യുദ്ധം ജയിച്ചുവരുമ്പോഴാണ് വാഴ്ത്തപ്പെടുക. വാഴ്ത്തപ്പെടുമ്പോള്‍ വീഴ്ത്തപ്പെടാനുള്ള സാധ്യതയുമാണ് തുറക്കുന്നത്. ലോകകേരളസഭയും പുതിയ വിമാനത്താവളവും ജലപാത പദ്ധതിയുമൊക്കെയായി വികസനപാതയിലെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ വാഴ്ത്തുകയും ലോകമാകെ പ്രചരണം നടത്തുകയും ചെയ്യുന്നു. കേരളവികസന മാതൃക, കേരള ജനാധിപത്യ, ബൗദ്ധിക മാതൃക, പൊതുവിദ്യാഭ്യാസം സ്മാര്‍ടാകുന്നു... മറ്റ് സംസ്ഥാനങ്ങളെവിടെ, എല്ലാം ശരിയാകുന്ന കേരളമെവിടെ എന്ന് ആരാധകന്മാര്‍ പ്രശംസിച്ചുകൊണ്ടിരിക്കെയാണ് തെരുവില്‍ മനുഷ്യന്റെ മാംസവും രക്തവും വീഴുന്നത്.   

നന്മ എത്ര വേഗമാണ് തിന്മയാകുന്നത്. തിന്മ എത്ര വേഗമാണ് നന്മയായി ധരിക്കപ്പെടുന്നത്. നല്ല വാക്കുകളും നന്മയും നല്ല ചെയ്തികളും പ്രതീക്ഷിക്കുന്നവരില്‍നിന്ന് നേരേ മറിച്ചുണ്ടാകുമ്പോള്‍ മാക്‌ബെത്തിലെ ദുര്‍മന്ത്രവാദിനികളുടെ ശാപവാക്കുകളാണ് ഓര്‍ത്തുപോവുക. 

കേരളത്തിലെ ഭരണകക്ഷിയുടെ വനിതാ നേതാവ് സഹികെട്ടാവണം സഖാക്കളോട് ഒരഭ്യര്‍ഥന നടത്തിയിരിക്കുന്നു. നവമാധ്യമങ്ങളിലൂടെ പ്രതികരിക്കുമ്പോള്‍ മാന്യത വേണം. ഒന്നിച്ചുനില്‍ക്കേണ്ട എത്രയോ പേരെ ശത്രുക്കളാക്കുന്നതിന് മത്സരിച്ചുകൊണ്ടിരിക്കുന്ന സഖാക്കളേ നിങ്ങള്‍ സംസ്‌കാരത്ത്ിന്റെ തരിമ്പെങ്കിലും പ്രകടിപ്പിക്കണമെന്ന്. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളില്‍ ചിലരുടെ വാക്കുകളല്ല താന്‍ ലക്ഷ്യമാക്കിയതെന്നും പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി നവമാധ്യമ ഇടപെടലിനായി ഉണ്ടാക്കിയ പെരുമാറ്റച്ചട്ടം ഓര്‍മിപ്പിക്കുകയായിരുന്നുവെന്നാണ് വനിതാനേതാവ് തന്റെ നവമാധ്യമ പ്രസ്താവനക്ക് നല്‍കിയ വിശദീകരണം. 

പഴയ സര്‍വകലാശാലാ യൂണിയന്‍ ചെയര്‍ പേഴ്‌സണൊക്കെയായ സഖാവിന് കേന്ദ്ര കമ്മിറ്റിയുടെ പെരുമാറ്റച്ചട്ടം, അഥവാ മാര്‍ഗനിര്‍ദേശം ഇപ്പോള്‍ ഓര്‍മവരാന്‍. സൈബര്‍ ഇടത്തിലെ ചില വിപ്ലവകാരി സഖാക്കള്‍  ടി.പി.ചന്ദ്രശേഖരന്റെ ജീവിതസഖാവായ കെ.കെ. രമയെക്കുറിച്ച് എഴുതുന്നത് വായിച്ച് സഹികെട്ടാണോ പ്രതികരണം. സഖാക്കള്‍ കൊടിസുനിയും കൂട്ടരും ചേര്‍ന്ന് ടി.പി.ചന്ദ്രശേഖരനുള്ള വധശിക്ഷ നടപ്പാക്കി. പുരാതനകാലത്ത് ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ കഴുവേറ്റിയും പുകയിട്ട് ശ്വാസം മുട്ടിച്ചുമൊക്കെയാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്. പിന്നെ വാള്‍കൊണ്ട് ഒറ്റ വെട്ടിന്, പിന്നെ വെടിവെച്ച്.. മഴു കൊണ്ട് വെട്ടിയിട്ട് മുറിച്ചു നാനാവിധമാക്കുന്ന ശിക്ഷനടപ്പാക്കല്‍ രീതി അത്യന്താധുനികമാണ്.  ഭര്‍ത്താവിനെ ഇങ്ങനെ ചെയ്തിട്ടും അധീരയാകാതെ പൊതുരംഗത്ത് നില്‍ക്കുന്ന ആളെ അധിക്ഷേപിക്കുകയാണ് കുറേ സൈബര്‍ പോരാളികള്‍ ചെയ്തത്. സ്വനിലവാരമനുസരിച്ച് അവര്‍  നവമാധ്യമത്തിലൂടെ നടത്തുന്ന വധം കണ്ട് സഹികെട്ടാണോ ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവ് കേന്ദ്ര കമ്മിറ്റിയുടെ മാര്‍ഗരേഖ ഓര്‍ത്തതും ഓര്‍മിപ്പിച്ചതും.

കണ്ണൂരിലെ തന്നെ മട്ടന്നൂരില്‍ ഷുഹൈബ് എന്ന ചെറുപ്പക്കാരന് വധശിക്ഷ വിധിച്ചതാരെന്ന് പിന്നെയേ മനസ്സിലാകൂ. പക്ഷേ നടപ്പാക്കിയവരില്‍ രണ്ടു പേര്‍ പിടിയിലായെന്നാണ് കേള്‍ക്കുന്നത്. അതിലൊരാള്‍ പ്രായത്തില്‍ ചെറുപ്പമെങ്കിലും വധശിക്ഷ  നടപ്പാക്കുന്നതില്‍ കേമനാണെന്നാണ് പോലീസ് ഭാഷ്യം. അപരന്റെ വാക്കുകള്‍ സംഗീതം പോലെ ഉള്‍ക്കൊള്ളാനാവുന്ന കാലം വരണമെന്ന് നവമാധ്യമത്തിലെ അക്കൗണ്ടിന് സ്ഥിരം തലവാചകം നല്‍കിയ മഹാനുഭാവന്‍. നവമാധ്യമങ്ങളിലൂടെ നടത്തുന്ന പോരാട്ടം പോരാഞ്ഞിട്ടാവും മനുഷ്യനെ വെട്ടിപ്പിളര്‍ന്ന് തറിച്ചുമുറിക്കല്‍.. 

അപരന്റെ വാക്കുകള്‍ സംഗീതംപോലെ ഉള്‍ക്കൊള്ളുന്ന കാലം....

അപരന്റെ വാക്കുകള്‍ സംഗീതം പോലെ ഉള്‍ക്കൊള്ളാന്‍ വെമ്പുന്ന യുവവിപ്ലവകാരി പിടിയിലായപ്പോഴെങ്കിലും കൊലയെ അപലപിക്കാന്‍ മുഖ്യമന്ത്രി പിണറായിയും സഖാവ് കോടിയേരിയും തയ്യാറായി. തന്നോടൊപ്പം പണ്ടെന്നോ എടുത്ത ചിത്രം പുറത്തുവരുന്നതുവരെ കാത്തിരുന്നതും യുക്തിഭദ്രം തന്നെ. ഒരാഴ്ച മുമ്പ് നടന്ന വധത്തെ അപലപിക്കുമ്പോള്‍ ആരാണ് പ്രതികളെന്നതോ എന്താണ് അവരുടെ ബന്ധമെന്നതോ അന്വേഷണത്തെ ബാധിക്കില്ലെന്നാണ്. അളന്നുതൂക്കി മാത്രം പറയുന്ന മുഖ്യമന്ത്രി ബന്ധം എന്നെടുത്തുപറഞ്ഞതെന്തിനാണാവോ....!