ഐക്കിഡോ അഭ്യാസവും കഴിഞ്ഞ് ഊരിപ്പിടിച്ച ബ്ലാക് ബെൽറ്റുമായി രാഹുൽഗാന്ധി ബൂസ്റ്റ് കുടിക്കാൻ തുടങ്ങുമ്പോൾ ടി.വി.കണ്ട് കുത്തിയിരുന്ന്  പൊട്ടിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ വളർത്തുകുത്ത പിഡി. ബഹിരാകാശത്തുപോയ ലെയ്ക്ക എന്ന നായയെക്കാൾ പ്രശസ്തനാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാലുകുത്തിയിരിക്കുന്ന പിഡി. തനിക്കുവേണ്ടി ട്വീറ്റ്ചെയ്യുന്നത് ഇവനാണെന്ന് രാഹുൽ ലോകത്തെ അറിയിച്ചതോടെ അല്പം അഹങ്കാരവും പിഡിയെ പിടികൂടിയിട്ടുണ്ട്. അമ്പത്താറിഞ്ചുള്ള നെഞ്ചിൽനിന്നുവന്ന പഞ്ച് ഡയലോഗുകളെ പൊളിച്ചടുക്കിയ നാലിഞ്ച് വാലുകാരന് അഹങ്കരിക്കാൻ എന്തുകൊണ്ടും അർഹതയുണ്ട്. ഏതുപിഡിക്കും ഒരു കാലമുണ്ടെന്ന് ഇനിയെങ്കിലും വിശ്വസിക്ക്.  

സാരമേയത്തെ രസിപ്പിക്കുന്നതെന്തെന്നറിയാൻ രാഹുൽ ടി.വി.യിലേക്കൊന്ന് പാളിനോക്കി. ഏതോ മലയാളം ചാനലിൽ കേരളത്തിലെ കോൺഗ്രസുകാരുടെ പടയൊരുക്കം ഓടിക്കൊണ്ടിരിക്കുന്നു. ഗാന്ധിത്തൊപ്പികളുംവെച്ച് ഉറഞ്ഞുതുള്ളുന്ന ഭടൻമാരെനോക്കി വിചിത്രജീവികളെക്കണ്ടപോലെ ചിരിക്കുകയാണ് കുത്താജി. ഹസൻജിയുടെ  തൊപ്പിതുള്ളൽ കണ്ടപ്പോൾ രാഹുലിനും ചിരിപൊട്ടി. എങ്കിലും പിഡിക്ക് വല്ലതും പിടികിട്ടിയാലോ എന്നുവിചാരിച്ച് ചിരിയമർത്തി.


ദീൻദയാൽ ഉപാധ്യായജി തൊപ്പിയൊന്നും ഡിസൈൻ ചെയ്യാതിരുന്നത് നന്നായെന്ന് പിഡിക്ക് തോന്നി. അല്ലേൽ അതുവെയ്ക്കാത്ത പിള്ളാർക്കൊന്നും ഉച്ചഭക്ഷണം കൊടുക്കരുതെന്ന മന്ത്രാലയം സർക്കുലറിനെ പരിഹസിക്കാനും വേണ്ടിവരുമായിരുന്നു  ട്വീറ്റ്. നടക്കാനിരുന്ന  തൊപ്പിയുദ്ധം ഒഴിവായതിന് ചരിത്രത്തോട് നന്ദികാട്ടാൻ അവൻ വാലൊന്നാട്ടി. 

 “മാസ്റ്റർ, ഗാന്ധിജിയുടെ നാട്ടിലെ സവസർജൻ യാത്രയ്ക്ക് താങ്കൾക്കും ഇതൊന്ന് ചൂടാമായിരുന്നില്ലേ?” -ഹസൻജിയുടെ തൊപ്പി നോക്കി പിഡി ചോദിച്ചു. രാഹുൽ കയർത്തു; “എന്ത്, വേഷം കെട്ടാനോ? അക്കാലമൊക്കെ കഴിഞ്ഞു കുത്താജീ, കഴിഞ്ഞു.” രാഹുൽ രണ്ടുവരി കവിതമൂളി- “പഴയ ജീവിതം പാടേ മറന്നുഞാൻ, ഇനിയുമെന്നെ തുലയ്ക്കാൻ വരുന്നുവോ?” 
 “അല്ല മാസ്റ്റർ, അവിടത്തെ  കോൺഗ്രസുകാരുടെ നെറ്റിയിലെന്തോ എഴുതി ഒട്ടിച്ചിട്ടുണ്ടല്ലോ?” പിഡി സ്‌ക്രീനിന് അടുത്തേക്ക് നിരങ്ങിനീങ്ങി കണ്ണുചിമ്മാൻ തുടങ്ങി. മലയാളം വായിക്കാനാവാത്ത കൺഫ്യൂഷനിൽ അവൻ വാലാട്ടിയപ്പോൾ രാഹുൽ വി.ഡി.സതീശൻജിയെ വിളിച്ചു. വി.ഡി.യുമായി മാസ്റ്റർ സംസാരിക്കുന്നത് പിഡി കേട്ടിരുന്നു.

നിഷ്കളങ്കിതൻ എന്നാണ് എഴുതിയിരിക്കുന്നതെന്നും ഇവർ കേരളത്തിലെ കോൺഗ്രസിൽ ഉയർന്നുവരുന്ന ഒരു പുതിയ വിഭാഗമാണെന്നും രാഹുൽ അവനെ പഠിപ്പിച്ചു. ഇവർ മാത്രമാണ് കോൺഗ്രസിന്റെ പടയൊരുക്കത്തിൽ പങ്കെടുക്കുന്നത്. സ്വാതന്ത്ര്യസമരത്തിനുശേഷം നിഷ്കളങ്കിതരുടെ പടയോട്ടം ഇതാദ്യമായാണെന്നും സതീശൻജി അവകാശപ്പെട്ടതും പിഡി അറിഞ്ഞു. ഒരുവൻ നിഷ്കളങ്കിതനാകണമെങ്കിൽ ‘കകേകൂ’ എന്ന ത്രിദോഷത്തിൽനിന്ന് മുക്തനായിരിക്കണം; കള്ളപ്പണം, കേസ്, കൂടിയ കാറ്്. 
 നാഷണൽ ഹെറാൾഡ് കേസ് എന്നൊക്കെ കേട്ടിട്ടുള്ള പിഡി ചിന്താക്ലാന്തനായി. കേസുണ്ടെങ്കിലും മാസ്റ്റർക്ക് ഇളവുകിട്ടാതിരിക്കില്ല. അല്ലേലും ആ കേസ് വെറുമൊരു പത്രഹത്യയല്ലേ. വംശഹത്യയൊന്നുമല്ലല്ലോ.  അവൻ സ മാധാനിച്ചു.

എന്നാലും ഈ ദോഷങ്ങളൊന്നുമില്ലാത്ത ഇത്രയും കോൺഗ്രസുകാർ ഇക്കാലത്തും കേരളത്തിൽ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞപ്പോൾ അവൻ വാഷിങ്ടൺ പോസ്റ്റിലെ ‘കേരളം കമ്യൂണിസ്റ്റുകാരുടെ ഒരേയൊരു സ്വപ്നഭൂമി’ എന്ന ലേഖനം ഓർത്തുപോയി. കമ്യൂണിസ്റ്റായും കോൺഗ്രസായും അഭിനയിച്ചു തകർക്കുന്നവരുടെ ജുറാസിക് പാർക്കാണ് കേരളമെന്ന് അവൻ തിരിച്ചറിഞ്ഞു.  
  പിഡി പിന്നീട് അവന്റെ ഗേൾഫ്രണ്ടിന് അയച്ച ചില വാട്‌സാപ്പ് സന്ദേശങ്ങൾ ചോർന്നിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്- “വടക്ക് മാസ്റ്റർ ഒരുവിധം ശരിയാക്കുന്നുണ്ട്. തെക്ക് നിഷ്കളങ്കിതർ എല്ലാം കുളമാക്കുന്ന ലക്ഷണമാണ്.” മറ്റൊരു സന്ദേശം പിഡിയുടെ ആത്മസംഘർഷം വെളിപ്പെടുത്തുന്നതായിരുന്നു - ‘‘നവംബർ ഒമ്പത്. വലിയവെല്ലുവിളി. അന്ന് മാസ്റ്റർ എനിക്ക് മാർക്കിടും. ഈ നിഷ്കളങ്കിതരെ സോളാർ അപമാനത്തിന്റെ കടലെടുത്താൽ മാസ്റ്റർക്കുവേണ്ടി ഞാനെന്ത് ട്വീറ്റണം? പ്ലീസ് ഹെൽപ്.”

ആകമാന കളങ്കിതസമൂഹം ആഹ്ലാദത്തിലാണിപ്പോൾ. തങ്ങളെയൊന്നും പടയൊരുക്കത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന യു.ഡി.എഫിന്റെ തീരുമാനം അവർക്ക് തെല്ലൊന്നുമല്ല ആശ്വാസം നൽകിയിരിക്കുന്നത്. ബി.ജെ.പി.യുടെ ജനരക്ഷായാത്രയ്ക്കും എൽ.ഡി.എഫിന്റെ ജനജാഗ്രതായാത്രയ്ക്കും ചെല്ലും ചെലവും നൽകി ഈ പാവങ്ങളുടെ നടുവൊടിഞ്ഞിരുന്നു. ജാഥകൾകൊണ്ട് സംഘാടകർക്ക് പേരുദോഷമല്ലാതെ വേറൊന്നുമുണ്ടായില്ല.  കള്ളപ്പണമാണെങ്കിലും വെറുതേ കളയേണ്ടതില്ലല്ലോ. 

  ഇനി യു.ഡി.എഫിന്റെ യാത്രയ്ക്കും മുടക്കേണ്ടിവരുമല്ലോ എന്നുവിചാരിച്ച് വിഷമിക്കുമ്പോഴാണ് പരണത്തുവെച്ച ഗാന്ധിസം പുറത്തെടുക്കാൻ ചില കോൺഗ്രസുകാർ തീരുമാനിച്ചത്. കളങ്കിതർക്ക് ലാഭം പലതരത്തിലാണ്. വെറുതേ ജാഥവരുന്നതും നോക്കിനിന്ന് സമയം കളയേണ്ടതില്ല. നേതാക്കൻമാർ സംസാരിക്കുമ്പോൾ ചില ജന്തുക്കളെയോർത്ത് പാരിസ്ഥിതികാവബോധം പ്രകടിപ്പിക്കേണ്ടതില്ല. ആഡംബരവാഹനങ്ങൾ നേതാക്കൻമാർക്ക് വിട്ടുകൊടുത്ത് ഭാര്യയുടെയും മക്കളുടെയും മുഷിവ് കാണണ്ട. സംഭാവനകൾകൊണ്ട് കൂമ്പാരമുണ്ടാക്കേണ്ടതില്ല. കേന്ദ്രം ഭരിക്കുന്നവർക്കും കേരളം ഭരിക്കുന്നവർക്കും വല്ലതും കൊടുത്താൽ ഫലമുണ്ട്. ഇവിടത്തെ യു.ഡി.എഫിന് ഇപ്പോൾ കാണിക്കയിടുന്നത് ചൂതാട്ടംപോലെയല്ലേ. 

കോൺഗ്രസുകാർ മുമ്പൊക്കെ കളങ്കിതരെ ആ ശ്രയിച്ചിരുന്നു എന്നൊരു ഗൂഢാർഥം ഇപ്പോഴത്തെ തീരുമാനത്തിന് കല്പിക്കുന്നവരുണ്ട്. ബാറുകൾ പൂട്ടിച്ച് മുതലാളിമാരെ പിണക്കിയതോടെ പാർട്ടിയുടെ സാമ്പത്തികാരോഗ്യം നശിച്ചതും ഇവർ ഓർമപ്പെടുത്തുന്നു. ഇതൊന്നും സത്യമേയല്ല. തിരഞ്ഞെടുപ്പോ മറ്റോ അടുക്കുമ്പോൾ കോൺഗ്രസുകാർ ചെയ്തിരുന്നത് ഇതാണ്.  ഇന്ദിരാഭവൻ പരിസരത്തെ മരങ്ങൾ പടിച്ചുകുലുക്കും. അപ്പോൾ നെല്ലിക്ക വീഴുന്നതുപോലെ കാശുകൊഴിയും. കൊയ്ത്തുപാട്ടിന്റെ ഈണത്തിൽ രഘുപതിരാഘവ രാജാറാം പാടി അതെല്ലാം പെറുക്കിയെടുക്കും. ഒരു വിഹിതം ഹൈക്കമാൻഡിന് കൊടുക്കും. ശേഷിക്കുന്നത് ചില്ലിപോലും ചോരാതെ പാർട്ടിക്കുവേണ്ടി ചെലവിടും. 

പണ്ടൊരു കെ.പി.സി.സി. പ്രസിഡന്റ് യാത്രനടത്തിയപ്പോൾ  ഒരു ബാറിന്റെ മുതലാളിയിൽനിന്ന് രണ്ടായിരംരൂപ വാങ്ങിയ പ്രവർത്തകനെ പാർട്ടിയിൽനിന്ന്  പുറത്താക്കാനും പല ബാറുകളുടെ മുതലാളിമാരിൽനിന്ന് രണ്ടുകോടി വാങ്ങിയെന്ന ആരോപണം കേട്ട മന്ത്രിയെ പിന്തുണയ്ക്കാനും ഇവർക്ക് ധാർമികശക്തി ലഭിച്ചത് ഈ നിഷ്കളങ്കിത സമീപനം ഒന്നുകൊണ്ട് മാത്രമാണെന്ന്  ആർക്കാണ് അറിയാത്തത്. 

      രാഹുലിന്റെ പിഡിയെപ്പോലെ പിണറായി വിജയനും ഒരു വളർത്തുനായ ഉണ്ടായിരുന്നെങ്കിൽ അത് കഴിഞ്ഞദിവസം ഇങ്ങനെ ട്വീറ്റ് ചെയ്തേനെ: “കുഴികുത്തിച്ചാണ്ടി വന്നു. മാസ്റ്റർതന്നെ കടിച്ചുകുടഞ്ഞു.”
 മറ്റൊരു മാണിയെ കാട്ടിലേക്ക്‌ അയയ്ക്കുന്നു ദുഷ്ടനാം ദുർവിധി വീണ്ടും... മന്ത്രി തോമസ് ചാണ്ടിയുടെ പേരിൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടപ്പോൾ ഈ ഗാനശകലമാണ് ഓർമവന്നത്. ഏതാണ്ട് മാണിയുടെ അതേഗതിയാണ് ചാണ്ടിയെയും കാത്തിരിക്കുന്നതെന്ന് തോന്നുന്നു. 

 ഇതുപറയാൻ വേറെയും കാരണമുണ്ട്. ചോർച്ചയും ചിലപ്പോൾ സന്ദേശമാണ്. ചോരാത്തിടത്തുനിന്ന് ചോരുമ്പോൾ വിശേഷിച്ചും. കാനം നയിച്ച ജാഗ്രതായാത്രയിൽ കായൽ നികത്തുമെന്ന് വെല്ലുവിളിച്ച മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ച് ശാസിച്ചുവെന്ന വാർത്ത കാട്ടുതീപോലെയാണ് പരന്നത്, മുഖ്യന്റെ ഡയലോഗ് അടക്കം. അതും നാലോ അഞ്ചോ മന്ത്രിമാർമാത്രം കേട്ട സംഭാഷണം. മന്ത്രിസഭായോഗത്തിന്റെ വാർത്തകൾ ചോരുന്നതിൽ അതൃപ്തിപ്രകടിപ്പിച്ച മുഖ്യമന്ത്രി ഇത് ചോർന്നതിൽ വിഷമിച്ചതായും കണ്ടില്ല.  സഖാവ് മന്ത്രിയെ ശാസിച്ചതായി പറയാൻ പറഞ്ഞെന്ന മട്ടിൽ ഇതാരോ ചോർത്തിയ സ്ഥിതിക്ക് ചാണ്ടിക്ക് മന്ത്രിക്കളിയുടെ കട്ടവും പടവും മടക്കാറായെന്ന് തോന്നുന്നു.

വലിയേട്ടൻ കോടിയേരിയുടെ ജനജാഗ്രതായാത്ര മിനികൂപ്പറിടിച്ച് തകർന്നസ്ഥിതിക്ക് അനിയൻ കാനത്തിന്റെ ജാഥ ഭംഗിയായി സമാപിക്കുന്നത് നീതിയാവില്ല. കാനത്തിനൊരു പണികൊടുക്കാൻ ജാഥയിൽ ചാണ്ടിയെ ആരെങ്കിലും അഴിച്ചുവിട്ടതാണോ? ആണെങ്കിൽ അവർ ചാണ്ടിക്ക് പണികൊടുക്കാൻ മാത്രം ആഗ്രഹിച്ചിരുന്നവരാണെന്ന് കാലം തെളിയിക്കും. ചാണ്ടിയെന്തറിയുന്നു ചന്തയിലെ ചാഞ്ചല്യം?
nakhasikantham@gmail.com