പ്രവർത്തിക്കുന്നതിനുമുമ്പ് ചിന്തിക്കാതിരിക്കുക, പ്രവർത്തിച്ചതിനുശേഷം മാത്രം അല്പാല്പമായി ചിന്തിച്ചുതുടങ്ങുക. മഹാനായ കാറൽ മാർക്സ് ഇങ്ങനെ പറഞ്ഞതായി അറിയില്ല. പഴക്കമേറുന്തോറും ചിന്തയ്ക്ക് ചന്തമേറുമെന്ന് മറ്റ് താടിക്കാരും പറഞ്ഞിട്ടില്ല. പക്ഷേ, നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാരുടെ പ്രത്യയശാസ്ത്രം ഇതാണ്. ഇതുമാത്രമാണ്.  പിണറായി വിജയൻ മാധ്യമപ്രവർത്തകരോട്  ‘കടക്ക് പുറത്ത്’  എന്നുപറഞ്ഞ് കോപ്പിരാട്ടി കാട്ടിയപോലെ ഗവർണർ  അദ്ദേഹത്തോട് ‘വാ, ഇവിടെ’ എന്നു പറഞ്ഞിരിക്കാൻ ഇടയില്ല. എന്നിട്ടും ഗവർണർ വിളിച്ചപ്പോൾ അദ്ദേഹം രാജ്ഭവനിലേക്ക് ഓടിപ്പോയി. പോകുന്നപോക്കിൽ എ.കെ.ജി. സെന്ററിലെത്തി സുപ്രസിദ്ധ ഭരണഘടനാ വിദഗ്ധൻ കോടിയേരി ബാലകൃഷ്ണനുമായി കൂടിയാലോചിക്കുകയും ചെയ്തു. പെട്ടെന്ന് പോയില്ലെങ്കിൽ മുഹൂർത്തം തെറ്റുമെന്ന് അദ്ദേഹം ഉപദേശിച്ചുകാണണം.

ഗവർണറോട് സംവദിച്ച്, ചായയും കുടിച്ച് അദ്ദേഹം ആവശ്യപ്പെട്ടതൊക്കെ ശിരസ്സാവഹിച്ചാണ് പിണറായി അവിടെനിന്ന് മടങ്ങിയതെന്നാണ് കിംവദന്തി. ഭരണഘടനാ വിദഗ്ധർ ഇക്കാര്യത്തിൽ പല തട്ടിലാണ്. മുഖ്യൻ പോകാതെ സംഗതികൾ ഒരു വെള്ളക്കടലാസിൽ വെടിപ്പായി എഴുതിക്കൊടുത്താൽ മതിയായിരുന്നുവെന്ന് പറയുന്നവരുണ്ട്. ക്രമസമാധാനത്തെപ്പറ്റി ചോദിച്ച ഗവർണർക്ക് മമതാ ബാനർജി മോഡലിൽ ഒരാട്ടുവെച്ചുകൊടുക്കാൻ ഭരണഘടനയിൽ വകുപ്പുണ്ടെന്ന് മറ്റൊരുകൂട്ടർ. ഏറ്റവും കുറഞ്ഞത് മുൻഗാമി ഇ.കെ. നായനാരെപ്പോലെ ഗവർണർ വെള്ളാനയാണെന്ന താത്ത്വികനിലപാടെങ്കിലും  എടുക്കാമായിരുന്നില്ലേയെന്ന് വേറെ ചിലർ. കൊള്ളാം.

ആണുങ്ങളായാൽ ഗവർണറെ ഇങ്ങനെ അനുസരിക്കണമെന്ന് മറ്റുചിലർ. ഗവർണർ സദാശിവം മലയാളി ആയിരുന്നെങ്കിൽ പിണറായിയുടെ വിനയംകണ്ട് നീലക്കുയിലിലെ എല്ലാരും ചൊല്ലണ്... എന്ന പാട്ടുപാടിപ്പോകാൻ എല്ലാ സാധ്യതയും ഉണ്ടായിരുന്നു. അത്രത്തോളം സൗഹൃദമാണ് ഈ കൂടിക്കാഴ്ചയിൽ വഴിഞ്ഞൊഴുകിയത്. പക്ഷേ, ദിവസങ്ങൾ പിന്നിട്ടപ്പോൾ ജെ.സി.ബി.കൊണ്ട് പൊക്കുന്നതുപോലെ സി.പി.എമ്മിൽ മെല്ലെമെല്ലെ ചിന്ത പൊങ്ങിവരാൻ തുടങ്ങി. ഗവർണർ ബി.ജെ.പി. സർക്കാരിന്റെ നോമിനിയാണെന്നും അദ്ദേഹത്തിൽ കേന്ദ്രം സമ്മർദം ചെലുത്തിയിരിക്കുമെന്ന തോന്നൽ വെള്ളിടിപോലെ സഖാക്കളിൽ പതിച്ചു. മുഖ്യൻ പോയതിനെക്കുറിച്ച് പാർട്ടി സെക്രട്ടറിയുടെ പ്രതികരണം കാലാവസ്ഥാ പ്രവചനംപോലെ ചാഞ്ചാടി. പോയത് തെറ്റാവാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്ന മട്ട്.

ഇപ്പോൾ സംശയരോഗവും പടിമുറുക്കിയിരിക്കുന്നു. ഗവർണർ ഭരണത്തിൽ ഇടപെടുന്നുവോ എന്ന സംശയം കലശ്ശൽ.  ഒരെത്തുംപിടിയുമില്ലാത്തതിനാൽ അടുത്ത പ്ലീനംവരെ  ട്വിറ്ററിനാണ് പഴി . പോയതിലും വന്നതിലും തെറ്റില്ല. മുഖ്യമന്ത്രിയെ സമൺ ചെയ്തെന്ന് ഗവർണർ ട്വീറ്റ് ചെയ്തതിലാണ് പ്രശ്നമത്രെ. എന്തുനടന്നാലും സാരമില്ല. നാലാൾ അറിയാതിരുന്നാൽ മതി. ഇതാണ് ഇരുമ്പുമറയുടെ സുതാര്യത.

 പോയതിൽ തെറ്റുണ്ടോയെന്ന് പോയ മുഖ്യൻ വേണമല്ലോ പറയാൻ. ഗവർണർ സമൺ ചെയ്തതിൽ മുഖ്യമന്ത്രിക്ക് ജാള്യത തോന്നിയതായി ഇതുവരെയും റിപ്പോർട്ടില്ല. പിറ്റേന്നാൾ മാധ്യമപ്രവർത്തകരോട് കയർത്തത് ഗവർണറോട് തോറ്റതിന്റെ അരിശം തീരാഞ്ഞിട്ടാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. പക്ഷേ, ഇത് വെറും സാഹചര്യത്തെളിവ് മാത്രമാണ്. പക്ഷേ, പാർട്ടിയുടെ അഭിപ്രായം കേൾക്കുമ്പോൾ പന്തി എവിടെയോ കേടായിട്ടുണ്ടെന്ന് ഉറപ്പ്.  
 ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഗവർണർ താങ്കളെ വിളിച്ചുവരുത്തിയത് തെറ്റോ, ശരിയോ? ഗവർണർ ട്വീറ്റ് ചെയ്യുമെന്ന് സ്വപ്നേപി വിചാരിക്കാതിരുന്ന നിഷ്കളങ്കനായ താങ്കൾ യഥാർഥത്തിൽ വഞ്ചിക്കപ്പെട്ടോ?  അതോ, ശോഭാസുരേന്ദ്രന്റെ കോപാഗ്നിയിൽ വീണ്ടും പെട്ടുപോവുന്നതിൽനിന്ന് ഗവർണറെ രക്ഷിക്കാൻ താങ്കൾ സഹിച്ച ത്യാഗമായിരുന്നോ ഇത്? മടിയിൽ ഭൂരിപക്ഷമുള്ളവർ ഗവർണറെ ഭയക്കേണ്ടതുണ്ടോ? ഇതൊക്കെ അറിയാൻ ജനം കൊതിക്കുന്നുണ്ട്. 
*****
 ഈ സംഭവവികാസങ്ങൾ മലയാളികളെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞുവെന്നതിൽ സംശയമില്ല. രാജ്ഭവനിൽ ഉണ്ടുറങ്ങുക, കരാൽക്കടയിൽനിന്ന് കൈത്തറി വാങ്ങുക, കുഞ്ഞുകുട്ടി പരാധീനങ്ങളെ ഒന്നില്ലാതെ കൊണ്ടുവന്ന് കോവളം കാണിക്കുക, ഓണത്തിനും പെരുന്നാളിനും പത്രദ്വാരാ ആശംസ നേരുക, യോഗങ്ങളിൽ എഴുന്നള്ളി ‘പശു ഏക് പാൽത്തൂ ജാൻവർ ഹൈ’ പോലുള്ള പൊതുവിജ്ഞാപനം വിളമ്പുക... ഇത്യാദി പണികളാണ് കേരളത്തിലെ ഗവർണർക്ക് നമ്മൾ കല്പിച്ചു നൽകിയിരുന്നത്.   ഒരു ഗവർണറെയും സത്യസന്ധമായും അന്തസ്സോടെയും ജീവിക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നതാണ് പരമാർഥം. ഗവർണറുടെ വായിൽ അതത്  സർക്കാരുകൾക്ക് എന്തും തിരുകിക്കയറ്റാം. ഉമ്മൻചാണ്ടിയുടെ ഭരണം സുവർണയുഗമെന്ന് പറഞ്ഞ അതേനാവുകൊണ്ട് പിന്നിട്ടത് ഇരുണ്ടയുഗമെന്ന് പിണറായിയുടെ കാലത്ത്  പറഞ്ഞുകളയും ഗവർണർമാർ. ഇങ്ങനെ ഔദ്യോഗികാവശ്യത്തിനായി കൂറുമാറുന്നതിന് നയപ്രഖ്യാപനം എന്നാണ് പേര്. ചിലനാടുകളിൽ ചില ഗവർണർമാർ കേന്ദ്രത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് സർക്കാരുകളെ അട്ടിമറിച്ചുകൊടുക്കുന്നതായി കേട്ടിട്ടുണ്ട്. 1959-ൽ കേരളത്തിലാണ് ഈ പരിപാടിക്ക് തുടക്കമിട്ടതെങ്കിലും പിന്നീട് ഇവിടെയിതിന് കോളൊത്തിട്ടില്ല. ഗവർണർമാർ ഭരണത്തിൽ കൈയിട്ടതിനാൽ അല്ലറചില്ലറ പൊട്ടലുംചീറ്റലും ഉണ്ടായെന്നല്ലാതെ മറ്റ്  ക്രൂരകൃത്യങ്ങളൊന്നും ഇന്നാട്ടുകാരോട് ഗവർണർമാർ കാട്ടിയിട്ടില്ല. 

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ സദാശിവം എന്ന മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒന്നിലധികം ചങ്കുണ്ടെന്ന് പരക്കെ ആരോപിക്കപ്പെടുന്ന പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ സമൺ ചെയ്തെന്ന് കേട്ടാൽ ആരായാലും ഞെട്ടിത്തരിച്ചുപോവും. അതും ഒരു ആർ.‌എസ്‌.എസ്‌. നേതാവ്‌ കൊല്ലപ്പെട്ടതിന്റെ പേരിൽ. ഈ ഞെട്ടലിലാണ് കേരളം. ഇതിന്റെ  പ്രത്യാഘാതങ്ങൾ പലതാണ്. അഴിമതിയുടെ പാപഭാരവും പേറി തലയിൽ മുണ്ടിട്ട് നടന്ന ബി.ജെ.പി.ക്കാർക്ക് ഇതോടെ ഇരകളുടെ ദയനീയഭാവം വീണ്ടുകിട്ടി. ഈ പാവങ്ങൾ ഒന്നും ചോദിക്കാതെത്തന്നെ നമ്മൾ വല്ലതും അറിഞ്ഞ് കൊടുത്തുപോവുന്ന സ്ഥിതിയാണ്. ‘കേരളം ചെകുത്താന്റെ സ്വന്തംനാട്’ എന്ന കർണകഠോര കഥാപ്രസംഗം പാർലമെന്റിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഇവിടത്തെ അക്രമവുമായി താരതമ്യപ്പെടുത്തുമ്പോൾ പശുഗുണ്ടകൾ വടക്കേയിന്ത്യയിൽ നടത്തുന്ന കൊലപാതകങ്ങൾ കാരുണ്യപ്രവാഹമാണത്രെ. ഗോമാതൃസ്നേഹത്തിന്റെ അൾത്താരയിലെ ഉത്സവബലികളാണത്രെ. 

പാടത്തെ പണിക്ക് വരമ്പത്തുതന്നെ കൂലികൊടുക്കണമെന്ന് വാശിയുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇതോടെ സമാധാനരോഗത്തിന്റെ പിടിയിലുമായി. ഐശ്വര്യപൂർണമായ നവകേരളം കെട്ടിപ്പടുക്കാൻ സമാധാനം പുലർന്നേപറ്റൂ എന്ന് അദ്ദേഹത്തിന്  വെളിപാടുണ്ടായിരിക്കുന്നു. എന്തെല്ലാം പ്രകോപനങ്ങൾ ഉണ്ടായാലും കൊലപാതകങ്ങളും അക്രമങ്ങളും പാടില്ലപോലും. പാർട്ടി ഓഫീസ് തല്ലിത്തകർക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലും പാടില്ല. വീടുകൾ ആക്രമിക്കുന്നവർ രാഷ്ട്രീയസംസ്കാരമില്ലാത്ത കൊടിയ പാപികളാണത്രെ.  പാർട്ടിപത്രത്തിലെ അദ്ദേഹത്തിന്റെ ഈ സാരോപദേശങ്ങൾ കേട്ട് പാടവരമ്പത്തെ പുൽക്കൊടികൾ വാപൊത്തി ചിരിക്കുന്നുണ്ടാവും.  

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ദേശിച്ചതുപോലെയല്ലെങ്കിലും കേരളം സൊമാലിയയാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞതാണ് ഇതിലൊക്കെയും മുഖ്യം.  സൊമാലിയയിൽ യുദ്ധമുതലാളിമാരാണ്  ആഭ്യന്തരയുദ്ധം നടത്തുന്നത്. വാർലോർഡ്‌സ് എന്ന ഓമനപ്പേരിലാണ് ഇവർ അറിയപ്പെടുക. ഇവിടെ ബി.ജെ.പി.യിലെയും സി.പി.എമ്മിലെയും വാർലോർഡ്‌സുകളുടെ നേതൃത്വത്തിലാണ് ആഭ്യന്തരയുദ്ധം. ഇവർ ഒരുമേശയ്ക്ക് ചുറ്റും ഇരുന്നപ്പോഴേക്കും സംഘർഷം ശഠേന്ന് നിന്നിരിക്കുന്നു. സംസ്ഥാനതലത്തിൽ ഒറ്റ സ്വിച്ചല്ല. വാർഡുതോറും സംഘർഷത്തിന്റെ സ്വിച്ചുകളുണ്ട്. അവയെല്ലാം ഓടിനടന്ന് അണയ്ക്കുകയാണിപ്പോൾ. രണ്ടുമാസം മുമ്പത്തെ വഴിനടത്തംപോ​ലെയല്ല. ഇത്തവണ പല പണിക്കാർക്കും ഇടക്കാലത്തേയ്ക്കെങ്കിലും ജോലിയും കൂലിയും മുടങ്ങാൻ ഇടയുണ്ട്.