ഒരു സെൻകഥ പറയാം. പോലീസ് മേധാവി സെൻകുമാറായതുകൊണ്ട് മനപ്പൂർവം സെൻകഥ തിരഞ്ഞെടുത്തെന്ന് വിചാരിക്കരുത്. മറ്റ് ഉദാഹരണമൊന്നും കിട്ടിയില്ല. 
 രണ്ട് ഭിക്ഷുക്കൾ നടന്നുനടന്ന് ഒരു നദിക്കരയിലെത്തി. അവിടെവെച്ച് ഒരു യുവതി നദികടക്കാൻ ഭിക്ഷുക്കളുടെ സഹായംതേടി. ഇതിലൊരുവൻ യുവതിയെ സ്വന്തം ചുമലിലേറ്റി നദി കടത്തിവിട്ടു. മറ്റേഭിക്ഷു നീണ്ട മൗനത്തിലായി. എന്തുസംഭവിച്ചെന്ന്‌ ചോദിച്ചപ്പോൾ മൗനിഭിക്ഷു  ഇങ്ങനെ ചോദിച്ചു: ‘ബ്രഹ്മചാരികളായ നമ്മൾ  യുവതികളെ തോളിലേറ്റുന്നത് ശരിയോ?’ അപ്പോൾ ഉപകാരി പറഞ്ഞു: ‘തോളിലേറ്റിയ യുവതിയെ ഞാൻ എപ്പോഴേ ഇറക്കിവിട്ടു. നിങ്ങളെന്തിനാണ് അവരെയിപ്പോഴും മനസ്സിൽ ചുമക്കുന്നത്?’
നമ്മുടെ നാട്ടിൽ എന്നും ഇങ്ങനെയാണ്. ആരെന്ത് നല്ലകാര്യം ചെയ്താലും ചിലരതിൽ മറ്റെന്തെങ്കിലും മണത്തുകൊണ്ടേയിരിക്കും. പോലീസ് സ്റ്റേഷനുകളും ഭാർഗവീനിലയങ്ങളും തമ്മിൽ തിരിച്ചറിയാനാവാതെ ജനം വലയുന്നുവെന്ന് പോലീസ് മേധാവിയായിരുന്നപ്പോൾ ലോക്‌നാഥ് ബെഹ്‌റയ്ക്ക് മനസ്സിലായി. എല്ലാ പോലീസ് സ്റ്റേഷനിലും ഒരേനിറത്തിലുള്ള പെയിന്റടിച്ച്  പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാൻ അദ്ദേഹം തീരുമാനിച്ചു. എല്ലാവരും ഒരേ കമ്പനിയുടെ പെയിന്റ് വാങ്ങണമെന്ന്  നിർദേശിച്ചത് നിറം മാറിപ്പോകാതിരിക്കാൻമാത്രമാണ്. ഇതിനെ അഭിനന്ദിക്കുന്നതിനുപകരം പെയിന്റിൽ അഴിമതിയും മണത്ത് നടക്കുകയാണ് ചിലർ. പിണറായി സർക്കാരിനെ അടിക്കാൻ ഇവർക്ക് എപ്പോഴും എന്തെങ്കിലും വേണം. ഇത്തവണ പെയിന്റിലാണ് ഗൂഢാലോചന. 
വെള്ളപൂശുന്നവരെ നമ്മൾ പെയിന്റടിക്കാരെന്ന് വിളിക്കും. സർക്കാരിനെ വെള്ളപൂശുകയാണ് ചരിത്രപരമായി പോലീസ് മേധാവികളുടെ ജോലി. അപ്പോൾ അവരും പെയിന്റടിക്കാർതന്നെ. സെൻകുമാറിന്റെ വെള്ളപൂശൽ അത്രയങ്ങ് ശരിയാവില്ലെന്ന് സംശയിച്ചാണ് പിണറായി വിജയൻ ബെഹ്‌റയെ ഏൽപ്പിച്ചത്. സെൻകുമാറിന് ജോലി തിരിച്ചുകൊടുക്കാൻ സുപ്രീംകോടതി പറഞ്ഞിട്ട് മടിച്ചതും അതുകൊണ്ടുതന്നെ. മികച്ച പെയിന്റടിക്കാരനാണ് താനെന്ന് സർക്കാരിൽനിന്ന്  സന്ദേശംകിട്ടിയ സ്ഥിതിക്ക്  ശരിക്കും പെയിന്റടിക്കാൻതന്നെ ബെഹ്‌റ തീരുമാനിച്ചതിൽ തെറ്റില്ല. പക്ഷേ, അദ്ദേഹത്തിന് ഗ്രഹപ്പിഴയാണ്. വെളുക്കാൻ തേച്ചതെല്ലാം പാണ്ടാവുന്നു. സ്ഥാനചലനവും മാനഹാനിയും ഫലം.   
പോലീസിനെ ശരിയാക്കാനോ പറ്റിയില്ല. പോലീസ് സ്റ്റേഷന്റെ പുറംമോടിയെങ്കിലും ശരിയാക്കാൻ ഇറങ്ങിയ ബെഹ്‌റയ്ക്ക് പെയിന്റ് കമ്പനിയുമായി എന്തുബന്ധമൊന്നൊക്കെ  കോടതി ചോദിച്ചതായി കണ്ടു. കുറ്റംപറയാൻ വരട്ടെ. അദ്ദേഹം ഒന്നുകിൽ ദീർഘദൃഷ്ടിയുള്ളവനാണ്. അല്ലെങ്കിൽ ബുദ്ധിമോശക്കാരൻ.  


ഈ സർക്കാർ ഭരണംതുടങ്ങിയിട്ട് വെറും 334 ദിവസം പിന്നിട്ടതേയുള്ളൂ. ഇതിനിടയ്ക്ക്  294 കൊലപാതകങ്ങൾ നടന്നുവെന്ന് മുഖ്യമന്ത്രിതന്നെ കണക്കുവെച്ചിട്ടുണ്ട്. ഇതിൽ രാഷ്ട്രീയകൊലപാതകങ്ങളും കക്ഷിരാഷ്ട്രീയഭേദമില്ലാതെ സമത്വഭാവനയിൽ വിരിഞ്ഞവയുമുണ്ട്. ദിവസം ഒന്നെന്ന കണക്ക് തികയാൻ കഷ്ടിച്ച് 40 എണ്ണത്തിന്റെ കുറവേയുള്ളൂ. കഷ്ടം! ഇതിനിടെ പത്തുനാൽപ്പത് ഹർത്താലുകൾ വന്നുപോയി. അല്ലെങ്കിൽ കണക്ക് ഒപ്പിക്കാൻ എളുപ്പം കഴിഞ്ഞേനെ. 
ഇങ്ങനെപോയാൽ ജനത്തിന് ഏതുനിമിഷവും പോലീസ് സ്റ്റേഷനിൽ ഓടിക്കയറേണ്ടിവരുമെന്ന് ഏതുപോലീസ് മേധാവിക്കും ബോധ്യപ്പെടും. പോലീസ് സ്റ്റേഷനുകൾ എത്രയും പെട്ടെന്ന് തിരിച്ചറിയാൻപറ്റിയാൽ സംഗതി എളുപ്പമായി. വഴിചോദിച്ച് വഴിയിൽനിന്ന് കറങ്ങിയാൽ ഒരുപക്ഷേ പിന്നൊരിക്കലും സ്റ്റേഷൻ കാണേണ്ടിവരില്ല. ഇതാണ് അദ്ദേഹത്തിന്റെ ദീർഘദൃഷ്ടി.  
ഇതേ ബെഹ്‌റ ബുദ്ധിമോശക്കാരനാണെന്ന് സംശയിക്കാൻ കാരണമുണ്ട്. കേരളത്തിൽ പോലീസ് സ്റ്റേഷനുകളെ തിരിച്ചറിയാൻ ഒരു നിറത്തിന്റെയും ആവശ്യമില്ല. റോഡിന്റെ ഉരുവശവും വാഹനങ്ങളുടെ തുരുമ്പെടുത്ത അസ്ഥികൂടങ്ങൾ കാണുമ്പോൾ  രണ്ടുകിലോമീറ്ററിനപ്പുറം പോലീസ് സ്റ്റേഷനുണ്ടെന്ന്  ഏതുകുട്ടിക്കും മനസ്സിലാവും. പിന്നെന്തിന് പെയിന്റടിച്ച് കുഴിയിൽച്ചാടണം?  പാതയോരത്തുനിന്ന് മദ്യക്കടകൾ മാറ്റിയതിനാൽ അവ തിരിച്ചറിയാൻ വയ്യാതെ ജനം വലയുകയാണ്. എത്രയും വേഗം അവയ്ക്കെല്ലാം ഒരേ പെയിന്റടിക്കാൻ നോക്ക്. അല്ലെങ്കിൽ ഖജനാവിന്റെ കാര്യം കട്ടപ്പൊഹയാവും. 

****** 
കേരളത്തിലെ മാധ്യമങ്ങൾ  പിണറായി വിജയൻസർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങളെ നിരന്തരം അവഗണിക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലാതല്ല. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള സൂചനകൾ നൽകാൻ ഒരുപകൽ നീണ്ട ചർച്ചയാണ് മുഖ്യമന്ത്രി നടത്തിയത്. സർക്കാർ ഗസ്റ്റ്ഹൗസിൽ രാവിലെമുതൽ രാത്രിവരെ ചർച്ചയോടുചർച്ച. ഏതാണ്ട് ഉമ്മൻചാണ്ടി നടത്തിയിരുന്ന പൊതുജന സമ്പർക്കംപോലെ. പിണറായി വിജയൻ ഉമ്മൻചാണ്ടിയെപ്പോലെ  പെരുമാറരുതെന്ന്  കാനം രാജേന്ദ്രൻ ഉപദേശിച്ചതുകൊണ്ടുമാത്രമാണ് അദ്ദേഹം ചർച്ചയ്ക്കിടയ്ക്ക്  ഭക്ഷണം കഴിച്ചത്. പക്ഷേ, ദ്രോഹികളായ മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ഈ ത്യാഗം കണ്ടതായി നടിച്ചതേയില്ല. ഉമ്മൻചാണ്ടിയാണ് ഇങ്ങനെ ചർച്ചിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു കൊണ്ടാട്ടം? 
രാവിലെ പത്തിനാണ് ചർച്ച തുടങ്ങിയത്. ഇനിയാർക്കും കൈയേറാൻ തോന്നാത്തവിധം മൂന്നാറിൽ ഒഴിപ്പിക്കൽ ശക്തമായി തുടരുമെന്ന സൂചന മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നൽകിയപ്പോഴേക്കും രാത്രി ഏഴ് കഴിഞ്ഞിരുന്നു. ദോഷംപറയരുത്, അവരെല്ലാം പിറ്റേന്ന് ഇതുതന്നെ വെണ്ടക്കയാക്കി. സി.പി.ഐ.ക്കാർ പരിഭവിച്ചതുപോലെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് പോയതല്ലാതെ വേറൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. മാനസാന്തരമുണ്ടായി ഇനി കൈയേറേണ്ടെന്ന് കൈയറ്റക്കാർ വിചാരിക്കാനിടയുണ്ട്. അതാവും  മുഖ്യമന്ത്രി ഉദ്ദേശിക്കുന്ന തോന്നൽ എന്നുതോന്നുന്നു. 
ഉമ്മൻചാണ്ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ മാത്രമല്ല, ആഗോള പരിപ്രേഷ്യത്തിലും ഇവിടത്തെ മാധ്യമങ്ങൾ പിണറായിയോട് അനീതിയാണ് കാട്ടുന്നത്. ഇവിടെ ഡി.ജി.പി. പ്രശ്നത്തിൽ ഉറഞ്ഞുതുള്ളുന്ന മാധ്യമങ്ങൾ എഫ്.ബി.ഐ. തലവൻ ജെയിംസ് കോമിയെ  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുല്ലുപോലെ വലിച്ചെറിഞ്ഞത് കണ്ടില്ലെന്നുനടിക്കുന്നു. മാധ്യമങ്ങളോട് മിണ്ടരുതെന്നാണ് കോമിക്ക് ട്രംപിന്റെ അന്ത്യശാസന. കോമിക്ക് വിശ്വാസ്യത പോരത്രെ.  കോമിയുടെ ഉത്തരവുകൾ അനുസരിക്കരുതെന്ന് എഫ്.ബി.ഐ.യിലെ എല്ലാ ജൂനിയർ സൂപ്രണ്ടുമാർക്കും ട്രംപ് നിർദേശംനൽകുമോ എന്നറിയില്ല. ഏതാണ്ട് കേരളത്തിലെ അതേ സാഹചര്യം. 
 ട്രംപിനെ വഴിതെറ്റിച്ച് തങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്നുവെന്ന്  അമേരിക്കക്കാർക്ക് ബോധ്യപ്പെട്ടാൽ അവർ ഏതുവിധേനെയും ഇവിടത്തെ സർക്കാരിനെ തകർക്കാൻ ശ്രമിക്കും. വിമോചനസമരത്തിനുശേഷം കൈത്തരിപ്പ് തീർക്കാൻ അവർക്കിനിയും അവസരം കിട്ടിയിട്ടില്ല. അവരെങ്ങാനും സർക്കാരിനെ അട്ടിമറിക്കാൻ ഇറങ്ങിയാൽ അതിനും ഇവിടത്തെ മാധ്യമങ്ങളുടെമേൽ ഗൂഢാലോചന ആരോപിക്കരുത്. 

******
വോട്ടുയന്ത്രം വലിയൊരു ഗൂഢാലോചനയാണെന്ന ആം ആദ്മിയുടെ സിദ്ധാന്തം പുതിയതല്ല. 2004-ൽ തോറ്റപ്പോൾ ബി.ജെ.പി.ക്കാർ ഒളിഞ്ഞും തെളിഞ്ഞും ഇതേവാദം ഉന്നയിച്ചതാണ്. ഇപ്പോൾ ചില ഇടതൻമാർക്കുമുണ്ട് സംശയം. യന്ത്രത്തിന്റെ ഗുണഭോക്താക്കൾ യന്ത്രത്തെ സംശയിക്കുന്നു. ഇതൊന്നും വകവെയ്ക്കാതെ ജനം വീണ്ടും വീണ്ടും ബൂത്തിൽച്ചെന്ന് യന്ത്രത്തിൽ കുത്തുന്നു. വോട്ടുയന്ത്രത്തെ ജനം വിശ്വസിക്കുന്നതുകൊണ്ടുമാത്രം നിലനിൽക്കുന്ന ജനാധിപത്യം. വല്ലാത്തൊരു അവസ്ഥതന്നെ. 
  വോട്ടിങ് യന്ത്രത്തിൽ എന്തും ചെയ്യാമെന്ന് തെളിയിക്കാൻ ആം ആദ്മി നിയമസഭയിൽ ഉപയോഗിച്ചത് തിരഞ്ഞെടുപ്പു കമ്മിഷന്റേതല്ലാത്ത വോട്ടിങ് യന്ത്രമാണ്. ഇന്ന സോപ്പ് തേച്ചാൽ ചൊറിയുമെന്ന് തെളിയിക്കാൻ ആ സോപ്പുതന്നെ തേച്ചുകാട്ടണം. അല്ലാതെ ചൊറിയുന്ന സോപ്പുണ്ടാക്കി തേച്ചുകാണിക്കുന്നതിന് ഐ.ഐ.ടി.യിൽ പഠിക്കേണ്ടതില്ല. സ്വയം തീർത്തതും അല്ലാത്തതുമായ കുഴികളിൽ നിരന്തരം വീണുകൊണ്ടിരിക്കുന്ന  ആപ്പിന്റെ തോൽവിക്ക് വോട്ടിങ് യന്ത്രത്തെ സംശയിക്കാമെങ്കിൽ കേരളത്തിലെ വരൾച്ചയ്ക്ക് യൂറോപ്യൻ ക്ലോസറ്റുകളെത്തന്നെ സംശയിക്കണം. രണ്ട് ഒൗൺസ് മൂത്രമൊഴിച്ചാൽ കഴുകിക്കളയാൻ പത്തുലിറ്റർ വെള്ളം വേണം. കേരളത്തിലെ ജലം മുഴുവൻ ഊറ്റിക്കളഞ്ഞ് കുപ്പിവെള്ളം വാങ്ങേണ്ട ഗതികേടിലേക്ക് മലയാളികളെ തള്ളിവിട്ട സാമ്രാജ്യത്വ ഗൂഢാലോചനയല്ലാതെ മറ്റെന്താണ് ഈ ക്ലോസെറ്റുകൾക്ക് പിന്നിൽ.

nakhasikantham@gmail.com