ഐക്യകേരളത്തിന്റെ വജ്രജൂബിലിക്ക്‌ പിന്നാലെ മദ്യകേരളത്തിന്റെ സുവർണജൂബിലിയുമെത്തിയിരിക്കുന്നു. 1956-ൽ ഐക്യകേരളം പിറന്നെങ്കിലും  57-ൽ കമ്മ്യൂണിസ്റ്റ്‌ ഭരണം വന്നെങ്കിലും മദ്യത്തിന്റെ കാര്യത്തിൽ നാട്ടിലൊരു ഐക്യമുണ്ടായിരുന്നില്ല. പകുതിയോളം പ്രദേശത്ത് മദ്യനിരോധനം. അവിടങ്ങളിൽ തേരട്ടയും പാഴായ ബാറ്ററിയുമിട്ട് കാച്ചിയ കൊട്ടൂടി, മണ്ടക്കഷായം തുടങ്ങിയ വാറ്റുപാനീയങ്ങളുടെ തേർവാഴ്ച. മറുപകുതിയിൽ കുഞ്ചൻനമ്പ്യാർ പാടിയപോലെ ‘എതിരേകതിരവനുയരുംമുമ്പേ ഉരിയൊരു മരനീരുള്ളിൽച്ചെല്ലാൻ’  പാകത്തിന് കള്ളുഷാപ്പുകളുടെ ഉന്മാദനൃത്തം. മലബാറിൽ മദ്യമില്ല. തെക്കോട്ടുവന്നാൽ കൊട്ടാരക്കരയ്ക്കപ്പുറം കുടിക്കാം. ഇപ്പുറം പാടില്ല. 

ഈ ദുരവസ്ഥയെക്കുറിച്ചാണ് പണ്ട് ജോസഫ് ചാഴിക്കാടൻ നിയമസഭയിൽ ഇങ്ങനെ പൊട്ടിത്തെറിച്ചത്- ‘കൊട്ടാരക്കരയ്ക്ക് അപ്പുറം വരുമ്പോൾ ഒരു കോലുകൊണ്ട് വഴിയിലിടും. അവിടെ വണ്ടിനിർത്തും. അപ്പുറത്തുള്ളവർക്ക് കുടിക്കാം. ഇപ്പുറത്തുള്ളവർക്ക് കുടിക്കാൻ പാടില്ല. രാജ്യത്തിന്റെ നടുക്ക് ഒരുകോൽവെച്ച് ആ കോലിനപ്പുറം പോയിക്കിടന്ന് മൂക്കറ്റം കുടിച്ച് ആ കോൽ കടന്നുപോരാം. ഇതൊരു രാജ്യമാണോ സാർ?’  

പ്രാകൃതമായ ഈ കോൽവിദ്യയിൽനിന്ന്‌ കേരളത്തെ മോചിപ്പിച്ചത് ആദിശങ്കരനെക്കാൾ മികച്ച ശങ്കരനെന്ന് പിൽക്കാലത്ത് സുധാകരമഹാകവി വാഴ്ത്തിയ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ രണ്ടാംസർക്കാരാണ്.  അമ്പതുവർഷം മുമ്പായിരുന്നു കേരളത്തെ മാറ്റിമറിച്ച മഹത്തായ ആ വിപ്ലവം. അന്ന് 1967 ജൂൺ 30-ന് നിയമസഭ പാസാക്കിയ മദ്യനിരോധന ഭേദഗതിബില്ലാണ് അങ്ങിങ്ങ് നിലനിന്ന നിരോധനം ഒഴിവാക്കി കേരളത്തിൽ മദ്യഭാവിക്ക്‌ അടിത്തറയിട്ടത്‌. ‘മദ്യം കൊടുത്ത് മദ്യം വർജിപ്പിക്കുക’ എന്ന കേരളാ ​േമാഡൽ മദ്യവർജനത്തിന്‌ വിജയകരമായ തുടക്കംകുറിച്ചത് അന്നാണ്. അതോടെ, കൊട്ടൂടിയും മണ്ടക്കഷായവും  കുടിച്ച് മയങ്ങിക്കിടന്ന യുവാക്കളുടെ മണ്ടയിൽ അവരുടെ ബോധധാരകളെ ഉദ്ദീപിപ്പിച്ചുകൊണ്ട് നല്ല തെളിഞ്ഞമദ്യം വീണു. ഒരു നാടപ്പാടെ പുരോഗതിയിലേക്ക് കുഴഞ്ഞെണീറ്റു. ഈ നിയമത്തിന് അരനൂറ്റാണ്ട് തികയുന്ന മുഹൂർത്തത്തിൽത്തന്നെ മദ്യപരമായ മറ്റൊരു മഹത്തായ തിരുത്തലിന് പിണറായി സർക്കാരിന് നിയോഗമുണ്ടായത് വിപ്ലവപരദേവതകളുടെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. 

ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്നതിലും യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമാക്കാതിരുന്നതിലും ചരിത്രപരമായ അബദ്ധം പിണഞ്ഞാലും ഈ മദ്യനയത്തിൽ സി.പി.എമ്മിന്  ഒരിക്കലും പിഴച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ മുൻശുണ്ഠി വരുത്തിവെച്ച ബാർനിരോധനം തുടർന്നാലുണ്ടാകുമായിരുന്ന തിരിച്ചടികളിൽനിന്ന് കേരളത്തെ രക്ഷിക്കാൻ പിണറായിക്ക് കരുത്തുനൽകിയത് ചരിത്രപരമായ ഈ തന്റേടമാണ്.  ഇത് വിജയനിൽനിന്ന് പ്രതീക്ഷിച്ചില്ലെന്നൊക്കെ  വിലപിക്കുന്ന രമേശ് ചെന്നിത്തല എന്നും ചരിത്രത്തിൽനിന്ന് അകലംപാലിക്കുന്ന  തന്ത്രശാലിയാണെന്നുമാത്രം വിചാരിച്ചാൽമതി. 
 ജൂൺ 30 വരുന്നതേയുള്ളൂ. ഒരുങ്ങാൻ ഇനിയും സമയമുണ്ട്. വജ്രകേരളം ആഘോഷിച്ചപോലെ സുവർണമദ്യകേരളം എന്നപേരിൽ ഒരാഘോഷവും സംഘടിപ്പിക്കാം. സർക്കാർ ഇതിന് തുനിഞ്ഞില്ലെങ്കിൽ നാട്ടിലെ കുടിയൻമാരുടെ സംഘടനകളെങ്കിലും ഇതിന് മുൻകൈയെടുക്കണം. എന്തായാലും കട്ടൻചായയുടെ മന്വന്തരങ്ങളും പരിപ്പുവടകളുടെ ജൻമാന്തരങ്ങളും കഴിഞ്ഞു. പ്രായോഗിക ബ്രാണ്ടിയുടെയും മതേതര ബീഫിന്റെയും കാലമാണിത്. ആഘോഷം കൊഴുക്കട്ടെ. മുഖ്യമന്ത്രിയോട് ഒന്നേ പറയാനുള്ളൂ. മുക്തി, വിമുക്തി തുടങ്ങി മദ്യപർക്ക് വഴങ്ങാത്ത പേരുകളുള്ള പദ്ധതികളൊന്നും ലഹരിവിരുദ്ധ ബോധവത്കരണത്തിന് പ്രയോജനപ്പെടില്ല. പണ്ട് കോട്ടയം സമ്മേളനത്തിൽ താങ്കൾ മദ്യപരെ ശാസിച്ചത് ഓർമയുണ്ടോ? വെള്ളമടിച്ചാൽ വയറ്റിൽക്കിടക്കണമെന്ന്. ഈ സമീപനത്തിന്റെ പ്രസക്തി കൂടുകയാണ്. ഉടൻ ഒരു ഓർഡിനൻസ് കൊണ്ടുവരണം. 2017-ലെ കേരള വെള്ളമടി വയറ്റിൽകിടക്കൽ(ഉറപ്പാക്കൽ) ഓർഡിനൻസ്. മദ്യപിക്കുന്നവർ പൊതുസ്ഥലത്ത് നൃത്തംചെയ്യരുത്, ഉഷാ ഉതുപ്പിനെപ്പോലെ പാടരുത്, സർക്കാറിനെതിരെ ഗൂഢാലോചന നടത്തരുത്‌ എന്നൊക്കെ ആയിക്കോട്ടെ പ്രധാന വ്യവസ്ഥകൾ. 


*******
പരമ്പരാഗത ഗാന്ധിയൻമാരും കമ്യൂണിസ്റ്റുകളും തമ്മിലൊരു വ്യത്യാസമുണ്ട്. ഗാന്ധിയൻമാർ മദ്യപിക്കില്ല. മദ്യപിക്കുന്നവരെ അതിന് സമ്മതിക്കുകയുമില്ല. കമ്യൂണിസ്റ്റുകൾ കുടിക്കില്ല. പക്ഷേ, കുടിക്കുന്നവരെ പിണക്കില്ല. ഒഴിക്കുന്നവൻ, ചെത്തുന്നവൻ, വിൽക്കുന്നവൻ എന്നിവരുടെയൊക്കെ യൂണിയനുകളുണ്ടാക്കി കുടിയെ സാർവദേശീയ തൊഴിലാളി പ്രശ്നമാക്കി മാറ്റും. പിന്നെയിതൊട്ട് നിരോധിക്കാനും പറ്റില്ല. കോൺഗ്രസുകാർ ഇതിലൊന്നും പെടില്ല. കള്ളുകുടിക്കിടയിലും മദ്യനിരോധനത്തിനുവേണ്ടി മുദ്രാവാക്യംമുഴക്കി ഇവർ സ്വയം വിഡ്ഢികളാവും. ഗാന്ധിയുണ്ടാക്കിവെച്ച ഹാങ്ഓവർ! മദ്യനിരോധനത്തിന് മുന്നിൽനിൽക്കുന്ന പിതാക്കൻമാർക്കാകട്ടെ, കുർബാനയ്ക്ക് വീഞ്ഞുവാറ്റാൻ ഡിസ്റ്റിലറി തന്നെവേണം. വെള്ളം വീഞ്ഞാക്കാൻ കർത്താവിന് കഴിഞ്ഞെങ്കിൽ  പിതാക്കൻമാർക്കും അതുപോരേ? വിശ്വാസം അതല്ലേ, എല്ലാം! 

കേരളത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും അവിശ്വസനീയമായ സംഭവം കൈരളി കപ്പൽ കാണാതായതല്ല, ഉമ്മൻചാണ്ടി ഒരു സുപ്രഭാതത്തിൽ മദ്യവിരുദ്ധനായതാണെന്ന് വിശ്വസിക്കുന്നവർ ഒട്ടേറെയുണ്ട്. കോൺഗ്രസിൽനടന്ന ഒരു പ്രച്ഛന്നവേഷമത്സരത്തിന്റെ പ്രത്യാഘാതമായി ഭാവിയിൽ ഇത് വിലയിരുത്തപ്പെടാം. ആദർശഭ്രാന്തനായ വി.എം.സുധീരനെ തോൽപ്പിക്കാൻ  ഉമ്മൻചാണ്ടിയും അതേവേഷംകെട്ടിയപ്പോഴുണ്ടായ ദുരന്തം. എല്ലാ ബാറുകളും തുറന്നുവെച്ച് പിണറായി വിജയൻ തങ്ങളെ വിമോചനസമരത്തിന് നിർബന്ധിക്കുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിച്ചതെന്ന് തോന്നുന്നു. അതുണ്ടായില്ല. പുതിയനയം അവർക്ക് ഇത്തരത്തിൽ സങ്കടകരമാണ്. എന്നാലോ,  കുറേ അബ്കാരികളുടെയെങ്കിലും പുനരധിവാസപ്രശ്നം പരിഹരിച്ചുകിട്ടിയതിൽ ഭരണക്കാരെപ്പോലെ  ഇവരും ഉള്ളാലെ സന്തോഷിക്കുകയാവും.  ജനാധിപത്യത്തിന്റെ മുഖ്യചാലകശക്തി അബ്കാരികളായിരുന്നല്ലോ. പല പാർട്ടികളുടെയും ഓഫീസുകളിൽ ഇത്തവണ ഓണം നേരത്തേവന്നെന്നുവരും.  ഭരണകക്ഷി കോഴവാങ്ങിയെന്ന ആരോപണം ഇനിയങ്ങോട്ട് മുഴങ്ങുകയും ചെയ്യും.  വാങ്ങിയെങ്കിൽത്തന്നെ നിങ്ങളെപ്പോലെ ബാറ് പൂട്ടിക്കാനല്ലല്ലോ, തുറക്കാനല്ലേ എന്ന് പ്രതിപക്ഷത്തിന് മുഖമടച്ച് മറുപടി കൊടുക്കണം.  ഇനിയാരെങ്കിലും  കോഴ തെളിയിക്കാനിറങ്ങിയാലോ?  ഒന്നും  പേടിക്കാനില്ല. പണ്ടൊരാൾ വീട്ടിലെ യന്ത്രത്തിലെണ്ണിയതിന് ഇതുവരെയും തെളിവുകിട്ടിയിട്ടില്ല.

കേരളത്തിലെ കുടിയൻമാരെ ഇരുന്ന് കുടിക്കാൻ യോഗമില്ലാത്തവരാക്കിയത്‌  ഉമ്മൻചാണ്ടി. പാതയോര മദ്യനിരോധനം വന്നതോടെ ബിയറും വീഞ്ഞും കുടിക്കാൻപോലും ഇരിക്കാനിടമില്ലാത്ത സ്ഥിതിയിലെത്തിച്ചത്‌ കോടതി. പിണറായി സർക്കാർ ഈ ഇരിപ്പിടങ്ങൾ തിരിച്ചുനൽകുമെന്ന് പാവങ്ങൾ ആശിച്ചിട്ടുണ്ടാവും. അവരെയും നക്ഷത്രങ്ങൾകാട്ടി വഞ്ചിക്കുകയാണ്‌ ഈ സർക്കാർ. മൂന്നുനക്ഷത്രത്തിൽപ്പോയി ഒരു ഗ്ലാസ് പായസം കുടിക്കാൻ എത്ര തൊഴിലാളികൾക്ക് കഴിയും? പിന്നല്ലേ അവിടത്തെ പാഷാണം വാങ്ങിക്കുടിക്കുന്നത്!  ഇന്നത്തെ നിലയ്ക്ക്‌ സാദാ കുടിയൻമാർ തുടർന്നും മാനത്തെ നക്ഷത്രമെണ്ണി കുടിക്കേണ്ടിവരും. എന്നാലും, പ്രതീക്ഷ കൈവിടേണ്ടതില്ല. ഈ സർക്കാർ ജനങ്ങളോടൊപ്പമാണ്. യു.ഡി.എഫ്. ഘട്ടംഘട്ടമായി മദ്യം നിരോധിച്ചപോലെ ഇവരും ഘട്ടംഘട്ടമായി പൂർണമദ്യവർജനം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ അടുത്തഘട്ടത്തിൽ രണ്ടുനക്ഷത്രങ്ങളും പുഞ്ചിരിക്കും. അല്ലെങ്കിൽ ഉമ്മൻചാണ്ടി ചെയ്തതുപോലെ ആരോടെങ്കിലുമുള്ള വാശിതീർക്കാൻ പിണറായി വിജയൻ എല്ലാ ബാറുകളും തുറക്കണം. അതിന് സാധ്യത കാണുന്നില്ല. പരമമായ യോജിപ്പാണ് മുന്നണിയിൽ. അച്യുതാനന്ദന്റെ ജൂബയിട്ട് നടക്കുന്ന കാനം രാജേന്ദ്രന്‌ ഇതുവരെ നടന്ന അടിയും പിടിയുമൊന്നും പിടിച്ചിട്ടില്ല. ഈ കുടിനയം മാത്രമാണ്‌ ക്ഷ പിടിച്ചത്‌. വി.എസിനും എതിർപ്പൊന്നും കാണുന്നില്ല.  സർക്കാരിന്റെയും മുന്നണിയുടെയും  കൂട്ടുത്തരവാദിത്വം  തെളിയിക്കുന്ന ഇത്തരം മേഖലകൾ ഇനിയുമുണ്ടെങ്കിൽ എത്രയും വേഗം പുറത്തുവരട്ടെ. ഇത്രയൊക്കെയായ സ്ഥിതിക്ക് ദേശീയപാതയുണ്ടോ ഇല്ലയോ എന്ന തർക്കത്തിനൊന്നും ഇനിയും സമയം കളയേണ്ടതില്ല. അത് നിരോധിക്കാനും മുറവിളികൂട്ടണ്ട. കോടതി എന്താണെന്നുവെച്ചാൽ തീരുമാനിക്കട്ടെ. മദ്യത്തെയെന്നപോലെ ദേശീയപാതകളെയും നമുക്ക്  വർജിക്കാം. അതുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മളിതാ വർജിച്ചിരിക്കുന്നു. അല്ലെങ്കിലും രണ്ടടിച്ചാൽ പാതയെന്തിന്, പിന്നെയങ്ങ് പറക്കലല്ലേ പറക്കൽ...

nakhasikantham@gmail.com