അമിത്ഷായെക്കണ്ടില്ല, ആശംസയും കിട്ടീല്ല. എന്തെന്റെ മാവേലീ ഓണം വന്നൂ... 

ഇന്ന് ഉത്രാടമാണ്. നാളെ തിരുവോണവും. കഴിഞ്ഞ ഓണത്തിന് മലയാളികൾക്ക് മുൻകൂറായി വാമനജയന്തി ആശംസിച്ച ബി.ജെ.പി. മുഖ്യൻ അമിത്ഷാ,  ഇത്തവണ ഇതെഴുതുന്നതുവരെയും ഒന്നും നേർന്നിട്ടില്ല. അദ്ദേഹത്തിന് ഈ സൊമാലികളെ മടുത്തുകാണും. ഏതുകുഴലിലിട്ടാലും ഇതുങ്ങളുടെ വാല് അരിവാളുപോലെ വളഞ്ഞല്ലേ നിൽക്കൂ. അല്ലെങ്കിൽ, പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്രമന്ത്രിമാർക്ക് മാർക്കിടുന്ന തിരക്കിലാവും അദ്ദേഹം. ഇനിയും കാത്തിരിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ ഓണസർക്കുലറിനായി  കേരളത്തിലെ ബി.ജെ.പി.ക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നാളത്തെ ഓണം എന്താക്കുമെന്നറിയാതെ പരിവാരം വലഞ്ഞുപോവും. 
 പണ്ടൊക്കെ ഓണാഘോഷം രസകരമായിരുന്നെന്ന് കേട്ടിട്ടുണ്ട്. പൂപറിക്കണം, പൂക്കളമിടണം, ഊഞ്ഞാലാടണം, തുമ്പിതുള്ളണം, പുലികളിക്കണം, മൃഷ്ടാന്നം സദ്യയുണ്ണണം. ശാപ്പാടും കളിയും. ആകെയൊരു വെക്കേഷൻ മൂഡ്. ഏറിയാൽ ഇത്തിരി കാണം വിൽക്കേണ്ടിവരുമായിരുന്നു. അതും ചില ദരിദ്രവാസികൾക്ക്. ബുദ്ധിമുട്ടവിടെതീരും. ഇന്നോ? ഓണം വരുന്നെന്ന് കേട്ടാൽ ചങ്കിടിപ്പായി. അത്തത്തിനുമുന്നേ തുടങ്ങും തർക്കവും വിവാദവും. പിന്നെ രാഷ്ട്രീയബുദ്ധിജീവി ഇടപെടൽ. ചർച്ചയോട് ചർച്ച.
 ഓണം മലയാളിക്കിന്നൊരു പരീക്ഷയാണ്. പി.എസ്.സി.പോലും ചോദിക്കാനറയ്ക്കുന്ന കഠോരചോദ്യങ്ങളാണ് ഓണക്കാലത്ത് അവർക്കുമുന്നിലെത്തുന്നത്. ചില സാമ്പിൾചോദ്യങ്ങൾ ഇതാ. 

image

 ചോദ്യം ഒന്ന്:  നർമദാ നദീതടത്തിൽ വാണിരുന്ന മഹാബലിയും കേരളത്തിലെ മാവേലിയും ഒന്നാണോ രണ്ടാണോ അതോ ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടതാണോ?  ചോദ്യം രണ്ട്:   ഈ മാവേലിയെ അവസാനം കണ്ടത്  തൃക്കാക്കരയിലോ ശോണിതപുരത്തോ അതോ ഗുജറാത്തിലോ?  മാവേലിക്ക് അപരനുള്ളതായി പറയപ്പെടുന്നത്  അസീറിയയിലെ നിനവെ ടൗൺഷിപ്പിലോ അതോ സിഗുറാത്ത് ക്ഷേത്രത്തിലോ? മാവേലിയെ വാമനൻ തോൽപ്പിച്ചോ അതോ മാവേലി വാമനനെ പരാജയപ്പെടുത്തിയോ? മാവേലി പാർക്കുന്നതായി പറയപ്പെടുന്ന സുതലമെന്ന സൗധം പാതാളം ഫ്ളാറ്റിന്റെ എത്രാമത്തെ നിലയാണ്? അവിടെനിന്ന് അതലത്തിലേക്കുള്ള ഉയരം എത്ര? മഹാതലംവഴി ഗ്രൗണ്ട് ഫ്ളോറായ പാതാളത്തിലേക്ക് എത്ര ആഴമുണ്ട്?  കേരളത്തിൽ ഓണംകൊണ്ടുവരുന്നത്  മഹാബലിയോ മാവേലിയോ അതോ സാക്ഷാൽ വാമനനോ?  ഹെർമൻ ഗുണ്ടർട്ട് അഭിപ്രായപ്പെട്ടപോലെ തിരുവോണത്തിന് പരശുരാമൻ വരാനുള്ള സാധ്യത എത്രത്തോളം? പരശുരാമൻ കേരളത്തിന് മാത്രമല്ല, ഓണത്തിനും ഉത്തരവാദിയാണെന്ന് മലബാർ മാന്വലിൽ പറയുന്നുണ്ടോ? ഈ മാവേലിയ്ക് മാവോവാദികളുമായി എന്തെങ്കിലും ബന്ധമുണ്ടോ?
മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം ഒറ്റവാക്കിൽ മതിയാവും. പക്ഷേ, ചില കടുകട്ടി ഉപന്യാസചോദ്യങ്ങളുണ്ട് കൂട്ടത്തിൽ.  ചോദ്യം ഒന്ന്‌: വൈദികബ്രാഹ്മണർക്ക് നൽകേണ്ട ഓണസദ്യയുടെ മെനുവിൽ സ്ഥാണുരവി കുലശേഖരൻ പപ്പടം ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്? ചോദ്യം രണ്ട്: ഓണം കാരാളരുടേതോ ഊരാളരുടേതോ? സമർഥിക്കുക. മരുതനാരുടെ മധുരൈക്കാഞ്ചിയിൽ വർണിക്കുന്ന ഓണാഘോഷവും നമ്മുടെ ഓണപ്പാട്ടിലെ ആഘോഷവും താരതമ്യപ്പെടുത്തുക. രണ്ടിലും മഞ്ഞക്കോടിയുടെ സ്ഥാനം അടയാളപ്പെടുത്തുക. ഏതാണ് ടൂറിസത്തിന് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തുക. 

 പാവം മാവേലിയെ ഇങ്ങനെ വെയിലത്ത് നിർത്താതെ ഏതെങ്കിലും ബെഞ്ചിടപെട്ട് ഈ ഓണത്തർക്കത്തിന് തീർപ്പുകല്പിച്ചെങ്കിൽ!
*******
അടച്ചിട്ട ബാറുകൾ തുറന്നതോടെ കേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കാണ് സർക്കാർ പ്രതീക്ഷിച്ചത്. പക്ഷേ, വിചാരിച്ചതുപോലെ ശരിയായില്ല. ആരാധനാലയങ്ങളിൽനിന്ന് മദ്യശാലകളിലേക്ക് ദൂരം കൂടിപ്പോയത് പ്രശ്നമായി.  പ്രാർഥിച്ചാൽ ഉടൻതന്നെ രണ്ടടിക്കുന്നതാണ് കേരളത്തിൽ വരുന്ന ടൂറിസ്റ്റുകളുടെ പൊതുസ്വഭാവം. ഇതിനായി ഇരുന്നൂറ്് മീറ്ററൊക്കെ യാത്രചെയ്യുകയെന്നത് അവർക്ക് അചിന്തനീയം. ഇതിലും എളുപ്പം ശ്രീലങ്കയിൽപ്പോവുന്നതാണ്. വൈകിയെങ്കിലും സർക്കാർ ഇത് തിരിച്ചറിഞ്ഞു. ആരാധനാലയങ്ങൾക്ക് അമ്പത് മീറ്ററിനടുത്ത് ബാറുകൾ തുറക്കുന്നതോടെ, ധീര സുധീരാ നോക്കിക്കോ, ടൂറിസ്റ്റുകളുടെ സുനാമിയായിരിക്കും ഇനി കേരളത്തിൽ. 

 ബാറുകൾ തുറന്നത് ടൂറിസത്തിന്, തുറക്കാനിരിക്കുന്നതും ടൂറിസത്തിന്. ആരാധനാലയങ്ങളുമായി അടുപ്പിച്ചതും ടൂറിസത്തിനുതന്നെയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരിക്കുന്നു.  മോദി സർക്കാർ എന്തുചെയ്താലും ദേശസ്നേഹത്തെ കൂട്ടുപിടിക്കുന്നതുപോലെ പിണറായി സർക്കാർ ചാരുന്നത് ടൂറിസത്തിലാണ്. നോട്ടുനിരോധിച്ചതും ബീഫ് നിരോധിച്ചതും ദേശസ്നേഹം ഉണർത്താൻ വേണ്ടിയായിരുന്നല്ലോ. എന്തിന് ജി.എസ്.ടി.പോലും വിലക്കയറ്റംകൊണ്ട് ദേശദ്രോഹികളുടെ നടുവൊടിക്കാൻവേണ്ടിമാത്രം നടപ്പാക്കിയതാണ്.  ഇവിടെ ടൂറ്‌്സ്നേഹം. അവിടെ ദേശസ്നേഹം. 

 മദ്യം മാത്രമല്ല, ടൂറിസത്തിന് ആകമാന പ്രോത്സാഹജനകമായ മറ്റുചില അന്തരീക്ഷങ്ങളും കേരളത്തിൽ സമാഗതമായിരിക്കുന്നു. ലാവലിനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയംപോലും  കേരളത്തിലേക്ക് സഞ്ചാരികളെ  ആകർഷിച്ചു തുടങ്ങിയിരിക്കുന്നു. ഇക്കാലത്ത് സത്യം ജയിക്കുന്നത് ലോകത്തെങ്ങും കേട്ടുകേൾവിയില്ലാത്തതാണ്. ഇവിടെയത് സംഭവിച്ചിരിക്കുന്നുവെന്നതുതന്നെ സത്യാന്വേഷണ ടൂറിസ്റ്റുകളെ ഹരംപിടിപ്പിക്കുന്നതാണ്.  ഉലകനായകൻ കമൽഹാസൻതന്നെ തിരുവനന്തപുരത്തുവന്ന്  മുഖ്യനെ നേരിട്ട്കണ്ട് പഠനയാത്രയ്ക്ക് തുടക്കം കുറിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ ഇനി തിരിഞ്ഞുനോക്കേണ്ടിവരില്ല. 

 ഭരണഘടനാബെഞ്ചിനുമാത്രം കൈകാര്യംചെയ്യാൻ പറ്റുന്ന തരത്തിലേക്ക് വളർന്ന എം.എം. മണിയും ടൂറിസ്റ്റുകൾക്ക് മറ്റൊരാകർഷണമാണ്.  ഇത്തരം കോതപ്പാട്ടുകാരെ ഇതുവരെ വടക്കേയിന്ത്യയിലേ കാണാൻ പറ്റുമായിരുന്നുള്ളൂ.  ബലാത്സംഗത്തിന് ഇരയായവരെ അവഹേളിച്ച യു.പി.യിലെ മുൻമന്ത്രി അസംഖാന്റെ കേസ് പരിഗണിക്കുന്ന ഭരണഘടനാബെഞ്ച് മണിയാശാന്റെ പെമ്പിളൈ ഒരുമയ്ക്കെതിരായ  നാട്ടുപാഷാണവും പരിശോധിക്കണമെന്ന് സുപ്രീംകോടതി നിർദേശിക്കുമ്പോൾ ഈ അനുപമനേട്ടത്തിൽ നമ്മൾ നാട്ടുകാർ സന്തോഷിക്കുകയാണ് വേണ്ടത്. ഭാര്യയെ പോറ്റാനാവാത്ത മോദിയെങ്ങനെ രാജ്യത്തെ പോറ്റുമെന്നൊക്കെ ചോദിച്ച അസംഖാൻ ആശാനെപ്പോലെ മോദിവിരുദ്ധൻതന്നെ. പക്ഷേ, ഒരു നിർണായകവ്യത്യാസമുണ്ട്. കുംഭമേളയ്ക്ക് തിരക്കിൽപ്പെട്ട് തീർഥാടകർ മരിച്ചപ്പോൾ അസംഖാൻ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത്  മന്ത്രിപ്പണി രാജിവെച്ചു.  മണിയാശാന് വാമൊഴി വഴക്കംപോലെ ധാർമികത പെട്ടെന്ന് വഴങ്ങിയെന്നുവരില്ല. 

*******
 പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹെയർ സ്റ്റൈൽ മാറ്റിയതല്ലാതെ കേരളത്തിലെ കോൺഗ്രസിൽ പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. വി.എം.സുധീരനെപ്പോലെ രമേശും മുടി പിന്നോട്ട് ചീകാൻ തുടങ്ങിയിരിക്കുന്നു. സുധീരനെപ്പോലെ പോക്കും പിന്നോട്ടാണോ എന്നേ ഇനി അറിയാനുള്ളൂ. പക്ഷേ, രാഹുൽഗാന്ധി ഇന്ത്യയുടെ മുന്നോട്ടുള്ള പാതയെപ്പറ്റി ഇപ്പോൾ എവിടെയോ ഇരുന്ന് പ്രസംഗംപഠിക്കുകയാണ്.  കാലിഫോർണിയയിലെ ബെർക്‌ലി സർവകലാശാല അദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിച്ചിരിക്കുന്നു. ‘എഴുപതാണ്ട് പിന്നിട്ട ഇന്ത്യയുടെ മുന്നോട്ടുള്ള പാത’ -അതാണ് വിഷയം. 1949-ൽ ജവാഹർലാൽ നെഹ്രു ഇതേ സർവകലാശാലയിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. തന്റെ മുത്തച്ഛൻ എത്രയോ മഹാനാണെന്ന് അതേ വേദിയിൽത്തന്നെ ഒരിക്കൽക്കൂടി തെളിയിക്കാൻ കിട്ടിയ ഈ സുവർണാവസരം  രാഹുൽ വേണ്ടവിധം പ്രയോജനപ്പെടുത്തുമെന്ന കാര്യത്തിൽ  ആർക്കും ആശങ്കവേണ്ട. 

nakhasikantham@gmail.com