിടത്തും അങ്ങനെയല്ല കേട്ടോ. ഫ്രാൻസിൽ ഈ പൂവ് ശവകുടീരങ്ങളിൽ വയ്ക്കാനുള്ളതാണുപോലും.

സിക്കിമിലെ ഒരിനം ഓർക്കിഡിന് ഇതിനുമുമ്പ് ‘സിമ്പിഡിയം നമോ’ എന്ന് പേരിട്ടിട്ടുണ്ട്. അതും മോദിയുടെ പേരിൽ. ഇങ്ങനെപോയാൽ മോദിപ്പൂക്കളുടെ ആഗോള പൂന്തോട്ടം വൈകാതെ ഉണ്ടാകും.  ചില പൂക്കൾക്ക് സർദാർ പട്ടേലിന്റെയും ദീനദയാൽ ഉപാധ്യായയുടെയും പേര് മോദിയും നൽകിയിട്ടുണ്ട്.  കേരളത്തിൽ ഈ പതിവില്ലാത്തത് എത്ര നന്നായി.  ഇവിടത്തെ പാവം പൂക്കളുടെ മുഖത്തുനോക്കി അവയെ ഉമ്മൻചാണ്ടി, അച്യുതാനന്ദൻ, പിണറായി വിജയൻ എന്നൊക്കെ വിളിക്കാൻ അതിക്രൂരന്മാർക്കുപോലും കഴിയില്ല.

nakhasikantham@gmail.com