മുദ്രത്തിന്റെ ആഴം കണ്ടവരെ കുളത്തിന്റെ ആഴം കാണിച്ചു പേടിപ്പിക്കേണ്ട എന്നാണു സഖാവ് ബിനീഷ് കോടിയേരി പറഞ്ഞത്. കുളമെത്ര കു.. എന്നതാണ് ഇമ്മാതിരി സംഭവമുണ്ടാകുമ്പോള്‍ പണ്ടു നാട്ടില്‍ കേള്‍ക്കാറുള്ള ഡയലോഗ്. കാലത്തിന്റെയും സംഭവത്തിന്റെയും വലിപ്പത്തിന്റെയും പരിഗണനവെച്ചാവാം സമുദ്രത്തെയും കുളത്തെയും താരതമ്യപ്പെടുത്തി സഖാവ് ബിനീഷ് ജ്യേഷ്ഠന്‍ ബിനോയിയുടെ കടബാധ്യതയുടെ പേരില്‍ കുടുംബത്തിനെതിരായി ഉയര്‍ന്ന പുതിയ വെല്ലുവിളിയെ പുച്ഛിച്ചുതള്ളിയത്. 

എത്രയോ കാലമായി തുടങ്ങിയതാണ് ഈ വേട്ടയാടല്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന്റെ കുടുംബമായിപ്പോയെന്ന ഒറ്റ കാരണത്താല്‍ കുടുംബത്തിലെ അംഗങ്ങളെ വിടാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുക എന്നുവന്നാല്‍ കഷ്ടമാണ്. ആഭ്യന്തര മന്ത്രിയായപ്പോള്‍ ഔദ്യോഗിക വസതിയുടെ ഗേറ്റ് മാറ്റിയെന്ന് ചില കുബുദ്ധികള്‍ പ്രചരിപ്പിച്ചു. ഗേറ്റ് മാറ്റിയത് വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്താല്‍ കുടുംബത്തിന്റെ സമ്മര്‍ദ്ദത്താലാണെന്നാണ് കുബുദ്ധികള്‍ പ്രചരിപ്പിച്ചത്. 

അതുകഴിഞ്ഞപ്പോള്‍ ഔദ്യോഗിക വീടു നവീകരണത്തിനു കൂടുതല്‍ പണം ചെലവിട്ടെന്നായി ആരോപണം. വീട്ടില്‍ പ്രത്യേക തരം കക്കൂസുണ്ടാക്കിയെന്നുപോലും ആരോപണമുണ്ടായി. ഒടുവില്‍ ആ വീടുതന്നെ ഒഴിവാക്കി വാടകവീടു കണ്ടുപിടിക്കേണ്ടിവന്നു. സേവി മാനോ മാത്യു എന്ന ഒരു യുവാവിനു തലസ്ഥാനനഗരിയില്‍ ഒരു വീടുണ്ടായിരുന്നതിനാല്‍ മന്ത്രിക്കും കുടുംബത്തിനും താമസിക്കാന്‍ ഇടം കിട്ടി. അപ്പോഴേക്കും അതാ മറ്റൊരു ദുരാരോപണം. മനോ മാത്യു മെര്‍ക്കിസ്റ്റന്‍ ഭൂമി ഇടപാടിന്റെ ആളാണ്. പരിസ്ഥിതി ലോലപ്രദേശം ഐ.എസ്.ആര്‍.ഒവിനു വില്‍ക്കാന്‍ നോക്കിയതുമായി ബന്ധപ്പെട്ട്  സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ആളാണ്. അയാളുടെ വീട്ടില്‍ ആഭ്യന്തരമന്ത്രി കുടുംബസമേതം താമസിക്കുന്നതില്‍ എന്തോ ഒരു 'ഇത്' ഇല്ലേയെന്നായി അടുത്ത വിവാദവ്യവസായം.... 

അതെല്ലാം ഒരരിക്കാവുമ്പോഴേക്കും അതാ സാക്ഷാല്‍ കാടാമ്പുഴ ഭഗവതിയുടെ രൂപത്തില്‍ വിവാദം വരുന്നു. ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന്റെ ദോഷപരിഹാരത്തിനു കാടാമ്പുഴയമ്മയുടെ മുന്നില്‍ പൂമൂടിക്കൊള്ളാമെന്നു നേര്‍ച്ച കൂട്ടിയെന്നും അതിനായി പണമടച്ചു രശീതി വാങ്ങിയെന്നും പ്രചരണം, വിവാദം. വിവാദം മൂര്‍ച്ഛിക്കുമ്പോള്‍ മനസ്സിലായതെന്താ? വാര്‍ത്ത് പൂര്‍ണമായും അവാസ്തവം.... 

പിന്നീടു തലശ്ശേരിയിലെ വീട്ടില്‍ ദോഷപരിഹാര പൂജ നടത്തിയെന്നും അതിനായി ദൂരെ ദേശത്തുനിന്നും ബ്രാഹ്‌മണരെ ക്ഷണിച്ചു കൊണ്ടുവന്നുവെന്നും പ്രചരണം. പ്രചരിപ്പിച്ചതോ ബി.ജെ.പിയും ആര്‍.എസ്.എസ് ചാനലും. ഇത്തരം വ്യാജങ്ങള്‍ക്കിടയിലാണു ബിനോയ് കോടിയേരിയെ പിടിക്കാന്‍ ഇന്റര്‍പോള്‍ ഇങ്ങെത്തിപ്പോയെന്ന്. ദുബായിയില്‍ ബിസിനസുകാരനായ ബിനോയ് കടം വാങ്ങിയ ദിര്‍ഹം തിരിച്ചുകൊടുത്തില്ലെന്നും ചെക്ക് മുടങ്ങിയതിനു ക്രിമിനല്‍ കേസെന്നും പണം കിട്ടാനുള്ളവര്‍ സീതാറാം യെച്ചൂരിയെക്കണ്ട്ു പണം തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാതായും വാര്‍ത്ത. 

ബിനോയ് കോടിയേരി കടം വാങ്ങിയിട്ടില്ല, വാങ്ങിയിട്ടുണ്ടെങ്കില്‍ കൊടുത്തിട്ടുണ്ടാവും. കേസില്ല, ഉണ്ടായിരുന്നെങ്കില്‍ പിഴയടച്ച് കേസ് തീര്‍പ്പാക്കിയിട്ടുണ്ടാവും... ഇങ്ങനെ ഒരു വ്യാജ കേസും പൊക്കിനടന്നവരറിയുന്നോ ദുബായിയിലുണ്ടായിരുന്ന ചെക്ക് കേസ് 60,000 ദിര്‍ഹം പിഴയടച്ചു പരിഹരിച്ചെന്ന്. ബാക്കി ഇടപാടുകള്‍ ഉടന്‍ പരിഹരിക്കാന്‍ ഏര്‍പ്പാടാക്കിയെന്ന്. ബിനോയ് കോടിയേരിക്കെതിരെ കേസോ വാറണ്ടോ ഇല്ലെന്നു ദുബായ് പോലീസും ദുബായ് ജൂഡീഷ്യറിയും സര്‍ട്ടിഫിക്കറ്റ് മണിക്കൂറുകള്‍കമാണ് നല്‍കിയത്. എന്നിട്ടും കുമ്മനം മുറുമുറുക്കുന്നു, ചില മാധ്യമങ്ങളുടെ മുറുമുറുപ്പും തുടരുന്നു...

പക്ഷെ, ഇതുകൊണ്ടൊന്നും കുതികാല്‍ വെട്ടാനാവില്ല. നായ്ക്കള്‍ കുരക്കും. സാര്‍ഥവാഹകസംഘം മുന്നോട്ടുതന്നെ പോകും. സമുദ്രത്തോടാണു കുളങ്ങളുടെ കളി....!