മലബാറിലെ വിമാനയാത്രക്കാര്‍, വിശേഷിച്ച് പ്രവാസികള്‍ കാത്തിരിപ്പ് തുടരുക തന്നെയാണ്. റണ്‍വെ നവീകരണം ഒരുഘട്ടം പൂര്‍ത്തിയായതോടെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കാത്തിരിപ്പ്. ഇതാ നാളെ, നാളെ എന്ന് പറഞ്ഞുതുടങ്ങിയിട്ടും ഉറപ്പ് നല്‍കിയിട്ടും കാത്തിരിപ്പിന് മാത്രം അവസാനമായിട്ടില്ല. 
 
വിമാനത്താവളത്തില്‍ കോഡ് ഇ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ ഇറക്കുന്നതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഈയിടെയാണ് അനുമതി നല്‍കിയത്. 
 
ഇതോടെയാണ് ഇതുവരെ യാത്രാക്ലേശം അനുഭവിച്ചു വന്നിരുന്ന മലബാറിലെ പ്രവാസികളുടെ  പ്രതീക്ഷയ്ക്ക് വീണ്ടും ചിറകുമുളച്ചത്. എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ്, തുടങ്ങിയ വന്‍ വിമാനക്കമ്പനികള്‍ നേരത്തെ നിര്‍ത്തിവെച്ച   സര്‍വീസുകള്‍ നടത്താന്‍  വീണ്ടും സന്നദ്ധരാവുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.  അടുത്ത വര്‍ഷത്തെ ഹജ്ജ് ക്യാന്പും ഇവിടെ തിരികെയെത്തുമെന്ന പ്രതീക്ഷയും എല്ലാവരിലുമുണ്ട്. 
 
റണ്‍വേ റീ കാര്‍പെറ്റിങ്ങിനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കുമായാണ് കോഴിക്കോട്  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു വര്‍ഷം  മുമ്പ് വലിയ  വിമാനങ്ങളുടെ സര്‍വീസ്  നിര്‍ത്തിവെച്ചിരുന്നത്. തുടര്‍ന്ന് ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്കും മാറ്റി. ഇപ്പോള്‍  ചെറു വിമാനങ്ങളുടെ സര്‍വീസുകള്‍ മാത്രമാണ് 'അന്താരാഷ്ട്രം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരിപ്പൂരില്‍നിന്ന് നടക്കുന്നത്. വിമാനങ്ങളുടെ കുറവുമൂലം യാത്രാക്കൂലിയിലും വന്‍ വര്‍ധനവുണ്ടായി. സീസണുകളില്‍ ടിക്കറ്റ് നിരക്ക് മറ്റെങ്ങുമില്ലാത്ത വിധം കുതിച്ചുകയറുകയായിരുന്നു.  മലബാറിലെ, ടൂറിസം,വാണിജ്യ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. കാര്‍ഗോ വിമാനങ്ങളുടെ സര്‍വീസുകളും പരിമിതമായി. 
 
കോഴിക്കോട് അഥവാ കരിപ്പൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണത്തിന്  ഇപ്പോഴും വേഗത കൈവരിച്ചിട്ടില്ല. പ്രധാന തടസ്സമായ  സ്ഥലമെടുപ്പ് എവിടെയുമെത്തിയില്ല. മലബാറിന്റെ വികാരമായ കരിപ്പൂരിന്റെ ഈ ദയനീയാവസ്ഥ ഏറ്റവുമധികം നേരിട്ടറിയുന്നതും അത് അനുഭവിക്കുന്നതും പ്രവാസികളാണ്. കൃത്യമായി പറഞ്ഞാല്‍ മലബാറില്‍ നിന്നുള്ള പ്രവാസി മലയാളികള്‍തന്നെ. ഇതെല്ലാം കണക്കിലെടുത്ത് യു.എ.ഇ. യിലെ കോഴിക്കോട് പ്രവാസി അസോസിയേഷന്‍  നേരത്തെ  ഒരു ഓണ്‍ലൈന്‍ കാമ്പയിന്‍ നടത്തിയിരുന്നു. 'തിരികെ വേണം കരിപ്പൂര്‍' എന്ന പേരില്‍ എല്ലാ ഭാഗത്തുനിന്നും അഭിപ്രായം സ്വരൂപിച്ച് നടത്തിയ കാന്പയിന്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ നിമിത്തമായി.  മലബാര്‍ ഡെവലപ്മെന്റ് ഫോറം എന്ന സംഘടനയുടെ നേതൃത്വത്തിലും വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. ഡല്‍ഹിയിലേക്ക് വരെ അവര്‍ മാര്‍ച്ച് ചെയ്തു. 
 
വികസനത്തിന്റെയും നവീകരണത്തിന്റെയും പേരില്‍  ഒരു വര്‍ഷത്തിലേറെയാണ്  റണ്‍വെ ഭാഗികമായി അടച്ചിട്ടത്. റീകാര്‍പ്പറ്റിങ്ങ് പൂര്‍ത്തിയായതോടെ റണ്‍വെ ഏതാണ്ട് പഴയ നിലയിലേക്ക് തിരിച്ചുവന്നു. ഇനി അവിടെ വരേണ്ടത് വലിയ വിമാനങ്ങളാണ്.  സ്ഥലംപോരാ എന്നും കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്നുമാണ് തുടക്കം മുതല്‍ അധികൃതരുടെ നിലപാട്. അത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വവുമാണ്. 
 റണ്‍വെ ഭാഗികമായി  അടച്ചിട്ടപ്പോള്‍ നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് മാററിയ  എമിറേറ്റ്സിന് ഇപ്പോള്‍ അതാണ്  കൂടുതല്‍ ലാഭകരം എന്നത്രെ വിലയിരുത്തല്‍. അവിടെനിന്ന് കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ കിട്ടുന്നുവെന്നാണ് എമിറേറ്റ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. നെടുമ്പാശ്ശേരി- ദുബായ് വിമാനങ്ങള്‍ വഴി യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രക്കാര്‍ കൂടി എന്നാണ് കണക്ക്. 
 
ഗള്‍ഫ് മലയാളികളുടെ സ്വന്തം വിമാനത്താവളമെന്ന നിലയില്‍ അവരുടെ സ്വന്തം വീടുപോലെയായിരുന്നു വര്‍ഷങ്ങളായി കരിപ്പൂര്‍ വിമാനത്താവളം. സ്വര്‍ണക്കടത്തിന്റെ പേരില്‍ കുറെ കുപ്രസിദ്ധി നിലനില്‍ക്കുന്നതിനിടയിലായിരുന്നു വിമാനത്താവളത്തിനകത്തെ വെടിവെപ്പും മരണവുമൊക്കെ. ഇതോടെ കരിപ്പൂര്‍ ദേശീയതലത്തില്‍ത്തന്നെ  ശ്രദ്ധിക്കപ്പെട്ടു. റണ്‍വെ നീളം കൂട്ടാതെ ഇനി മുന്നോട്ടുപോകാനാവില്ല എന്നായിരുന്നു നവീകരണത്തിന് മുമ്പ് തന്നെ  കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. 
 
കരിപ്പൂരിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കോഴിക്കോട് സമരപരിപാടികള്‍ പല തലങ്ങളിലായി നടന്നിട്ടുണ്ട്. നിരാഹാരം  ഉള്‍പ്പെടെയുള്ള സമരമുറകളുമായി അധികൃതരുടെ കണ്ണുതുറപ്പിക്കാനും ശ്രദ്ധ ക്ഷണിക്കാനുമായി നടത്തിയ പ്രക്ഷോഭത്തില്‍  ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും അണിനിരന്നിരുന്നു.  മലബാറിലെ ജനങ്ങളുടെ  മുന്നേറ്റത്തിന്‍നിന്ന് പ്രവാസികളുടെ കൈയയച്ച സംഭാവനകളില്‍നിന്ന് ഉയര്‍ന്നുവന്നതാണ് കരിപ്പൂരിലെ വിമാനത്താവളം. കരിപ്പൂരില്‍നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങാനായി ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍  വലിയ  സഹായം നല്‍കിയിരുന്നു. അതിന്റെ കരുത്തിലായിരുന്നു വിമാനത്താവളത്തിന്റെ വികസനവും. കരിപ്പൂര്‍ എന്നത് ജനങ്ങളുടെ വികാരമാണ്. ഓരോ യാത്രക്കാരനെയും സ്വീകരിക്കാനും യാത്രയയക്കാനും അവിടെ എത്തുന്ന ജനക്കൂട്ടം തന്നെ അതിന്റെ തെളിവ്. 
 
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇപ്പോള്‍ കരിപ്പൂരില്‍ ഉണ്ടെന്ന അധികൃതരുടെ പ്രഖ്യാപനം ശരിയാണെങ്കില്‍ അത് പ്രയോഗത്തില്‍ നടപ്പാക്കിക്കിട്ടുക എന്നതാണ് ഇനി പ്രധാനം.  അതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ  താത്പര്യമാണ് അത്യാവശ്യം. അത് നടപ്പാക്കി കിട്ടാനുള്ള ഇച്ഛാശക്തിയും പ്രധാനമാണ്. കേരളം വിദേശ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സങ്കേതമാണ്. ടൂറിസത്തിന്റെ കേന്ദ്രമന്ത്രിയായി അല്‍ഫോന്‍സ് കണ്ണന്താനം ചുമതലയേറ്റതോടെ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാവേണ്ടതാണ്. ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദ്ദവും ഇടപെടലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. കരിപ്പൂരിനെ വികാരമായി കൊണ്ടുനടക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത് ഇത്തരം ഇടപെടലുകളാണ്. അതിന് വേണ്ടിയാകട്ടെ ഇനിയുള്ള ശ്രമങ്ങള്‍.