ദുബായ് എന്ന നഗരം ഇപ്പോൾ ലോകത്തിലെതന്നെ ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങളിലൊന്നായി വളർന്നുകഴിഞ്ഞു. യു.എ.ഇ. യിൽ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ രാജ്യം അവർക്ക് രണ്ടാംവീടാണ്. ഇരുനൂറിലേറെ രാജ്യക്കാർ ഒരു പ്രയാസവും ഇല്ലാതെ ജീവിക്കുന്ന നഗരം എന്ന വിശേഷണംകൂടി ദുബായിക്കുണ്ട്. -1ദുബായ് നിവാസികളിൽ ഈയിടെ നടത്തിയ ഒരു സർവേയുടെ റിപ്പോർട്ട് രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. enthapanachottil

സ്മാർട്ട് ദുബായ് ഓഫീസ് പുറത്തുവിട്ട സർവേ റിപ്പോർട്ട്  അനുസരിച്ച് ദുബായിൽ താമസിക്കുന്നവരിൽ 83 ശതമാനവും സന്തോഷവാന്മാരാണ് എന്നാണ്. ജനങ്ങളുടെ സന്തോഷം വർധിപ്പിക്കാനായി ആദ്യമായി ഒരു വകുപ്പുണ്ടാക്കുകയും അങ്ങനെ ഹാപ്പിനസ് മന്ത്രിയെ നിയോഗിക്കുകയും ചെയ്ത  രാജ്യത്ത് ഇത്തരത്തിലുള്ള ഒരു സർവേ റിപ്പോർട്ട് വലിയ സംഭവമല്ല. പക്ഷെ ആ റിപ്പോർട്ടിന്റെ ഉള്ളടക്കം ഭാവിയെ കുറിച്ചുള്ള സൂചനകളും നൽകുന്നുണ്ട്. 

അഞ്ച് വർഷത്തിനകം സന്തോഷിക്കുന്നവരുടെ ശതമാനം 83-ൽ നിന്ന് 95-ആയി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. അതുതന്നെയാണ് ദുബായിയുടെ തിളക്കംകൂട്ടുന്നത്. ഒരു രാജ്യത്ത് താമസിക്കുന്ന ബഹുഭൂരിപക്ഷവും സന്തോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ജീവിത നിലവാരത്തെകൂടി കണക്കിലെടുത്താവണം. ഒരു പ്രദേശത്ത് ജീവിക്കുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ചിന്ത ജീവനും സ്വത്തിനുമുള്ള സംരക്ഷണം തന്നെയായിരിക്കും.

പാതിരാവിൽ ഒറ്റക്ക് ഒരു സ്ത്രീ നടന്നുപോകുമ്പോൾ പോലും  ദുബായ് നഗരത്തിൽ ഒരു പ്രശ്നവും ഉണ്ടാവുന്നില്ല എന്നതാണ് ഇവിടെ താമസിക്കുന്നവരുടെ സന്തോഷത്തിന്റെ അടിസ്ഥാനം. ജീവിതത്തിൽ ലഭ്യമാവുന്ന സൗകര്യങ്ങളുടെയും അവയുടെ ഗുണങ്ങളുടെയും അടിസ്ഥാനമായിരിക്കും ഏതൊരു ജനതയുടെയും സന്തോഷത്തെ അടയാളപ്പെടുത്തുന്നത്. ദുബായിൽ ഉയരുന്ന കെട്ടിടവാടകയെക്കുറിച്ച്  പരാതിപ്പെടുന്നവർ നിരവധിയാണ്.

പലരും കനത്ത വാടക ഭയന്ന് മറ്റ് എമിറേറ്റുകളിലേക്ക് താമസം മാറ്റാറുമുണ്ട്. എങ്കിലും ഇവിടെ ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും സുരക്ഷിതത്വത്തെ ക്കുറിച്ചുമെല്ലാം അവർ നൂറ് നാവുമായി സംസാരിക്കും. ഇത് തന്നെയാണ് ദുബായിലെ ഹാപ്പിനസ് ഇൻഡക്സിനെ ശ്രദ്ധേയമാക്കുന്നത്.

2021 ആവുമ്പോഴേക്കും ദുബായിലെ ജനങ്ങളിൽ 95 ശതമാനവും സന്തോഷവാന്മാരാകുമെന്നത് സർവേയിൽ പങ്കെടുത്തവർ തന്നെയാണ് സൂചിപ്പിച്ചത്. അവർ ആ തലത്തിലേക്ക് മാറിത്തുടങ്ങുന്നു എന്നർഥം. ഇനി വരാനിരിക്കുന്ന നാലോ അഞ്ചോ വർഷങ്ങൾ ആ തരത്തിൽ കൂടി ദുബായിക്ക് നിർണായകമാണ്. 2020- ൽ ദുബായ് ആതിഥേയത്വം വഹിക്കാൻ പോകുന്ന ലോക പ്രദർശനമായ എക്‌സ്‌പോ 2020-ന്റെ ഒരുക്കങ്ങൾ  ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പല തലങ്ങളിൽ നടന്നുവരുന്നു. അതിനൊപ്പം നഗരം സഞ്ചാരികൾക്കായി മനോഹരമാക്കി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. അതിന്റെ ഒരു ഉദാഹരണമാണ് ദുബായ് കനാൽ പദ്ധതി.

നഗരത്തിലെ രാജപാതയെന്ന് വിശേഷിപ്പിക്കാവുന്ന ശൈഖ് സായിദ് റോഡിൽ നേരിയ ഗതാഗതതടസ്സംപോലും ഉണ്ടാക്കാതെ പതിനാറ് വരികളുള്ള രണ്ട് മേൽപ്പാലങ്ങൾ പണിതത് തന്നെ അൽഭുതത്തോടെയാണ് ജനം നോക്കിനിന്നത്. ഇപ്പോഴിതാ ആ റോഡിന് കുറുകെയുള്ള കനാലിലേക്ക് കടൽ വെള്ളം ഒഴുക്കിത്തുടങ്ങി.

ഇനിയും ഒരു പാട് നിർമാണപ്രവർത്തനങ്ങൾ അവിടെ നടക്കാനുണ്ട്. ലണ്ടൻ നഗരത്തെയോ പാരീസ് നഗരത്തെയോ ഓർമിപ്പിക്കുന്ന വിധത്തിൽ ദുബായിയെ മാറ്റിയെടുക്കാനാണ് ശ്രമം. പൊതുഗതാഗതത്തെ പ്രോൽസാഹിപ്പിക്കാൻ മെട്രോ സർവീസുകളുടെ എണ്ണം കൂട്ടിയതും ഈയാഴ്ച നിലവിൽവന്നു. പുതിയ മക്തൂം വിമാനത്താവളം വരെ മെട്രോ ലൈൻ നീട്ടുന്ന പ്രവർത്തനങ്ങളും സജീവമായി മുന്നേറുന്നു. കൂടൂതൽ കൂടൂതൽ റോഡുകളും പാർക്കുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളുമൊക്കെ ജനങ്ങളുടെ സന്തോഷം ലക്ഷ്യമിട്ടുതന്നെയാണ്.

അതോടൊപ്പം തന്നെയാണ് ഈ രാജ്യത്ത് നിലനിൽക്കുന്ന സന്തോഷവും സമാധാനവും. പ്രശ്ന സങ്കീർണമായ കാലത്തിലൂടെയാണ് അറബ് മേഖല കടന്നുപോകുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലാണ് യു.എ.ഇ. യുടെയും ദുബായിയുടെയും ഭരണകൂടം ഏറെയും ശ്രദ്ധിക്കുന്നത്. ഇതുതന്നെയാവണം ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും വർധിപ്പിക്കുന്നത്.

യു.എ.ഇ. യുടെ കരുത്തനായ ഭരണാധികാരി എന്നനിലയിൽ ലോകമാകെ ശ്രദ്ധേയനായി മാറിക്കഴിഞ്ഞ ദുബായ് ഭരണാധികാരി കൂടിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റൈ ഭരണപാടവവും ദീർഘവീക്ഷണവും തന്നെയാണ് ദുബായിയെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത്. സന്തോഷത്തിന്റെ സർവേ റിപ്പോർട്ട് പത്രങ്ങളിൽ വന്ന ദിവസംതന്നെ അദ്ദേഹത്തിന്റെ ഒരു പ്രസ്താവനയും പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ഗവേഷകരോട് നോബൽ സമ്മാനം ലക്ഷ്യമിട്ട് പ്രവർത്തിക്കാനായിരുന്നു ശൈഖ് മുഹമ്മദിന്റെ ആഹ്വാനം. ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ ഉതകുന്ന ഇരുപത് പദ്ധതികൾക്ക് അംഗീകാരം നൽകിക്കൊണ്ടായിരുന്നു നോബേൽ സമ്മാനം ലക്ഷ്യമാക്കാൻ ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഭരണാധികാരി ഓരോ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നൽകുന്ന ഇത്തരത്തിലുള്ള പ്രോൽസാഹനം തന്നെയാണ് യു.എ.ഇ. യുടെയും ദുബായിയുടെയും ജനതയെ സന്തോഷിപ്പിക്കുന്നത്. അത് 95-ൽനിന്ന് നൂറ് ശതമാനത്തിലേക്ക് എത്താനാവട്ടെ എന്ന് പ്രത്യാശിക്കാം.