അധ്വാനവർഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ സഖാവ് കെ.എം. മാണിയുമായി വീണ്ടുമൊരു അടവുനയത്തിന് തയ്യാറാകാൻ കാറൽ മാർക്സിന്റെ രണ്ടാം ജൻമശതാബ്ദിയാഘോഷക്കാലംതന്നെ കേരളത്തിലെ സി.പി.എം. തിരഞ്ഞെടുത്തത് നന്നായി. ജനത്തിന്റെ കണ്ണിൽ പൊടിവീണാലും വേണ്ടില്ല, കോൺഗ്രസിനെയും ബി.ജെ.പി.യെയും തോൽപ്പിക്കാൻ പൂഴിക്കടകൻതന്നെ വേണമെന്ന് വിശാഖപട്ടണം പാർട്ടി കോൺഗ്രസ് രണ്ടുവർഷം മുമ്പ് തീരുമാനിച്ചതാണത്രേ. മുഹൂർത്തം തെളിഞ്ഞത് ഇപ്പോഴാണെന്നേയുള്ളൂ.  

കോട്ടയം ജില്ലാ പഞ്ചായത്തിൽ മാണികോൺഗ്രസിനെ സി.പി.എം. പിന്തുണച്ചതിൽ യു.ഡി.എഫും തങ്ങളുടെ സഹജീവിയായ സി.പി.ഐ.യും ഇങ്ങനെ വിഷമിക്കണോയെന്ന് സി.പി.എം. ചോദിക്കുന്നത് ന്യായം. കുറേനാളായി മാണി യു.ഡി.എഫുമായി പിണക്കത്തിലാണ്. പ്രത്യേക ബ്ലോക്കിലാണ് നിൽപ്പ്. എന്നിട്ടും മാണീ വാ...വാ... എന്ന അവതരണഗാനം പാടാതെ കെ.പി.സി.സി. നിർവാഹകസമിതിയോ യു.ഡി.എഫ്. യോഗമോ കേരളത്തിൽ ചേർന്നിട്ടില്ല. ക്ഷണിച്ചുമടുത്തതിനാൽ കുറച്ചുകാലത്തെ ഇടവേള പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഈ ഇടവേളയിലാണ്  യു.ഡി.എഫിന് 'ഡീമാണിട്ടൈസേഷൻ' പ്രഖ്യാപിച്ച് മാണി താൻതന്നെയറിയാതെ ഒരു പ്രാദേശികബന്ധത്തിലേർപ്പെട്ടുപോയത്. 

എന്താണ് സംഭവിക്കുന്നതെന്ന് മാണിക്കോ അണികൾക്കോ ജോസഫിനോ യു.ഡി.എഫിനോ നിശ്ചയമുണ്ടെന്നു തോന്നുന്നില്ല. തികച്ചും നിർഭാഗ്യകരമെന്നേ ഈ അന്തരാളഘട്ടത്തെ മാണിക്കുപോലും വിശേഷിപ്പിക്കാനാവുന്നുള്ളൂ. ആകെക്കൂടി സി.പി.എമ്മിനുമാത്രമേ സ്ഥിതിഗതികൾ തിരിഞ്ഞിട്ടുള്ളൂ. സംഗതി അടവുനയം. സി.പി.എമ്മിന് എന്തിനും പ്രത്യേക പദാവലിയുണ്ട്. ബൂർഷ്വാ പാർട്ടികൾ അവസരവാദമെന്ന് പറയും, സി.പിഎം. അടവുനയമെന്നും. മാണി കോഴമാണിയാകുംമുമ്പ് മുഖ്യമന്ത്രിക്കുപ്പായം തുന്നിക്കാണിച്ച് സി.പി.എം. കൊതിപ്പിച്ചതാണ്. മാണിക്കോഴ പ്രയോജനപ്പെടുത്തി അവർ അധികാരം നേടുകയും ചെയ്തു.

കോഴമണം ആറിത്തുടങ്ങിയതിനാൽ ഇനി മാണിയെ പ്രയോജനപ്പെടുത്താൻ പറ്റുമോയെന്ന് നോക്കുകയാണ്. യഥാർഥ അടവുനയംതന്നെ. 

മാണിക്കായി എല്ലാരുംകൂടി ഇങ്ങനെ കടിപിടികൂടാൻ അദ്ദേഹം കേരളരാഷ്ട്രീയത്തിന് എന്ത് സംഭാവന നൽകിയെന്ന് പുതുതലമുറ അന്തിക്കുന്നുണ്ടാവും. മാണിയുടെ രാഷ്ട്രീയ-സാമ്പത്തികശാസ്ത്ര സംഭാവനകൾ ലോകത്തെ പല പ്രമുഖസർവകലാശാലകളിലും ഇപ്പോൾ പാഠ്യവിഷയമാണ്. സമകാലികരെ  ആദരിക്കുന്നതിൽ ഉദാരനല്ലാത്ത  പിണറായി വിജയൻ അദ്ദേഹത്തിന് അടുത്തിടെ പ്രമാണിപട്ടം നൽകിയതുതന്നെ ആ പ്രാഗല്‌ഭ്യത്തിന്റെ മാറ്റ് തെളിയിക്കുന്നതാണ്. രാഷ്ട്രീയേതരസംഭാവനകൾ വേറെയുണ്ട്.

ടി.ടി.സി.യും ബി.എഡും യു.ജി.സി. നെറ്റുമൊന്നുമില്ലാതെ ഐക്യകേരളത്തിൽ ആദ്യം സാർ  ആയത് മാണിയാണ്. 13 എന്ന സംഖ്യ അപശകുനമാണെന്നതിന് ശാസ്ത്രീയതെളിവുനൽകിയതും ഇദ്ദേഹമാണ്. 

ഇതൊന്നുമല്ല,  'സംഭാവന'യാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള സംഭാവനയെന്നും ഭാവനയെന്നും പറഞ്ഞുനടന്നത്  സി.പി.എമ്മാണ്.  നിയമസഭയിൽ അമ്പതുവർഷം പൂർത്തിയാക്കുമ്പോൾ 50 കോടിയുടെ സംഭാവന അദ്ദേഹം ഭാവനയിൽക്കണ്ടിരുന്നതായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് പാടിനടന്നത് കോടിയേരി ബാലകൃഷ്ണനല്ലാതെ മറ്റാരുമല്ല.  

ഈ സംഭാവനയും കമ്യൂണിസ്റ്റുകാരുടെ സമഭാവനയും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് അടവുനയത്തിന്റെ ഭാഗമായി അവർക്കിപ്പോൾ തോന്നുന്നു. അതിനാൽ  മാണി പണ്ടേ കമ്യൂണിസ്റ്റായിരുന്നുവെന്ന് ഇപ്പോഴവർ തിരിച്ചറിയുന്നു.  നാളെ വേറെയെന്തെങ്കിലും തോന്നാം. അടവുനയത്തിൽ ഇന്നതേ തോന്നാവൂ എന്നില്ലല്ലോ. അവസരവാദത്തിലും അങ്ങനെതന്നെ.  
ഒരുകാര്യത്തിൽ സി.പി.എം. മാനുഷികപരിഗണന കാട്ടേണ്ടതുണ്ട്. നിങ്ങളുടെ അടവുനയത്തോടെ മാണിസാറിന് സാർപദവി നഷ്ടപ്പെട്ടിരിക്കുന്നു.  ഇനിയാരും മാണിയെ സാറെന്നു വിളിച്ചുപോവരുതെന്നാണ് കോൺഗ്രസിന്റെ തിട്ടൂരം. ഓർമവെച്ചനാൾ മുതൽ സാറെന്നു വിളിച്ച ഉമ്മൻചാണ്ടിപോലും അത് നിർത്തി. മാണിപോലും സ്വയം മാണിസാറെന്നാണ് വിളിക്കുന്നത്.  കർണന്  കവചകുണ്ഡലം നഷ്ടപ്പെടുന്നതുപോലെയാണ് മാണിക്ക് സാർ ഇല്ലാതാവുന്നത്. അതിനാൽ അടവുനയം നിലനിൽക്കുന്നതുവരെ മാണിയെ മാണിസഖാവ് എന്ന് വിളിക്കാൻ അണികൾക്ക് നിർദേശം നൽകണം. 

മാണിക്ക് എൽ.ഡി.എഫോ യു.ഡി.എഫോ കിട്ടട്ടെ. രണ്ടും വേണ്ടെങ്കിൽ എൻ.ഡി.എ. ആവട്ടെ. അദ്ദേഹത്തിന്റെ അണികൾ ലാഭകരമായ കൃഷിയിടങ്ങൾ നോക്കി പറക്കട്ടെ. മുന്നണിമാറുന്നതും വാക്കുമാറുന്നതും അദ്ദേഹത്തിന് പുത്തരിയല്ല. സി.പി.എമ്മിനെ കടത്തിവെട്ടുന്ന അടവുനയവും അദ്ദേഹത്തിനറിയാം. ഇനിയിതൊക്കെ ഫലിക്കുമോ എന്നതേയുള്ളൂ പ്രശ്നം. ഇതെല്ലാം പ്രവചനാതീതം. എന്നാൽ, രണ്ടു പ്രവചനങ്ങൾ നമ്മുടെ മുന്നിലുണ്ട്. മാണി കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കു പോകുമെന്നാണ് ജ്ഞാനവൃദ്ധനും ഭരണപരിഷ്കർത്താവുമായ  വി.എസ്. അച്യുതാനന്ദന്റെ  പ്രവചനം.  മറ്റൊരു പ്രവചനം നൂറാം പിറന്നാൾ ആഘോഷിക്കുന്ന വലിയ മെത്രാപ്പൊലീത്ത  മാർ ക്രിസോസ്റ്റം തിരുമേനിയുടേതാണ്. കർത്താവിന്റെ വലതുഭാഗത്ത്  തൂങ്ങിയ നല്ല കള്ളൻ  സ്വർഗത്തിൽ പോയതിനാൽ മാണി തീർച്ചയായും സ്വർഗത്തിൽ പോകുമെന്ന് തിരുമേനി പണ്ടേതന്നെ പ്രവചിച്ചിട്ടുണ്ടത്രേ. വിശ്വാസിയല്ലാത്ത അച്യുതാനന്ദന്റെ ശുപാർശ സ്വർഗത്തിലോ നരകത്തിലോ സ്വീകരിക്കില്ല. തിരുമേനിയുടെ പ്രവചനം അങ്ങനങ്ങ് തള്ളിപ്പോവില്ല. 

****** 

അട്ടയും ബാറ്ററിയുമൊക്കെയിട്ട് വാറ്റിയ കൂതറ നാട്ടുചാരായമായിരുന്നു കഴിഞ്ഞ യു.ഡി.എഫ്. സർക്കാരെന്നു തോന്നുന്നു. പിണറായി വിജയന്റെ സർക്കാർ ഒരുവർഷമായി മോരുവിതരണം നടത്തിയിട്ടും അന്നത്തെ പോലീസുകാർക്കോ ഉദ്യോഗസ്ഥർക്കോ പഴയ ഭരണത്തിന്റെ കെട്ടിറങ്ങിയിട്ടില്ല. ഇവരെല്ലാം ഉമ്മൻചാണ്ടിഭരണത്തിന്റെ ഹാങ്ങോവറിൽ തലകുത്തിനടക്കുന്നതാണ് സർക്കാരിന്റെ നിരന്തരവീഴ്ചകൾക്ക്   മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുന്ന കാരണം. ഒരുവർഷമായിട്ടും കെട്ടിറങ്ങാത്ത ഈ സാധനമേതെന്നന്വേഷിച്ച് വിഖ്യാതകുടിയൻമാർ ഇറങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥരും പോലീസും മാത്രമല്ല, സെക്രട്ടേറിയറ്റിൽ കെട്ടിനിൽക്കുന്ന ആ മണമടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ  ഹല്ലാബോലായിരിക്കുന്നു എന്നുവേണം കരുതാൻ. 
 സുപ്രീംകോടതിവിധി നാട്ടുകാർക്കെല്ലാം വ്യക്തമായാലും ചിലർക്കുമാത്രം വ്യക്തമാകാത്തത് ഇതുകൊണ്ടാവാം. മാരകായുധങ്ങളെ നിർമാണ സാമഗ്രികളായി  സംശയിക്കുന്നതും ഇതുകൊണ്ടാവാം. മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ.ക്കാർ താമസിച്ചിരുന്നിടത്തുനിന്ന്  കണ്ടെത്തിയ മാരകായുധങ്ങൾ നിർമാണസാമഗ്രികളല്ലേ എന്ന്‌ സംശയിച്ച മുഖ്യമന്ത്രിയെ കുറ്റം പറയാൻ വരട്ടെ.

കത്തി, വാൾ തുടങ്ങിയവയ്ക്ക് ഒരു പ്രത്യേകതയുണ്ടെന്നത് മറക്കണ്ട. അവ ഊരിപ്പിടിക്കാത്തിടത്തോളം നിർമാണസാമഗ്രികളായിരിക്കും. ഊരിപ്പിടിക്കുകയും അതിനിടയിലൂടെ നടക്കാനാളുണ്ടാവുകയും ചെയ്യുമ്പോഴേ മാരകായുധങ്ങളാവൂ.  

ടി.പി. സെൻകുമാറിനെ വീണ്ടും പോലീസ് മേധാവിയാക്കാനുള്ള വിധി അവ്യക്തമായിത്തോന്നിയത് ഈ ഹാങ്ങോവർകൊണ്ടുമാത്രമല്ല. അതും ഒരു അടവുനയമായിരുന്നുവത്രെ. ഭാഷാപരമായ നീക്കം. മലയാളം നിർബന്ധമാക്കാൻ  ഓർഡിനൻസ് ഇറക്കിയതും നാട്ടുഭാഷ സംരക്ഷിക്കാൻ എം.എം. മണിയെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചതും ഈ സർക്കാരാണല്ലോ. മറവിയിലേക്കാഴ്ന്നുകൊണ്ടിരിക്കുന്ന പഴഞ്ചൊല്ലുകളെ ഉദാഹരണസഹിതം പുതുതലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള ശ്രമമാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് സർക്കാർ നടത്തിയത്.  

വടികൊടുത്ത് അടിവാങ്ങുക, വാളുകൊടുത്ത് വെട്ടുവാങ്ങുക, വാശിക്ക് നാശം, വിനാശകാലേ വിപരീതബുദ്ധി, വീണത് വിദ്യയാക്കുക, വേലിമേൽ കിടക്കുന്ന പാമ്പിനെയെടുത്ത് മടിയിൽ വെയ്ക്കുക, സൂചികൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടെടുക്കുക... അങ്ങനെയങ്ങനെ ഒട്ടേറെ പഴഞ്ചൊല്ലുകൾ ഈയൊരുദാഹരണത്തിലൂടെ കുട്ടികൾക്ക് മനസ്സിലായിക്കഴിഞ്ഞു. ഈ നല്ല ഉദ്ദേശ്യമായിരുന്നു ഇതിന്റെ പിന്നിൽ. മറ്റെല്ലാ വ്യാഖ്യാനങ്ങളും മനോനില നഷ്ടപ്പെട്ട മാധ്യമങ്ങളുടെ ഗൂഢാലോചന. 

*****

നമ്മൾ കൊയ്യുന്ന വയലൊന്നും നമുക്കു കിട്ടില്ലെന്ന് പണ്ടേ ഉറപ്പായതാണ്. പോട്ടെ, നമ്മുടെ ശരീരമെങ്കിലും നമ്മുടേതാണെന്ന വിശ്വാസമായിരുന്നു ഇതുവരെ. അങ്ങനെയല്ലപോലും. ഇന്ത്യക്കാരന്റെ ശരീരത്തിൽ അവനോ അവൾക്കോ പരമാധികാരമില്ലെന്ന്  നരേന്ദ്രമോദിയുടെ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. വിരലടയാളവും കൃഷ്ണമണിയുടെ ചിത്രവും  ചേർത്തിട്ടുള്ള  ആധാറിനെ നികുതിസംവിധാനവുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചാണ് കേസ്. ശരീരത്തിന്റെ  സമ്പൂർണാവകാശം അവനവന് മാത്രമല്ലാത്തതിനാൽ ഏതുമായിവേണോ ബന്ധിപ്പിച്ചോ എന്ന് സർക്കാർ പറയുന്നു. അറ്റോർണി ജനറൽ നേരിട്ടാണ് ഇതറിയിച്ചിരിക്കുന്നത്, തമാശയല്ല. ശരീരം നിങ്ങളുടേതായിരുന്നെങ്കിൽ ആത്മഹത്യ കുറ്റകരമാവുമോ, ഗർഭച്ഛിദ്രം കുറ്റകരമാവുമോ, വെള്ളമടിച്ചോയെന്ന് അറിയാൻ പോലീസുകാരൻ ഊതിക്കുമോ എന്നൊക്കെയാണ് അദ്ദേഹം സുപ്രീംകോടതിയോട് ചോദിച്ചത്. ആധാറോടെ  നമ്മളൊക്കെ വഴിയാധാരമായെന്നതിന് ഇതുതന്നെ തെളിവ്.  

ഒന്നാലോചിച്ചാൽ ശരിയാണ്, ഇപ്പോൾത്തന്നെ പശുക്കളുടെ ശരീരം കേന്ദ്രത്തിന്റെ വകയാണ്. മനുഷ്യന്റേതും അങ്ങനെയാക്കാവുന്നതയുള്ളൂ. നോട്ടായ നോട്ടെല്ലാം സർക്കാരിന്റേത്.  അതിനാൽ മോദി അതങ്ങ് പിൻവലിച്ചു. നമ്മളൊന്നും മിണ്ടിയില്ല. സർക്കാരിന്റേതാണ് എന്ന ഒറ്റക്കാരണത്താൽ ബീക്കൺ ലൈറ്റും അന്തരിച്ചു. ഇനി ശരീരവും സർക്കാരിന്റേതാകുമ്പോൾ  ഒരഭ്യർഥനയുണ്ട്.  അത് പിൻവലിക്കുമ്പോൾ വേണ്ടപ്പെട്ടവരെ ഒന്ന് അറിയിക്കണേ. അല്ലെങ്കിൽ അവർ കാത്തിരുന്ന് സമയം പാഴാക്കും. 

nakhasikantham@gmail.com