ഉദാരവത്കരണത്തിന് മുന്നിൽ ബദൽ...ബദൽ എന്ന് കൊട്ടിപ്പാടി സേവചെയ്യുന്നതിനാൽ ലോകത്തെ മറ്റ് സർക്കാരുകൾക്കെല്ലാം ബദലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. കൊട്ടാരം മുതലാളിമാർക്കുള്ളതാണെന്ന് വിശ്വസിക്കുന്നതിനാൽ ഇടതുപക്ഷത്തിനുപോലും ബദലാണിവർ. ബദലുക്ക് ബദൽ! ഈ ബദലത്തരത്തിന് വീണ്ടും മാറ്റുകൂട്ടിക്കൊണ്ട് ഇവരിൽനിന്ന് രണ്ട് സമകാലീന ബദൽ വികസനപ്രതിഭകൾ വെളിപ്പെട്ടിരിക്കുന്നു. റിമോട്ട് മന്ത്രിയും റിസോർട്ട് ഉടമയുമായ തോമസ്ചാണ്ടിയും ഉള്ളിൽ വേദനകൾ മാന്തിപ്പറിക്കുമ്പോഴും നാട്ടുകാരെ സ്വന്തം പാർക്കിൽ വിനോദിപ്പിക്കുന്ന പി.വി. അൻവർ എം.എൽ.എ.യും. 

 പാഴായിപ്പോവുമായിരുന്ന കായലും മലയും നാട്ടിലെ പാവങ്ങൾക്കായി പ്രയോജനപ്പെടുത്താൻ പ്രതിജ്ഞാബദ്ധമായ ഇവരുടെ വർത്താനം മാത്രമല്ല, ഭൂതകാലവും സമാനതകൾ നിറഞ്ഞതാണ്. ഇരുവരും കോൺഗ്രസിൽ പിറന്ന് അനാഥമായ ബാല്യം പിന്നിട്ട്  ഡി.ഐ.സി.യിലൂടെ നിൽക്കക്കള്ളി അഭ്യാസങ്ങൾ വശത്താക്കി ഒടുവിൽ ഇടതുപക്ഷം ലാസ്റ്റ് റിസോർട്ട് ആക്കിയവർ. കരുണാകരശരണം ഗച്ഛാമിമാരായതിനാൽ മാത്രമാണ് ഈ പൈതങ്ങളെ ഇടതുപക്ഷത്തിന് വൈകിമാത്രം വളർത്താൻ കിട്ടിയത്. 

  മടിശ്ശീലവലിപ്പത്തിന്റെ താരതമ്യം ഒഴിച്ചാൽ  അവൻ താനല്ലയോ ഇവനെന്ന് വർണ്യത്തിൽ ആശങ്ക ജനിപ്പിക്കാൻപോന്ന സാമ്യമാണ് ആ സഹേദരങ്ങൾക്കിടയിൽ.  സഹജീവി ഫോണിൽ സൊള്ളിവീണതിനാൽ ചാണ്ടിയെ മന്ത്രിപദവി തുണച്ചു. അൻവർ ഇടതുസ്വതന്ത്രനായിട്ടേയുള്ളൂ. ചുവപ്പുതിമിംഗലം കളിയുടെ ആദ്യഘട്ടങ്ങളിലാണ് അദ്ദേഹം. അഡ്മിൻ കല്പിക്കുന്നതെല്ലാം അനുസരിക്കുകയും  ഇടതുസ്വതന്ത്രൻമാരെ സാധാരണ ബാധിക്കാറുള്ള ആണിരോഗം പിടിപെടാതിരിക്കുകയും ചെയ്താൽ ഇനിയുള്ള കാലം ഒരു ഇടതുപക്ഷ മുതലാളിയായി വിളങ്ങാൻ സാധ്യതയുള്ള ശുക്രനക്ഷത്രം. ഇരുവരും ഹരിതകേരളത്തിന്റെ ഭാവിവാഗ്ദാനങ്ങൾ!

 തൊഴിൽ അല്ലെങ്കിൽ ജയിൽ എന്നുവിളിക്കുകയും ജയിലെ മൂട്ടയെക്കുറിച്ചോർത്ത് തൊഴിൽ വേണ്ടെന്നുവെയ്ക്കുകയും ചെയ്തിരുന്ന സാദാ ഇടതുപക്ഷക്കാരെപ്പോലയല്ല ഇവർ. നാട്ടുകാരുടെ തൊഴിലില്ലായ്മ ഉന്മൂലനംചെയ്യാൻ സ്വന്തം ജീവിതംതന്നെ മൂലധനമാക്കിയ ഇവർ ‘മൂലധന’ത്തിന്റെ ശതോത്തര സുവർണജൂബിലിയിൽ വാഴ്ത്തപ്പെടേണ്ടവരാണ്. ചാണ്ടിയെ നോക്കൂ, കുവൈത്തിലായിരിക്കുമ്പോഴും കുട്ടനാട്ടിലെ തൊഴിലില്ലാത്ത പാവങ്ങളെയും സ്പീഡ് ബോട്ടില്ലാതെ കഷ്ടപ്പെടുന്ന ഹൃദ്രോഗികളെയും ഗർഭിണികളെയും കുറിച്ചോർത്ത് ഉറക്കമില്ലാത്ത രാവുകളായിരുന്നു അദ്ദേഹത്തിന്. 

 കുറേ നാട്ടുകാരെ മരുഭൂമിയിലെത്തിച്ച് തൊഴിൽ നൽകിയെങ്കിലും അവശേഷിക്കുന്ന തന്നാട്ട് പാവങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ ഈ കോടീശ്വരന് ദാഹിച്ചുകൊണ്ടേയിരുന്നു. കൈതരിക്കുയും ചെയ്തു. ഒടുവിൽ ഒരു 150 കോടി രൂഫായങ്ങ് മുടക്കി. നല്ല ഒന്നാന്തരം റിസോർട്ട് ഉണ്ടാക്കി. നാട്ടുകാർക്കെല്ലാം പണിയോടുപണി. ചുറ്റും സ്പീഡ് ബോട്ടുകൾ. കായലിന് വളച്ചുകെട്ടും കോപ്പും. ചാണ്ടിക്ക് ലാഭമൊന്നുമില്ല. നാട്ടുകാർക്ക് ഹൃദ്രോഗം ഉണ്ടായാൽ ആസ്പത്രിയിൽപ്പോകാൻ ചാണ്ടി സ്പീഡ് ബോട്ട് സൗജന്യമായി വിട്ടുകൊടുക്കും. ചാണ്ടിക്ക് അസുഖംവന്നാൽ സർക്കാർ കോടികൾ വെറുതെ കൊടുക്കും. ഒരുകൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് ഈ ഹൃദയവിശാലന്‌ നിർബന്ധമുണ്ട്.  150 കോടി മുടക്കിയതും നാട്ടുകാർക്ക് പണികൊടുത്തതുമൊന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാനോ, നാമനിർദേശ പത്രികയിൽ എഴുന്നള്ളിക്കാനോ അദ്ദേഹം തയ്യാറായില്ലത്രേ.

ഹോ, എന്തൊരു മഹാമനസ്കത!  ഈ റിസോർട്ടിലെ കോഴിക്കാലിന്റെ പെരുമ കേട്ടറിഞ്ഞാവണം, പലനിറത്തിലുള്ള കൊടികളും പിടിച്ച് എം.പി.മാരുടെ തീർഥാടനമായി ഇവിടേക്ക്‌. വന്നവരെല്ലാം  കുശാലായി ശാപ്പിട്ടെന്ന് ചാണ്ടിതന്നെ നിയമസഭാശ്രീകോവിലിൽ ഉണർത്തിച്ചതാണ്. സംപ്രീതരായ ആ എം.പി.മാർ തങ്ങളുടെ പലവിധമാന ഫണ്ടുകൾ ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള റോഡിന് സമർപ്പിച്ചാണ് മടങ്ങിയത്. ചിലർ അഞ്ചുലക്ഷം മുടക്കി. കൂടുതൽ കോഴിക്കാലുകൾ കിട്ടിയവർ അതിൽക്കൂടുതലും മുടക്കി. കായലിൽ റോഡ് വെട്ടാനും കാർ ഇടാനും പറ്റുമോ?  ഇത്തിരി മണ്ണിടേണ്ടിവരും. ഇതിനെ കൈയേറ്റമെന്നുപറഞ്ഞാൽ പിണറായി വിജയനല്ല, ദൈവംപോലും അംഗീകരിച്ചെന്ന് വരില്ല.

 ആത്മഹത്യ എന്ന ക്രിമിനൽ കുറ്റത്തിനൊരുങ്ങുന്ന കർഷകരും അവരുടെ ദുരന്തമെഴുതി നാടിനെ പിന്നോട്ടടിക്കുന്ന സായിനാഥുമാരും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് മഹാനായ അൻവറിന്റെ കക്കാടംപൊയിൽ വികസനമാതൃക. കൃഷിചെയ്യാൻ പാങ്ങില്ലാത്ത രാജ്യത്തെ കർഷകരേ, നിങ്ങൾ ഉടൻ നിലമ്പൂരിലെത്തി അൻവറിനെ കാണുക. ആര്യാടനോടുമാത്രം വഴിചോദിക്കരുത്. അദ്ദേഹം നിങ്ങളെ വഴിതെറ്റിക്കും.  അൻവർ കനിഞ്ഞാൽ നിങ്ങളുടെ പ്രദേശത്ത് കോടികൾ മുടക്കി അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങിത്തരും. മലഞ്ചെരിവാണെങ്കിൽ അത്യുത്തമം. റൈഡിന് ചെരിവുകുറയ്ക്കാം. അതോടെ നാട് പുരോഗതിയിലാവും. അവിടെ ഉല്ലസിക്കാൻവരുന്നവർക്ക് നെല്ലിക്കയും മാങ്ങാപ്പുളിയും വിറ്റ് നിങ്ങൾക്കും നിങ്ങളുടെ തലമുറയ്ക്കും ശിഷ്ടകാലം നഷ്ടമില്ലാതെ കഴിയാം. നിങ്ങളുടെ രക്ഷകനായ എം.എൽ.എ.യുടെ അമ്യൂസ്‌മെന്റിനെക്കുറിച്ച് നിങ്ങൾ ബേജാറാവേണ്ടതില്ല. നമ്മുടെ നാട്ടിൽ  പല എം.എൽ.എ.മാർക്കും നിയമസഭതന്നെ നല്ല ഒന്നാന്തരം അമ്യൂസ്‌മെന്റ് പാർക്കാണ്.

 ഇത്രയൊക്കെ ആയ സ്ഥിതിക്ക് വികസനത്തിന് കിഫ്ബിയെ ഇറക്കി ധനമന്ത്രിയും സർക്കാരും നാട്ടുകാരെ പേടിപ്പിക്കേണ്ടതില്ല. എന്തായാലും എം.എൽ.എ.മാർക്ക് കോടികൾ ഫണ്ട് നൽകുന്നുണ്ടല്ലോ. അത് എയ്ഡഡ് സ്കൂൾ മുതലാളിമാർക്ക് കൊടുത്ത് തുലയ്ക്കാതെ ബദൽമാർഗത്തിൽ പ്രയോജനപ്പെടുത്താം. അതത് മണ്ഡലങ്ങളിലെ കായലും മലയും കടലും കരയിൽ സ്ഥലമുണ്ടെങ്കിൽ അതുംകൂടി  എം.എൽ.എ.മാർക്ക് എഴുതിക്കൊടുക്കുക. അവർ വളച്ചോ, വളയ്ക്കാതെയോ ഇവിടങ്ങൾ കൈക്കലാക്കട്ടെ. ഒരു എം.എൽ.എ.യ്ക്ക് ഒരു റിസോർട്ട്, ഒരു മണ്ഡലത്തിൽ ഒരു അമ്യൂസ്‌മെന്റ് പാർക്ക് എന്നൊക്കെ പദ്ധതികൾക്ക് പേരിടാം. സർക്കാർ ഒപ്പമുണ്ടെങ്കിൽ ഭൂരിപക്ഷം എം.എൽ.എ.മാരും അറയ്ക്കാതെ മടിക്കാതെ മുന്നോട്ടുവരും. 
*******
തോമസ് ചാണ്ടിയും അൻവറും കൈയേറ്റക്കാരല്ലെന്നും വികസനപ്പോരാളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിൽ ആരും വിശ്വസിക്കേണ്ടതില്ല. എന്തുകേട്ടാലും തെളിവില്ല, ഗൂഢാലോചന എന്നൊക്കെയേ ആദ്യം പിണറായി വിജയൻ പറയൂ. ഇത് അദ്ദേഹത്തിന്റെ ഒരു നമ്പരാണ്. നടൻ ദിലീപിന്റെ കാര്യത്തിൽ ഇതാണല്ലോ ഉണ്ടായത്. പ്രതികൾ രക്ഷപ്പെടാതിരിക്കാനും തെളിവുകൾ നഷ്ടപ്പെടാതിരിക്കാനും മുഖ്യമന്ത്രി ഇങ്ങനെ ചില തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന് ചാണ്ടിയും അൻവറും കരുതിയാൽ നല്ലത്.
*******
ചിലർക്ക് കൈയേറ്റരോഗമാണെങ്കിൽ മറ്റ് ചിലർക്ക് സിരാപടലത്തിലാണ് രോഗം. പി.സി. ജോർജിന്റെ വായ്ത്താരികൾ കേട്ടപ്പോൾ സ്പീക്കർ ശ്രീരാമകൃഷ്ണനാകെ ലജ്ജയും പരവേശവും. ജോർജിൽനിന്ന് ഇതല്ലാതെ വേറെ എന്താണാവോ പ്രതീക്ഷിച്ചത്? ഗൗരിയമ്മയെപ്പറ്റി വായിൽത്തോന്നിയത് വീട്ടിലിരുന്നു പറഞ്ഞതിന് മുമ്പ് സഭ ശാസിച്ച ജോർജിനെ എം.എൽ.എ.മാരെ മര്യാദ പഠിപ്പിക്കുന്ന എത്തിക്സ് കമ്മിറ്റിയിൽ എടുത്തത് ഇനിയെങ്കിലും നന്നാവുമെന്ന് പ്രതീക്ഷിച്ചാണെങ്കിൽ ചരിത്രപരമായ മണ്ടത്തരം എന്നേ വിശേഷിപ്പിക്കാനാവൂ. അല്ലെങ്കിലും കള്ളന് പോലീസ് കളിക്കാൻ അവസരം കിട്ടുന്നത് ജനാധിപത്യത്തിന്റെ അസംഖ്യം നന്മകളിൽ ഒന്നാണല്ലോ.
  ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീയെ നിയമസഭയിലെ ഒരംഗം വാക്കുകൾകൊണ്ട് അവഹേളിച്ചപ്പോൾ പ്രതികരിക്കാൻ സ്പീക്കർക്ക് ഫെയ്‌സ്ബുക്കെങ്കിലും ഉണ്ടായി. പ്രതികരണ സിംഹങ്ങളും സിംണികളും സഭാതലത്തിൽ എന്തെങ്കിലും പറഞ്ഞതായി മാധ്യമദ്വാരാ ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല. സഹജീവിസ്നേഹം തുലയട്ടെ. സഭാജീവിസ്നേഹം നീണാൾ വാഴട്ടെ.
nakhasikantham@gmail.com