പളുങ്കുമണികള്‍ -മോഹന്‍ലാലിന്റെ കോളത്തിന്റെ രണ്ടാം ഭാഗം

ന്റെ മക്കളായ പ്രണവും വിസ്മയയും തമ്മിൽ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോൺ സ്കൂളിലാണ് (ഹീബ്രു ഭാഷയിൽ വേരുകളുള്ള ഹെബ്രോൺ എന്ന പദത്തിന് സുഹൃത്ത്, ഒന്നിച്ചുചേരുക എന്നീ വിവിധങ്ങളായ അർഥങ്ങളുണ്ട്).

പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്‌ട്രേലിയയിലേക്ക് പോയി; വിസ്മയ തിയേറ്റർ പഠിക്കാനായി പ്രാഗ്, ലണ്ടൻ, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കൾ എന്നതിലുപരി അവരിപ്പോൾ എന്റെ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു.

അഭിനയം തുടങ്ങിയപ്പോൾ അച്ഛൻ ഒന്നേ ചോദിച്ചുള്ളൂ: ‘പഠിപ്പ് പൂർത്തിയാക്കിയിട്ടുപോരേ'?|Read More...

മക്കൾ വളരുന്നതും സ്കൂളിൽ പോവുന്നതുമൊന്നും കാണാൻ എനിക്ക്‌ യോഗമുണ്ടായിട്ടില്ല. ഒരു നടൻ എന്നനിലയിൽ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അധ്വാനിച്ചിരുന്ന കാലം. സെറ്റുകളിൽനിന്ന് സെറ്റുകളിലേക്ക്‌ ഓടിയിരുന്ന വർഷങ്ങൾ. കഥകളും കഥാപാത്രങ്ങളുംകൊണ്ട് മനസ്സ് നിറഞ്ഞുതുളുമ്പിയിരുന്ന സുന്ദരഭൂതകാലം. എന്റെയീ ഓട്ടംകണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു: ‘‘ചേട്ടാ, കുട്ടികളുടെ വളർച്ച, അവരുടെ കളിചിരികൾ എന്നിവയ്ക്ക് റീട്ടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കിൽ ഒരച്ഛനെന്നനിലയിൽ പിന്നീട് ദുഃഖിക്കും...’’ അന്ന് അത് എനിക്ക്‌ അത്രയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇപ്പോൾ മനസ്സിന്റെ വിദൂരമായ ഒരു കോണിൽ ആ നഷ്ടബോധത്തിന്റെ നിഴൽ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്. നാൽപ്പതു വർഷമായി സിനിമയിൽ എത്രയോ റീടേക്കുകൾ എടുത്ത എനിക്ക്‌ ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളർച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീട്ടേക്കുകൾക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവെക്കുന്നുണ്ടാവാം.

mohanlal talks about Children Pranav Vismaya Family new generation column palunkumanikal
മോഹന്‍ലാല്‍ കുടുംബത്തോടൊപ്പം

പ്രണവിനെ ഞാൻ അപ്പു എന്ന് വിളിക്കുന്നു; വിസ്മയയെ മായ എന്നും. അപ്പു ഇപ്പോൾ രണ്ടു സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. ഞാൻ എപ്പോഴും സ്നേഹത്തോടൊപ്പം കൗതുകത്തോടെയും ആണ് അപ്പുവിനെ നോക്കിക്കണ്ടിട്ടുള്ളത്. വളർന്നതുമുതൽ അവന് ഏറ്റവും പ്രിയപ്പെട്ട രണ്ടു കാര്യങ്ങൾ വായനയും യാത്രയുമായിരുന്നു; ഇപ്പോഴും ആണ്. അവന്റെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വ്യത്യസ്തതയ്ക്കുമുന്നിൽ ആദരവോടെയും അല്പം അസൂയയോടെയുമാണ് ഞാൻ നിൽക്കാറുള്ളത്. അതിൽ ജിദ്ദു കൃഷ്ണമൂർത്തിയും യു.ജി. കൃഷ്ണമൂർത്തിയുമുണ്ട്; ബ്രൂസ് ചാറ്റ്‌വിനും പീറ്റർ മാത്തിസനുമുണ്ട്; രമണമഹർഷിയും സവർക്കറുമുണ്ട്; അഘോരികളുടെ ജീവിതമുണ്ട്... അവന്റെ യാത്രകൾ വിദൂരങ്ങളും പലപ്പോഴും ദുർഘടങ്ങളുമാണ്. ചിലപ്പോൾ ഋഷികേശിൽ, ജോഷിമഠിൽ, ഹരിദ്വാറിൽ, പൂക്കളുടെ താഴ്‌വരയിൽ; മറ്റുചിലപ്പോൾ ആംസ്റ്റർഡാമിൽ, പാരീസിൽ, നേപ്പാളിലെ പൊഖാറയിൽ; വേറെ ചിലപ്പോൾ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിൽ. ഇവിടെയൊക്കെ എന്താണ് അവൻ അന്വേഷിക്കുന്നത് എന്ന് ഞാൻ ചോദിച്ചിട്ടില്ല; അവൻ പറഞ്ഞിട്ടുമില്ല. ഒരുപക്ഷേ, ആ അന്വേഷണം പറഞ്ഞുമനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കില്ല. അവനിപ്പോഴും യാത്ര തുടരുന്നു; വായനയും. ഞാൻ കണ്ടുനിൽക്കുന്നു.

അപ്പുവിലൂടെ, മായയിലൂടെ ഞാൻ ഏറ്റവും പുതിയ തലമുറയെ കാണുന്നു. അവരുടെ കാഴ്ചപ്പാടുകൾ, സമീപനങ്ങൾ, ജീവിതതീരുമാനങ്ങൾ, രുചികൾ, അഭിരുചികൾ എന്നിവയെല്ലാം തിരിച്ചറിയുന്നു. എന്റെ കാലവുമായി ഞാൻ അവയെ താരതമ്യപ്പെടുത്തിനോക്കുന്നു. അധികം ലഗേജുകൾ ഇല്ല എന്നതാണ് ഏറ്റവും പുതിയ തലമുറയുടെ  വലിയ  പ്രത്യേകത എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ലഗേജ് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ബാഗും ചുമക്കുന്ന വസ്തുവകകളും എന്നു മാത്രമല്ല. ഒരു സമീപനം കൂടിയാണ്. അവരുടെ ജീവിതം കൂടുതൽ സങ്കീർണമല്ല; സങ്കീർണമാക്കാൻ അവർ ആഗ്രഹിക്കുന്നുമില്ല. സമ്പാദിച്ച് കൂട്ടിവെക്കുന്നതിൽ താത്‌പര്യം കാണുന്നില്ല. വലിയ വിജയങ്ങൾക്കുവേണ്ടി യാതനപ്പെട്ട് ചേസ് ചെയ്തുപോകുന്നതിലെ പൊരുൾ അവർക്ക് പിടികിട്ടുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക്‌ സംശയമുണ്ട് (മോഹൻലാലിന്റെ മക്കളല്ലേ, അവർക്കതിന്റെയൊന്നും ആവശ്യമില്ലല്ലോ... എന്ന പതിവ് വിമർശനം ഞാൻ കേൾക്കുന്നുണ്ട്. പണം ഏറ്റവും ചുരുക്കി ചെലവാക്കുന്ന ഒരാളാണ് അപ്പു. അവനിപ്പോഴും ബസിലും ട്രെയിനിലും യാത്രചെയ്യുന്നു; ഏറ്റവും വാടകകുറഞ്ഞ മുറികളിൽ താമസിക്കുന്നു; ആവശ്യങ്ങൾ പരിമിതമാണ്; ആഡംബരങ്ങളിൽ കമ്പം കണ്ടിട്ടില്ല). തീർച്ചയായും അവരിൽപ്പലരും പൂർണമായും വർത്തമാനകാലത്താണ് ജീവിക്കുന്നത്. അതിന് അവർക്ക് അതിന്റേതായ ന്യായീകരണങ്ങളുണ്ടാവാം.

എന്റെയച്ഛൻ ഒന്നുമാവാൻ എന്നെ നിർബന്ധിച്ചിട്ടില്ല. സൗഹൃദവും അതിന്റെ കൂട്ടായ ആലോചനയും യാത്രയുമായിരുന്നു അക്കാലം ഞങ്ങളെ നയിച്ചിരുന്നത്. അങ്ങനെ ഒഴുകിയൊഴുകിപ്പോയി ഓരോരുത്തർ ഓരോന്നായിമാറി. ഏറ്റവും പുതിയ തലമുറയും ഇങ്ങനെയൊക്കെത്തന്നെയാണ് മുന്നോട്ടുപോവുന്നത്. പക്ഷേ, പല കാര്യങ്ങളിലും അവരെ അപേക്ഷിച്ച് ഞങ്ങൾക്ക് സാധ്യതകൾ കുറവായിരുന്നു. തിരഞ്ഞെടുപ്പുകൾ കുറവായിരുന്നു.

Mohanlal
മോഹന്‍ലാല്‍ കുടുംബത്തോടൊപ്പം

ഞങ്ങൾക്കു പോകാൻ സാധിക്കുന്ന ദൂരങ്ങൾ പരിമിതമായിരുന്നു. എന്നാൽ, എന്റെ മക്കളടക്കമുള്ള പുതിയ തലമുറയ്ക്കുമുന്നിൽ ലോകം അതിന്റെ അതിവിശാലതയോടെ, സമസ്ത വൈവിധ്യങ്ങളിലൂടെ പരന്നുകിടക്കുന്നു. ഏറ്റവും വിദൂരമായ ലോകംപോലും അവർക്ക് ഏറ്റവുമടുത്താണ്. അവരുടെ സൗഹൃദങ്ങൾ ഭൂഗോളമാകെയാണ്. ഒന്നല്ലെങ്കിൽ മറ്റൊരു സാധ്യത അവരെ കാത്തിരിക്കുന്നു. ഈ ഒരവസ്ഥ സൃഷ്ടിച്ച കാഴ്ചപ്പാടുവ്യത്യാസങ്ങളും ജീവിതനിരീക്ഷണങ്ങളുമാവാം അവരെ നയിക്കുന്നത്. അതിന്റെ ശരിതെറ്റുകളിലേക്കും ഗുണദോഷങ്ങളിലേക്കും ഞാൻ താരതമ്യംചെയ്ത് പോവുന്നില്ല. എല്ലാ കാലത്തും ശരികളുണ്ട്; തെറ്റുകളുമുണ്ട്. ആകെ എനിക്ക്‌ തോന്നിയിട്ടുള്ള ഒരു പ്രത്യേകത (അതൊരു തെറ്റാണോ എന്നറിയില്ല) പുതിയ തലമുറയ്ക്ക് ക്ഷമയുടെ അല്പം കുറവുണ്ട് എന്നത് മാത്രമാണ്. ക്ഷമ മനുഷ്യനിൽ ശമം ഉണ്ടാക്കുന്നു; ശമം ശാന്തിയും. കാലങ്ങളോളം പ്രയത്നിച്ച് കാത്തിരിക്കാനുള്ള ക്ഷമയിൽനിന്നാണ് വലിയ കലാസൃഷ്ടികൾ സംഭവിക്കുന്നത് എന്നതാണ് എന്റെ അനുഭവം.

എന്റെ മക്കളടക്കമുള്ള പുതിയ തലമുറയെ ഞാൻ ആദരവോടെയാണ് കാണുന്നത്. എല്ലാ കാര്യങ്ങളിലും എന്നെക്കാൾ അറിവ് അവർക്കുണ്ട്. അവരുടെ ജീവിതം കൂടുതൽ സ്വതന്ത്രമാണ്. അവർ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ആഴത്തിൽ അവരെവിടെയും വേരോടിക്കുന്നില്ല. ഗൃഹാതുരതകൾ അവരെ അധികം കെട്ടിവരിഞ്ഞിട്ടില്ല. ഒരുതരത്തിൽപ്പറഞ്ഞാൽ അവർ ലോകപൗരന്മാരാണ്. അവർക്കുമുന്നിൽ സാധ്യതകളുടെ വാതിലുകൾ കൂടുതൽ വിശാലമായി തുറന്നിടപ്പെടട്ടെ; അവരുടെ ചിന്തകൾ കൂടുതൽ തുറന്നതും സൗഹൃദപൂർണവുമാവട്ടെ.

Content Highlights: mohanlal column palunkumanikal