മക്കളേ,
സമയമാണ് മനുഷ്യന്റെ ഏറ്റവും വിലയേറിയ സ്വത്ത്. കോടി രൂപ നഷ്ടമായാല്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നിരിക്കാം. എന്നാല്‍, നഷ്ടമായ സമയം തിരിച്ചുകിട്ടില്ല.
ജീവിതത്തിന്റെ അന്ത്യനിമിഷം വന്നുചേരുമ്പോള്‍ മാത്രമേ പലര്‍ക്കും സമയത്തിന്റെ വില മനസ്സിലാകൂ.
വിശ്വവിജയിയായ അലക്സാണ്ടര്‍ ചക്രവര്‍ത്തി സമയത്തിന്റെ മൂല്യത്തിനെക്കുറിച്ച് ബോധവാനായത് മരണശയ്യയില്വെച്ചാണ്. ഏതുനിമിഷവും മരണം തന്നെ കീഴടക്കുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തനിക്ക് ചുറ്റുമുള്ളവരോട് പറഞ്ഞു, ''എനിക്ക് ഒരു ശ്വാസമെങ്കിലും കടമായി നല്കാന് ആരെങ്കിലും തയ്യാറുള്ളപക്ഷം, എന്റെ രാജ്യത്തിന്റെ പാതി അയാള്‍ക്ക് നല്കാന് ഞാന്‍ തയ്യാറാണ്. രാജ്യങ്ങളും സമ്പത്തും വെട്ടിപ്പിടിക്കാനായി ഞാന്‍ വിലയേറിയ സമയവും ആരോഗ്യവും പാഴാക്കി. എന്നാല്‍, എന്റെ സകല സ്വത്തും ചെലവഴിച്ചാലും മരണത്തെ ഒരു നിമിഷത്തേക്ക് മാറ്റിവെക്കാന്‍ കഴിയില്ല എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു!''
അനുഭവത്തിലൂടെ മാത്രമേ സമയത്തിന്റെ വിലയറിയുവാന്‍ സാധിക്കൂ. സമയത്തിന്റെ മൂല്യം ശരിയായി മനസ്സിലാക്കിയാല്‍ നമ്മള് ഓരോ നിമിഷവും അമൂല്യനിധിപോലെ സൂക്ഷിച്ച് ചെലവഴിക്കും.
ഒരാള്‍ക്ക് വളരെ നാളുകളായി കാത്തിരുന്ന ജോലിക്കുള്ള ഇന്റര്‍വ്യൂവിന് പങ്കെടുക്കാനുള്ള കത്ത് കിട്ടി. ഇന്റര്‍വ്യൂ നടക്കുന്ന നഗരത്തിലെത്തുന്നതിനായി ഒരിടത്ത് വിമാനംമാറി യാത്രചെയ്യണമായിരുന്നു. ആദ്യത്തെ വിമാനത്തില്‍നിന്ന് ഇറങ്ങിയശേഷം അടുത്തവിമാനം പുറപ്പെടാന്‍ അരമണിക്കൂര്‍ സമയമുണ്ടായിരുന്നു. അതിനുള്ളില്‍, അയാള്‍ വിമാനത്താവളത്തിലെ ഒരു ഹോട്ടലില്‍നിന്ന് ലഘുഭക്ഷണം കഴിച്ചു. ബില്‍ തുക 500 രൂപയായിരുന്നു. ഇതുകണ്ട് അയാള്‍ കാഷ്യറോട് ചോദിച്ചു, ''ഹേ, ഇത് വളരെ കൂടുതലാണല്ലോ. ഞാന്‍ അത്രയ്ക്കൊന്നും കഴിച്ചില്ലല്ലോ!''
അയാളുടെ ദേഷ്യം കണ്ടപ്പോള്‍ കാഷ്യര്‍ 100 രൂപ കുറച്ചു. 300 രൂപയില്‍ക്കൂടുതല്‍ ഈടാക്കരുത് എന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. നിവൃത്തിയില്ലാതെ കാഷ്യര്‍ സമ്മതിച്ചു. തര്‍ക്കിച്ച് ജയിച്ചതിന്റെ അഹങ്കാരത്തോടെ, പുഞ്ചിരിച്ചുകൊണ്ട് അയാള്‍ ഗേറ്റിലേക്കുപോയി. അവിടെ എത്തിയപ്പോള്‍ അഞ്ചുമിനിറ്റ് മുമ്പുതന്നെ വിമാനം പുറപ്പെട്ടിരുന്നു. തന്റെ ലക്ഷ്യം മറന്ന് നിസ്സാരലാഭത്തിനുവേണ്ടി വിലപേശി നിന്നതുകാരണം വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വന്നുചേര്‍ന്ന അവസരം കൈവിട്ടുപോയി. സമയം അനുകൂലമല്ലെന്ന് ചിലര്‍ പരാതിപറയാറുണ്ട്. സമയം എപ്പോഴും അനുകൂലംതന്നെയാണ്. നമ്മള് സമയത്തോട് അനുകൂലിക്കുന്നില്ല എന്നേയുള്ളൂ. അനുകൂലവും പ്രതികൂലവും നമ്മില്‍ത്തന്നെയാണ്. അതറിയാതെയാണ് മനുഷ്യന് സാഹചര്യങ്ങള്‍ക്ക് അടിമപ്പെടുന്നത്.
നല്ലകാലം വരട്ടെ എന്നുപറഞ്ഞിരുന്നാല്‍ നല്ലത് പലതും കൈവിട്ടുപോകും. നല്ലകാര്യത്തിന് നേരംനോക്കിയിരിക്കരുത്. നല്ലതാണെങ്കില്‍ അതുടനെ ചെയ്യണം.