ബിലാത്തിയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍ ലോകം കേരളത്തിലേക്ക് നോക്കി. കൊച്ചുകേരളക്കാരനായ മഹാനായ മാണി വിശ്വോത്തരമായ ഒരു സിദ്ധാന്തം തൊടുത്തുവിട്ടിരിക്കുന്നു. കേംബ്രിഡ്ജ് സര്‍വകലാശാല വക സംഘടിപ്പിച്ച പരിപാടിയിലല്ല മാണിസാര്‍ തീസീസ് അവതരിപ്പിച്ചത്, സര്‍വകലാശാലയുടെ വക ഹാള്‍ ഏതോ പ്രവാസിമലയാളി വാടകക്കെടുത്തതാണ് എന്നാണ് അന്ന് സഖാക്കള്‍ പറഞ്ഞത്. സത്യത്തില്‍ അവര്‍ക്ക് പേടിയുണ്ടായിരുന്നു. സാക്ഷാല്‍ കാള്‍ മാര്‍ക്‌സിന്റെ തൊഴിലാളിവര്‍ഗ സിദ്ധാന്തത്തെ മാണിസാറിന്റെ പുത്തന്‍ സിദ്ധാന്തം പകരംവെച്ചുകളയുമോ?

ബജറ്റ് അവതരിപ്പിക്കുന്നതില്‍ ലോകൈകവീരനാണ് മാണിസാര്‍ എന്ന് ലോകം അംഗീകരിച്ചതാണ്. പതിനൊന്നാമത് ബജറ്റ് അവതരിപ്പിച്ചതിന്റെ ക്രെഡിറ്റിലാണ് ബിലാത്തിയില്‍ പ്രസംഗിച്ചത്. ബജറ്റ് വൈദഗ്ധ്യത്തിന്റെ പേരില്‍ മാണിസാര്‍ സ്മാരക ബജറ്റ് സ്റ്റഡിസെന്റര്‍ സാര്‍ തന്നെ പണം അനുവദിച്ച് തുടങ്ങിയതുമാണ്. പിന്നെയും രണ്ട് ബജറ്റ് കൂടി സാര്‍ അവതരിപ്പിച്ചു. പതിമൂന്നാം ബജറ്റാണ്  സ്പീക്കറുടെ കസേര മറിച്ചിട്ടും മറ്റും അലങ്കോലപ്പെടുത്തിയത്. അനുബന്ധമായി പിടിയും കടിയുമുണ്ടായി. അങ്ങനെ സംഭവബഹുലമായ ബജറ്റ്. ബജറ്റിന് നോബല്‍ സമ്മാനമുണ്ടെങ്കില്‍ പാലായിലേക്കാണത് ആദ്യമെത്തുക എന്നതില്‍ സഖാക്കള്‍ക്കും സംശയമില്ല. അതിനാലാണല്ലോ അവര്‍ക്ക് മുഴുത്ത അസൂയ. ബജറ്റ് തയ്യാറാക്കുന്നതിലല്ല, ബജറ്റ് വില്പനയിലാണ് മാണിസാറിന് മിടുക്കെന്നായി നിയമസഭക്കകത്തും പുറത്തും ആക്ഷേപം. ബജറ്റ് തയ്യാറാക്കുന്നതിനു മുമ്പ് അതിലെ വിവരങ്ങള്‍ നല്‍കി കായ് വാങ്ങുന്ന ആള്‍ എന്ന ദൂഷണം..

ഇപ്പോള്‍ എല്ലാം കലങ്ങിത്തെളിഞ്ഞിരിക്കുന്നു. ബൂര്‍ഷാ കക്ഷികളുമായോ വിശ്വാസ്യതയില്ലാത്ത പ്രദേശിക പാര്‍ട്ടികളുമായോ ധാരണയുണ്ടാക്കരുതെന്ന് സി.പി.എമ്മും വര്‍ഗീയതക്കെതിരായി എല്ലാ ജനാധിപത്യപാര്‍ട്ടികളുടെയും വിശാല സഖ്യം വേണമെന്ന് സി.പി.ഐ.യും പ്രമേയം പാസാക്കിയിരിക്കുന്നു. ഇവിടെയാണ് മാണിസാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം ഒരു തുരുപ്പ് ശീട്ടാകുന്നത്. ബി.ജെ.പി.ക്കെതിരെ കോണ്‍ഗ്രസ്സുമായി സഹകരിച്ചുകൂടാ. കാരണം കോണ്‍ഗ്രസ്് ബൂര്‍ഷ്വാ പാര്‍ടിയാണ്, ആഗോളീകരണം അവരുടെ നയമാണ്. കോണ്‍ഗ്രസ്സുമായി ചേര്‍ന്നാല്‍ ഒരപാടാളുകള്‍ അകന്നുപോകുമെന്നാണ് എസ്.ആര്‍.പി. പാര്‍ട്ടി പത്രത്തിലൂടെ സി.പി.ഐയെ ഓര്‍മിപ്പിച്ചത്. പക്ഷേ സി.പി.ഐക്ക് കോണ്‍ഗ്രസ്സിനോട് അയിത്തമില്ല. പുര കത്തുമ്പോള്‍ വെള്ളമൊഴിക്കുന്നതില്‍ അയിത്തം നോക്കണോ എന്ന ചോദ്യം. പണ്ട്് കെ.കരുണാകരനെ എല്‍.ഡി.എഫില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ സഖാവ് പിണറായി പറഞ്ഞല്ലോ, രാഷ്ട്രീയത്തില്‍ ജാതകം നോക്കല്‍ അപ്രസക്തമെന്ന്- അതുപോലെതന്നെ...പക്ഷേ സി.പി.ഐക്ക്്് സംശയം തീരുന്നില്ല. ഇനിയും ആദര്‍ശവുമായി വന്നാല്‍ പോണാല്‍പോകട്ടും പോടാ എന്്‌ന പറഞ്ഞ് മാണിയെ അകത്താക്കി, വാതിലടക്കും, രണ്ടാം സ്ഥാനത്ത്് സി.പി.ഐക്ക് പകരം മാണികേരള..

പറഞ്ഞുവന്നത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുള്ള ബന്ധമാണ്. മാണി ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ എന്താണ് തെറ്റ്. മാണിസാര്‍ അഴിമതിക്കാരനാണെന്ന് ആരോപിച്ചതും അതുമായി ബന്ധപ്പെട്ട് വഴിയില്‍ തടഞ്ഞതും പുലഭ്യം പറഞ്ഞതും ഒക്കെ ശരി. അതൊക്കെ താല്‍ക്കാലികം. ആത്യന്തികമായി മാണി സാര്‍ ചേരേണ്ടത് ഇടത്തുതന്നെയല്ലേ. പ്രത്യയശാസ്ത്രമാണല്ലോ അടിസ്ഥാനം. പോരാത്തതിന് തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ ഉപജ്ഞാതാവായ കാള്‍മാര്‍ക്‌സിന്റെ 200-ാം ജന്മവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കാലം. മൂലധനത്തിന്റെ നൂറ്റമ്പതാം വാര്‍ഷികം. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം.

ഈ മഹനീയ ചരിത്രസന്ദര്‍ഭത്തില്‍ സി.പി.എമ്മിന്റെ തൊഴിലാളിവര്‍ഗ സിദ്ധാന്തവും പ്രയോഗവും മാണിസാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തവും പ്രയോഗവും സമന്വയിക്കാന്‍പോകുന്നുവെന്നതാണ്പ്രധാനം. അഴിമതിയല്ല പ്രശ്‌നം.  അഴിമതി മുതലാളിത്ത വ്യവസ്ഥയുടെ കൂടപ്പിറപ്പാണ്. അതില്‍ എല്ലാവരും പെട്ടുപോയേക്കാം. എന്നാല്‍  അഴിമതിയും ചൂഷണവുമില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിന് അഴിമതിക്കാരെങ്കില്‍ അവരുടെകൂടി പിന്തുണയോടെ ശ്രമിക്കാനാവും. പിന്നെ അഴിമതി തീരേയില്ലാതാകും. കമ്മ്യൂണിസ്റ്റുകാര്‍ താല്‍ക്കാലിക പ്രശനത്തില്‍ ഉടക്കിനില്‍ക്കാതെ ഭാസുരമായ ഭാവിക്ക് വേണ്ടി മുന്നോട്ടുപോവുകയാണ് വേണ്ടത്. മാണി-സി.പി.എം. ബാന്ധവം തികച്ചും ഔചിത്യമുള്ളതത്രെ.

ഈ സമന്വയം, ഈ സഖ്യനീക്കം കൊടുംവഞ്ചനയാണെന്നാണ് സകലമാന കോണ്‍ഗ്രസ്സുകാരും പറയുന്നത്. ഉമ്മന്‍ചാണ്ടിക്കോ ഹസ്സനോ ചെന്നിത്തലക്കോ സുധീരനോ ആര്‍ക്കും അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല..

ഇപ്പോള്‍ സഖാവ് നായനാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്താവും പറയുക. 1981 ഒക്ടോബറിന് ശേഷം മാണിസാറെ വഞ്ചകാ, കൊടുംവഞ്ചകാ, കുഞ്ഞുമാണീ എന്നേ നായനാര്‍ അഭിസംബോധന ചെയ്തിട്ടുള്ളൂ. സഖാവ് ആദ്യം മുഖ്യമന്ത്രിയായത് ആന്റണിയുടെയും മാണിയുടെയും സഹായത്തോടെയാണ്. ആന്റണി കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ മുഖ്യമന്ത്രി നായനാരെ കണ്ട് മാണി പറഞ്ഞു- ഡോണ്ട് വറി നായനാര്‍, കേരളാ കോണ്‍ഗ്രസ് മുന്നണിയില്‍ പാറപോലെ ഉറച്ചുനില്‍ക്കും.അതിന്റെ ആത്മവിശ്വാസത്തില്‍ നായനാര്‍ ആന്റണിക്കെതിരെ പ്രസ്താവനകളുമായി കസറുകയായിരുന്നു- മാണിയെ നോക്കൂ, എന്തൊരു വിശ്വാസ്യതയാണ്!   24 മണിക്കൂറിനകമാണ് ആ അത്യാഹിതം സംഭവിച്ചത്. കേരളാ കോണ്‍ഗ്രസ്സും നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. നായനാര്‍ രാജിവെച്ചു. യൂദാസെന്നും വഞ്ചകനെന്നും നായനാര്‍ ആവര്‍ത്തിച്ച് അഭിസംബോധന ചെയ്തുകൊണ്ടിരുന്നു....അന്ന് നായനാര്‍, ഇന്ന് ഉമ്മന്‍ചാണ്ടി...

ഏതായാലും ജോസഫ് വിഭാഗം പുതിയ ബാന്ധവത്തെ എതിര്‍ക്കുകയാണ്. അപ്പോള്‍ മണക്കുന്നതെന്താണ്. കേരളാ കോണ്‍ഗ്രസ് വീണ്ടും വളരാന്‍ പോവുകയാണ്. പിളരുംതോറും വളരുകയും വളരുംതോറും പിളരുകയും ചെയ്യുന്ന മഹാ പ്രതിഭാസം. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, ബാലകൃഷ്ണപിള്ള, സ്‌കറിയാതോമസ്, പി.സി.തോമസ്, പി.സി.ജോര്‍ജ് എന്നിങ്ങനെ ആറ് കേരളകളാണിപ്പോഴുള്ളത്. ഇനി പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ വീണ്ടും ഒരു കേരള ഉണ്ടാകുന്നതാണ് ഔചിത്യം. പാപ്പാത്തിച്ചോലയിലെ കുരിശ് ശരിയായ കുരിശാണ്. പിണറായി ക്രാന്തദര്‍ശിയല്ലെന്ന് ആരാണ് പറഞ്ഞത്.