ല്ലാവരും തുല്യരാണ്. എല്ലവരും സഹോദരന്മാര്‍. പക്ഷേ ദൈവം നിങ്ങളെ സൃഷ്ടിച്ചത് വ്യത്യസ്തരായാണ്. ചിലര്‍ ആജ്ഞാശക്തിയുള്ളവരാണ്. അവരെ ദൈവം സൃഷ്ടിച്ചത് സ്വര്‍ണം കൊണ്ടാണ്. അതിനാല്‍ നിങ്ങള്‍ക്ക് ബഹുമതികളെല്ലാം കിട്ടി. അവരെ സഹായിക്കാന്‍ കുറേപ്പേരെ വെള്ളിയാല്‍ സൃഷ്ടിച്ചു. ഭരണത്തില്‍ സഹായിക്കുന്നവര്‍. നിങ്ങളില്‍ ബാക്കിയുള്ളവര്‍ കൃഷിക്കാരും കൈത്തൊഴില്‍ ചെയ്യുന്നവരുമാണ്. ഇരുമ്പും പിത്തളയും കൊണ്ട് ഉണ്ടാക്കപ്പെട്ടവര്‍.... പക്ഷേ സ്വര്‍ണപ്പിതാവിന് പിത്തളക്കുട്ടിയും ഇരുമ്പു കുട്ടിയുമുണ്ടാവാം. വെള്ളിപ്പിതാവിനും അങ്ങനെ സംഭവിക്കാം. പക്ഷേ ഇരുമ്പും പിത്തളയും രാഷ്ട്രത്തിന്റെ കാവല്‍ക്കാരായാല്‍ രാഷ്ട്രത്തിന് നാശം സംഭവിക്കും. പിത്തളക്കാര്‍ക്കും ഇരുമ്പുകാര്‍ക്കും സ്വര്‍ണക്കുട്ടിയോ വെള്ളിക്കുട്ടിയോ ജനിക്കുന്നത് അസ്വാഭാവികമല്ല. അവര്‍ സ്വര്‍ണക്കുട്ടിയെപ്പോലെ ഉയരണമെന്നുമാത്രം. അങ്ങനെയായാല്‍ അവര്‍ക്കും ഭരണാധികാരികളാകാം.

സോക്രട്ടീസും കൂട്ടുകാരും തമ്മില്‍ റിപ്പബ്ലിക്കിനെക്കുറിച്ച്, ആദര്‍ശരാഷ്ട്രത്തെപ്പറ്റി നടത്തിയ ചര്‍ച്ചയില്‍ ഉദ്ധരിക്കപ്പെട്ട ഒരു ഈജിപ്ഷ്യന്‍ കഥയാണിത്. പ്ലേറ്റോ നല്‍കുന്ന വിവരണം. സ്വര്‍ണപ്പിതാവിനുണ്ടാകുന്ന കുട്ടി പിത്തളയെപ്പോലെ പെരുമാറിയാല്‍ അവര്‍ക്ക് രാഷ്ട്രത്തെ കാവല്‍നില്‍ക്കാനുള്ള ഭാഗ്യം നഷ്ടമാകുമെന്നും പ്രത്യേകം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതില്‍നിന്നും ലഭിക്കുന്ന സാധനാപാഠമെന്താണ്? രാഷ്ട്രത്തെ സേവിക്കുന്നതിന് നിയോഗിക്കപ്പെടുന്നവര്‍ സുവര്‍ണ ജീവിതം നയിക്കണം. ഒരു നിലവാരമൊക്കെ വേണം.

എല്ലാം ശരിയായ നമ്മുടെ ആദര്‍ശരാഷ്ട്രത്തില്‍ കണ്ണടകളാണിപ്പോള്‍ വിഷയം. കല്പറ്റ നാരായണന്‍ ഒരു പത്രത്തില്‍ പംക്തി എഴുതിയപ്പോള്‍ തലക്കെട്ട് നല്‍കിയത് ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ എന്നാണ്. കണ്ണടയെന്നത് കണ്ണാടിയല്ല. കണ്ണാടിയില്‍ അവരവരെയാണ് കാണുക. കണ്ണടയില്‍ അപരരെയും. കണ്ണാടി കാണ്‍മോളവും തന്നുടെ മുഖമേറ്റം നന്നെന്ന് നിരൂപിക്കുമെത്രയും വിരൂപന്മാര്‍ എന്ന വിദുരവാക്യം കണ്ണട വെക്കുന്നവര്‍ക്ക് തല്‍ക്കാലം ബാധകമല്ലെന്നര്‍ഥം.

കണ്ണടവെച്ചു നോക്കുമ്പോഴാണ് കാര്യങ്ങളെ സൂക്ഷ്മമായി കാണാനാവുക. കണ്ണടയെന്നത് ഓരോരുത്തര്‍ക്കും ഓരോ കാഴ്ചയുണ്ടാക്കും. പണ്ട് ദുബായില്‍ പോയിവരുന്നവര്‍ ഇട്ടുനടക്കുന്ന കൂളിംഗ് ഗ്ലാസ് അവര്‍ക്ക് പുതുപ്പണക്കാരന്റെ പ്രൗഢിയോ ജളപ്രഭുത്വമോ നല്‍കുമായിരുന്നു. വലിയ ഫ്രെയിമും കട്ടി ഗ്ലാസുമായി നടനവൈഭവത്തോടെ  നടക്കുമ്പോഴുള്ള ഗമയൊന്ന് വേറെ. പിന്നെ പറയുന്നതുകേട്ടു മാന്ത്രിക കകണ്ണടയെപ്പറ്റി. ദുബായിലുള്ള കണ്ണട. അത് ധരിച്ചാല്‍ എല്ലാം സുതാര്യമാകുമെന്ന പ്രചാരണം, പ്രലോഭനം.

അങ്ങനെയൊക്കെ ധരിച്ച് വീക്ഷിക്കാന്‍ കണ്ണടകളുടെ വിശാലലോകം.. ഇപ്പോള്‍ വിഷയം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അരലക്ഷം രൂപ വിലവരുന്ന കണ്ണട വെച്ചതാണ്. സ്പീക്കര്‍ എന്നാല്‍ ചില്ലറക്കാരനാണോ. പ്ലേറ്റോ പറയുന്ന ഈജിപ്ഷ്യന്‍ കഥയിലെ സ്വര്‍ണമനുഷ്യരിലൊരാളാണ്. നിയമസഭക്കകത്തെ എല്ലാ ചലനവും കാണാന്‍ കഴിയണം. 140 എം.എല്‍.എമാരെയും സൂക്ഷ്മനിരീക്ഷണം നടത്താനാവണം. അപ്പോള്‍ സാദാ കണ്ണട മതിയോ? അരലക്ഷമല്ലേ ആയുള്ളൂ. ലാളിത്യമായി കാണണം. മാത്രമോ ഡോക്ടര്‍ മുഖത്ത് ഒരു കണ്ണടവെച്ചുകൊടുക്കുന്നു, കാശെത്രയെന്നന്വേഷിക്കേണ്ടത് താനല്ലല്ലോ, എന്നാണ് സ്പീക്കറുടെ ചോദ്യം. പ്രസക്തംതന്നെ അതും.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ സാദാ കണ്ണടയെയാണ് അസൂയാലുക്കള്‍ ആദ്യം പിടികൂടിയത്. അവരുടെ കണ്ണടക്ക് ഇരുപത്തെണ്ണായിരം രൂപ. കേരളജനതയുടെ മൊത്തം ആരോഗ്യം സൂക്ഷ്മനിരീക്ഷണം നടത്തേണ്ട ചുമതലയുള്ള അവര്‍ക്ക് ആ കണ്ണട ഒരധികപ്പറ്റാണോ? പക്ഷേ അസൂയാലുക്കള്‍ ചാടിവീണു. ഡോക്ടര്‍ പറഞ്ഞു, പിന്നെങ്ങനെ വാങ്ങാതിരിക്കും എന്ന മറുപടി അവരും പറഞ്ഞു. വാസ്തവത്തില്‍ ഇപ്പോള്‍ വ്യക്തമാകുന്നത് മന്ത്രി ശൈലജ പദവിക്കൊത്തുയര്‍ന്നില്ലെന്നാണ്. നിരവധി എം.എല്‍.എമാര്‍ നാല്പതും അമ്പതും ആയിരത്തിനാണ് കണ്ണട വാങ്ങിയത്. പക്ഷേ വിവരാവകാശം ആദ്യം അവരെക്കുറിച്ചാണ് തിരക്കിയതെന്നതിനാല്‍ അവര്‍ ക്രൂശിക്കപ്പെട്ടു. ഇപ്പോള്‍ സ്പീക്കര്‍ ശരിക്കും പദവിക്കനുസരിച്ച് കണ്ണട വാങ്ങിയതോടെ ആരോഗ്യമന്ത്രി രക്ഷപ്പെട്ടു. 

ജനപ്രതിനിധികള്‍(കുട നന്നാക്കുന്ന ചോയിയിലെയും നൃത്തം ചെയ്യുന്ന കുടകളിലെയും തായക്കണ്ടി കണ്ണന്‍ ക്ഷമിക്കണം. നിങ്ങളൊക്കെ കേവലം അല്പന്മാര്‍- യഥാര്‍ഥ ജനപ്രതിനിധികള്‍ ഈ ഗുരുക്കന്മാരാണ്) ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ ആരോഗ്യമാണ് ജനങ്ങളുടെ ആരോഗ്യം. അതിന് ഉഴിച്ചല്‍, പിഴിച്ചില്‍, സുഖചികിത്സ എന്നിവയെല്ലാം വേണ്ടിവരും. എം.എല്‍.എ മാര്‍ക്ക് ധരിക്കാന്‍ പ്രത്യേകം കുപ്പായം തുന്നുന്നവരും അവരുടെ കുപ്പായം ടിപ്‌ടോപ്പില്‍ അലക്കിത്തേക്കുന്നവരും തലസ്ഥാനത്തുണ്ട്.  അങ്ങനെ തേച്ചുമിനുക്കിയില്ലെങ്കില്‍ എങ്ങനെ ജനപ്രതിനിധിയാകും. എങ്ങനെ ഈജിപ്ഷ്യന്‍ കഥയിലെ സ്വര്‍ണമനുഷ്യനാകും. സ്വര്‍ണമനുഷ്യനാകാതിരുന്നാല്‍ എങ്ങനെ ആദര്‍ശ രാഷ്ട്രത്തെ ഭരിക്കാനാകും... 

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും മന്ത്രി ശൈലജയുടെയും കണ്ണട മാത്രമാണിപ്പോള്‍ അസൂയാലുക്കളുടെ വിഷയം. കൊല്ലത്തില്‍ മൂന്നും നാലും ലക്ഷം രൂപയുടെ സുഖചികിത്സ നടത്തുന്നതല്ല. അവര്‍ക്കു സുഖമില്ലെങ്കില്‍ നാട്ടുകാര്‍ക്കെങ്ങനെ സുഖമുണ്ടാകും. കണ്ണടയല്ല പല്ലാണ് വാങ്ങുന്നതെന്ന് കരുതുക- നിയമസഭയിലെ അംഗങ്ങള്‍ പൊരിഞ്ഞുപോകുന്ന പല്ലിന് പകരം അവരവരുടെ അവസ്ഥക്കനുസരിച്ച് സ്വര്‍ണം കൊണ്ടുള്ള പല്ലാണല്ലോ കെട്ടിക്കേണ്ടത്. അതില്‍ തൊട്ടുതാഴെയുള്ളവര്‍ വെള്ളിപ്പല്ല്. പ്രജാപതികളാകുമ്പോള്‍ അവസ്ഥാനുസരണം വേണം ജീവിതമെന്നാണല്ലോ...
     
സ്യമന്തകം തുള്ളലില്‍ സാക്ഷാല്‍ ശ്രീകൃഷ്ണനെപ്പറ്റി ഒരു ദുഷിപ്പ് കുഞ്ചന്‍ നമ്പ്യാര്‍ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്..
'നിന്നോതിക്കന്‍ മുള്ളുന്നേരം കുട്ടികള്‍ മരമേറീട്ടും മുള്ളും..'