ഖാവ് ഇ.പി. ജയരാജന്‍ കാസര്‍ക്കോട്ട് ജില്ലയിലെ പിലിക്കോട്ട് വെങ്ങക്കോട്ട് ക്ഷേത്രത്തില്‍ നടത്തിയ പ്രഭാഷണം വാസ്തവത്തില്‍ ഒരു ഗവേഷണ പ്രബന്ധാവതരണം ആയിരുന്നു. സി.പി.എം. കാസര്‍ക്കോട്ട് ജില്ലാ സമ്മേളനത്തില്‍നിന്ന് അല്‍പ്പ സമയം അവധി വാങ്ങിയാണ് സഖാവ് പിലിക്കോട്ടെത്തിയത്.  വിപ്ലവം വൈകുന്നതിനെക്കുറിച്ചാണ് സമ്മേളനത്തിലെ കൊടുമ്പിരി കൊള്ളുന്ന ചര്‍ച്ച. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലും സാമ്രാജ്യത്വ രാജ്യങ്ങളും മൂന്നാം ലോകരാജ്യങ്ങളും തമ്മിലും സാമ്രാജ്യത്വ രാജ്യങ്ങളിലെ ഭരണകൂടവും അവിടുത്തെ തൊഴിലാളിവര്‍ഗവും തമ്മിലും പിന്നെ മൂന്നാം ലോകരാജ്യങ്ങളിലെ ഭരണകൂടവും ജനങ്ങളും തമ്മിലുമുള്ള വൈരുദ്ധ്യം- ഈ നാല് മുഖ്യ വൈരുദ്ധ്യങ്ങള്‍ മൂര്‍ഛിച്ച് ബൂര്‍ഷ്വാസി നിലംപതിക്കുകയും പകരം ജനകീയ ജനാധിപത്യ ഭരണം വരികയും അങ്ങനെ മുന്നോട്ടുപോകുമ്പോള്‍ ഭരണകൂടംതന്നെ തകര്‍ന്നുവീഴുകയും സമ്പൂര്‍ണ സോഷ്യലിസം വരികയും ചെയ്യുകയെന്ന ശാസ്ത്രീയ സത്യം പ്രാവര്‍ത്തികമാകാന്‍ വൈകുന്നത് എന്തുകൊണ്ടാണ് എന്ന് വിപ്ലവത്തിന്റെ മുന്നണിപ്പോരാളികള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണന്റെയും പ്രസീഡിയത്തിന്റെയും പ്രത്യേക സമ്മതംവാങ്ങി സഖാവ് ഇ.പി പിലിക്കോട്ടേക്ക് കാറില്‍ വന്നത്. 

തൊഴിലാളിവര്‍ഗ സര്‍വാധിപത്യം ഏറെക്കുറെ നടപ്പായ പിലിക്കോട് പഞ്ചായത്തിലെ മുന്നണിപ്പടയാളികളും സഖാക്കളില്‍ മഹാഭൂരിപക്ഷവും വേങ്ങക്കോട്ട് ക്ഷേത്രാങ്കണത്തില്‍ ആവേശപൂര്‍വം അണിനിരന്നതുകണ്ട സഖാവ് ജയരാജന്‍ തന്റെ നിരീക്ഷണങ്ങള്‍ പ്രബന്ധത്തിലെന്നപോലെ കൃത്യമായി അവതരിപ്പിച്ചു. സ്വാഭിപ്രായങ്ങള്‍ മറച്ചുവെക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നുവെന്ന്  കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്നെ വ്യക്തമാക്കിയതാണ്. ക്ഷേത്രങ്ങളില്‍പ്പോകുന്നത് പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നുവെന്നതാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ സഖാവ് ജനത്തോട് വ്യക്തമാക്കിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കണം, പാര്‍ട്ടി സഖാക്കള്‍ വീട്ടില്‍ വിളക്കുവെക്കരുത്, പൂജ നടത്തരുത് തുടങ്ങി ചില ഘട്ടങ്ങളില്‍ പാര്‍ട്ടി തിട്ടൂരമിറക്കും. കാരണം വൈരുദ്ധ്യാധിഷ്ഠിതവും ചരിത്രപരവുമായ ഭൗതികവാദമാണ് പാര്‍ട്ടിയുടെ താത്വികാടിസ്ഥാനം. വേണെങ്കില്‍ മാര്‍ക്‌സ് പറഞ്ഞ വാചകം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് പ്രയോഗിക്കുകയുമാവാം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. പക്ഷേ ഈ പാഠങ്ങളെല്ലാം പഠിപ്പിച്ചിട്ടും  വാല് വളഞ്ഞുതന്നെ. അച്ചടക്കത്തിന്റെ ഓടക്കുഴല്‍ ഊരേണ്ട താമസം, വാല് വളയുന്നു. 

എന്തുകൊണ്ടാണീ പ്രതിഭാസം എന്നതിനാണ് സഖാവ് ജയരാജന്‍ ഉത്തരം പറഞ്ഞത്. മനുഷ്യന്‍ ആശങ്കകളുടെ ലോകത്താണ് താമസിക്കുന്നത്. അവന് പ്രതീകങ്ങള്‍ വേണം ചാര്‍ന്നുനില്‍ക്കാന്‍. ആ സാങ്കല്പിക തൂണുകളെയെല്ലാം തള്ളിയിട്ടാല്‍ അത് മറ്റു ചിലര്‍ കൊണ്ടുപോകും. പ്രതീകങ്ങളെ മുഴുവന്‍ കൈപ്പിടിയിലാക്കുന്നതാരാണെന്നും ജനങ്ങളുടെ പരമ്പരാഗത പ്രതീകങ്ങള്‍ കവര്‍ന്നെടുത്ത് ദുരുപയോഗിക്കുന്നതാരെന്നും ഇന്നാര്‍ക്കും സംശയമില്ല. അതാണ് മാര്‍ക്‌സിന്റെ മയക്കുന്ന കറുപ്പ് പ്രയോഗത്തിന് സഖാവ് ജയരാജന്റെ തിരുത്ത്- പോസിറ്റീവ് എനര്‍ജി. 

സഖാവില്‍നിന്ന് ഇത്രവലിയ നിരീക്ഷണവും ആഹ്വാനവും വന്നിട്ടും അധികമാരും വകവെച്ചില്ല. എന്നാല്‍ സാക്ഷാല്‍ കുമ്മനം രാജശേഖര്‍ജി പൊടുന്നനെ തന്നെ പ്രതികരിച്ചു. ഹിന്ദു ഐക്യവേദിയുടെ ജീവാത്മാവും പരമാത്മാവുമാണദ്ദേഹം. സഖാവ് ജയരാജന്റെ പോസിറ്റീവ് എനര്‍ജി പ്രഖ്യാപനത്തിന് പിന്നില്‍ എന്തെന്ന് കുമ്മനംജിക്ക് സന്ദേഹം. പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ത്തന്നെ ഇങ്ങനെയൊരു നിരീക്ഷണമുണ്ടായത് ഒരു സന്ദേശമാകുന്നു- അന്ധവിശ്വാസം, അനാചാരം എന്നൊന്നും പറഞ്ഞ് ആരാധനാലയങ്ങളെയും ആചാരങ്ങളെയും കൈവിട്ടുകൂടാ.  അപ്പോള്‍ തങ്ങള്‍ക്ക് കയറി പിടിമുറുക്കാനുള്ള സ്ഥലങ്ങള്‍ വിട്ടുതരാന്‍ സഖാക്കള്‍ തയ്യാറാവില്ല! തല്‍ക്കാലം വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ വൈരുദ്ധ്യവാദം അവര്‍ മരവിപ്പിക്കും. അതല്ലെങ്കില്‍ ജയരാജന്‍ സഖാവ് പറഞ്ഞതാണ് വൈരുദ്ധ്യവാദം എന്ന പുതിയ  തീസീസ് അവതരിപ്പിക്കും...

ജയരാജന്‍ സഖാവ് സി.പി.എമ്മിലെ താത്വികനോ പേരെടുത്ത അധ്യാപകനോ ആണെന്ന ആരോപണം ആരും ഉന്നയിക്കില്ല. വലിയ പണ്ഡിതനാണെന്ന ദുരാരോപണവുമുണ്ടാകില്ല. പക്ഷേ അദ്ദേഹം കാലത്തിന്റെ പോക്ക് തിരിച്ചറിയും- പരിപ്പുവടയും കട്ടന്‍ചായയും മുറിബീഡിയും കൊണ്ട് ഇക്കാലത്താര്‍ക്കെങ്കിലും ജീവിക്കാനാവുമോ എന്നദ്ദേഹം ചോദിച്ചപ്പോള്‍ കട്ടന്‍ചായയുടെ നൊസ്റ്റാള്‍ജിയയുമായി പാര്‍ട്ടിക്കകത്തെ ശത്രുക്കള്‍ ആക്രമിച്ചു. കഴിഞ്ഞദിവസം ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം താനന്നു പറഞ്ഞത് തികച്ചം ശരിയാണെന്ന് ഉറപ്പിച്ചു വ്യക്തമാക്കി. തുടര്‍ന്നൊരു ചോദ്യവും ചോദിച്ചു. പണ്ട് പാര്‍ട്ടി യോഗങ്ങളില്‍ വരുന്നവര്‍ക്ക് ചെരിപ്പില്ലായിരുന്നു. ഇന്ന് ചെരിപ്പിടേണ്ടെന്ന് പറയാനാവുമോ? വാഹനമില്ലാത്ത കാലത്ത് നടന്നേ പോകാനാവുമായിരുന്നുള്ളു- ഇപ്പോള്‍ അങ്ങനെ ചെയ്യുന്നതല്ലേ തെറ്റ്. തീര്‍ന്നില്ല മറ്റൊരു ചോദ്യത്തിനും അദ്ദേഹം ഉത്തരം പറഞ്ഞു. താന്‍ വീടെടുത്തപ്പോള്‍ യന്ത്രം കൊണ്ട് വെട്ടിയ കല്ലാണുപയോഗിച്ചത്. വലിയ വിമര്‍ശനമായി. പിന്നീട് നാട്ടില്‍ യന്ത്രക്കല്ല് മാത്രമായി. കൈകൊണ്ട് കല്ലു വെട്ടിയെടുത്തേ വീട് കെട്ടാവൂ എന്നുപറയുന്നതില്‍ എന്തു വിപ്ലവമെന്നാണദ്ദേഹം ചോദിച്ചത്. 

ജയരാജന്‍ സഖാവിന്റെ ദീര്‍ഘവീക്ഷണം ഇങ്ങനെയൊക്കെ പ്രസിദ്ധമാണ്. പിലിക്കോട് ക്ഷേത്രത്തിലെ പ്രസംഗത്തിലെ നിരീക്ഷണങ്ങളും ഭാവിയില്‍ പ്രാവര്‍ത്തികമാവുമോ ആവോ. ആകെ ഒരു സംശയമേയുള്ളൂ. പാര്‍ട്ടിയുടെ ഇപ്പോഴത്തെ താത്വികനായ സഖാവ് എം.വി. ഗോവിന്ദന്‍ ഉടക്കുമായി വരുമോ- വൈരുദ്ധ്യാധിഷ്ഠിതവും ചരിത്രപരവുമായ ഭൗതികവാദം എന്ന ഗ്രന്ഥവും മനുഷ്യനെ മയക്കുന്ന കറുപ്പ് വാദവുമായി ജയരാജന്‍ സഖാവിന്റെ വാദങ്ങളെ നിലംപരിശാക്കുമോ- കാത്തിരുന്നുകാണാം. 

നേത്രരോഗം

സി.പി.ഐയുടെ വളര്‍ച്ച കാണാത്തവര്‍ നേത്രരോഗ വിദഗ്ധനെ കാണണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞിട്ട് രണ്ടാഴ്ചയോളമായി. കോടിയേരിയോ പിണറായിയോ അതിന് ശേഷം നേത്ര ചികിത്സാ വിദഗ്ധനെ കണ്ടതായോ കണ്ണട മാറ്റിയതായോ വിവരമില്ല. മന്ത്രി കെ.കെ.ശൈലജയെപ്പോലെ ഇരുപത്തെണ്ണായിരം രൂപയുടെ പുതിയ കണ്ണട വാങ്ങിയാല്‍ റീ-ഇമ്പേഴ്‌സ് ചെയ്യാന്‍ വകുപ്പില്ലാത്തതുകൊണ്ടാവില്ല. പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ടെന്ന് പിന്നീടാണല്ലോ മനസ്സിലായത്.  എം.എല്‍.എമാരില്‍ ചിലര്‍ മുപ്പത് മുതല്‍  അമ്പത്തയ്യായിരത്തിന്റെ വരെ കണ്ണട വാങ്ങി റീ-ഇമ്പേഴ്‌സ് ചെയ്തു. നിയമസഭ അടുത്തദിവസം സമ്മേളിക്കുമ്പോള്‍ അവിടെ പുതിയ കണ്ണടക്കാരുടെ പ്രകടനം കാണാം. കണ്ണട മാറുമ്പോള്‍ കാഴ്ചപ്പാടും മാറുമല്ലോ. 

പിണറായിയും കോടിയേരിയും നേത്ര പരിശോധനനടത്തിയോ പുതിയ കണ്ണട വാങ്ങിയോ എന്നതാണ് പ്രശ്‌നം. സി.പി.ഐ പുരനിറഞ്ഞ് വളരുന്നത് കാണാത്തവര്‍ അവര്‍ മാത്രമാണല്ലോ. പണ്ട് വലതെന്നാണ് സി.പി.ഐയെ  ഇവരെല്ലാം വിശേഷിപ്പിച്ചത്. ഇപ്പോള്‍ തങ്ങളേക്കാള്‍ എത്രയോ അധികം ഇടത്തോട്ടേക്ക് വളരുകയാണ്. അതുകണ്ടോ എന്നാണ് കാനം ചോദിച്ചത്. സമ്മേളനങ്ങളിലെല്ലാം സി.പി.എം വലത് റിവഷനിസത്തിലേക്ക് ചായുകയാണെന്നാക്ഷേപിച്ചിട്ടും അതെല്ലാം പരസ്യമാക്കിയിട്ടും രാജാജി മാത്യു തോമസ് മുഖ്യമന്ത്രിയുടെ വലതാഭിമുഖ്യം ട്രംപിനോളമോ മോദിയോളമോ എത്തുമെന്ന് പ്രസംഗിച്ചിട്ടും സി.പി.ഐയുടെ വളര്‍ച്ച കാണുന്നില്ലെന്ന് വന്നാല്‍, പ്രതികരിക്കുന്നില്ലെന്ന് വന്നാല്‍- നേത്രചികിത്സാവിദഗ്ധനെ കാണണമെന്ന് കാനം പറയാതിരുന്നാലല്ലേ അദ്ഭുതം.