കാളപെറ്റെന്ന് കേൾക്കുമ്പോൾ കാളക്കറിക്ക് വെള്ളംവെയ്ക്കുന്ന കേരളത്തിലെ ബീഫ് കൊതിയൻമാരേ, മോദി സർക്കാർ നടപ്പാക്കുന്നത് കശാപ്പുനിരോധനമല്ല, മാട്ടുബന്ദിയാണ്. നോട്ടുബന്ദിയുടെ വിജയകരമായ പരിസമാപ്തിക്കുശേഷം അവതരിപ്പിക്കുന്ന പുണ്യപുരാണ കലാപരിപാടി. നാട്ടുകാരുടെ നോട്ടെല്ലാം നട്ടപ്പാതിരയ്ക്ക്  വിപണിയിൽനിന്ന് പിൻവലിച്ചതുപോലെ  അവരുടെ കാലികളും വിപണയിൽനിന്ന് പിൻവലിക്കപ്പെട്ടിരിക്കുന്നു. നൂറിന്റെ കീറിയ നോട്ടിനുപകരം രണ്ടായിരത്തിന്റെ വെട്ടിത്തിളങ്ങുന്ന പുത്തൻനോട്ടുകൾ കേന്ദ്രം തന്നല്ലോ. ഇനി നിങ്ങൾ നിങ്ങളുടെ വൃദ്ധകാലികളെയും കെട്ടിപ്പിടിച്ചുനിൽക്കുമ്പോൾ സായിപ്പൻമാരുടെ ജനിതകമാറ്റം വരുത്തിയ കാലികൾ ചുരത്തുന്ന കൊഴുകൊഴുത്ത പാലും സ്വയമ്പൻ ബീഫും കേന്ദ്രം മുതലാളിമാർവഴി ഇറക്കിത്തരും. ബീഫ് തിന്നാൽപ്പോരേ, കാലിയുടെ നാഷണാലിറ്റി അറിയണോ? 

ആശയക്കുഴപ്പവും ആമാശയക്കുഴപ്പവും ഒരുമിച്ചുണ്ടാക്കുന്ന ചട്ടമാണ് കാറ്റിൽക്ലാസിനായി മോദിസർക്കാർ ഇറക്കിയത്. കാലികളെ കശാപ്പിനായി കാലിച്ചന്തകളിൽ വിൽക്കാൻ പാടില്ലത്രെ. പകരം എവിടെ വിൽക്കണമെന്ന് പറയുന്നുമില്ല. ഇത് അതതിടത്തെ പരിവാറിന്റെ തീരുമാനത്തിന് വിട്ടിരിക്കയാണെന്ന് തോന്നുന്നു. കശാപ്പുശാലയിൽ കൊണ്ടുപോയി സ്നേഹിച്ചുകൊല്ലാൻ തടസ്സമില്ലെന്നാണ് പരിവാർ വക്താക്കൾ പറയുന്നത്‌. അങ്ങനെയെങ്കിൽ പശുഗുണ്ടകൾക്ക്  എളുപ്പമായി. മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടിക്കാൻ ബാറിന്റെ മുന്നിൽ പോലീസ് കാത്തുനിൽക്കുന്നതുപോലെ അറവുശാലയുടെ പരിസരത്ത് വിശ്രമിച്ചാൽ മതി. തല്ലിക്കൊല്ലാൻ ദിവസേന ധാരാളംപേരെ കിട്ടും. 

 ഉത്തരവ് വായിച്ചാൽ ആകെക്കൂടി മനസ്സിലാവുന്നത് ഇതാണ്: കാലിയെ വളർത്തുകയും ജീവിതം കാലിയാകാതിരിക്കുകയും ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ഒന്നുകിൽ കാലിയെ അത് ചാവുന്നതുവരെ വളർത്തണം. തിന്നുന്നെങ്കിൽ വളർത്തുന്നവൻതന്നെ തിന്നണം. മേക്ക് ഇൻ ഇന്ത്യ എന്നതുപോലെ അവനവന്റെ കാലി അവനവന്റെ വയറ്റിൽ എന്നതാകട്ടെ പുതിയ മുദ്രാവാക്യം. 

 കാലിയെ വിൽക്കുന്നവനും വാങ്ങുന്നവനും കർഷകനായിരിക്കണമെന്ന ഒറ്റനിബന്ധനമതി കേരളത്തിൽ കാലിക്കച്ചവടം നിലയ്ക്കാൻ. കേരളപ്പിറവിക്ക് ആദരിക്കാൻപോലും കർഷകരെ കിട്ടാത്ത നാടാണിത്. വില്പനക്കരാറിന് അഞ്ച് പകർപ്പുകളും വേണമത്രെ. പോര, ആറെണ്ണമായിക്കോട്ടെ. ഒരു കോപ്പി ഗവർണർക്കുംകൂടി കൊടുക്കണം. വിവാഹമോചനത്തിന് നോട്ടീസ് നൽകാൻ വിവാഹാനന്തരം ആറുമാസം കഴിയണമല്ലോ. ഇതേമാതൃകയിലാണ്  കാലിക്കച്ചവടവും. കിട്ടിയ കാലിയെ കൈയൊഴിയാൻ മിനിമം ആറുമാസം കാത്തിരിക്കണം. 

 ഇതിനിടയ്ക്ക് കാലി തറയിലെങ്ങാനും വീണാൽ വലിച്ചിഴയ്ക്കരുത്. പകരം കേരളത്തിലെ പോലീസ് ചെയ്യുന്നതുപോലെ കൈകൊടുത്ത് എണീപ്പിക്കണം. പാൽ കറക്കുന്നതിനൊഴികെ, ദേഹത്തൊന്നും കൈവയ്ക്കരുത്. കാലികളെ കാക്കകൊത്തുന്നത് കണ്ടാൽ ‘കുന്നിൻ പുറങ്ങളിൽ കന്നുകൾ മേയുന്നു, കന്നിൻപുറങ്ങളിൽ കാക്കകൾ മേയുന്നു’ എന്ന പ്രാസംപാടി നിൽക്കരുത്. ഉടൻ കളക്ടറെ അറിയിക്കണം. മനുഷ്യരുടെ കാര്യം നോക്കാൻപോലും ഇപ്പോഴത്തെ കളക്ടർമാർക്ക് സമയമില്ല. പിന്നെയല്ലേ കാലിപരിപാലനം. അതിനാൽ എല്ലാ ജില്ലയിലും ഇനി രണ്ട് കളക്ടർമാർ വേണം. ഇതിലൊരാൾ കളക്ടർ (കന്നുകാലി)യായിക്കോട്ടെ. 

 ഭാരതകർഷകാ, മനുഷ്യരോടെന്നപോലെ, മൃഗങ്ങളോടുമുള്ള ക്രൂരത തടയാൻ ഈ മഹാരാജ്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊള്ളാവുന്ന അറവുശാലയുണ്ടാക്കാൻ പറ്റിയിട്ടില്ല. കാലികളെ പൊന്നുപോലെ നോക്കുന്ന നിന്നെ ദ്രോഹിക്കലാണ് ഇനി മുന്നിലുള്ള മാർഗം. ആയതിനാൽ, വരൾച്ചവന്നാൽ നീ നിന്റെ കാലികളെ കൈയൊഴിയരുത്. നീ കുടിച്ചില്ലെങ്കിലും കാലികളെ കുടിപ്പിക്കണം. നീ കുളിച്ചില്ലെങ്കിലും നിന്റെ കാലികൾ കുളിച്ചിരിക്കണം. നിന്റെ കീശ കാലിയായാലും ബീഫ് കയറ്റുമതിയിലെ 26,000 കോടി പോയാലും വേണ്ടില്ല. രാജ്യം കാലി സൗഹൃദമാകട്ടെ. 

 വളർത്താനാകാതെ വന്നാൽ കാലികളെ നീ തെരുവിലേക്ക് വിട്ടയച്ചാലും. നിരത്തിൽ ബെൻസ് കാറുകൾക്കൊപ്പം ഒഴുകിനീങ്ങുന്ന ഗോമാതാക്കൾ, ഋഷഭപിതാക്കൾ, ഒട്ടകവര്യൻമാർ... ഹാ! എന്തൊരു സമത്വസുന്ദരദൃശ്യം. ഇനി പാമ്പാട്ടികൾക്ക് പെൻഷനുംകൂടി പ്രഖ്യാപിച്ചാൽ ഇന്ത്യക്ക് ഗതകാല പ്രതാപം വീണ്ടെടുക്കാം. ഒരെതിർപ്പേയുള്ളൂ, പശുഭക്തരെ കുറ്റവാളികളാക്കാനിടയുള്ള  ഒരു വ്യവസ്ഥ ഇതിലുണ്ട്. ഗോമാതായെ  പൂമാലയിട്ടൊന്ന് പൂജിക്കാമെന്നുവെച്ചാൽ അകത്താവും. കാലികളെ അലങ്കരിക്കുന്നത് കുറ്റകരമാണത്രെ. യു.എ.പി.എ.പോലെ ഈ വ്യവസ്ഥയും ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട്. ഇതൊഴിവാക്കാൻ കേരള ബി.ജെ.പി.യെങ്കിലും യത്നിച്ചില്ലെങ്കിൽ ഭാവിയിൽ അവർക്കുതന്നെ വലിയ പാരയാവും.  

  തലവേദന മാറ്റാൻ തല കണ്ടിക്കുകയാണ് മോദിസർക്കാരിന്റെ ശൈലി. കള്ളപ്പണം ഇല്ലാതാക്കാൻ പണംതന്നെ പിൻവലിക്കുക, പശുഗുണ്ടകളുടെ ആക്രമണം തടയാൻ പശുക്കച്ചവടം അവസാനിപ്പിക്കുക... 2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കർഷകരുടെ എണ്ണം കുറയ്ക്കുകയാണ് സർക്കാരിന്റെ മുന്നിലുള്ള പോംവഴി. ഈ വിജ്ഞാപനം ഇതിന് സഹായിക്കുമെന്നതിൽ തർക്കംവേണ്ട. ഉത്തരേന്ത്യയിൽ കാലിവ്യാപാരം നടത്തുന്ന  മുസ്‌ലിമും തുകലുരിക്കുന്ന ദളിതനും മാത്രമല്ല കേരളത്തിലെ ബി.ജെ.പി.ക്കാരും ഇതോടെ പട്ടിണിയാവും. പൊറോട്ടയും ബീഫും തമ്മിലുള്ള പാരസ്പര്യം ഇവിടെ  വോട്ടും ബീഫും തമ്മിലുണ്ടല്ലോ.  

   മനുഷ്യരെ മാത്രമല്ല, ജന്തുക്കളെയും തമ്മിലടിപ്പിക്കുന്ന ഇങ്ങനെയൊരു നിയമമുണ്ടാക്കാൻ ചെറിയ ബുദ്ധിയൊന്നും പോരാ. പശു, കാള, എരുമ, പോത്ത് , ഒട്ടകം എന്നിവയൊക്കെ ഇതോടെ ഒറ്റയടിക്ക് സവർണരായി. കൃഷി നശിപ്പിക്കുന്ന പന്നജീവിതം നയിക്കുന്ന പന്നിയെ ഒരു കാരണവശാലും കൂട്ടത്തിൽ ഉൾപ്പെടുത്താനാവില്ല.  പക്ഷേ, ആടിന്റെ ജീവിതം വെറും ആടുജീവിതമാക്കിക്കളഞ്ഞത് മോശമായിപ്പോയി. അടുത്ത ഘട്ടത്തിൽ കോഴിയെയും ആടിനെയുംകൂടി വിപണിയിൽനിന്ന് പിൻവലിക്കണം. ഒരുകാര്യം ഉറപ്പ്, ആറുമാസംമുമ്പ് പോക്കറ്റടിച്ചു. ഇപ്പോഴിതാ വയറ്റത്തും. തലയ്ക്കടി കിട്ടാൻ വലിയ താമസമുണ്ടാവില്ല. അതേത് രൂപത്തിലാവുമോ എന്തോ. 

***** 
 കാശ്‌, പശു എന്നിവയെ ഇതിനകം ശരിയാക്കി മുന്നേറുന്ന മോദി സർക്കാരിന്റെ മൂന്നാംവാർഷികം, ഒന്നും ശരിയാക്കാത്ത എൽ.ഡി.എഫ്. സർക്കാരിന്റെ ഒന്നാംവാർഷികത്തിനുമുന്നിൽ നിഷ്പ്രഭമായത് കഷ്ടമായിപ്പോയി. എങ്ങനെ നിഷ്പ്രഭമാകാതിരിക്കും? കേരള ചാവേസ് പിണറായി വിജയന്റെ ബദൽഭരണ വിശേഷങ്ങളാണ് ആഗോളമാധ്യമങ്ങളിൽ ഇപ്പോൾ ചൂടൻ വാർത്തകൾ. വിനയംകാരണം ഇതൊന്നും കൊട്ടിഗ്‌ഘോഷിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. പകരം, നേട്ടങ്ങളെല്ലാം കണ്ടത് വിദേശ മാധ്യമങ്ങളാണെന്ന് മുള്ളുവെച്ച സൂചനമാത്രം അദ്ദേഹം നൽകി. സൂചനകണ്ട് ആഗോളമാധ്യമങ്ങൾ പരതിയപ്പോൾ ഒരുകാര്യം മനസ്സിലായി. വിദേശപത്രങ്ങളും ചാനലുകളും പിണറായി സർക്കാരിനെ മത്സരിച്ച് വാഴ്ത്തുന്നതായി ഏതോ ഉപദേശകൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. 
  വെനസ്വേല ഭരിക്കുന്നത് ഒരിനം കമ്യൂണിസ്റ്റ് പാർട്ടിയാണ്. അവിടത്തെ സർക്കാരിന്റെ ചാനൽജിഹ്വയായ ടെലിസുർ ടി.വി.യുടെ വെബ്‌സൈറ്റിൽ കേരളത്തിലെ ഇതര സംസ്ഥാനതൊഴിലാളികളുടെ ആരോഗ്യം ഇൻഷുർചെയ്തതായി വാർത്തകണ്ടു.

അമേരിക്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വെബ്‌സൈറ്റിൽ നോട്ടുനിരോധനം സഹകരണമേഖലയെ തകർത്തതിനെക്കുറിച്ച് കേരള സി.പി.എമ്മിന്റെ പ്രസ്തവനാവിലാപവും കണ്ടു. ഇന്ത്യയിലാദ്യമായി കൊഴുപ്പിനെതിരെ യുദ്ധംപ്രഖ്യാപിച്ച് കേരളം കൊഴുപ്പുനികുതി  ഏർപ്പെടുത്തിയതായി ‘ദ ഗാർഡിയനി’ൽ കണ്ടു.  ഭിന്നലിംഗക്കാർക്ക് കൊച്ചി മെട്രോയിൽ ജോലികിട്ടിയെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തപ്പോൾ ബി.ബി.സി. ഡോ‌ട് കോം കണ്ണൂരിൽ രാഷ്ട്രീയകൊലപാതകങ്ങൾ പെരുകുന്നതായി അന്നാട്ടുകാരെ അറിയിച്ചു.  
 മേൽപ്പറഞ്ഞ നേട്ടങ്ങളെല്ലാം കേരളത്തിലെ മുക്കിലും മൂലയിലുമുള്ളവർ അറിഞ്ഞിട്ടുണ്ട്. അവരൊന്നും ആഗോളമാധ്യമങ്ങൾ വായിക്കുന്നവരല്ല. അപ്പോൾപ്പിന്നെ കാറ്റ് പറഞ്ഞതാവാനാണ് സാധ്യത. പിണറായിക്കും കൂട്ടർക്കും ഭാഷയിൽ തനിനാടനോടാണ് പ്രിയം, മാധ്യമങ്ങളിൽ വിദേശിയും. വല്ലാത്ത വൈരുധ്യംതന്നെ. 

nakhasikantham@gmail.com