അഹമ്മദ് പട്ടേലർ ഗുജറാത്തിൽനിന്ന് വീണ്ടും രാജ്യസഭയിലെത്തിയതോടെ ഇന്ത്യൻ ഫാസിസം ഞെട്ടലിലാണ്. ഒരുകാലത്ത് പട്ടേലരുടെ തൊമ്മിയായിരുന്ന ബലവന്തസിങ്ങിനെ പട്ടേലർക്കെതിരേ മത്സരിപ്പിക്കാൻ അമിത് ഷായ്ക്ക് കഴിഞ്ഞെങ്കിൽ ഷായുടെ പുലിമുഖം സ്വന്തം ചുവരിൽ സ്റ്റഫ് ചെയ്ത് സൂക്ഷിക്കാവുന്ന വേട്ടയാണ് പട്ടേലർ നടത്തിയിരിക്കുന്നത്. ആത്മവിശ്വാസം കൂടിയാൽ അമിത് ഷായും വീഴുമെന്ന പഴഞ്ചൊല്ല് യാഥാർഥ്യമായിരിക്കുന്നു.  

ആരാണ് ഗുജറാത്തിൽ കോൺഗ്രസിനെ രക്ഷിച്ചതെന്നത് ആർക്കും തിട്ടമില്ല. കോൺഗ്രസല്ലാത്ത ഒരാളേ പട്ടേലിന് വോട്ട് കുത്തിയിട്ടുള്ളൂവെങ്കിലും പട്ടേലർക്ക് കിട്ടിയ നാൽപ്പത്തിനാലാമത്തെ വോട്ടിന് ഇപ്പോഴും രണ്ട് അവകാശികളുണ്ട്. പട്ടേലരുടെ വിജയം ഇങ്ങനെ ദുരൂഹമായി തുടരുമ്പോഴും ഇന്ത്യൻ ഫാസിസത്തിന് ഇനിയും ബുദ്ധിയുറച്ചില്ലെന്നതിന്റെ സൂചനയായി ഈ തിരഞ്ഞെടുപ്പിനെ കാണണം. മേക് ഇൻ ഇന്ത്യ ഫാസിസത്തിന് ഇപ്പോഴും അന്നവിചാരമാണ് മുഖ്യം. നാട്ടുകാരുടെ ഭക്ഷണപ്പൊതികളിൽ സദാ ഒളിഞ്ഞുനോക്കുക. 

ചാക്കിട്ടുപിടിച്ച എം.എൽ.എ.മാർക്ക് ചെറിയ പരിശീലനം നൽകിയിരുന്നെങ്കിൽ ഇന്ത്യൻ ഫാസിസം അതിന്റെ സ്വന്തം മണ്ണായ ഗുജറാത്തിൽത്തന്നെ പരാജയത്തിന്റെ രുചി അറിയുമായിരുന്നില്ല. അതിബുദ്ധിമാനായ ഷായും രണ്ട് തിരുമണ്ടന്മാരും ചേർന്ന് പട്ടേലരെ വീണ്ടും രാജ്യസഭയിലെത്തിച്ചെന്ന് പറഞ്ഞാൽ മതി. മാപ്പർഹിക്കാത്ത ഈ അപരാധത്തിന്‌ ഫാസിസത്തിന്റെ ആരാധകർ അടുത്തകാലത്തൊന്നും ഷായോട് പൊറുക്കുമെന്ന് തോന്നുന്നില്ല. 

ബാങ്കുകളെ വെള്ളം തൊടാതെ വിഴുങ്ങാൻ ശേഷിയുള്ള മല്യ തുടങ്ങിയ സഹസ്ര കോടീശ്വരന്മാർക്ക് എം.എൽ.എ. മാരെ വിലയ്ക്കെടുത്ത് രാജ്യസഭയിൽ എത്താൻ ഒരുകാലത്ത് ഇന്ത്യയിൽ ഒരു തടസ്സവും ഉണ്ടായിരുന്നില്ല.  ഇങ്ങനെ പോയാൽ കോടീശ്വരൻമാരെല്ലാം എം.പി.മാരാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് തോന്നി. നാട്ടിലെ മുതലാളിമാർ തുനിഞ്ഞിറങ്ങിയാൽ മറ്റാർക്കും പാർലമെന്റിൽ പോകാൻ അവസരം കിട്ടില്ലെന്ന കാര്യത്തിൽ തർക്കം വേണ്ടല്ലോ. ഓപ്പൺ വോട്ട് വന്നത് ഇതോടെയാണ്. പാർട്ടി എം.എൽ.എ.മാർ അവരുടെ വോട്ട് അതത് പാർട്ടി ഏജന്റുമാരെ കാണിക്കണം. 


ഗുജറാത്തിൽ കോൺഗ്രസിൽനിന്ന് കൂറുമാറിയ രണ്ട് എം.എൽ.എ.മാർ അവരുടെ വോട്ട് സ്വന്തം ഏജന്റിനെ കാട്ടിയില്ല. പകരം അമിത് ഷായെയും ബി.ജെ.പി ഏജന്റിനെയും കാട്ടി. ഷായ്ക്ക് ബോധ്യപ്പെട്ടാലല്ലേ കിട്ടേണ്ടത് കിട്ടൂ എന്ന് ആ പാവങ്ങൾ കരുതിക്കാണണം. അല്ലെങ്കിൽ തനിക്ക് ബോധ്യപ്പെട്ടാലേ കൊടുക്കാനുള്ളത് കൊടുക്കൂവെന്ന് ഷാ പറഞ്ഞിട്ടുണ്ടാവണം. ആ വോട്ടുകൾ അങ്ങനെ അസാധുവായി. അല്ലായിരുന്നെങ്കിൽ പട്ടേലർ മൂന്ന് വോട്ടിനെങ്കിലും ഷായ്ക്ക് മുന്നിൽ മുട്ടുകുത്തിയേനെ.

 ഗുജറാത്തിലെ ഈ തിരഞ്ഞെടുപ്പ് ഒരു പാഠമാണ്. ഭാവിയിലും രാജ്യസഭാ തിരഞ്ഞെടുപ്പിന് ചാക്കുമായി ഷാമാർ ഇറങ്ങും. നിയമം എങ്ങനെയൊക്കെ വിലക്കിയാലും ആത്മാർഥമായി കൂറുമാറാൻ ആളുണ്ടാവും. കൂറുമാറിയെന്ന് വേണ്ടപ്പെട്ടവരെ സംശയലേശമെന്യേ മനസ്സിലാക്കിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടാക്കിയില്ലെങ്കിൽ ജനാധിപത്യത്തിനുവേണ്ടി ഒഴുക്കുന്ന വിയർപ്പെല്ലാം പാഴാവും. കൂറുമാറ്റ കലാരൂപംതന്നെ അന്യം നിന്നുപോകാനും സാധ്യതയുണ്ട്. ചാക്കിലാവുന്നവർക്ക് ഇമ്മാതിരി അമളി പിണയാതിരിക്കാൻ പ്രത്യേകപരിശീലന സംവിധാനവും ഉറപ്പാക്കണം. ചാക്ക് ജനാധിപത്യത്തിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്ന ബി.ജെ.പി.യും അമിത് ഷായും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. 

 ഓപ്പറേഷൻ സക്സസ് ഫുൾ ആയെങ്കിലും ഗുജറാത്തിൽ കോൺഗ്രസ് ഇപ്പോഴും വെന്റിലേറ്ററിലാണ്. 57 എം.എൽ.എ.മാരുണ്ടായിരുന്നത് ഈ സംഭവവികാസങ്ങളോടെ 43 ആയി. എന്നാലെന്താ? പെരും ചേതമുണ്ടെങ്കിലും അല്പലാഭം ആശ്വാസമല്ലേ. പട്ടേലർ തോറ്റെങ്കിൽ എന്താവുമായിരുന്നു സ്ഥിതിയെന്ന് ഓർത്താൽ മതി. ഇനിയിപ്പോ, രാഹുൽ ഗാന്ധി ബുള്ളറ്റ് പ്രൂഫ് ഉടുപ്പൂരി എങ്ങോട്ടെങ്കിലും പോയാലും തരക്കേടില്ല. കോൺഗ്രസിനെ രക്ഷിക്കാൻ വന്ദ്യവയോധികരേ കാണൂ.
*****
ഫാസിസത്തെ തോൽപ്പിക്കാനാണ് മലപ്പുറത്തെ ജനത വൻഭൂരിപക്ഷത്തോടെ പി.കെ. കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിലേക്ക് അയച്ചത്. അതിനൊരു മികച്ച അവസരമായിരുന്നു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. കുഞ്ഞാപ്പയുടെയും കൂട്ടുകാരൻ അബ്ദുൾ വഹാബിന്റെയും രണ്ട് വോട്ടുകൂടി ഗോപാലകൃഷ്ണഗാന്ധിക്ക് കിട്ടിയിരുന്നെങ്കിൽ മറ്റൊന്നും സംഭവിച്ചില്ലെങ്കിലും വെങ്കയ്യനായിഡുവിന്റെ ഭൂരിപക്ഷം ഉറപ്പായും കുറയുമായിരുന്നു. മതേതരത്വത്തിന് ഇത് കുറഞ്ഞത് രണ്ടായിരം വോട്ടിന്റെ ഗുണം ചെയ്യുമായിരുന്നു. എന്തുചെയ്യാം. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയെന്നുപറഞ്ഞപോലെ കുഞ്ഞാപ്പ ഡൽഹിയിൽ നിൽക്കാതെ നേരേ നാട്ടിലേക്ക് പോന്നുകളഞ്ഞു. അതും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് തന്ത്രങ്ങൾ മെനയാൻ.  മുനിസിപ്പാലിറ്റിയെന്ന്‌ കേട്ടാൽ ഈ പഴയ മുനിസിപ്പൽ ചെയർമാന് ഇപ്പോഴും ദൗർബല്യം തന്നെ. 

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വോട്ടുപെട്ടി പൂട്ടിയശേഷമാണ് ഇരുവരും പാർലമെന്റിലെത്തിയത്. വിമാനം ചതിച്ചുപോലും. ഫാസിസം പല്ലിളിക്കുന്നെന്ന്‌ വിചാരിച്ച് വിമാനത്തിന്റെ വാതിൽ തള്ളിത്തുറക്കാൻ പറ്റുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ശരിയല്ലേ. കുഞ്ഞാപ്പ കേറുന്ന വിമാനം കൃത്യത പാലിച്ചില്ലെങ്കിൽ ഫാസിസം ഇനിയും തഴച്ചുവളരാനാണ് സാധ്യത. സാരമില്ല. അദ്ദേഹത്തിന് ഇപ്പോൾ കുറ്റബോധം തോന്നിയിരിക്കുന്നു. ഡൽഹിയിൽ തങ്ങേണ്ടതായിരുന്നെന്ന് അദ്ദേഹത്തിന് തന്നെ തോന്നിയിരിക്കുന്നു. കുഞ്ഞാപ്പയെ ദീർഘദൃഷ്ടി മാത്രമല്ല, പിൻബുദ്ധികൂടി അനുഗ്രഹിച്ചിട്ടുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. അദ്ദേഹം വ്യോമയാന മന്ത്രാലയത്തിന് പരാതി കൊടുത്തിട്ടുണ്ട്. പരിഹാരമില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്. കോടതിയിൽപ്പോയിട്ടെന്താ? നഷ്ടപരിഹാരത്തിന് വിധിക്കുമായിരിക്കും. അല്ലാതെ അദ്ദേഹത്തിന്റെ വോട്ട് ഫാസിസത്തിനെതിരേ വീണതായി കണക്കാക്കാൻ കോടതി വിധിക്കാനൊന്നും പോകുന്നില്ല. അവിടെയും കുഞ്ഞാലിക്കുട്ടിക്ക് നേട്ടം.  ഫാസിസത്തിനെന്ത് കോട്ടം? 

******
യു.പി.യിൽ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ മെഡിക്കൽ കോളേജിൽ ഓക്സിജൻ ഇല്ലാതെ അറുപതോളം കുട്ടികൾ പിടഞ്ഞുമരിച്ചിരിക്കുന്നു. ഇതിന് ആദിത്യനാഥിനെ കുറ്റം പറയാൻ വരട്ടെ. അദ്ദേഹമല്ല, അന്നാട്ടിലെ പശുക്കളാണോ  ഉത്തരവാദിയെന്ന് ആദ്യം അന്വേഷിക്കേണ്ടിവരും.  പശു വാതുറന്നാൽ ഓക്സിജൻ കുമുകുമാ വരുമെന്ന് ജഡ്ജിമാർപോലും വിധിച്ചിട്ടുള്ള നാടാണിത്. ആദിത്യനാഥാകട്ടെ, പശുക്കൾക്കുവേണ്ടി പശുക്കളുടെ അനുഗ്രഹാശിസ്സുകളോടെ തിരഞ്ഞെടുക്കപ്പെട്ടയാളാണ്.  എന്നിട്ടും അവിടത്തെ പശുക്കൾ ഓക്സിജൻ പുറത്തുവിടുന്നില്ലെങ്കിൽ അവ യോഗിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്ന് സംശയിക്കണം.  അല്ലെങ്കിൽ, മുൻ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ പിന്തുണ കിട്ടാത്തിനാൽ ഓക്സിജൻ ഉത്പാദനത്തിൽ പശുക്കൾക്കുണ്ടായ അമാന്തം തുടരുന്നുണ്ടാവും. അവിടെ സിലിൻഡർ ഇല്ലാത്ത എല്ലാ ആസ്പത്രികളിലും സിലിൻഡറിനുപകരം പശുക്കളെക്കെട്ടാനും ഉടൻ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ. 
nakhasikantham@gmail.com