ഈ  കമ്യൂണിസമെന്നത് ദാരിദ്ര്യം പങ്കുവെയ്ക്കുന്ന ഒരേർപ്പാടായി ഇപ്പോഴും കരുതിയിരിക്കുകയാണ് കുറേ പൊട്ടമലയാളികൾ. പരിപ്പുവടയും കട്ടൻചായയുംമാത്രം കൊടുത്ത് സഖാക്കളെ പട്ടിണിക്കിട്ട് കമ്യൂണിസത്തെ ഇല്ലാതാക്കാമെന്ന സാമ്രാജ്യത്വശക്തികളുടെ പരാജയപ്പെട്ട ഗൂഢാലോചനയുടെ പിൻപറ്റുകാരാണിവർ. സ്വന്തം ഇല്ലായ്മകളെ ആധാരമാക്കിയാണ് ഇവർ എല്ലാറ്റിനെയും നിർവചിക്കുന്നത്,  ആഡംബരത്തെപ്പോലും.
 ജനജാഗ്രതായാത്രയിൽ കൊടുവള്ളിയിൽവെച്ച് സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ മിനികൂപ്പറിൽ കയറിയതിന് സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പഴിപറയുന്നത് മേൽപ്പറഞ്ഞ ഇനങ്ങളാണ്. വാസ്തവത്തിൽ ഇക്കാര്യത്തിൽ  അദ്ദേഹം കാട്ടിയ കാലത്തിനുചേർന്ന ജാഗ്രതയെ അഭിനന്ദിക്കുകയാണ് വേണ്ടത്. 
 കോടിയേരിയെ പിന്തുണയ്ക്കാൻ പലതുണ്ട് ന്യായം.  ഈ പാർട്ടിയിലെ നേതാക്കളെ ഇതാദ്യമായല്ല സംശയാസ്പദമായനിലയിൽ ആഡംബരവാഹനങ്ങളിൽ കാണപ്പെടുന്നത്. രണ്ടാമത്  വെറും 40 ലക്ഷംരൂപ വിലവരുന്ന കാറിനെ ആഡംബരവാഹനം എന്നുവിശേഷിപ്പിച്ചാൽ ഇവരിൽ പലരും ചിരിച്ചുമരിക്കും. കാരണം, മിക്ക നേതാക്കളുടെയും വീടുകളിൽ ഏതെങ്കിലും മൾട്ടിനാഷണൽ കമ്പനിയുടെ ഏറ്റവും കുറഞ്ഞത് ഒരു വൈസ് പ്രസിഡന്റെങ്കിലും കാണും. ഈ പ്രസിഡന്റുമാരുടെ വാഹനങ്ങൾ  കണ്ടും ഇവയിൽക്കയറിയും ആഡംബരത്തെക്കുറിച്ച് ശാസ്ത്രീയമായൊരു ധാരണ ഇവർ എന്നേ രൂപപ്പെടുത്തിയിരിക്കുന്നു. 
 ഇനി, വാഹനത്തിന്റെ ഉടമസ്ഥൻ കള്ളക്കടത്തുകേസിലെ പ്രതിയായിപ്പോയി എന്നതാണ്  പ്രശ്നമെങ്കിൽ അതും സൈദ്ധാന്തികമായിത്തന്നെ പരിഹരിക്കാവുന്നതേയുള്ളൂ.  ആർക്കും ആഡംബരവാഹനം പാടില്ലെന്ന് മുട്ടാപ്പോക്ക് സ്വീകരിച്ചാൽ അത് കമ്യൂണിസമല്ല, ഗാന്ധിസമായിപ്പോവും. എല്ലാവർക്കും ആഡംബരവാഹനങ്ങൾ  കിട്ടിയാലേ അത് കമ്യൂണിസം മുന്നോട്ടുവെയ്ക്കുന്ന സോഷ്യലിസമാവൂ. എല്ലാവർക്കും ഒരുമിച്ച് ഇവ ഒരിക്കലും കിട്ടാൻപോവുന്നില്ല. എന്തിനും ഒരു തുടക്കംവേണം. ഇത്തരം സാധനങ്ങളൊക്കെ ആദ്യം പണക്കാർ വേണം സംഘടിപ്പിക്കാൻ. പണം എങ്ങനെയുമുണ്ടാക്കാം. ലക്ഷ്യം മാർഗത്തെ സാധൂകരിച്ചുകൊള്ളും. ഏത് ചിന്താപദ്ധതിക്കും കാലികമായ ഒരു വ്യാഖ്യാനംവേണം. െവെരുദ്ധ്യാത്മക ഭൗതികവാദം എന്നുപറഞ്ഞാൽ പണ്ടെന്നല്ല ഇക്കാലത്തും ആർക്കും ഒന്നും മനസ്സിലാവില്ല. പകരം ആഡംബരാത്മക ഭൗതികവാദം എന്നുപറഞ്ഞുനോക്കൂ. ഭൗതികസൗകര്യങ്ങളിലെ ആഡംബരമാണ് കവി ഉദ്ദേശിക്കുന്നതെന്ന് ഏത് കുഞ്ഞിനും പച്ചവെള്ളംപോലെ പിടികിട്ടും.
 ആഡംബരം ആപേക്ഷികമാണെന്നിരിക്കെ അടുത്ത  പ്ലീനത്തിലെങ്കിലും ഇതിനൊരു സമകാലീന നിർവചനം നൽകാൻ സി.പി.എം. തയ്യാറാവണം. ശാസ്ത്രീയ മാനദണ്ഡമില്ലാതെ, ആഡംബരം പാടില്ലെന്ന് സാമാന്യമായി പറഞ്ഞാൽ ഇവർ കാട്ടുന്നതൊക്കെ ആഡംബരമാണെന്ന് വരുത്തിത്തീർക്കാൻ ശത്രുക്കൾ ശ്രമിക്കും. വാഹനം ആഡംബരമാവാൻ അതിന്റെ വില എത്രലക്ഷത്തിന് മുകളിലായിരിക്കണം,  കമ്യൂണിസ്റ്റ് പ്രതിച്ഛായയ്ക്ക് കോട്ടംതട്ടാതിരിക്കാൻ ഒരുമിച്ചുകടിക്കാവുന്ന ചിക്കൻ കാലുകളുടെ എണ്ണമെത്ര, സ്വർണക്കള്ളക്കടത്തുകാർ ഉൾപ്പെടെ ഏതേതെല്ലാം ഇനം കുറ്റവാളികളെ പൊതുപ്രവർത്തകരായി കാണാം... ഇതിനൊക്കെയുള്ള ഉത്തരങ്ങൾ പ്ലീനം പ്രമേയത്തിന്റെ  അനുബന്ധപട്ടികയായി അക്കമിട്ടിറക്കണം. 
  നേതാക്കൾക്ക് എത്രമാത്രം ആഡംബരമാകാമെന്ന ചോദ്യം അപ്പോളുയരും. കൂടുതലൊന്നും വേണ്ട. ഏറ്റവും കുറഞ്ഞത് സ്വന്തം വീടുകളിൽ അനുഭവിക്കുന്ന ആഡംബരമെങ്കിലും പുറത്തുകാട്ടാൻ അവരെ അനുവദിച്ചാൽമതി. ബിരിയാണിയും ചിക്കൻഫ്രൈയും  ആഡംബരമായിക്കാണുന്ന ബൂർഷ്വാ ദരിദ്രവാസികളിൽനിന്ന് ഇവർക്ക് സംരക്ഷണവും നൽകണം. പ്രാകൃതകമ്യൂണിസം തിരിച്ചുവരാത്തിടത്തോളം ആഡംബരം മനുഷ്യന്റെ അവകാശമാണ്. അത് ഹനിക്കാനും മനുഷ്യരെ നിർബന്ധിത പകൽമാന്യൻമാരാക്കി അധഃപ്പതിപ്പിക്കാനുമുള്ള ഗൂഢാലോചന ആർക്കും ഭൂഷണമല്ല. 

******
എൽ.ഡി.എഫ്. സർക്കാർ നിക്ഷേപസൗഹൃദ മോഡിലാണിപ്പോൾ. വ്യവസായികൾ മനസ്സിൽക്കാണുമ്പോഴേക്ക് സർക്കാർ മരത്തിൽക്കണ്ടിരിക്കും. വ്യവസായം തുടങ്ങാൻ നമ്മൾ വിചാരിക്കുമ്പോൾത്തന്നെ ആദ്യലൈസൻസിങ് പോരും. അപേക്ഷ വെള്ളക്കടലാസിലേക്ക് എഴുതാനിരിക്കുമ്പോൾ  മറ്റ് ലൈസൻസുകൾ ഒന്നൊന്നായി വാതിലിൽ മുട്ടിവിളിക്കും. 
 കേരളത്തെ നിക്ഷേപസൗഹൃദമാക്കാൻ സർക്കാർ ഓർഡിനൻസുവരെ കൊണ്ടുവന്നിരിക്കുന്നു. നിക്ഷേപകരുടെ പ്രഖ്യാപിതമിത്രങ്ങളായ ഉമ്മൻചാണ്ടിക്കോ അവസാന വികസനബസിന്റെ കണ്ടക്ടറായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കോ കഴിയാത്ത കാര്യം രായ്ക്കുരാമാനം പിണറായി വിജയൻ സാധിച്ചിരിക്കുന്നു. സൗഹൃദത്തിന്റെ റാങ്കുകൂട്ടാൻ വ്യവസായികളുടെ കൺവെട്ടത്ത് ചുമട്ടുതൊഴിലാളികളെ കണ്ടുപോകരുതെന്ന കല്പനയുമുണ്ട്. 
  അപ്പോഴും ചില സംശയങ്ങൾ. ഈ സർക്കാരിന് നിക്ഷേപകരോട്  സൗഹൃദമില്ലെന്ന് ആരെങ്കിലും പറഞ്ഞോ?   ഇത് തെളിയിക്കാൻ ചുമട്ടുതൊഴിലാളികളെ കരുവാക്കേണ്ടതുണ്ടോ? എന്തുവിലകൊടുത്തും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിനെക്കാൾ വലിയ നിക്ഷേപസൗഹൃദസന്ദേശം മറ്റെന്താണ് ഈ സർക്കാരിന് നൽകാനാവുക? ചാണ്ടി കായൽ കൈയേറിയെന്ന് കളക്ടർ പറഞ്ഞിട്ടും അദ്ദേഹം മന്ത്രിസ്ഥാനത്ത്  തുടരുന്നുവെന്ന് മാത്രമല്ല, ചാണ്ടിക്ക്‌ ക്രൂശിതഭാവവും നൽകിയിരിക്കുന്നു ഈ സർക്കാർ. ചാണ്ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ സി.പി.ഐ.ക്കാരൻ റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് അശു. 
  ചെറിയൊരു ആരോപണത്തിന്റെ പേരിൽ ഇ.പി. ജയരാജന് മന്ത്രിക്കസേര തെറിച്ചതുമായി ഇന്നത്തെ സാഹചര്യത്തെയൊന്ന് താരതമ്യപ്പെടുത്താം.  ജയരാജനും ചാണ്ടിയും തമ്മിൽ പല വ്യത്യാസങ്ങളുണ്ടെങ്കിലും ഇവയിൽ പ്രധാനം നിക്ഷേപപരമാണ്. ചാണ്ടി ആഗോളപ്രശസ്തി കൈവരിച്ച നിക്ഷേപകനാണ്.  ജയരാജന് ബോണ്ടിലോ മറ്റോ നിക്ഷേപം കണ്ടാലായി. ചാണ്ടിയാകട്ടെ, കക്ഷി രാഷ്ട്രീയഭേദമില്ലാതെ കരിമീൻ വിളമ്പും. ജയരാജന് വിളമ്പാൻ കരിമീനുകളില്ല. കിട്ടിയാൽ തിന്നാനേ അറിയൂ. യു.ഡി.എഫിന്റെ കാലത്തെപ്പോലെ ജിം, എമർജിങ് കേരള എന്നിങ്ങനെ കേന്ദ്രീകൃതമല്ല  ഈ സർക്കാരിന്റെ നിക്ഷേപകസൗഹൃദ മാതൃകകൾ. കക്കാടംപൊയിലിലെ  വാട്ടർതീം പാർക്കും കൊടുവള്ളിയിലെ മിനികൂപ്പറുംപോലെ അവ വികേന്ദ്രീകൃതമാണ്. 

******
  ഈ രാഹുൽഗാന്ധിയെ ബി.ജെ.പി.ക്കാർ സത്യത്തിൽ ഭയക്കുന്നുണ്ട്. ജാപ്പനീസ് ആയോധനകലയായ ആയിക്കിടോയിൽ  ബ്ലാക്ക്‌ബെൽറ്റുണ്ടെന്ന് രാഹുൽ  വെളിപ്പെടുത്തിയ സ്ഥിതിക്ക്  പേടി ഇനിയും കൂടാനാണിട. 
പപ്പുമോൻ എന്നൊക്കെ വിളിച്ചുകൊണ്ടിരുന്നത് പേടി മറച്ചുവെയ്ക്കാനുള്ള അടവുമാത്രമായിരുന്നു.  രാഹുൽ ഗുജറാത്തിൽപ്പോയി ജി.എസ്.ടി.യെ ഗബ്ബർ സിങ് ടാക്സ് എന്നുവിളിച്ചതേയുള്ളൂ, പത്തുലക്ഷം കോടിയുടെ ഉത്തേജകപാക്കേജാണ് ധനമന്ത്രി ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. ഇവിടത്തെ ജി.എസ്.ടി. സിംഗപ്പൂരിലേതിനെക്കാൾ ഇത്തിരിക്കൂടിപ്പോയെന്ന് സിനിമാ ഡയലോഗടിച്ച സൂപ്പർസ്റ്റാർ വിജയിനെ പൊരിക്കാൻ വന്നവരൊയൊന്നും രാഹുലിനെ വിരട്ടാൻ കണ്ടതുമില്ല. രാഹുൽ ഈ വീര്യം പണ്ടേ കാട്ടിയിരുന്നെങ്കിൽ രാജ്യത്തിന്റെ സാമ്പത്തികവളർച്ച ഇങ്ങനെ ഇടിയുമായിരുന്നില്ലെന്ന് ഇപ്പോൾ തോന്നിപ്പോവുന്നു. രാഹുലിനെ മുമ്പും ബി.ജെ.പി.ക്കാർ പേടിച്ചിരുന്നെന്നുവേണം ഇപ്പോൾ മനസ്സിലാക്കാൻ. എന്തുചെയ്യാം! അദ്ദേഹം സ്ഥലത്തില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ  പേടി പുറത്തുകാട്ടേണ്ടിവന്നില്ല.   
 ഇതുമാത്രമല്ല, ഭരണത്തിന്റെ ഊറ്റം 56 ഇഞ്ചിൽനിന്ന് കുറയുന്നോ എന്ന് സംശയിക്കേണ്ട വേറെയും ചില സാഹചര്യങ്ങളുണ്ടായി. മോദിയെ അനുകരിച്ച ശ്യാം രംഗീല എന്ന ചെറുപ്പക്കാരന്റെ മിമിക്രി കുറേദിവസമായി വൈറലായി കറങ്ങുന്നുണ്ടായിരുന്നു. ഈ രാജ്യദ്രോഹം ആരും വിലക്കാനില്ലേയെന്ന് അതിശയിച്ചിരിക്കുമ്പോൾ അതാ വരുന്നു ശുഭവാർത്ത. റെക്കോഡ്‌ചെയ്ത ചാനൽ ഈ മിമിക്രി സംപ്രേഷണംചെയ്യേെണ്ടന്ന് തീരുമാനിച്ചിരിക്കുന്നു. ആ വീഡിയോയും പിൻവലിച്ചു. മോദിയെ മാത്രമല്ല, ഇതേ കലാകാരൻ രാഹുലിനെ അനുകരിക്കുന്നതും ഇവർക്ക് വേണ്ട. ഒരു വിലക്കിന് വേറൊരു വിലക്ക് ഫ്രീ! സംശയിക്കണ്ട. ഇഞ്ചിലൊട്ടും കുറയാതെ രാജ്യം മുന്നോട്ടുതന്നെ. 

nakhasikantham@gmail.com